കോതമംഗലം MA കോളേജ് അസോസിയേഷൻ്റെ ഭരണഘടനാ ഭേദഗതിക്കുള്ള പൊതുയോഗത്തിന് കോടതിയുടെ വിലക്ക്
എറണാകുളം:- കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ്റെ ഭരണഘടനാ ഭേദഗതിക്കായുള്ള അസാധാരണ യോഗം ഈ വരുന്ന 14/03/20-ൽ ചേരാനിരുന്നതിന് വിലക്ക് ഏർപ്പെടുത്തികൊണ്ട് 7/03/20-ൽ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. ഈ അസോസിയേഷനിൽ സാധാരണ മെമ്പർമാരായ മലങ്കര സഭയിലെ 37 -ഓളം ഇടവകാഗങ്ങളും മറ്റ് 7 സാധാരണ അംഗങ്ങളും ചേർന്ന് നൽകിയ ഹർജിയിലാണ് യോഗം വിലക്കി ഉത്തരവായത്.
അസോസിയേഷൻ്റെ ഭരണഘടനയിൽ 27 പ്രധാന വകുപ്പുകൾ മാറ്റുന്നതിന് വേണ്ടിയായിരുന്നു യോഗം ചേരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലെ അസോസിയേഷൻ്റെ പേട്രൻ മലങ്കര മെത്രാപ്പോലീത്തായാണ്. മലങ്കര സഭയുടെ എല്ലാ മെത്രാപ്പോലീത്തമാരും ഹോണററി മെമ്പർമാരുമാണ്. മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഈ അസോസിയേഷനിൽ നിർണ്ണായക ഭരണ പങ്കാളിത്വം ഉണ്ട്. അതു പൊലെ മെത്രാപ്പോലീത്താമാർക്കും നിർണ്ണായക സ്വാധീനം ഉള്ള സമിതിയാണ്.
മലങ്കര സഭയുടെ 37 -ൽ അധികം ഇടവക പള്ളികൾ ഇതിൽ അംഗത്വം ഉള്ളവരാണ്. ഈ പളളികൾ 1934-ലെ സഭാ ഭരണഘടനാ പ്രകാരം ഭരണം നടത്തേണ്ടതാണ് എന്ന് സുപ്രിം കോടതി വിധിയുമുണ്ട്.
മേൽപ്പറഞ്ഞ ഘടകങ്ങളാൽ നിർണ്ണായക സ്വാധീനം ഈ അസോസിയേഷനിൽ മലങ്കര സഭയ്ക്ക് ഉണ്ട്.
അസോസിയേഷൻ മുന്നോട്ട് വച്ച ഭരണഘടനാ ഭേദഗതി നടപ്പിലായാൽ മലങ്കര സഭയുടെ പ്രാതിനിത്യം ഇല്ലാതാവുകയും ഇപ്പോൾ ഭരണക്കാരായാ ഏതാനും ചിലരുടെ കൈകളിൽ എക്കാലവും ഭരണം നിലനിർത്തുവാൻ സാധിക്കുകയും ചെയ്യുമായിരുന്നു.
മലങ്കര സഭയുടെ 1934 ലെ ഭരണഘടനാ പ്രകാരം നിയമിതനായ ഇടവക വികാരിമാരെ മാറ്റി നിർത്തി, അവർക്ക് നോട്ടീസ് നൽകാതെ അസോസിയേഷന് ഇനി മേൽ യോഗം നടത്തരുത് എന്നും കോടതി വിധിച്ചു. മലങ്കര സഭയുടെ മേലുള്ള പാത്രിയർക്കീസിൻ്റെ അവകാശധികാരങ്ങൾ അസ്തമിച്ചു എന്ന സുപ്രിം കോടതി വിധി പ്രകാരം ഈ അസോസിയേഷനിലും അവകാശധികാരങ്ങൾ ഇല്ല എന്നും കോടതി കണ്ടെത്തി. മലങ്കര മെത്രാപ്പോലീത്ത പേട്രനും, മെത്രാപ്പോലീത്തമാർ ഹോണററി മെമ്പർമാരുമാണ് അവരെ മാറ്റിയാൽ ഈ അസോസിയേഷൻ്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റുന്നതിന് തുല്യമായതിനാൽ അനുവദിക്കാൻ കഴിയില്ല എന്നും കോടതി കണ്ടെത്തി. മെത്രാപ്പോലീത്താമാരും ഭരണഘടനാ ഭേദഗതിക്ക് എതിരായി സമാന ഹർജി നൽകിയിട്ടുള്ളതായും കോടതി വിധിയിൽ വ്യക്തമാക്കി.
അസോസിയേഷൻ്റെ ഭരണത്തിന് സ്ക്കിം തയ്യാറാക്കി നൽകണം എന്ന് ഹർജിക്കാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ ഭേദഗതി പാടില്ല എന്നും പ്രസ്തുത പരാതിയിൽ വസ്തുതകൾ ഉണ്ടു് എന്ന് കോടതിക്ക് ബോധ്യപ്പെട്ട സ്ഥിതിയിൽ ഈ കേസിൻ്റെ അന്തിമ തീർപ്പ് വരുന്നത് വരെ ഭേദഗതി പാടില്ല എന്നും കോടതി വിധിച്ചു.
അസോസിയേഷൻ്റെ ഇനി മേലിലുള്ള യോഗങ്ങളിൽ ഹർജിക്കാർക്ക് വേണ്ട നോട്ടീസ് നൽകണമെന്ന ആവശ്യം കോടതി അനുവദിക്കുകയും, കൂടാതെ 14/03/20 -ലെ യോഗത്തിലെ ഭരണഘടനാ ഭേദഗതി പാടില്ല എന്നും കോടതി വിധിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ തോമസ് അധികാരം ഹാജരായി.
https://ovsonline.in/latest-news/kothamangalam-church-court-order/