ഡോ. എ.ടി. മർക്കോസിന്റെ ജന്മശതാബ്ദി ഇന്ന്
കൊച്ചി :- കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സ്ഥാപകനും ഇന്ത്യയിലെ നിയമ വിദ്യാഭ്യാസ മേഖലയിലെ അതികായനും ആയിരുന്ന ഡോ. എ.ടി. മർക്കോസിന്റെ ജന്മശതാബ്ദി ഇന്ന്. രാജ്യാന്തര പ്രശസ്തനായ നിയമജ്ഞനായി പേരെടുത്തു നിൽക്കെ ഗവേഷണത്തിനും പ്രസംഗ പര്യടനത്തിനുമായി ബ്രിട്ടിഷ് കൗൺസിലിന്റെ ക്ഷണപ്രകാരം ലണ്ടനിലെത്തിയ ഡോ. മർക്കോസ് 58–ാം വയസ്സിൽ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.
ജനീവയിലെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനിൽ ഡപ്യൂട്ടി ജഡ്ജിയായും ഡോ. മർക്കോസ് പ്രവർത്തിച്ചു. ‘ബ്രിട്ടിഷ് പ്രിവി കൗൺസിലിന്റെ അവസാന നാളുകൾ’ എന്ന വിഷയത്തിൽ ഗവേഷണം നടത്താനാണ് അദ്ദേഹം ബ്രിട്ടനിൽ പോയത്.
1920 ജൂൺ 20നു മുവാറ്റുപുഴയ്ക്കടുത്ത് മാമലശേരി ആനിത്തോട്ടം വീട്ടിൽ മാണി തോമസിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ച മർക്കോസ് കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂൾ, ആലുവ യുസി കോളജ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വടകര സെന്റ് ജോൺസ് സ്കൂളിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ സതീർഥ്യനായിരുന്നു. ‘ജൂഡീഷൽ കൺട്രോൾ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ആക്‌ഷൻ ഇൻ ഇന്ത്യ ’ എന്ന മർക്കോസിന്റെ ഗ്രന്ഥം ലോകപ്രശസ്ത നിയമ പുസ്തകമാണ്. പബ്ലിക് ലോ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ടർജനീവിന്റെ കവിതകൾ പരിഭാഷ ചെയ്തു.
എറണാകുളം, തിരുവനന്തപുരം ലോ കോളജുകളിൽ പ്രഫസർ, എറണാകുളം ലോ കോളജിൽ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ സ്ഥാപക ഡയറക്ടറായിരുന്നു.
ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര നിയമ കേന്ദ്രം വികസ്വര രാജ്യങ്ങളിലെ നിയമ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗം, യുജിസി ലോ പാനൽ അംഗം, കേരളത്തിൽ നിയമ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള കമ്മിറ്റി അംഗം, കോമൺവെൽത്ത് യൂണിവേഴ്സിറ്റീസ് കമ്മിഷൻ സീനിയർ ഫെലോ, ബെൽഫാസ്റ്റ് ക്വീൻസ് വാഴ്സിറ്റി വിസിറ്റിങ് പ്രഫസർ, ഹാർവഡ് ലോ സ്കൂൾ പോസ്റ്റ് ഡോക്ടറൽ ഫെലോ തുടങ്ങിയ നിലകളിലും ഡോ. മർക്കോസ് പ്രവർത്തിച്ചിട്ടുണ്ട്.
എൻ.ആർ. മാധവമേനോൻ തുടങ്ങി നിയമ, നീതിന്യായ രംഗത്തെ ഉന്നത സ്ഥാനീയരായ ഒട്ടേറെ പേർ ഉൾപ്പെടുന്ന ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഡോ. മർക്കോസ്. 1977 ഒക്ടോബർ 15ന് ആയിരുന്നു അന്ത്യം. കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് 2011 മുതൽ എ.ടി. മർക്കോസ് സ്മാരക മൂട്ട്കോർട്ട് മത്സരം നടത്തുന്നുണ്ട്.
ഡോ. എ.ടി. മര്‍ക്കോസും സഭാ ഭരണഘടനയും
മലങ്കര സഭാ യോജിപ്പിന്‍റെ കാലഘട്ടത്തിൽ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയിലും റൂള്‍ കമ്മറ്റിയിലും ഡോ. എ.ടി. മര്‍ക്കോസ് അംഗമായിരുന്നു. 1965-1970 ലെ മാനേജിംഗ് കമ്മിറ്റിയും റൂള്‍ കമ്മിറ്റിയും സഭയ്ക്കു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.
ഏറ്റവും ബൃഹത്തായ ഒരു ഭരണഘടനാ ഭേദഗതിയാണ് 1967-ൽ നടന്നത്. സഭാ സമാധാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ആ ഭേദഗതികൾ നടന്നത്. അതായത് 1967-ലെ ഭേദഗതികൾ നടത്തിയത് പഴയ പാത്രിയർക്കീസ് കക്ഷിയും ചേർന്നാണ്. 1964-ൽ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ട് റൂൾ കമ്മറ്റി നോട്ടീസ് അയച്ചു. കിട്ടിയ ഭേദഗതി നിർദേശങ്ങൾ പരിഗണിച്ച് റൂൾ കമ്മറ്റി ഭേദഗതി ചെയ്യേണ്ട വകുപ്പുകളും ഭേദഗതികളും മാനേജിംഗ് കമ്മറ്റിക്കു സമർപ്പിച്ചു. 1967 ഏപ്രിൽ 14- നു റൂൾ കമ്മറ്റി നിർദ്ദേശങ്ങൾ മാനേജിംഗ് കമ്മിറ്റി പാസാക്കി. തുടർന്ന് ജൂൺ 15,16 തീയതികളിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസും ഭേദഗതികൾ അംഗീകരിച്ചു. പ.ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ 156/1967 നമ്പർ കൽപനയിലൂടെ ഭേദഗതി ചെയ്ത ഭരണഘടന നടപ്പിൽ വരുത്തി. നിലവിലുണ്ടായിരുന്ന ഭരണഘടനയുടെ 6 മുതൽ 44 വരെ വകുപ്പുകളാണ് അന്ന് ഭേദഗതി ചെയ്തത്. 42 ഉം 134 ഉം റദ്ദാക്കുകയും ചെയ്തു.
ഈ പ്രക്രിയയിലെല്ലാം സജീവമായി പങ്കു വഹിച്ച വ്യക്തിയായിരുന്നു. ഡോ. എ.ടി. മർക്കോസ്. ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി ചട്ടങ്ങള്‍’ (1970), The Rules of Procedure of the Managing & Working Committees (1966), The Holy Episcopal Synod of the Orthodox Syrian Church of the East : Constitution and Functions (1967) തുടങ്ങിയവ ഈ കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. ഇക്കാര്യങ്ങള്‍ക്കെല്ലാം വലിയ സംഭാവനകളാണ് ഡോ. എ.ടി. മര്‍ക്കോസ് നല്‍കിയത്.