OVS - ArticlesOVS - Latest News

ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും: part 1

ഉല്‍പ്പത്തി പുസ്തകത്തിലെ ആദാമും ഹവ്വയും ചരിത്ര വ്യക്തികളോ ..? ഇങ്ങനെ ഒരു ചോദ്യം എന്ത് കൊണ്ട് പ്രാധാന്യം അര്‍ഹിക്കുന്നു.

ഇന്ന്‌ മനുഷ്യ വര്‍ഗ്ഗം മുഴുവനും പരിണാമത്തിൻ്റെ ഫലമായി ഉളവായി എന്ന് പരിണാമ വാദികളും നിരീശ്വരവാദികളും ശക്തമായി പ്രചരിപ്പിക്കുന്നതിനാലും; “വിശ്വാസികള്‍” എന്ന് പറയുന്നവര്‍ തന്നെ കര്‍ത്താവ് വ്യക്തമായി പറയുന്നത്‌ പോലും കണക്ക്ക്കാതെ പിതാക്കന്മാരുടെ എഴുത്തുകളില്‍ എന്താണ്‌ എന്ന് വ്യക്തമായി മനസ്സിലാക്കാതെ 19-ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ജൂലിയസ് വെൽഹാസൻ്റെ (1844-1918) അമിത വേദസിദ്ധാന്തശാസ്ത്ര (Liberal Theology) സിദ്ധാന്തത്തിൻ്റെ സ്വാധീനത മൂലം പഴയനിയമ വസ്തുതകൾ ചരിത്ര രേഖയാണെന്നുള്ള യാഥാർത്ഥ്യം നിഷേധിക്കുന്നതിനാലും ഈ ചോദ്യം പ്രാധാന്യം അര്‍ഹിക്കുന്നു.

പുതിയ നിയമം എന്ത്‌ പറയുന്നു എന്ന് നോക്കാം
ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യ ജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു (പ്രവൃത്തികൾ 17:26).

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ (1 കൊരിന്ത്യർ 15: 45, 47).

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. ഏകൻ്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിൻ്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. ഏക മനുഷ്യൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും (റോമർ 5: 12, 17, 19).

മേൽ കൊടുത്തിരിക്കുന്ന വാക്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം:
1. ഇവിടെ എല്ലാം “ആദം” എന്നത് ഒരു വ്യക്തിക്ക് വേണ്ടി മാത്രമായി ഉപയോഗിച്ചിരിക്കുന്നതായിട്ടാണ് കാണുന്നത്. മനുഷ്യവർഗ്ഗം മൊത്തം എന്ന നിലയില്‍ അല്ല.
2. എന്നത്‌ പോലെ മനുഷ്യജാതി ചരിത്ര വ്യക്തിത്വങ്ങളെങ്കിൽ ഒന്നാമത്തെ വ്യക്തിയും ചരിത്ര പുരുഷനാവണമല്ലോ.
3. ആദാം ഒന്നാം മനുഷ്യൻ എന്നും മിശിഹ തമ്പുരാന്‍ ഒടുക്കത്തെ ആദാം എന്നും പറയുന്നതിനാൽ ഒരാൾ ചരിത്രപുഷനും മറ്റേ ആൾ പ്രതീകാത്മക വ്യക്തിയും ആകുവാൻ തരമില്ലല്ലോ.
4. ഏകൻ്റെ ലംഘനത്താൽ മരണം ഉണ്ടായപ്പോൾ ഏകൻ്റെ അനുസരണത്താൽ ജീവനുണ്ടായി എന്നും പറയുന്നതിനാൽ ഒരാൾ ചരിത്രപുഷനും മറ്റേ ആൾ പ്രതീകാത്മക വ്യക്തിയും; അതുപോലെ “ആദം” എന്നത് മനുഷ്യവർഗ്ഗം മൊത്തം ആകുവാനും തരമില്ലല്ലോ.

ഇവിടെ എല്ലാം “ഒരുത്തനെന്നും“, “ഏകൻ” എന്നും ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. അപ്പോള്‍ ഈ വാക്യങ്ങളിൽ പരാമര്‍ശിക്കുന്ന രണ്ട് വ്യക്തികളും ചരിത്രപുരുഷന്മാരാണ് ഇല്ലങ്കിൽ ഈ മേല്‍ കൊടുത്തിരിക്കുന്ന വാക്യങ്ങൾക്ക് പ്രസക്തി ഇല്ല എന്ന് വരുമല്ലോ.

ആദാമിനേയും ഹവ്വയേയും കുറിച്ച് മിശിഹ തമ്പുരാന്‍ എന്ത് പറയുന്നു
മിശിഹ തമ്പുരാൻ്റെ പരാമര്‍ശങ്ങള്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു (കൊലൊസ്സ്യർ 1:16 – 17)” എന്ന് തിരുവെഴുത്തു വെളിപ്പെടുത്തുന്നു.

മർക്കോസ്‌ 10: 6-ൽ കര്‍ത്താവ് ഉല്‌പത്തി 1: 26-27 പരാമർശിച്ചു, “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” അടുത്ത വാക്യം, ഉല്പത്തി 2: 24-ൽ നിന്ന് കര്‍ത്താവ് നേരിട്ട് ഉദ്ധരിച്ചു, “അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.

കര്‍ത്താവ് പറഞ്ഞവ മത്തായി 19: 4-6 -ലും രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കേണ്ടതാണ് മനുഷ്യർ സ്ത്രീയും പുരുഷനും ആയിട്ട് ആണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഉല്പത്തി 1-ൻ്റെ വിശദാംശങ്ങൾ കര്‍ത്താവ് സ്ഥിരീകരിച്ചു. ആണും പെണ്ണുമായി “സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ”, അല്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമം നടന്ന ശേഷമല്ല. ആദാം ദൈവത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടപ്പോൾ, ദൈവം അവനെ ഒരു കുരങ്ങൻ്റെ സ്വരൂപത്തിലോ സാദൃശ്യത്തിലോ സൃഷ്ടിച്ചില്ല, അല്ലെങ്കിൽ ഒരു “താഴ്ന്ന ഹോമിനിഡിൽ” നിന്ന് സൃഷ്ടിച്ചിട്ടില്ല. ക്രിസ്തു ‘അദൃശ്യനായ ദൈവത്തിൻ്റെ സ്വരൂപമാണ്’ (കൊലോസ്യർ 1:15) എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ പരിണാമ സിദ്ധാന്തത്തിന് തിരുവെഴുത്തുകൾ ഒരുതരത്തിലും ഇടം കൊടുക്കുന്നില്ല എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

ആദാമും ഹവ്വയും ആധുനിക ജനിതക ശാസ്ത്രവും
ആധുനിക ജനിതക ശാസ്ത്രം ബൈബിൾ പറയുന്ന ചരിത്രത്തെ ശരി വക്കുന്നു. പരിണാമവാദികൾ ഒബ്സർവ് ചെയുന്ന റിസൾട്ടുകൾ വച്ച് കാര്യങ്ങൾ പറയുമ്പോൾ അവർ അറിയാതെ തന്നെ ബൈബിളിൽ ഉള്ള ചരിത്രവുമായി അത് ചേർന്ന് പോകുന്നു. കുരങ്ങിൽ നിന്നും പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നുള്ള അവരുടെ വിശ്വാസം മൂലം നൂറു വർഷം എന്നത് അവർക്കു ലക്ഷം വർഷമായി എടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത്.

മനുഷ്യന് 46 ക്രോമസോമുകൾ ഉണ്ട്. ക്രോമസോം എന്നാൽ ഡി.എൻ.എ -യുടെ ഒരു കഷ്ണം എന്ന് വിചാരിക്കുക. പിതാവിൽ നിന്നും മാതാവിൽ നിന്നും 23 വീതം ക്രോമസോമുകൾ ആണ് കുട്ടിക്ക് ലഭിക്കുക. ഇതിൽ തന്നെ പിതാവിൽ നിന്നും മാത്രവും മാതാവിൽ നിന്ന് മാത്രവും ലഭിക്കുന്ന കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് Y ക്രോമസോം കിട്ടുന്നത് പിതാവിൽ നിന്നും ആണ്. അത് കിട്ടുമ്പോൾ ആൺകുട്ടി ഉണ്ടാകുന്നു. അതായത് Y ക്രോമസോം കൊടുക്കപ്പെടുന്നത് പിതാവിൽ നിന്നും ആൺകുട്ടിക്ക് മാത്രമാണ്. ഇത് പോലെ ഉള്ള മറ്റൊന്നാണ് മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. ഇത് കാണപ്പെടുന്നത് ന്യുക്ലിയസിനു വെളിയിൽ ആണു. അതാണ് ഒരു കോശത്തിൻ്റെ ഊർജ്ജത്തെ ഉല്പാദിപ്പിക്കുന്നത്. ജനിതക ശാസ്ത്ര പ്രകാരം മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ കിട്ടുന്നത് മാതാവിൽ നിന്ന് മാത്രം ആണ്. ഉദാഹരണത്തിന് ഒരു പുരുഷനായ എനിക്ക് കിട്ടിയ Y ക്രോമസോം എൻ്റെ പിതാവിൽ നിന്നും, പിതാവിന് അത് കിട്ടിയത് പിതാവിൻ്റെ പിതാവിൽ നിന്നും ആണ്. അത് പോലെ മൈറ്റോകോൺഡ്രിയ എനിക്ക് കിട്ടുന്നത് എൻ്റെ മാതാവിൽ നിന്നും ആണ്. എൻ്റെ മാതാവിന് അത് കിട്ടുന്നത് മാതാവിൻ്റെ മാതാവിൽ നിന്നും ആണ്.

അങ്ങനെ ആണെങ്കിൽ പുറകോട്ടു പോയാൽ ഒരു വ്യക്തിയുടെ ചരിത്രം നമ്മുക്ക് ലഭിക്കണം. അതിൽ നിന്നാണ് മൈറ്റോകോൺഡ്രിയൽ ഈവ് എന്നും, Y ക്രോമസോം ആദം എന്നും ഉള്ള രണ്ടു കാര്യങ്ങൾ രൂപപ്പെടുന്നത്. ഇത് പൂർണമായും പരിണാമവാദികൾ ഉപയോഗിക്കുന്ന പദങ്ങൾ ആണ്. ജനിതകം ശരിയാവുമ്പോൾ ഫോസിലുകൾ ഒത്തുവരില്ല, ഫോസിലുകൾ ഒത്തുവരുമ്പോൾ ജനിതകം ശരിയാവില്ല എന്നതാണ് പരിണാമവാദികളെ കുഴക്കുന്നത്. ഫോസ്സിലുകൾക്കൊത്തു ജനിതകത്തെ വ്യാഖ്യാനിച്ചും ജനിതകത്തിനൊത്തു ഫോസ്സിലുകളുടെ ചരിത്രം മാറ്റിയെഴുതിയും പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും അതൊന്നും ശാശ്വതം ആവുന്നുമില്ല. നാളെ മറ്റൊരു പഠനം വരുമ്പോൾ ഇന്നുവരെ കെട്ടിപ്പൊക്കിയതൊക്കെ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും. മൈറ്റോകോൺഡ്രിയൽ ഈവിൻ്റെ സന്തതി പരമ്പരകൾ ആഫ്രിക്കയിൽ നിന്നും പുറപ്പെടുകയും ചെയ്തു ഒരിടത്തും എത്താതെ പെരുവഴിയിലാവുകയും ചെയ്തു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഔട്ട് ഓഫ് ആഫ്രിക്ക തിയറിയുടെ പ്രതാപകാലത്ത് അതിനെ ജീവൻ വെടിഞ്ഞും സംരക്ഷിച്ചു നിർത്തിയ പല പ്രശസ്ത പരിണാമവാദികളും ഇപ്പോൾ മനുഷ്യ ഉത്പത്തിയുടെ പുതിയ തിയറികൾ തേടി അലയുന്നു.

ബിജി ചെറി

ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും Part – 2

error: Thank you for visiting : www.ovsonline.in