Departed Spiritual FathersOVS - Latest News

ദൈവസ്നേഹിയായ  ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത

ഒരു പൂവ് വിരിയുംപോലുള്ള ജീവിതമാണ് ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടേത്. പൂവ് വിടരുന്നത് ശരിക്കും, സാധാരണ കണ്ണുകള്‍ കൊണ്ട് കാണാനാവില്ല. എന്നാല്‍ അതിന്റെ പരിമളം എത്രയധികമാണ് നമ്മുടെ ഉള്ളം നിറയ്ക്കുക. ദൈവനടത്തിപ്പിന്റെ ഇതളുകള്‍ മാത്രമുള്ള ഒരു പൂവ്. ഒരു പക്ഷേ താമര പോലെയൊന്ന്; ജലത്തിലാണെങ്കിലും ആണ്ടുപോകാതെ, എന്ന് മാത്രമല്ല ഒരു കണം പോലും തങ്ങിനില്‍ക്കാതെ നിര്‍ലേപമായ ഒന്ന്. ലോകം പുരളാത്തതും കാലം കലരാത്തതുമായ ഒന്ന്. ദൈവകരുണയുടെ ആ ജീവിതം നമ്മുടെ ഹൃദയങ്ങള്‍ക്ക് സമ്മാനിക്കുക ശാന്തിയും ദൈവസ്നേഹവുമാണ്.

ഓതറ കീയത്ത് കെ. ഐ. ജോര്‍ജ്ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1940 നവംബര്‍ 14-ന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മധുരയില്‍ ജനിച്ചു. പിതാവ് റയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. നാലു വയസു വരെ തമിഴ്നാട്ടിലെ മധുരയില്‍ താമസിച്ചു. പിതാവിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കൊല്ലത്തെത്തി. 21-ാം വയസുവരെ കൊല്ലത്തു വളര്‍ന്നു. മാതാപിതാക്കള്‍ മാര്‍ത്തോമ്മാ സഭാംഗങ്ങളായിരുന്നു. കൊല്ലത്തെ മാര്‍ത്തോമ്മാപള്ളി വീട്ടില്‍ നിന്നും വളരെ ദൂരത്തായിരുന്നതിനാല്‍, ചെറുപ്പത്തില്‍ സമീപത്തുള്ള ഒരു സി.എസ്.ഐ. പള്ളിയില്‍ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും സണ്ടേസ്കൂളില്‍ പഠിക്കുകയും ചെയ്തു. മെത്രാപ്പോലീത്തായുടെ പിതാവിന്റെ സഹോദരിമാരെ ഓര്‍ത്തഡോക്സ് സഭയിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. അവര്‍ സഹോദരഭവനത്തില്‍ വരുമ്പോള്‍ നമസ്കാരക്രമം കൊണ്ടുവരുമായിരുന്നു. ജോര്‍ജിനെയും സഹോദരങ്ങളെയും അവര്‍ പിടിച്ചിരുത്തി പ്രാര്‍ത്ഥിപ്പിക്കും. നിലവിളക്കിന്റെ വെളിച്ചത്തില്‍ അന്ന് ചൊല്ലിയ പ്രാര്‍ത്ഥനകളാണ് ജോര്‍ജ്ജിനെ ഓര്‍ത്തഡോക്സ് സഭയിലേക്ക് പിന്നീട് ആകര്‍ഷിച്ചത്. ജോര്‍ജ് ഓര്‍ത്തഡോക്സ് സഭയുടെ പ്രാര്‍ത്ഥനകള്‍ എല്ലാം പഠിച്ചു. വീട്ടിലെ മേശക്കുള്ളില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു വിശുദ്ധ കുര്‍ബ്ബാനക്രമം ഉണ്ടായിരുന്നു. ജോര്‍ജ് അത് മറിച്ചുനോക്കുമായിരുന്നു. പിതൃസഹോദരിമാരാണ് നോമ്പു നോല്‍ക്കുവാനും, ഉപവസിക്കാനും പ്രേരിപ്പിച്ചതും പഠിപ്പിച്ചതും.

പ്രീ-ഡിഗ്രിക്കു ശേഷം എഞ്ചിനിയറിംഗിന് ചേര്‍ക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, ജോര്‍ജിന് അതില്‍ താല്പര്യമുണ്ടായില്ല. അതുകൊണ്ട് ഡിഗ്രിക്ക് കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജില്‍ ചേര്‍ന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിയുടെ അരമനയില്‍ താമസിച്ചിരുന്ന ചിലര്‍ സുഹൃത്തുക്കളായി. ആ സുഹൃദ്ബന്ധം മൂലം അരമന ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പോകുവാന്‍ തുടങ്ങി. അങ്ങനെയാണ് കൂറിലോസ് തിരുമേനിയെ പരിചയപ്പെടുന്നത്. ആ ബന്ധം ഓര്‍ത്തഡോക്സ് സഭയോട് അടുക്കുവാന്‍ ഇടയാക്കി. പിന്നീട് വി. കുര്‍ബ്ബാന അനുഭവിക്കുവാന്‍ വേണ്ടി ഓര്‍ത്തഡോക്സ് സഭാംഗമായി. അതിനുശേഷം വി. മദ്ബഹാ ശുശ്രൂഷകനും സണ്ടേസ്കൂള്‍ അദ്ധ്യാപകനുമായി. ബി.എസ്.സി. കഴിഞ്ഞ് എഞ്ചിനിയറിംഗിന് പോകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം; സെമിനാരിയില്‍ ചേരണമെന്ന് ജോര്‍ജും ആഗ്രഹിച്ചു.

ഈ സമയത്ത് ലണ്ടന്‍ ഇടവക വികാരിയായിരുന്ന ജോര്‍ജ് അച്ചന്‍ ഓക്സ്ഫഡില്‍ പഠനം നടത്തുന്നതിനെക്കുറിച്ച് ജോര്‍ജിനോടു സംസാരിച്ചു. കൂറിലോസ് തിരുമേനി പഠനത്തിന് പോകുവാന്‍ അനുഗ്രഹിച്ച് കാര്യങ്ങളെല്ലാം ക്രമീകരിച്ചു. 1963 മാര്‍ച്ചില്‍ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ജോര്‍ജിന് ശെമ്മാശുപട്ടം നല്‍കി. കൊല്ലത്തു നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തി അവിടെനിന്നും കപ്പല്‍മാര്‍ഗ്ഗം ലണ്ടനിലേക്ക് പോയി. ഓക്സ്ഫഡില്‍ ആംഗ്ളിക്കന്‍ സഭയുടെ ആശ്രമമായ കൌളി ഫാദേഴ്സില്‍ രണ്ടു വര്‍ഷം താമസിച്ച് സന്യാസപരിശീലനം നേടി. അതിനുശേഷം മാസ്ഫീല്‍ഡ് കോളജില്‍ നിന്നും ഹീബ്രുവിലും സുറിയാനിയിലും എം. എ. ബിരുദം നേടി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിസ്തീയ വേദശാസ്ത്രത്തില്‍ മാസ്റര്‍ ബിരുദം കരസ്ഥമാക്കി.

ഓക്സ്ഫഡില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെയുള്ള ഓര്‍ത്തഡോക്സ് വര്‍ഷിപ്പ് സെന്ററില്‍ സ്ഥിരമായി സംബന്ധിച്ചിരുന്നു; അത് ബൈസന്റയിന്‍ വിഭാഗത്തിന്റേതായിരുന്നു. ആരാധനയുടെ മഹത്വവും ഓര്‍ത്തഡോക്സ് വിശ്വാസത്തിന്റെ ശ്രേഷ്ഠതയും ഏറെ മനസ്സിലാക്കുവാന്‍ തന്മൂലം സാധിച്ചു. എട്ടു വര്‍ഷം ഡീക്കന്‍ ജോര്‍ജ് ഓക്സ്ഫഡില്‍ ആശ്രമ അന്തേവാസിയായി കഴിഞ്ഞു. 1971-ല്‍ ലണ്ടനിലെത്തിയ ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ ക്ഷണമനുസരിച്ച് ഓര്‍ത്തഡോക്സ് സെമിനാരി അദ്ധ്യാപകനായി ഡീക്കന്‍ ജോര്‍ജ് തിരികെ നാട്ടിലെത്തി. 1972-ല്‍ പൂര്‍ണ്ണ ശെമ്മാശുപട്ടവും 1973 ഡിസംബറില്‍ കശ്ശീശാപട്ടവും പഴയ സെമിനാരിയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി നല്‍കി. ഹീബ്രു, ഗ്രീക്ക്, സുറിയാനി അദ്ധ്യാപകനായും വാര്‍ഡനായും ഏഴ് വര്‍ഷത്തോളം സെമിനാരിയില്‍ സേവനമനുഷ്ഠിച്ചു.

1978-ല്‍ 38-ാം വയസ്സില്‍ ഫാ. ജോര്‍ജ് ക്യാന്‍സര്‍ രോഗബാധിതനായി. രോഗവിവരം അറിഞ്ഞതോടെ ജോര്‍ജ് അച്ചന്റെ ഹൃദയത്തിനും മനസ്സിനും ഒരു പുതിയ ഉണര്‍വ്വ് ലഭിച്ചു. ഫാ. ജോര്‍ജിന്റെ മനസ്സില്‍ പെട്ടെന്ന് ഉണ്ടായ ആശയം, രോഗത്തെ അംഗീകരിക്കുക, ദൈവത്തിന്റെ ഊഴമാണിത് എന്നതായിരുന്നു. ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ചപ്പോള്‍ ലഭ്യമായത് പൂര്‍ണ്ണ ആശ്വാസമായിരുന്നു. തമിഴ്നാട്ടില്‍ ബ്രഹ്മസമാജക്കാര്‍ നടത്തുന്ന അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ചികിത്സയ്ക്കായി ഫാ. ജോര്‍ജ് അവിടെയെത്തി. 21

ക്യാന്‍സര്‍ ചികിത്സയ്ക്കിടയില്‍ അഡയാറില്‍ വച്ച് ഫാ. ജോര്‍ജിന് ഒരു ദിവ്യാനുഭവം ഉണ്ടായി. തന്റെ കിടയ്ക്കയ്ക്കരുകില്‍ വിശുദ്ധന്മാരുടെ സാന്നിധ്യവും ശബ്ദവും അദ്ദേഹത്തിന് അനുഭവവേദ്യമായി. ഈ ദിവ്യാനുഭവം ഫാ. ജോര്‍ജിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ശാരീരിക ക്ഷീണമുണ്ടെങ്കിലും പ്രാര്‍ത്ഥനയ്ക്കായി കൂടുതല്‍ സമയം അദ്ദേഹം വിനിയോഗിച്ചു. ശരീരത്തിന്റെ ക്ഷീണവും വേദനകളും ക്രമേണ ഭേദമായി. ആശുപത്രിയിലെ ദീര്‍ഘനാളത്തെ താമസവും രോഗവും ജീവിതത്തെക്കുറിച്ചുള്ള പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നതിന് സഹായിച്ചു. ആശുപത്രിവാസത്തിനിടയില്‍ ചികിത്സാ ചെലവുകള്‍ക്കായി പലരും പണം നല്‍കി. അതെല്ലാം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കി. ചികിത്സാ ചെലവ് ആശുപത്രി അധികൃതര്‍ ഫാ. ജോര്‍ജില്‍ നിന്നും വാങ്ങിയില്ല.

18 വയസ്സു മുതല്‍ 38 വയസ്സുവരെ കൃത്യമായി കുമ്പിട്ട് ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമാണ് രോഗസൌഖ്യമെന്ന് മെത്രാപ്പോലീത്താ വിശ്വസിക്കുന്നു. രോഗം ഭേദമായി സെമിനാരിയിലെത്തി അദ്ധ്യാപനം തുടര്‍ന്ന ഫാ. ജോര്‍ജിനെ പ. മാത്യൂസ് പ്രഥമന്‍ ബാവാ 1979 മാര്‍ച്ചില്‍ റമ്പാനാക്കി പരുമലയില്‍ നിയോഗിച്ചു. ഏഴു വര്‍ഷം പരുമലയില്‍ കഴിഞ്ഞതും എല്ലാ ദിവസവും വി. കുര്‍ബ്ബാന അണയ്ക്കുവാന്‍ ഇടയായതും വലിയ അനുഗ്രഹവും ഭാഗ്യവുമായി മെത്രാപ്പോലീത്താ കരുതുന്നു. വൈദികനായിരുന്നപ്പോഴും റമ്പാനായിരുന്നപ്പോഴും ഫാ. ജോര്‍ജ് ശുശ്രൂഷിച്ചത് കാരാപ്പുഴ മാര്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് ചാപ്പലിലായിരുന്നു. പ. പാമ്പാടി തിരുമേനി പണിയിച്ച ഈ ചാപ്പല്‍ വികാരിയായി ഫാ. ജോര്‍ജ് 1973-ല്‍ നിയമിതനായി. ചാപ്പല്‍ പുതുക്കിപണിയുന്നതിനും അദ്ദേഹത്തിന്റെ ശുശ്രൂഷാകാലത്ത് ദൈവം ഇടയാക്കി.

1982 ഡിസംബര്‍ 28-ന് ഫാ. ജോര്‍ജിനെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ ആഗ്രഹപ്രകാരം തിരുവല്ലായില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗം തിരഞ്ഞെടുത്തു. 1985 മെയ് 15-ന് മാവേലിക്കര പുതിയകാവ് പള്ളിയില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു. പിന്നീട് 1985 ഓഗസ്റ് ഒന്നിന് കോട്ടയം ഭദ്രാസനത്തിന്റെ ഇടയനായി നിയമിക്കപ്പെട്ടു. കോട്ടയം ഭദ്രാസനത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം പൂര്‍ണമായും ഭദ്രാസന ഓഫീസില്‍ ചിലവഴിക്കണമെന്ന ആഗ്രഹമുണ്ടായി. അതിനുവേണ്ടി സൌകര്യപ്രദമായ ഒരു സ്ഥലവും കെട്ടിടവും ഈരയില്‍കടവില്‍ വാങ്ങി ഭദ്രാസനഓഫീസ് ക്രമീകരിച്ചു. പിന്നീട് എം. ഡി. സെമിനാരി കോമ്പൌണ്ടിനോട് ചേര്‍ന്നുകിടക്കുന്ന എഴുപതു സെന്റ് സ്ഥലം വാങ്ങി ഭദ്രാസന മന്ദിരം പണിതു.

കോട്ടയം ഭദ്രാസനത്തില്‍ ഒരു ആശ്രമമില്ലല്ലോ എന്ന ചിന്തയില്‍ നിന്നാണ് ഞാലിയാകുഴിയില്‍ തട്ടിന്‍പുറംകുന്നില്‍ മാര്‍ ബസേലിയോസ് ആശ്രമം ആരംഭിച്ചത്. ഒന്നുമില്ലായ്കയില്‍ നിന്നാരംഭിച്ച ആശ്രമത്തില്‍ ദൈവിക കരുണയാല്‍ ഇപ്പോള്‍ ആറ് സന്യാസി വൈദികര്‍ അംഗങ്ങളാണ്. മുപ്പതോളം കുട്ടികള്‍ ഇവിടെ താമസിക്കുന്നു. ബിരുദധാരികളായ യുവാക്കള്‍ക്ക് വൈദികസെമിനാരി പ്രവേശനത്തിന് മുമ്പ് രണ്ട് വര്‍ഷം ഇവിടെ പ്രായോഗിക പരിശീലനം നല്‍കുന്നു.
പാമ്പാടി തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി ദയറായില്‍ ചാപ്പലും അരമനയും പണിതതുള്‍പ്പെടെ ഭദ്രാസനത്തിലെ ഭൂരിഭാഗം പള്ളികളും പുതുക്കിപ്പണിയുവാന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞത് ദൈവികമായ യാദൃച്ഛികതയാണെന്ന്, 25 വര്‍ഷത്തിലധികമായി കോട്ടയം ഭദ്രാസനത്തെ നയിക്കുന്ന മെത്രാപ്പോലീത്താ വിശ്വസിക്കുന്നു.

ഹൃദയ ശുദ്ധീകരണം, നിര്‍ലേപം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച മെത്രാപ്പോലീത്താ ധ്യാനഗുരു, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ഹൃദയത്തില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിഞ്ഞ് സൌരഭ്യം പരത്തുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും ജീവിതം എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു എന്നും പറയുന്ന ഈ ഗുരുശ്രേഷ്ഠന്‍ നമുക്ക് കാണിച്ചുതരുന്നത് ദൈവത്തെ സ്നേഹിക്കാനും സ്തുതിക്കുവാനുമാണ്

error: Thank you for visiting : www.ovsonline.in