ശവസംസ്‌കാരം സംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുളള നീക്കം സുപ്രീംകോടതി വിധിക്ക് നിരക്കാത്തത്
ശവസംസ്‌കാരം സംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുളള സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം സുപ്രീംകോടതി വിധിക്ക് നിരക്കാത്തതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ ആര്‍ക്ക് വേണമെങ്കിലും സംസ്‌കരിക്കാമെന്നുളള ഓര്‍ഡിനന്‍സിലെ വ്യവസ്ഥ അംഗീകരിക്കാനാവില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമായിരിക്കുന്ന ഇടവകാര്‍ക്ക് മാത്രമാണ് സഭയുടെ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുവാന്‍ അവകാശമുളളത്. ഇടവക വികാരിയാണ് സെമിത്തേരിയുടെ ചുമതലക്കാരന്‍. അദ്ദേഹത്തിൻ്റെ അറിവോ സമ്മതമോ കൂടാതെ ആര്‍ക്കും സെമിത്തേരിയില്‍ കയറി മൃതശരീരം സംസ്‌കരിക്കാനാവുമെന്ന നിബന്ധന സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ്. സെമിത്തേരിയില്‍ സമാന്തര ഭരണം അനുവദനീയമല്ലന്ന് സുപ്രീംകോടതി സുവ്യക്തമാക്കിട്ടുളളതാണ്. കോടതി വിധിയിലൂടെ ഔദ്യോഗികമായി വികാരിമാരായി തീര്‍ന്നിരിക്കുന്ന വൈദീകരുടെ അറിവും സമ്മതവും പങ്കാളിത്വവും കൂടാതെ പളളിയുടെ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. തുടര്‍ന്ന് പളളിയിലും സമാന്തര ഭരണം നിലനിര്‍ത്തുന്നതിനുളള പരിശ്രമത്തിൻ്റെ ആദ്യ പടിയായി ഓര്‍ത്തഡോക്‌സ് സഭ ഇതിനെ കാണുന്നു.
സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. ആ നിയമത്തിന് എതിരായി ഒരു സംസ്ഥാനത്തിനും നിയമനിര്‍മ്മാണം നടത്തുവാന്‍ അവകാശമില്ല. ഇതിനെ നിയമപരമായി ഓര്‍ത്തഡോക്‌സ് സഭ നേരിടും. പരേതൻ്റെ ബന്ധുക്കള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന പട്ടക്കാരനെക്കൊണ്ട് ശുശ്രൂഷകള്‍ നടത്തി ഇടവകയുടെതല്ലാത്ത മറ്റ് സെമിത്തേരിയിലോ സ്ഥലങ്ങളിലോ മൃതദേഹം സംസ്‌കരിക്കുന്നത് യാതൊരു തടസവുമില്ല എന്ന വ്യവസ്ഥയെ സഭ എതിര്‍ക്കുന്നില്ല. എന്നാല്‍ മറ്റൊരു ഓര്‍ത്തഡോക്‌സ് സഭയുടെ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ ആഗ്രഹിച്ചാല്‍ ആ പളളിയിലെ വികാരിയുടെ അനുവാദം വാങ്ങിയിരിക്കണം.
ഓര്‍ത്തഡോക്‌സ് സഭ മൃതദേഹം സംസ്‌കരിക്കുന്നതിന് എതിര് നിന്നിട്ടില്ല. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് നിയമാനുസൃത വികാരിയുടെ കാര്‍മ്മികത്വത്തിലായിരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുളളത്. അതിനെതിരായി കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി പാത്രിയര്‍ക്കീസ് വിഭാഗം മനുഷ്യവകാശ കമ്മീഷനെയും കോടതിയെയും പല തവണ സമീപിച്ചെങ്കിലും ഇത് വരെയും യാതൊരു ആനൂകൂല്യവും ലഭിച്ചിട്ടില്ല. കോടതി വിധികള്‍ നടപ്പാക്കാന്‍ ശ്രമിക്കാതെ പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഏകപക്ഷീയമായി ആനുകൂല്യം ചെയ്ത് കൊടുക്കുവാനുളള ഒരു നീക്കമായിട്ട് ഇതിനെ കാണുന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതിനോടൊപ്പം പാത്രിയര്‍ക്കീസ് വിഭാഗത്തിന് മറ്റൊരു ആനുകൂല്യം കൂടെ ചെയ്ത് കൊടുക്കാനുളള ഗവണ്‍മെന്റിൻ്റെ നീക്കമായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കുന്നുളളൂ എന്നും മാര്‍ ദിയസ്‌ക്കോറോസ് കൂട്ടിചേര്‍ത്തു.
https://ovsonline.in/articles/govt-ordinance-for-christians/