പരുമല സുന്നഹദോസ് യാഥാര്‍ത്ഥ്യം എന്ത്?
മലങ്കര കത്തോലിക്കര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പരുമല സുന്നഹദോസിൻ്റെ യാഥാര്‍ത്ഥ്യം എന്ത് പരുമലയില്‍ അപ്രകാരം ഒരു സുന്നഹദോസ് നടന്നിരുന്നോ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? നമുക്ക് പരിശോധിക്കാം. പരുമല സുന്നഹദോസ് റോമാ ഐക്യത്തിനുള്ള തീരുമാനം എടുത്ത് മാര്‍ ഈവാനിയോസിനെ അതിനായി ചുമതലപ്പെടുത്തി എന്ന മലങ്കര കത്തോലിക്കരുടെ വാദങ്ങള്‍ പോലും പരസ്പര വൈരുദ്ധ്യം ആണെന്നത് കഴിഞ്ഞ അദ്ധ്യായത്തില്‍ നമ്മള്‍ പരിശോധിച്ചതാണ്. എന്നിരുന്നാലും ഒരു വാദത്തിന് വേണ്ടി ഇപ്രകാരം ഒരു സുന്നഹദോസ് നടന്നു എന്നു തന്നെ സങ്കല്‍പിക്കുക. സുന്നഹദോസ് റോമന്‍ സഭയുമായി കത്തിടപാടുകള്‍ നടത്താന്‍ മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തി എന്നും സങ്കല്‍പിക്കുക. സുന്നഹദോസ് തീരുമാനപ്രകാരമാണ് മാര്‍ ഈവാനിയോസ് ആദ്യത്തെ കത്ത് റോമിലേക്ക് അയക്കുന്നത് എങ്കില്‍ അതൊരു ഔദ്യോഗിക കത്താണ്. ഒരു ഔദ്യോഗിക കത്ത് എപ്രകാരം അയക്കണം എന്ന് അറിയാന്‍ പാടില്ലാത്ത ആളാണ് ബിരുദാനന്തര ബിരുദധാരിയായ മാര്‍ ഈവാനിയോസ് എന്ന് കരുതാന്‍ കഴിയില്ലല്ലോ.
അപ്രകാരം ഒരു ഔദ്യോഗിക കത്തെഴുതുമ്പോള്‍ ‘ഇന്ന‘ സഭയുടെ ‘ഇന്ന‘ ദിവസം കൂടിയ സുന്നഹദോസ് ചുമതലപ്പെടുത്തിയതനുസരിച്ച് ഇന്ന വ്യക്തി അയക്കുന്ന കത്ത് എന്ന വ്യക്തമായ മുഖവുരയോടെയാണ് കത്തയക്കേണ്ടത്. എന്നാല്‍ മാര്‍ ഈവാനിയോസ് റോമിലേക്കയച്ച കത്തില്‍ ഇതൊന്നും എഴുതിയിട്ടില്ല എന്നു മാത്രമല്ല കത്തെഴുതിയ സ്വന്തം പേരുപോലും വെളിപെടുത്താന്‍ മാര്‍ ഈവാനിയോസ് തയാറായില്ല. സത്യത്തില്‍ മാര്‍ ഈവാനിയോസ് റോമിലേക്കയച്ച ആദ്യത്തെ കത്ത് ഒരു ഊമക്കത്തായിരുന്നു. കത്തില്‍ തൻ്റെ പേര് വക്കാതെ മാവേലിക്കരയില്‍ താമസമാക്കിയ ഫാദര്‍ റൊബാരിയോ എന്ന വൈദീകനെ കത്ത് ഏല്‍പിക്കുകയായിരുന്നു എന്നു തോമസ് ഇഞ്ചക്കലോടി അച്ചൻ്റെ Mar Ivanios Volume 1 (പേജ് 320) -ല്‍ പറയുന്നു. ഒരു ഊമക്കത്തിനെ ഔദ്യോഗിക കത്തായി പരിഗണിക്കാന്‍ തക്കവണ്ണം നമ്മുടെ മാനുഷിക യുക്തി അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം പരുമല സുന്നഹദോസ് ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു എന്ന് പറയാം. ഇല്ലെങ്കില്‍ മറിച്ചും.
ഇനി ഈ കത്തിൻ്റെ ഉള്ളടക്കത്തില്‍ പറയുന്നത് ഇപ്രകാരമാണ് ”പുനരൈക്യത്തെ സുസാദ്ധ്യമാക്കുന്നതിന് റോമാ അതിൻ്റെ പങ്ക് യഥാവിധം നിര്‍വഹിച്ച ശേഷം ഈ സുന്നഹദോസ് കത്തോലിക്ക സഭയുമായുള്ള പുനരൈക്യത്തില്‍ പ്രവേശിക്കുവാന്‍ വിസമ്മതിക്കുമെങ്കില്‍ അതിലെ മെത്രാന്മാരില്‍ കുറഞ്ഞപക്ഷം ഒരാളെങ്കിലും മാര്‍പാപ്പയുടെ അധികാരത്തിന് കീഴ്വഴങ്ങുന്നതായിരിക്കും” (Mar Ivanios Volume 1 പേജ് 324) അതായത് സുന്നഹദോസ് റോമാ സഭയുമായി ഐക്യപ്പെടുമോ എന്നതിന് മാര്‍ ഈവാനിയോസിനു പോലും നിശ്ചയമില്ല. കുറഞ്ഞത് ഒരു മെത്രാനെങ്കിലും അതായത് താന്‍ മാത്രം ഐക്യപ്പെടും എന്നേ റോമിലേക്കെഴുതിയ ആദ്യത്തെ കത്തില്‍ പോലും മാര്‍ ഈവാനിയോസ് ഉറപ്പു പറയുന്നുള്ളൂ. അപ്പോള്‍ ഈ കത്തെഴുതിയത് സുന്നഹദോസ് ആവശ്യപ്പെട്ടതനുസരിച്ചും ചുമതലപ്പെടുത്തിയതനുസരിച്ചും ആണെന്ന് പറയുന്നതിലെ യുക്തിരാഹിത്യം എത്രത്തോളമെന്നു ഇനിയും വിശദീകരിക്കേണ്ടതുണ്ടോ?.
1929 ജനുവരിയില്‍ ബഥനിയില്‍ നിന്നും പ്രസിദ്ധീകരിച്ച മാര്‍ ഈവാനിയോസ് മെത്രാൻ്റെ ആത്മകഥയാണ് ‘‘ഗിരിദീപം” എന്ന ഗ്രന്ഥം. 1929 ജനുവരി മാസം വരെ തൻ്റെ ജീവിതത്തില്‍ നടന്ന പ്രധാനവും അപ്രധാനവുമായ നിരവധി സംഭവങ്ങള്‍ ഗിരിദീപത്തില്‍ മാര്‍ ഈവാനിയോസ് എഴുതിയിട്ടുണ്ട്. എന്നാല്‍ ഗിരിദീപത്തില്‍ എവിടെയും പരുമല സുന്നഹദോസിനെ കുറിച്ചോ റോമുമായി നടത്തിയ കത്തിടപാടിനെ കുറിച്ചോ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. സുന്നഹദോസ് തീരുമാന പ്രകാരവും വട്ടശേരില്‍ തിരുമേനിയുടെ മൗനാനുവാദത്തോടെയും നടന്നു എന്നു മലങ്കര കത്തോലിക്കര്‍ പറയുന്ന ഈ റോമുമായുള്ള കത്തിടപാടിനെ കുറിച്ച് ഒരുവരി ഗിരിദീപത്തില്‍ എഴുതാന്‍ എന്തുകൊണ്ട് മാര്‍ ഈവാനിയോസ് തയാറായില്ല. എന്തിന് രഹസ്യമാക്കി വച്ചു.
റോമിലേക്കയച്ച കത്തുകളും അവക്ക് ലഭിച്ച മറുപടിയും പിന്നീട് കൂടിയ സുന്നഹദോസുകളില്‍ മാര്‍ ഈവിനിയോസ് അവതരിപ്പിച്ചോ?. സാധാരണ സുന്നഹദോസ് ഒരു കാര്യം ഭരമേല്‍പിച്ചാല്‍ അതിൻ്റെ പുരോഗതി പിന്നീട് കൂടുന്ന സുന്നഹദോസില്‍ വിവരിക്കേണ്ടതല്ലേ. മാര്‍ ഈവാനിയോസ് റോമില്‍ നിന്നു ലഭിച്ച മറുപടി കത്തുകള്‍ സുന്നഹദോസില്‍ അവതരിപ്പിക്കാഞ്ഞത് എന്തുകൊണ്ടാണ് ?. എന്തുകൊണ്ടാണ് എല്ലാം രഹസ്യമാക്കി വച്ചത്.
സത്യത്തില്‍ മറ്റു മെത്രാന്മാര്‍ ആരും അറിയാതെ മാര്‍ ഈവാനിയോസ് അതീവ രഹസ്യമായിട്ടാണ് കത്തിടപാടുകള്‍ നടത്തിയതും റോമാ സഭയിലേക്ക് ചേക്കേറിയതും. പിന്നീട് അതിനെ ന്യായീകരിക്കാന്‍ വ്യാജമായി ഉണ്ടാക്കിയ ഒരു ന്യായീകരണം മാത്രമാണ് പരുമല സുന്നഹദോസ് എന്ന വ്യാജപ്രചരണം എന്നത് തെളിവുകളിലൂടെ വ്യക്തമാകുന്നു.
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info