OVS - Latest NewsOVS-Pravasi News

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ദശാബ്ദി ജൂബിലി നിറവില്‍

അയര്‍ലണ്ട്: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ യു.കെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിലെ ഡബ്ലിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ദശാബ്ദി ജൂബിലി മെയ് 27 മുതല്‍ ജൂണ്‍ 6 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെട്ടു. ജൂബിലിയുടെ ഭാഗമായി മെയ് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൊയ്‌നോണിയ 2016 (കുടുംബ സംഗമം) നടത്തപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍ (ലേവ്യ പുസ്തകം 19:2) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. തുടര്‍ന്ന് ക്ലാസുകള്‍, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, നമസ്‌കാരങ്ങള്‍, വിശുദ്ധ കുര്‍ബ്ബാന, ബൈബിള്‍ നാടകം എന്നിവ കൊയ്‌നോണിയയുടെ ഭാഗമായി നടത്തപ്പെട്ടു. സഭയുടെ അടൂര്‍കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ക്ലാസ്സിനും ആരാധനക്കും ആഘോഷ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

ജൂബിലി ആരാധനയും സമ്മേളനവും ജൂണ്‍ 4 ശനിയാഴ്ച നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നീ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെട്ടു.

തുടര്‍ന്ന് നടന്ന ജൂബിലി സമ്മേളനം അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. റ്റി. ജോര്‍ജ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വര്‍ഗീസ്, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വികാരി ഫാ. അനിഷ് കെ. സാം സ്വാഗതവും ട്രസ്റ്റി അലക്‌സ് പി. ഏബ്രഹാം നന്ദിയും അര്‍പ്പിച്ചു. ജൂബിലി ശുശ്രൂഷകളില്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളും പങ്കു ചേര്‍ന്നു.

വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകരുടെ സമ്മേളനം ജൂണ്‍ 6ന് ഡബ്ലിന്‍ കാതോലിക്കേറ്റ് മന്ദിരത്തില്‍ (മലങ്കര ഹൗസ്) വച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ വര്‍ഗീസ് ക്ലാസ് നയിച്ചു. ഡബ്ലിന്‍ സെന്റ് തോമസ്, ലൂക്കന്‍ സെന്റ് മേരീസ്, ദ്രോഹിഡ സെന്റ് പീറ്റര്‍ & സെന്റ് പോള്‍ എന്നീ പള്ളികളില്‍ നിന്നും ശുശ്രൂഷകര്‍ സംബന്ധിച്ചു. ഗീവര്‍ഗീസ് ജോണ്‍സണെ അയര്‍ലണ്ട് ശുശ്രൂഷക സംഘം കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുത്തു. ജൂബിലി ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. അനിഷ് കെ. സാം, കൈക്കാരന്‍ അലക്‌സ് പി. ഏബ്രഹാം, സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Thank you for visiting : www.ovsonline.in