OVS - ArticlesOVS - Latest News

കോനാട്ട് മൽപ്പാന്മാർ

മൽപ്പാൻ എന്ന സുറിയാനിവാക്കിന് ഗുരു എന്നാണ് അർത്ഥം. വൈദികവിദ്യാർത്ഥികളെ പഠിപ്പിച്ച് പൗരോഹിത്യത്തിന് യോഗ്യരാക്കുന്ന മുതിർന്ന വൈദികരെ സാധാരണയായി മൽപ്പാന്മാർ എന്ന് വിളിക്കുന്നു. എന്നാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ഗുരുക്കന്മാരും, സഭയ്ക്ക് ഉന്നതസംഭാവനകൾ നല്കിയവരുമായ പ്രമുഖവൈദികർക്ക് മലങ്കരമെത്രാപ്പോലീത്ത ഔദ്യോഗികമായി കല്പിച്ചുനൽകുന്ന ആദരസൂചകസ്ഥാനമാണ് “മലങ്കര മൽപ്പാൻ” സ്ഥാനം. 20-ാം നൂറ്റാണ്ടിനുമുൻപ് ഈ സ്ഥാനം അറിയപ്പെട്ടിരുന്നത് “മലയാളത്തിനുടെ മൽപ്പാൻ” എന്ന് ആയിരുന്നു (മലങ്കരമെത്രാപ്പോലീത്ത “മലയാളത്തിനുടെ മെത്രാപ്പോലീത്ത” എന്ന് അറിയപ്പെട്ടിരുന്നതുപോലെ).

കോനാട്ട് കുടുംബത്തിലെ ഏതാണ്ട് എല്ലാ മൽപ്പാന്മാരുംതന്നെ ഈ സ്ഥാനം അലങ്കരിച്ചിരുന്നതായി രേഖകളുണ്ട്. മുൻഗാമിയുടെ 40-ാം അടിയന്തിരത്തിൻ്റെ അതേദിവസം പിൻഗാമിക്ക് ഈ സ്ഥാനം നൽകുന്ന പാരമ്പര്യം ഉണ്ടായിരുന്നു. മലങ്കരമെത്രാപ്പോലീത്ത പാമ്പാക്കുടയിലേക്ക് എഴുന്നെള്ളിവന്ന് ഒരു സ്വർണ്ണമോതിരം സമ്മാനിച്ച് ഈ സ്ഥാനം നൽകുകയായിരുന്നു പതിവ്. ഈ രീതിയിൽനിന്ന് വ്യതിചലിച്ച ഒന്നുരണ്ട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഗീവർഗീസ് മൽപ്പാൻ (പിന്നീട് മാർ യൂലിയോസ്‌) മേൽപ്പട്ടക്കാരനായി അഭിഷേകം ചെയ്യപ്പെടുകയും മുൻഗാമിയായ മലങ്കരമൽപ്പാൻ അന്തരിക്കുന്നതിനു മുമ്പ്തന്നെ കാലം ചെയ്യുകയും ചെയ്തതിനാൽ അദ്ദേഹത്തിന് മലങ്കരമൽപ്പാൻ സ്ഥാനം നൽകാനായില്ല. അബ്രഹാം മൽപ്പാൻ II-നു തൻ്റെ പിതാവിൻ്റെ നിര്യാണത്തിനു ശേഷം 35 വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്ഥാനം നൽകിയത്. മുൻഗാമി അന്തരിച്ചപ്പോൾ അദ്ദേഹം നന്നേ ചെറുപ്പമായിരുന്നു (വൈദികപട്ടം ഏൽക്കുന്നതിനുപോലും മുൻപായിരുന്നു) എന്നതാണ് ഇതിനു കാരണം.

അബ്രഹാം മൽപ്പാൻ I (1780-1865)
1825-ൽ കോനാട്ട് അബ്രഹാം മൽപ്പാൻ I (1780-1865) ആണ് പാമ്പാക്കുട സെയ്‌ൻ്റ് ജോൺസ് വലിയപള്ളി സ്ഥാപിച്ചത്. ആരംഭം മുതലേ കോനാട്ട് കുടുംബത്തിൽനിന്നുള്ള പുരോഹിതന്മാരാണ് ഈ ഇടവകയുടെ മേൽനോട്ടം നടത്തിയിരുന്നത്. പാമ്പാക്കുടയിൽനിന്ന് കേവലം 5 കിലോമീറ്റർ അകലെ മാമലശ്ശേരിയിൽ ആയിരുന്നു കോനാട്ട് കുടുംബം വസിച്ചിരുന്നത്. മാമലശ്ശേരി കാലഘട്ടത്തിലെ അവസാനത്തെ മൽപ്പാൻ ആയിരുന്ന ഗീവർഗീസ് മൽപ്പാൻ സുറിയാനിഭാഷയും ആരാധനാക്രമങ്ങളും വേദശാസ്ത്രവും പഠിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ സ്വകുടുംബത്തിൽനിന്ന് ഉത്തമനായ പിൻഗാമിയെ കണ്ടെത്താൻ ഗീവർഗീസ് മൽപ്പാന് സാധിച്ചിരുന്നില്ല. തൻ്റെ അനന്തിരവനും സഹായിയുമായിരുന്ന ഉണ്ണിട്ടൻ എന്ന അബ്രഹാമിനെ അദ്ദേഹം സാവധാനം ശ്രദ്ധിച്ചുതുടങ്ങി. ഔപചാരിക വൈദികവിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഉണ്ണിട്ടൻ കാര്യങ്ങൾ സ്വയം ഗ്രഹിക്കുകയും മൽപ്പാൻ്റെ ശിഷ്യന്മാരുടെ വരെ തെറ്റുകൾ തിരുത്തുവാനുള്ള കഴിവ് സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് മൽപ്പാൻ മനസ്സിലാക്കി. പാമ്പാക്കുടയിലെ ഇട്ടെഞ്ചേരിൽ (പരീക്കമോളേൽ) കുടുംബാംഗമായിരുന്നു ഈ ബാലൻ. അടുത്ത മൽപ്പാൻ ഈ ബാലനായിരിക്കണമെന്ന് ഗീവർഗീസ് മൽപ്പാൻ തീരുമാനിച്ചു. അവനെ അതിനുവേണ്ടി അഭ്യസിപ്പിക്കുവാനും തുടങ്ങി. തുടർന്ന് അബ്രഹാം കശീശ്ശാ എന്ന പേരിൽ പട്ടം കൊടുക്കുകയും അടുത്ത കോനാട്ട് മൽപ്പാനായി നിയുക്തനാക്കുകയും ചെയ്തു. ഗീവർഗീസ് മൽപ്പാൻ്റെ ഈ നീക്കത്തിനെതിരായി കോനാട്ട് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഈ പ്രതിഷേധം മൂലം തൻ്റെ സുറിയാനി ഗ്രന്ഥശേഖരം ഒഴികെ മറ്റൊന്നും പിൻഗാമിയ്ക്ക് കൈമാറുവാൻ ഗീവർഗീസ് മൽപ്പാന് കഴിഞ്ഞില്ല.

താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗീവർഗീസ് മൽപ്പാൻ്റെ വിൽപ്പത്രം ഇന്നും സൂക്ഷിച്ചിരിയ്ക്കുന്നു. മലങ്കര മൽപ്പാൻ സ്ഥാനധാരികളായ കോനാട്ട് മൽപ്പാന്മാരിൽ 17-ാമനാണ് താനെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിനു മുൻപുള്ള 16 മൽപ്പാന്മാരിൽ എല്ലാവരുടെയും പേരുവിവരങ്ങളും ജീവിച്ചിരുന്ന കാലഘട്ടവും ഇന്ന് ലഭ്യമല്ല. എങ്കിലും അദ്ദേഹത്തിൻ്റെ മുൻഗാമിയുടെയും നാമം ഗീവർഗീസ് മൽപ്പാൻ എന്നായിരുന്നു എന്ന് നമുക്കറിയാം. 15-ാമത്തെ മൽപ്പാനായിരുന്ന യാക്കോബ് മൽപ്പാൻ മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായതെന്ന് വിശ്വസിക്കപ്പെടുന്ന തിരുവിതാംകോട് പള്ളിയിൽ കുറച്ചുനാൾ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തെ കബറടക്കിയതും തിരുവിതാംകോട് പള്ളിയിൽ തന്നെ.

1822-ൽ ഗുരുവും മുൻഗാമിയുമായ ഗീവർഗീസ് മൽപ്പാൻ്റെ 40-ാം അടിയന്തിരദിനത്തിൽ അബ്രഹാം കശീശായ്‌ക്ക് മലങ്കരമെത്രാപ്പോലീത്ത പുന്നത്ര മാർ ദീവന്നാസിയോസ് മലങ്കരമൽപ്പാൻ സ്ഥാനം നൽകി. പാമ്പാക്കുടയിലേക്ക് തൻ്റെ പ്രവൃത്തിമണ്ഡലം മാറ്റുവാൻ തീരുമാനിച്ച അബ്രഹാം മൽപ്പാൻ അവിടെ 1825-ൽ സെയ്‌ൻ്റ് ജോൺസ് വലിയപള്ളി സ്ഥാപിച്ചു.

തികഞ്ഞ സുറിയാനിപണ്ഡിതനും അധ്യാപകനുമായിരുന്നു അബ്രഹാം മൽപ്പാൻ I. നവീകരണക്കാരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം മുന്നിൽനിന്ന് സഭയെ നയിച്ചു. 1815-ൽ കോട്ടയം പഴയസെമിനാരിയുടെ സ്ഥാപനകാലം മുതൽ മൽപ്പാൻ അവിടെ അധ്യാപകനായിരുന്നു. ആ കാലഘട്ടത്തിൽ സെമിനാരിയിൽ സഹ അധ്യാപകരായിരുന്ന സി. എം. എസ്. മിഷനറിമാരുടെ ക്ലാസ്സുകൾക്ക് പിന്നാലെതന്നെ അവരുടെ പ്രൊട്ടസ്റ്റൻ്റ് പഠിപ്പിക്കലുകളെ തച്ചുടച്ച് വിദ്യാർത്ഥികളെ നേർവഴിയിൽ കൊണ്ടുവരാൻ മൽപ്പാൻ ബദ്ധശ്രദ്ധനായിരുന്നെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. 1835-ലെ മാവേലിക്കര സുന്നഹദോസിൽ സത്യവിശ്വാസം ഭംഗംകൂടാതെ സഭയിൽ ഉറപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. പുന്നത്ര മാർ ദീവന്നാസിയോസ് മലങ്കരമെത്രാപ്പോലീത്താ കാലംചെയ്തപ്പോൾ പിൻഗാമിയായി മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അബ്രഹാം മൽപ്പാനെ പരിഗണിച്ചിരുന്നു എന്നതിൽനിന്ന് സഭാംഗങ്ങൾ അദ്ദേഹത്തിൻ്റെ ജീവിതവിശുദ്ധിയേയും പാണ്ഡിത്യത്തെയും എത്രമാത്രം ബഹുമാനിച്ചിരുന്നു എന്ന് മനസ്സിലാക്കാം. മലയാളത്തിലെ പ്രഥമ ആധികാരികവേദശാസ്ത്രഗ്രന്ഥത്തിന്റെ രചയിതാവും മറ്റാരുമല്ല. 1860-ൽ എൺപതു വയസ്സുള്ളപ്പോൾ എഴുതിയ ആ കൈയ്യെഴുത്തുപ്രതി ഇന്നും കോനാട്ട് ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു. അച്ചടിച്ച് പ്രസിദ്ധീകരിക്കാഞ്ഞതിനാലാവണം, മലയാളസാഹിത്യചരിത്രത്തിൽ ഇന്നോളം ആ ഗ്രന്ഥം ഇടംപിടിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ അതിപ്രധാനമായ മറ്റൊരു കൃതിയാണ് കോട്ടയം പഴയസെമിനാരിയിൽ പഠിപ്പിക്കുമ്പോൾ 1820-ൽ പരിഭാഷപ്പെടുത്തിയ ഒരു ആരാധനാക്രമം. സന്ധ്യകളിൽ മലങ്കരനസ്രാണി ഭവനങ്ങളിൽനിന്ന് ഉയരുന്ന ഇമ്പകരമായ “ഞങ്ങൾക്കുള്ള കർത്താവേ…” എന്ന മാർ അപ്രേമിൻ്റെ ബോവൂസോയുടെ ആദ്യ മലയാളപരിഭാഷ കാണുന്നത് ഈ ആരാധനാക്രമത്തിലാണ്.

സി. എം. എസ്. മിഷനറിമാരുടെ നവീന ഉപദേശങ്ങളും ശീമയിൽനിന്ന് വന്നുകൊണ്ടിരുന്ന മേല്പട്ടക്കാരുടെ തിരുത്തലുകളും ഉളവാക്കിയ അമ്പരപ്പ് സഭയെ ഗ്രസിച്ചിരുന്ന ആ ഘട്ടത്തിൽ, അന്ത്യോഖ്യൻ മെത്രാനായ മാർ അത്താനാസ്യോസിൻ്റെ നിർബന്ധത്തിനു വഴങ്ങി അബ്രഹാം മൽപ്പാൻ I രണ്ടാമതും കശീശാപ്പട്ടമേറ്റു. മിഷനറിമാർക്ക് സ്വാധീനമുണ്ടായിരുന്ന ഭരണാധികാരികൾ ഒരു കൊടും അപരാധമായാണ് ഈ നടപടിയെ വീക്ഷിച്ചത്. ഇതിനു ശിക്ഷയായി 10 മാസം തടവും ഭീമമായ ഒരു തുക പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചതെന്ന് ഇസഡ്. എം. പാറേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 1865 ഒക്ടോബർ 28-ന് അബ്രഹാം മൽപ്പാൻ I അന്തരിച്ചു. പിറ്റേന്ന് താൻ സ്ഥാപിച്ച പാമ്പാക്കുട വലിയപള്ളിയിൽ കബറടക്കി. അദ്ദേഹത്തിൻ്റെ ഓർമ്മദിവസമാണ് വലിയപള്ളിയുടെ പ്രധാനപെരുന്നാളായി ആഘോഷിക്കുന്നത്.

യൂഹാനോൻ മൽപ്പാൻ (1809-1890)
അബ്രഹാം മൽപ്പാൻ്റെ സഹോദരനായ കോരയുടെ പുത്രന്മാർ ആയിരുന്നു യൂഹാനോനും മാത്തനും. ഇവരിൽ യൂഹാനോൻ (1809-1890) അബ്രഹാം മൽപ്പാൻ I-ൻ്റെ പിൻഗാമിയും കോനാട്ട് കുടുംബത്തിലെ 19-ാമത്തെ മല്‌പാനുമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ പട്ടംകൊട എന്നായിരുന്നെന്ന് തീർച്ചയില്ല. മുൻഗാമിയുടെ നിര്യാണശേഷം 1865-ൽ അദ്ദേഹം മലങ്കരമൽപ്പാനായി അവരോധിക്കപ്പെടുകയും പാമ്പാക്കുട വലിയപള്ളിയുടെയും കോനാട്ട് മൽപ്പാൻ ഭവനത്തിൻ്റെയും പൂർണ്ണചുമതല ഏറ്റെടുക്കുകയും ചെയ്തു. നവീകരണത്തിൻ്റെ കൊടുങ്കാറ്റിൽ സഭാനൗക ആടിയുലഞ്ഞ കാലമായിരുന്നു അത്. അന്നത്തെ വൈദികട്രസ്റ്റി ആയിരുന്ന പുന്നത്ര ചാണ്ടപ്പിള്ള കത്തനാർ 1870-ൽ നവീകരണവിഭാഗത്തിലേക്ക് കൂറുമാറി. അതേത്തുടർന്ന് 1886 സെപ്റ്റംബർ 11-ന് കോട്ടയം പഴയസെമിനാരിയിൽ കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം വൈദികട്രസ്റ്റി സ്ഥാനത്തേക്ക് യൂഹാനോൻ മൽപ്പാനെ തിരഞ്ഞെടുത്തു. അങ്ങനെ കോനാട്ട് കുടുംബത്തിൽനിന്നുള്ള ആദ്യത്തെ വൈദികട്രസ്റ്റി ആയി അദ്ദേഹം.

മുൻഗാമികളും പിൻഗാമികളുമായി താരതമ്യപ്പെടുത്തിയാൽ തൻ്റെ ഇടവകാംഗങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനാണ് യൂഹാനോൻ മൽപ്പാൻ കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് കാണുവാൻ സാധിക്കും. 56-ാം വയസ്സിൽ മലങ്കരമൽപ്പാനായി അദ്ദേഹം ചുമതലയേൽക്കുമ്പോഴേക്കും പിൻഗാമിയായ ഗീവർഗീസ് കത്തനാർ മൽപ്പാനെന്ന നിലയിൽ വൈദികവിദ്യാർത്ഥികളെ പഠിപ്പിച്ചുതുടങ്ങിയിരുന്നു. മലങ്കരമെത്രാപ്പോലീത്താ പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ് V നൽകിയ ഒരു സാക്ഷ്യപത്രത്തിൽ യൂഹാനോൻ മൽപ്പാൻ സുറിയാനിഭാഷയിലും ആരാധനാക്രമങ്ങളിലും പ്രാവീണ്യമുള്ള പണ്ഡിതശ്രേഷ്ഠനാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഗീവർഗീസ് മൽപ്പാൻ്റെ ധിഷണാശക്തിയുടെയും പാണ്ഡിത്യത്തിൻ്റെയും അവഗാഹം ഒരുപടി മുന്നിലായിരുന്നു. അങ്ങനെ മുൻഗാമിയുടെയും പിൻഗാമിയുടെയും നിഴലിലായിപ്പോയെങ്കിലും പുരോഹിതനെന്ന നിലയിൽ തന്നെ ഭരമേല്പിച്ച അജപാലനദൗത്യത്തിൽ ഉത്തമമാതൃകയായി അദ്ദേഹം ശോഭിച്ചു. 1876-ൽ പാമ്പാക്കുടയിൽ വസൂരി പടർന്നുപിടിച്ചു. യൂഹാനോൻ മൽപ്പാൻ്റെ സഹോദരൻ മാത്തനും അദ്ദേഹത്തിൻ്റെ ഭാര്യയും വസൂരിയ്ക്ക് കീഴടങ്ങി. യൂഹാനോൻ മൽപ്പാനും രോഗബാധിതനായെങ്കിലും ദൈവകൃപയാൽ സുഖം പ്രാപിച്ചു. അതേത്തുടർന്ന് രോഗബാധിതരുടെ ഭവനങ്ങളിൽ ഭക്ഷണവുമായി ചെന്ന് അവരെ പരിചരിയ്ക്കാൻ അദ്ദേഹം നിർഭയം മുന്നിട്ടിറങ്ങി. ആ കാലഘട്ടത്തിലാണ് പാമ്പാക്കുട വലിയപള്ളിയുടെ മുഖവാരം ഇന്നുകാണുന്ന നിലയിൽ പണിതത് (കൃത്യമായി പറഞ്ഞാൽ 1883-ൽ). 1890 മാർച്ച് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് മുൻപുള്ള നമസ്കാരത്തിനിടെ യൂഹാനോൻ മൽപ്പാൻ കർതൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

മലങ്കരമൽപ്പാൻ മാത്തൻ കോർഎപ്പിസ്‌കോപ്പ (1860-1927)
യൂഹാനോൻ മൽപ്പാൻ്റെ പിൻഗാമിയായി 20-ാമത്തെ കോനാട്ട് മൽപ്പാനായ ഗീവർഗീസ് മൽപ്പാൻ (പിന്നീട് കോനാട്ട് ഗീവർഗീസ് മാർ യൂലിയോസ്‌) 1885-ൽ തൻ്റെ മുൻഗാമി ജീവിച്ചിരിക്കുമ്പോൾതന്നെ കാലംചെയ്തു. അതിനാൽ ഗീവർഗീസ് മൽപ്പാൻ മലങ്കരമൽപ്പാൻസ്ഥാനം അലങ്കരിച്ചില്ല. മാർ യൂലിയോസിൻ്റെ സഹോദരൻ കോരയുടെ പുത്രനായ മാത്തൻ മൽപ്പാനാണ് 21-ാമത്തെ കോനാട്ട്മൽപ്പാനായത്.

1860 മാർച്ച് 29-നാണ് മാത്തൻ മൽപ്പാൻ്റെ ജനനം. മാതാവിൻ്റെ പേര് അന്നം. മാർ ദീവന്നാസിയോസ് V-ൽനിന്ന് 11-ാം വയസ്സിൽ കോറൂയോ പട്ടമേറ്റു. ആദ്യമായി മലങ്കര സന്ദർശിച്ച അന്ത്യോഖ്യാപാത്രിയർക്കീസായ മാർ പത്രോസ് III-ൽ നിന്ന് പൂർണശെമ്മാശ്ശപ്പട്ടമേറ്റശേഷം പ്രത്യേകാനുമതിയോടെ എലിസബത്തിനെ വിവാഹം ചെയ്തു. ആറ് പെൺമക്കളും ഒരു പുത്രനും മാത്തൻ-എലിസബത്ത് ദമ്പതികൾക്ക് ഉണ്ടായി. കോനാട്ട് കുടുംബം പാമ്പാക്കുടയിലേക്ക് താമസം മാറ്റിയതിനുശേഷം കുടുംബത്തിലെ വിവാഹിതനായ ആദ്യ പട്ടക്കാരനായിരുന്നു അദ്ദേഹം. 1883 നവംബർ 13-ന് ഫോർട്ട് കൊച്ചി പള്ളിയിൽവെച്ച് മാർ ദീവന്നാസിയോസ് V-ൽ നിന്ന് കശീശാപ്പട്ടമേറ്റു. പിതൃസഹോദരനായ കോനാട്ട് മാർ യൂലിയോസിൽ നിന്നാണ് സുറിയാനിയും ആരാധനാക്രമങ്ങളും അദ്ദേഹം പഠിച്ചത്. പിന്നീട് വെട്ടിക്കൽ ദയറായിൽച്ചെന്ന് പരുമലത്തിരുമേനിയിൽനിന്ന് സുറിയാനി ആരാധനാസംഗീതവും ഹൃദിസ്ഥമാക്കി. 1890 ഏപ്രിൽ 17-ന് മുൻഗാമിയായ യൂഹാനോൻ മൽപ്പാൻ്റെ 40-ാം അടിയന്തിരദിനത്തിൽ മാത്തൻ മൽപ്പാന് മലങ്കരമൽപ്പാൻ സ്ഥാനം നൽകി.

മാത്തൻ മൽപ്പാൻ അധ്യാപനജീവിതം ആരംഭിച്ചത് പാമ്പാക്കുടയിൽത്തന്നെ ആയിരുന്നു. 1886-ൽ നവീകരണക്കാരുമായുള്ള വ്യവഹാരങ്ങളുടെ പരിസമാപ്തിയിൽ കോട്ടയം പഴയസെമിനാരി മാർ ദിവന്നാസിയോസ് V നടത്തിയെടുത്ത് അവിടെ വൈദികപരിശീലനം പുനരാരംഭിച്ചപ്പോൾ വട്ടശ്ശേരിൽ ഗീവർഗീസ് മൽപ്പാനോടൊപ്പം മാത്തൻ മൽപ്പാനും സെമിനാരി അധ്യാപകനായി. പല കാരണങ്ങളാൽ അദ്ദേഹത്തിൻ്റെ സെമിനാരി അധ്യാപനം അവിരാമമായിരുന്നില്ല. സെമിനാരിയിൽ പഠിപ്പിക്കാത്ത കാലയളവിൽ അദ്ദേഹം പാമ്പാക്കുടയിൽ വൈദികവിദ്യാർഥികളെ പഠിപ്പിച്ചിരുന്നു. 1893-ൽ അങ്കമാലി ഭദ്രാസനത്തിൻ്റെ വികാരി ജനറലായി അദ്ദേഹം സ്ഥാനമേറ്റു. വ്യക്തമായ അധികാരങ്ങളുള്ള ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം ഭദ്രാസനത്തിലെ ഇടവകകൾ സന്ദർശിക്കുകയും കലഹങ്ങൾക്ക് തീർപ്പുണ്ടാക്കുകയും വരവുചെലവുകണക്കുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. 1892 മാർച്ച് 31-നു കൂടിയ സുറിയാനിക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ മാത്തൻ മൽപ്പാനെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തു. 1869 മുതൽ ആ സ്ഥാനത്തിരുന്ന താഴത്ത് ചാണ്ടപ്പിള്ള കത്തനാർ നവീകരവിഭാഗത്തിലേക്ക് കൂറുമാറിയ സാഹചര്യത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. എന്നാൽ ചാണ്ടപ്പിള്ള കത്തനാരെ ഔദ്യോഗികമായി ട്രസ്റ്റിസ്ഥാനത്തുനിന്ന് നീക്കം ചെയ്യാഞ്ഞതിനാൽ ഈ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി. തുടർന്ന് ചാണ്ടപ്പിള്ള കത്തനാരെ ഔദ്യോഗികമായിത്തന്നെ ട്രസ്റ്റിസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അന്യായം ഫയൽ ചെയ്യുകയും, അനുകൂലവിധി നേടിയശേഷം 1895 നവംബർ 22-ന് കോട്ടയം പഴയ സെമിനാരിയിൽ കൂടിയ അസോസിയേഷൻ യോഗത്തിൽ മാത്തൻ മൽപ്പാൻ വീണ്ടും ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മലങ്കരസഭയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ കറതീർന്ന ബഹുമാന്യവ്യക്തിത്വമായിരുന്നു കോര മാത്തൻ മൽപ്പാനെന്ന് ചരിത്ര ഗവേഷകനായ പി. തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാർ ത്രീസസ് ശുബഹോ സമൂഹം, മലങ്കര യാക്കോബായ സുറിയാനി സുവിശേഷ പ്രചാരണ സംഘം എന്നീ ആത്മീയസംഘടനകളുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മൽപ്പാൻ. 1910-ൽ നിത്യപ്രാർത്ഥനയ്ക്കായി അദ്ദേഹം രൂപംകൊടുത്ത “പ്രാർത്ഥനാക്രമം” എന്ന പുസ്തകമാണ് പാമ്പാക്കുടനമസ്കാരം എന്ന് പൊതുവെ അറിയപ്പെടുന്നത്. ദിവസേനയുള്ള നമസ്കാരം കൂടാതെ നോമ്പിലെ നമസ്കാരവും രഹസ്യപ്രാർത്ഥനകളും വിശേഷാവസരങ്ങൾക്കുള്ള പ്രാർത്ഥനകളുമൊക്കെ അതിൽ അടങ്ങിയിട്ടുണ്ട്. പെഷീത്താ ബൈബിളിലെ പുതിയനിയമത്തിൻ്റെ പരിഭാഷ അദ്ദേഹം തുടങ്ങിവെച്ചത് പൂർത്തീകരിക്കുന്നത് അദ്ദേഹത്തിൻറെ കാലശേഷം പുത്രനായ അബ്രഹാം മൽപ്പാൻ II-ാമനും ശിഷ്യന്മാരും ചേർന്നാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ – മതപരമായവ പ്രത്യേകിച്ചും – പരിമിതമായ അക്കാലത്ത് മാത്തൻ മൽപ്പാൻ സുറിയാനിയിൽ “സെമത് ഹായെ“, മലയാളത്തിൽ “ജീവനിക്ഷേപം” എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് മലങ്കരസഭ മലയാളത്തിൽ ഉപയോഗിക്കുന്ന ക്യംതാ നമസ്കാരവും വിശുദ്ധ കുർബാനക്രമവും വട്ടശ്ശേരിൽ മൽപ്പാൻ, കണ്ടത്തിൽ വർഗീസ് മാപ്പിള എന്നിവരോടൊപ്പം കോനാട്ട് മാത്തൻ മൽപ്പാനും ചേർന്ന് പരിഭാഷപ്പെടുത്തിയവയാണ്.

1914-ലും 1915-ലും തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാത്തൻ മൽപ്പാൻ പാമ്പാക്കുട ഗ്രാമത്തിലെ കാർഷിക – വിദ്യാഭ്യാസ – ഗതാഗതമേഖലകളുടെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ചു. മൽപ്പാൻ്റെ പല നിർദ്ദേശങ്ങളും ഭരണകൂടം ഏറ്റെടുത്ത് നടപ്പിലാക്കിയെന്നത് അദ്ദേഹത്തിൻ്റെ പുരോഗമനപരമായ ആശയങ്ങളുടെ സ്വീകാര്യത വ്യക്തമാക്കുന്നു.

അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ കല്പനപ്രകാരം 1926 ഓഗസ്ററ് 16-ന് സ്ലീബാ മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മാത്തൻ മൽപ്പാന് കോർ എപ്പിസ്കോപ്പാ സ്ഥാനം നൽകി. അതോടൊപ്പം മേല്പട്ടക്കാർ മാത്രം ധരിയ്ക്കുന്ന മത്തങ്ങാമുടിയും മറ്റ് പുരോഹിതർ കാർമികത്വം വഹിക്കുന്ന കൂദാശകളിൽ സന്നിഹിതരാകുന്ന മേല്പട്ടക്കാർ മാത്രം ചെയ്യുന്ന കർമങ്ങൾ ചെയ്യുവാനുള്ള പ്രത്യേക അധികാരവും അദ്ദേഹത്തിന് നൽകപ്പെട്ടു. പെസഹാ വ്യാഴാഴ്ചകളിൽ മേല്പട്ടക്കാർ മാത്രം നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ നടത്താനുള്ള അധികാരവും അദ്ദേഹത്തിന് ലഭിച്ചു. 1927-ലെ പെസഹാ വ്യാഴാഴ്ച പാമ്പാക്കുടയിൽ അദ്ദേഹം കാൽകഴുകൽ ശുശ്രൂഷ നടത്തി.

സഭയുടെ പുരോഗതിയ്ക്കായി ബഹുമുഖമായ സംഭാവനകൾ നൽകിയെങ്കിലും മലങ്കരമെത്രാപ്പോലീത്താ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസുമായി ഉണ്ടായിരുന്ന ശത്രുത മാത്തൻ മൽപ്പാനെ ഒരു വിവാദപുരുഷനാക്കി എന്നതിൽ രണ്ടുപക്ഷമില്ല. കൂട്ടുട്രസ്റ്റിമാർ തമ്മിലുള്ള വൈരം നിമിത്തം അന്നത്തെ സഭാഭരണം അതിസങ്കീർണ്ണമാകുകയും അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കരസഭമേലുള്ള അധികാരത്തെ സംബന്ധിച്ച് വ്യവഹാരങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്തു. എന്നാൽ ജീവിതാന്ത്യത്തോട് അടുത്തപ്പോൾ മാത്തൻ മൽപ്പാൻ അനുരഞ്ജനത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുകയും അന്നത്തെ പാത്രിയർക്കീസ് കക്ഷി നേതൃത്വത്തിൻ്റെ എതിർപ്പിനെ അവഗണിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. സമാധാനത്തിനുവേണ്ടി മദ്ധ്യപൗരസ്ത്യദേശത്തേക്ക് യാത്രചെയ്ത് പാത്രിയർക്കീസിനെ കാണുവാനും പ്രശ്നപരിഹാരം ഉണ്ടാക്കുവാനും അദ്ദേഹം സന്നദ്ധനായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല.

മലങ്കരയിലെ കക്ഷിവഴക്കുമൂലമാണ് പണ്ഡിതാഗ്രേസരനും ബഹുമുഖപ്രതിഭയുമായ മാത്തൻ മൽപ്പാന് സഭാചരിത്രത്തിൽ അർഹിക്കുന്ന പരിഗണനയും ആദരവും ലഭിക്കാതെ പോയത്. മലങ്കരമെത്രാപ്പോലീത്തയെ എതിർത്തതിനാൽ ഓർത്തഡോക്സ് പക്ഷത്തുള്ളവർക്കും, തൻ്റെ അവസാനനാളുകളിൽ സമാധാനത്തിനുവേണ്ടി പരിശ്രമിച്ചതിനാൽ പാതിയാർക്കീസ് കക്ഷിയിലുള്ളവർക്കും അദ്ദേഹം അനഭിമതനായിത്തീർന്നു എന്നതാണ് ദുഃഖകരം. 1927 നവംബർ 8-ന് മലങ്കരമൽപ്പാൻ മാത്തൻ കോർഎപ്പിസ്‌കോപ്പ അന്തരിച്ചു.

അബ്രഹാം മൽപ്പാൻ II (1908-1987)
മാത്തൻ മൽപ്പാൻ കോർ എപ്പിസ്കോപ്പായുടെ ഏകപുത്രൻ അബ്രഹാം മൽപ്പാൻ കോനാട്ട് കുടുംബത്തിലെ 22-ാമത്തെ മൽപ്പാനായിരുന്നു. നീണ്ട 58 വർഷക്കാലം പാമ്പാക്കുട വലിയപള്ളിയുടെ വികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1908 മാർച്ച് 30-ന് ജനിച്ച അബ്രഹാം മൽപ്പാൻ ആറ് സഹോദരിമാർക്ക് ഏകസഹോദരൻ ആയിരുന്നു. മൂവാറ്റുപുഴയിൽ ആരംഭിച്ച സ്‌കൂൾ വിദ്യാഭ്യാസം ആലുവ സെയ്‌ൻ്റ് മേരീസ് സ്‌കൂളിൽ പത്താംതരം വരെ തുടർന്നു. പണ്ഡിതനായ സ്വപിതാവിൽനിന്ന് തന്നെയാണ് അദ്ദേഹം വൈദികവിദ്യാഭ്യാസം ആരംഭിച്ചതെങ്കിലും തൻ്റെ 19-ാം വയസ്സിൽ പിതാവ് മാത്തൻ മൽപ്പാൻ അന്തരിച്ചു. എന്നാൽ പിൽക്കാലത്ത് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത (പിന്നീട് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവാ) ഉൾപ്പടെ മറ്റനേകം ഗുരുശ്രേഷന്മാരിൽനിന്ന് നേരിട്ട് പഠിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. 16 വയസ്സുള്ളപ്പോൾ വെട്ടിത്തറ കുഴിക്കണ്ടത്തിൽ കുടുംബാംഗമായ മറിയാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് രണ്ട് പുത്രിമാരും (എലിസബത്ത്, ഷീന) മൂന്ന് പുത്രന്മാരും (മാത്യു, ജോർജ്, ജോൺസ്) ഉണ്ടായി. 1929-ൽ മാർ തീമോത്തിയോസിൽ നിന്ന് കശീശ്ശാപ്പട്ടമേറ്റു. 1963 ജൂലൈ 3-ന് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് II കാതോലിക്കാ ബാവാ അദ്ദേഹത്തിന് മലങ്കരമൽപ്പാൻ സ്ഥാനം നൽകി.

1958-ൽ സഭാസമാധാനം സംജാതമായപ്പോൾ അബ്രഹാം മൽപ്പാൻ സഭാനേതൃത്വത്തിൽ സജീവമാകുകയും ഭരണനേതൃത്വത്തിനു വേണ്ട ഉപദേശങ്ങൾ കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തുടർച്ചയായി മാനേജിങ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി, പ്ലാനിങ് കമ്മിറ്റി തുടങ്ങിയവയുടെ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 1982 ഡിസംബർ 28-ന് കൂടിയ അസോസിയേഷൻ യോഗത്തിൽ വൈദികട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987 മാർച്ച് 2-ന് അന്തരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു.

മാർഗനിർദേശകനും ഉപദേശകനും എന്നതിലുപരിയായി സുറിയാനിയിൽ അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന അബ്രഹാം മൽപ്പാൻ ആരാധനാസാഹിത്യത്തിനു നൽകിയ സംഭാവനകൾ അനവധിയാണ്. കുർബാനക്രമം, ആണ്ടുതക്‌സാ, കൂദാശാക്രമങ്ങൾ, വൈദികരുടെയും അല്മായരുടെയും ശവമടക്കിൻ്റെ ക്രമങ്ങൾ, കന്തീലാ ശുശ്രൂഷാക്രമം, ശീമാ നമസ്കാരക്രമം നോമ്പിലെ പ്രാർത്ഥനാക്രമം, ബാർ എബ്രായയുടെ കാനോൻ എന്നിവ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പരിശുദ്ധ ഗീവർഗീസ് II കാതോലിക്കാ ബാവായുടെ സാമ്പത്തികസഹായത്താൽ പെങ്കീസാ നമസ്കാരക്രമവും അദ്ദേഹം ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നാല് സുവിശേഷങ്ങളുടെയും വ്യാഖ്യാനപഠനങ്ങൾ ഉൾക്കൊള്ളിച്ച് “വിശുദ്ധ സുവിശേഷങ്ങൾ: ഒരു ലഖു വ്യാഖ്യാനം” എന്ന ഗ്രന്ഥവും രചിച്ചു.

സ്വന്തം ഇടവകയായ പാമ്പാക്കുട വലിയപള്ളിയിൽ പല നിർമ്മാണപ്രവർത്തനങ്ങളും അബ്രഹാം മൽപ്പാൻ നടത്തി. പിതാവായ മാത്തൻ മൽപ്പാൻ തുടങ്ങിവച്ച മദ്ബഹാ പുനരുദ്ധാരണം 1934-ൽ പൂർത്തിയാക്കിയതും വലിയപള്ളിയുടെ കീഴിൽ അഞ്ചൽപ്പെട്ടി സെയ്‌ൻ്റ് ജോർജ് ചാപ്പലും, മാരേക്കാട്ട് ജംഗ്‌ഷനിലുള്ള സെയ്‌ൻ്റ് തോമസ് കുരിശുപള്ളി എന്നിവ സ്ഥാപിച്ചതും അദ്ദേഹമാണ്. വലിയപള്ളിയുടെ ഓഫീസ് കെട്ടിടം, മുൻഗാമികളുടെ കബറുകൾ, പള്ളിത്താഴത്തുള്ള കുരിശുപള്ളി എന്നിവയുടെ പുനർനിർമാണവും അദ്ദേഹം നടത്തി.

സാമൂഹ്യസേവനത്തിൻ്റെ പാതയിൽ പിതാവ് കാട്ടിക്കൊടുത്ത അനുകരണീയമാതൃക പിൻപറ്റിയ അബ്രഹാം മൽപ്പാൻ പാമ്പാക്കുട പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാമ്പാക്കുട എന്ന ചെറുപട്ടണത്തിൻ്റെ വികസനത്തിനായി അദ്ദേഹം വഹിച്ച പങ്കിൽ എടുത്തുപറയേണ്ടവയാണ് സർക്കാർ ആശുപത്രി, ചന്ത, എൻ. ഈ. എസ്. ബ്ലോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവയുടെ സ്ഥാപനം. അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് പാമ്പാക്കുടയുടെ വൈദ്യുതീകരണവും ആദ്യ ടെലിഫോൺ എക്സ്ചേഞ്ച് ഉദ്ഘാടനവും നടത്തിയത്.

ജോൺസ് എബ്രഹാം മൽപ്പാൻ
1956 മെയ് 3-ന് അബ്രഹാം മൽപ്പാൻ II-ൻ്റെ ഏറ്റവും ഇളയമകനായി ജോൺസ് എബ്രഹാം ജനിച്ചു. പാമ്പാക്കുടയിലും കോതമംഗലത്തുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചതിനുശേഷം ആലുവാ യു. സി. കോളജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദപഠനകാലത്ത് തന്നെ പിതാവായ അബ്രഹാം മൽപ്പാൻ്റെ പാദപീഠത്തിങ്കലാണ് അദ്ദേഹം സുറിയാനിപഠനം ആരംഭിച്ചത്. പിൽക്കാലത്ത് ഫാ. ഡോ. വി. സി. സാമുവൽ, ഞാർത്താങ്കൽ കോരുത് മൽപ്പാൻ, പടുതോട്ടത്തിൽ അബ്രഹാം മൽപ്പാൻ തുടങ്ങിയ ഗുരുശ്രേഷ്ഠരുടെയും ശിഷ്യനായി. പഴയസെമിനാരിയിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തീകരിച്ചശേഷം ബെൽജിയത്തിലെ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലൂവെയ്ൻ-ലാ-നൂവിൽനിന്ന് (Catholic University of Louvain-la-Neuve, Belgium) സുറിയാനി സഭാപിതാക്കന്മാരെപ്പറ്റിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കി.

ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായിൽനിന്ന് 1980 മാർച്ച് 8-ന് ശെമ്മാശ്ശപ്പട്ടവും 1985 സെപ്റ്റംബർ 29-ന് കശീശാപ്പട്ടവും ലഭിച്ചു. ഞാർത്താങ്കൽ കോരുത് മൽപ്പാൻ-ഏലിയാമ്മ ദമ്പതികളുടെ മകൾ നിസ്സിയെ 1984 ഡിസംബർ 31-ന് അദ്ദേഹം വിവാഹം കഴിച്ചു. രണ്ടു പുത്രന്മാരിൽ മൂത്തയാളായ പോൾ ജോൺ കോനാട്ട് കോട്ടയം പഴയസെമിനാരിയിൽ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി 2018-ൽ കശീശപട്ടമേറ്റു. ഇളയമകൻ സാമുവൽ ജോൺ എൻജിനീയറാണ്.

1987-ൽ അബ്രഹാം മൽപ്പാൻ്റെ മരണാനന്തരം പാമ്പാക്കുട വലിയപള്ളിയുടെ വികാരിയായി ജോൺസ് മൽപ്പാൻ ചുമതലയേറ്റു. 1985-ൽ കോട്ടയം പഴയസെമിനാരിയിൽ അധ്യാപകവൃത്തിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മൽപ്പാൻ ഇന്നുവരെ സെമിനാരിയിൽ വൈദികവിദ്യാർഥികളെ സുറിയാനിഭാഷയും കാനോനുകളും ആരാധനാക്രമങ്ങളും പഠിപ്പിക്കുന്നു. സെമിനാരിവിദ്യാർഥികളെ തക്സാ തഴുകിക്കുന്നതും അദ്ദേഹമാണ്. കോട്ടയത്ത് പ്രവർത്തിക്കുന്ന SEERI (സെയ്‌ൻ്റ് എഫ്രേം എക്യൂമെനിക്കൽ റിസേർച് ഇൻസ്റ്റിറ്റിയൂട്ട്) -യിലെ സുറിയാനി അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

സഭയിൽ അനേകം ചുമതലകൾ ജോൺസ് മൽപ്പാൻ നാളിതുവരെ വഹിക്കുന്നു. സെയ്‌ൻ്റ് തോമസ് വൈദികസംഘം ജനറൽ സെക്രട്ടറി, പഴയസെമിനാരി ബർസാർ, കണ്ടനാട് ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഫെയ്ത് ആൻഡ് ഓർഡർ കമ്മീഷനിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007 മാർച്ച് 21-ന് പരുമലയിൽ കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം അദ്ദേഹത്തെ വൈദികട്രസ്റ്റിയായി തെരഞ്ഞെടുത്തു. 2012 മാർച്ച് 7-ന് കൂടിയ അസോസിയേഷൻ രണ്ടാമതും വൈദികട്രസ്റ്റി സ്ഥാനത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഓർത്തഡോക്സ്‌ – കത്തോലിക്കാ ചർച്ചകൾക്കുള്ള സംയുക്ത കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഫാ. ഡോ. ബി. വർഗീസിനൊപ്പം ജോൺസ് മൽപ്പാൻ പരിഷ്‌കരിച്ച് ചിട്ടപ്പെടുത്തിയ സുറിയാനി ഭാഷാപ്രവേശിക എന്ന ഗ്രന്ഥമാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ആധികാരിക സുറിയാനിഭാഷാപഠന ഗ്രന്ഥം. വേദശാസ്ത്രം, സഭാപിതാക്കന്മാരുടെ ചരിത്രം, പ്രാർത്ഥനാക്രമങ്ങൾ, വ്യാഖ്യാനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പണ്ഡിതോചിതമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Basil Varghese Kumpalolickal

https://ovsonline.in/latest-news/i-am-an-orthodox-christian/

error: Thank you for visiting : www.ovsonline.in