അസത്യപ്രചാരണത്തിൽ യുവാക്കൾ വീണുപോകുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അസത്യപ്രചാരണങ്ങളിൽ യുവാക്കൾ വീണുപോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങൾ അസത്യങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുന്നു. ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞമാസം നടന്ന അപ്രഖ്യാപിത ഹർത്താൽ. ഒരു സംഘടനയുടെയും പിൻബലമില്ലാതെ ഹർത്താലിന്‍റെ മറവിൽ നാടിന്‍റെ മതനിരപേക്ഷ സംസ്കാരത്തിനു പോറലേൽപിക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്.
വികാരങ്ങൾ ദുരുപയോഗം ചെയ്തു വസ്തുതകൾ മറച്ചുവയ്ക്കുന്ന കാലഘട്ടത്തിലാണ് നാം. ഇന്ത്യ ചില വിഭാഗങ്ങൾക്കു മാത്രം അവകാശപ്പെട്ടതല്ല. മതനിരപേക്ഷ ആശയത്തെ മതം ദുരുപയോഗിച്ചു ചിലർ അട്ടിമറിക്കാൻ ശ്രമിക്കുന്നു. മതത്തിന്‍റെ പേരിൽ ആളുകളെ കൊല്ലുന്ന അവസ്ഥവരെയുണ്ടാകുന്നു. മതാത്മകത വർഗീയതയായും, വർഗീയത ഭീകരതയുമായി മാറുന്നതിനെതിരെ ജാഗ്രത വേണം. സഹിഷ്ണുത എന്ന വാക്കിനു സഹിച്ചുകൊടുക്കുക എന്നാണ് അർഥം, അടുത്ത നാൾ വരെ മതനിരപേക്ഷതയ്ക്കു സഹിഷ്ണുത എന്ന അർഥമാണ് നൽകിയിരുന്നത്, എന്നാൽ പിന്നീടതിനു വിശാലമായ അർഥം കൈവന്നു. ആരും ആരെയും സഹിച്ചുകൊടുക്കേണ്ട അവസ്ഥയല്ല മതനിരപേക്ഷത കൊണ്ടുദ്ദേശിക്കുന്നത്.
പഠനവും, സേവനവും യുവ തലമുറ കാര്യക്ഷയമതയോടെ നിവർത്തിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ഓർത്തഡോക്സ് സഭ അനുകരണീയമാണ്, കോഴികൊടുള്ള ഫാതിമയെയും അനുഗ്രഹിനെയും സന്ദർശിക്കാൻ സമയം കണ്ടെത്തിയ പ. കാതോലിക്കാ ബാവ അനുകരിക്കപ്പെടാവുന്ന മാതൃകയാണ്. “ഈ ചെറിയവരിലൊരുവന് നിങ്ങൾ ചെയ്തതെല്ലാം എനിക്കാണ് ചെയ്തത്” എന്ന യേശുവിന്‍റെ വാക്കുകൾ മാനവ സേവനത്തിനു അടിസ്‌ഥനമാണ്.
സമൂഹത്തിനും രാഷ്ട്രത്തിനും പുതിയ ആശയങ്ങൾ സമ്മാനിച്ച പൗലോസ് മാർ ഗ്രീഗോറിയോസിനെപോലെയുള്ള മഹാരഥന്മാർ ഇനിയും ഉണ്ടാവണം, ജോലി അടിസ്ഥാനത്തിൽ മാത്രം പഠനത്തെ കാണാതെ, സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾക്കു നൂതന ആശയങ്ങൾ പകരുന്നതിനുള്ള പഠനവും കാഴ്ച്ചവെക്കുവാൻ യുവജന പ്രസ്ഥാനത്തിന് കഴിയണം. എല്ലാ വിഭാഗം ജനത്തിന്‍റെയും മതസ്വാതന്ത്ര്യത്തെ ഉൾക്കൊള്ളാൻ കേരളം സർക്കാർ പ്രതിജ്ഞാബദ്ധമാണ്, യുവജനപ്രസ്ഥാനത്തിനു ഭാവുകങ്ങൾ നേർന്നുകൊണ്ട് ബഹു. മുഖ്യമന്ത്രി തന്‍റെ പ്രസംഗം അവസാനിപ്പിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ.ഫിലിപ് തരകൻ, ഫാ.പി.ജി.ജോസ്, ഫാ.പീറ്റർ ജോർജ്, ജോജി പി.തോമസ്, പ്രവീൺ ജേക്കബ്, ഫാ.അജി കെ.തോമസ് എന്നിവർ പ്രസംഗിച്ചു. ശ്രീകാര്യം ഹോളി ട്രിനിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും.
Cheif Minister Unedited Speech @ OCYM 82nd International Conference
Posted by Didymos Live Webcast on Friday, 11 May 2018