പരുമല റാസ ഭക്തസാഗരം; പരിശുദ്ധ സ്തുതികളിൽ നിറഞ്ഞ് പരുമല.
പരുമല: പരിശുദ്ധൻ്റെ പാദസ്പർശമേറ്റ മണ്ണിലേക്ക് തീർഥാടകർ ഇടമുറിയാതെ എത്തിയതോടെ പരുമല ഭക്തസാഗരമായി. പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള ഭക്തസഹസ്രങ്ങൾ പങ്കെടുത്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ. സഖറിയാസ് മാർ അപ്രേം, യാക്കോബ് മാർ ഏലിയാസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ വിശ്വാസികളെ ആശീർവദിച്ചു.
വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ റാസയ്ക്കു നേതൃത്വം നൽകി. പള്ളിയുടെ പടിഞ്ഞാറേ വാതിലിലൂടെ ഇറങ്ങിയ റാസയിൽ നൂറുകണക്കിനു പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളുമേന്തി തീർഥാടകർ അണിനിരന്നു. പടിഞ്ഞാറുഭാഗത്തെ കുരിശടിയിലെത്തി വടക്കേ വാതിലിലൂടെ പള്ളിയിൽ തിരികെ പ്രവേശിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന നടത്തി.
പരുമലയിൽ ഇന്ന് (02):
പുലർച്ചെ 3.30– കുർബാന. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്. 6.15– കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. 8.30– മൂന്നിന്മേൽ കുർബാന. പരിശുദ്ധ കാതോലിക്കാ ബാവാ. 11.00 – ശ്ലൈഹിക വാഴ്‍വ്. 11.30 – നേർച്ച സദ്യ. 12.00 – എംജിഒസിഎസ്എം സമ്മേളനം. ഉദ്ഘാടനം. കാതോലിക്കാ ബാവാ. 2.00 – റാസ. 3.00 – കൊടിയിറക്ക്.
ഇടമുറിയാതെ തീർഥാടകർ;
പരിശുദ്ധൻ്റെ കബറിടത്തിൽ പ്രാർഥനയുമായി ആയിരങ്ങൾ. പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഒാർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ മുതൽ പദയാത്രയായി തീർഥാടകർ എത്തി. പരുമല തിരുമേനിയുടെ അനുഗ്രഹം തേടിയെത്തുന്ന പതിനായിരങ്ങളുടെ സ്തുതികളാൽ നിറഞ്ഞു മാന്നാറിലെ വഴികൾ. പുലർച്ചെ മുതൽ നൂറുകണക്കിനു തീർഥാടകരുമായിട്ടുള്ള പദയാത്രകളാണു പരിശുദ്ധ പരുമല തിരുമേനിയുടെ കബറിനെ ലക്ഷ്യമാക്കി പമ്പാനദി കടന്നെത്തിയത്.
കർണാടക, ഡൽഹി, മുംബൈ, തെലങ്കാന, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നടക്കമുള്ള തീർഥാടകരും അനുഗ്രഹം തേടിയെത്തിത്തുടങ്ങിയതോടെ പരുമലയും പരിസരപ്രദേശങ്ങളും പെരുന്നാൾ തിരക്കിലമർന്നു. പുലർച്ചെ മുതൽ വിവിധ പള്ളികളിൽ നിന്നു പുറപ്പെട്ട പദയാത്രകൾ പരുമലതിരുമേനിയുടെ സ്തുതികൾ വാഴ്ത്തി അടുക്കും ചിട്ടയുമായാണു പരുമലപള്ളിയെ ലക്ഷ്യമാക്കി നടന്നു നീങ്ങിയത്.
പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്ര സംഘം രാത്രി എത്തിച്ചേർന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള തീർഥാടകർ ചെങ്ങന്നൂരിലും തിരുവല്ലയിലും ട്രെയിൻ മാർഗം എത്തി പരുമലയിലേക്ക് കാൽനടയായി എത്തി. പരുമല തിരുമേനിയുടെ കബറിടം ദർശിക്കാൻ വിശ്വാസികളുടെ നീണ്ടനിര തന്നെ കാണാമായിരുന്നു. രാത്രി വൈകിയും തീർഥാടകരുടെ തിരക്കു തുടരുകയാണ്.
മതസൗഹാർദത്തിൻ്റെ പുണ്യസങ്കേതം: മന്ത്രി ശശീന്ദ്രൻ
മതസൗഹാർദത്തിൻ്റെ സന്ദേശം പരത്തുന്ന പുണ്യസങ്കേതമാണ് പരുമലയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. മാനവസമൂഹത്തിൻ്റെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വീണാ ജോർജ് എംഎൽഎ, ഫാ. എം.സി. കുര്യാക്കോസ്, ഫാ. ജോൺസ് ഈപ്പൻ, ഫാ. ഇ.പി. വർഗീസ്, ജി. ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/parumala-perunnal_2018/