മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനാ വിരുദ്ധവും ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യവുമാണ്
മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ഉണ്ടായ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകാതെ ബഹു. മുഖ്യമന്ത്രി സമവായത്തിന് ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കലുമാണ്.
സുപ്രീം കോടതിയുടെ തെളിമയാർന്ന വിധി കാറ്റിൽ പറത്തുന്ന ന്യായങ്ങൾ ആണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഈ തൊടു ന്യായങ്ങൾ ആരെ സഹായിക്കാനാണന്ന് അരി ആഹാരം കഴിക്കുന്ന ഏവർക്കും വ്യക്തമാകും
സുപ്രീം കോടതി വിധിയിൽ “The state and all parties shall abide by the Judgment passed by this court in totality and cannot solve the matter in any manner different than the Judgment passed by this court.No parallel system can be created ” “സംസ്ഥാന സർക്കാരും ബന്ധപ്പെട്ട എല്ലാ കക്ഷികളും ഈ കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി അതിന്റെ പൂർണ്ണരൂപത്തിൽ അനുസരിച്ചേ പറ്റു. ഈ കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതല്ലാതെ മറ്റ് യാതൊരു തരത്തിലും തർക്കങ്ങൾക്ക് പരിഹാരം കാണത്തക്കതല്ല. യാതൊരു സമാന്തര ഭരണ സമ്പ്രദായവും സൃഷ്ടിച്ചുകൂടാ” എന്നാണ് മനസിലാകുന്നത് ഇത് വായിക്കുന്നവരാരും സമവായത്തിന് ഇറങ്ങുവാൻ മുഖ്യമന്ത്രിക്ക് നിയമ ഉപദേശം നൽകില്ല.
യാക്കോബായ വിഘടന്മാർ നൽകുന്ന വ്യാഖ്യാനങ്ങൾ കേട്ട് പ്രവർത്തിക്കേണ്ട ആളല്ല കേരളത്തിന്റെ മുഖ്യമന്ത്രി. രാജ്യത്തിന്റെ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് പ്രതിബദ്ധത ഉണ്ടാകേണ്ടത് രാജ്യത്തെ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമാണ് അല്ലാതെ യാക്കോബായ വിഘടന്മാരോടല്ല. നിയമം കൈയ്യിലെടുക്കുന്നവരെ വഴിവിട്ടു സഹായിക്കുന്ന നിലപാട് ആണ് കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും.
ഇനി മുഖ്യമന്ത്രിയുടെ നിയമസഭയിലെ നിലപാട് പരിശോധിക്കാം
1. തർക്കം ദീർഘകാലമായി നിലനിൽക്കുന്നു.
അതേ ദീർഘകാലമായി നിലനിന്ന തർക്കങ്ങൾക്ക് ആണ് 2017 ജൂലൈ 3 ലെ വിധിയിലൂടെ സുപ്രീം കോടതി തീർപ്പാക്കിയിരിക്കുന്നത്. 1958-ൽ ഇതുപോലെ തന്നെ സുപ്രീം കോടതി തർക്കങ്ങൾ തീർപ്പാക്കി. വിധി നടപ്പാക്കാതെ സഭയിൽ യോജിപ്പ് ഉണ്ടാക്കുവാൻ ഓർത്തഡോക്സ് സഭ തയ്യാറായി. യോജിച്ച സഭയിൽ പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ വാഴ്ചയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ സംബന്ധിച്ചു. നിരവധി പ്രാവശ്യം മലങ്കര അസോസിയേഷൻ വിളിച്ചു കൂട്ടി. 1967 -ൽ സഭയുടെ ഇരു വിഭാഗങ്ങളും ചേർന്ന് ഭരണഘടന ഭേദഗതി ചെയ്തു. 1970 -ൽ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അത്താനാസിയോസിനെ കാതോലിക്കായുടെ പിൻഗാമി ആയി തെരഞ്ഞെടുത്തു. ഇങ്ങനെ സമാധാനത്തോടെ ഒന്നായി നിന്ന സഭയിൽ വീണ്ടും തർക്കങ്ങളും കലഹങ്ങളും ഉണ്ടാക്കിയതും കേസിലേക്ക് വലിച്ചിഴച്ചതും പാത്രിയർക്കീസ് വിഭാഗമാണ്.
1970-ൽ വി.മാർത്തോമ്മാ ശ്ലീഹാ ഒരു പുരോഹിതൻ പോലുമല്ലന്ന് കാണിച്ചു കൊണ്ട് കല്പന എഴുതിയതും 1973-ൽ മലങ്കര അസോസിയേഷൻ തെരഞ്ഞെടുക്കാത്ത കടവിൽ പോൾ റമ്പാനെയും 1974-ൽ പെരുമ്പള്ളി പള്ളി വികാരി ഗീവർഗീസ് കത്തനാർ, കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ഓർഗനൈസിംഗ് സെക്രട്ടറി സി. എം. തോമസ് കത്തനാരെയും മെത്രാന്മാരാക്കിയ പാത്രിയർക്കീസിന്റ നിലപാട് ആണ് വീണ്ടും സഭയിൽ ഭിന്നത ഉണ്ടാക്കിയത്. ഈ തർക്കത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം യാക്കോബായ വിഭാഗത്തിനാണ്. ഇതിന്റെ ഉത്തരവാദിത്തം ഓർത്തഡോക്സ് സഭയുടെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട.
2. 1934 -ലെ ഭരണഘടന ഭേദഗതി ചെയ്യുക.
1934 -ലെ ഭരണഘടന ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭാ ഉപസമിതിയുടെയോ ആവശ്യമില്ല. മലങ്കര അസോസിയേഷൻ വിളിച്ചു കൂട്ടി എത്രയോ പ്രാവശ്യം ഭരണഘടന ഭേദഗതി ചെയ്തിരിക്കുന്നു. 1995-ലെ സുപ്രീം കോടതി വിധിയിലെ നിർദ്ദേശപ്രകാരം വിളിച്ച് കൂട്ടിയ മലങ്കര അസോസിയേഷനും പാത്രിയർക്കീസ് വിഭാഗം ബഹിഷ്കരിക്കുകയായിരുന്നു. ഒരു കാര്യം മുഖ്യമന്ത്രി മനസിലാക്കണം 1934-ലെ ഭരണഘടന അംഗീകരിക്കുന്നവർക്കേ ആ ഭരണഘടന പ്രകാരം വിളിച്ചുകൂട്ടുന്ന മലങ്കര അസോസിയേഷനിൽ പങ്കെടുക്കാനും ഭേദഗതി നിർദ്ദേശിക്കാനും അർഹതയുള്ളു. അതു കൊണ്ട് വിഘടിത വിഭാഗത്തോട് 1934-ലെ ഭരണഘടന അംഗീകരിക്കാർ പറയൂ.
1934 ഭരണഘടന അംഗീകരിക്കാത്ത ആളുകൾ അവരുടെ മുൻ നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ സുപ്രീം കോടതി കക്ഷികൾക്ക് നൽകിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നത് ആരെ സഹായിക്കാൻ ആണന്ന് കണ്ടു പിടിക്കാൻ പാഴൂർ പടിക്കൽ പോകേണ്ടതില്ലല്ലോ.
3. പള്ളികളിൽ ക്രമസമാധാന പ്രശ്നവും അടച്ചുപൂട്ടുന്ന നിലയും ഉണ്ടാകാതെ പ്രവർത്തിക്കണം.
ഇത് വിധി നടപ്പാക്കാതെയും നിയമം കൈയ്യിലെടുക്കുന്നവരെ സംരക്ഷിച്ചും കൊണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലല്ലോ.
4. സർക്കാർ പല ആവർത്തി സമവായ ചർച്ച നടത്തി.
ഓർത്തഡോക്സ് പക്ഷത്തെ നിലപാടുകൾ മനസിലാക്കാനോ കേൾക്കാനോ മുഖ്യമന്ത്രി തയ്യാറാകാതെ സമവായ ചർച്ച നടത്തുന്നത് വിഘടിത വിഭാഗത്തെ പ്രോൽസാഹിപ്പിക്കാനാണ്
5. ആരാധനക്ക് തടസ്സമുണ്ടാകരുത്.
സുപ്രീം കോടതി വിധി ആരാധന ഉറപ്പാക്കുന്നതിനാണന്ന് വ്യക്തം. മുഖ്യമന്ത്രി ദൃഡനിശ്ചയം എടുത്തിട്ടുള്ളത് എന്തിനെന്ന് സർക്കാർ വക്കീലന്മാരുടെയും പോലീസ് അധികാരികളുടെയും നിലപാടുകളിൽ നിന്ന് പകൽ പോലെ വ്യക്തമാകും
6. വിധി സമാധാനപരമായി നടപ്പാക്കും.
വെട്ടു പോത്തിനോട് വേദം ഓതുന്ന പോലെയാണ് ഇത്. യാക്കോബായ ഭീകരന്മാർ അടിച്ചു കൊന്ന ഉതുപ്പാൻ കുര്യാക്കോസും, വെട്ടിക്കൊന്ന മലങ്കര വർഗീസും, ഭീകരമദ്ദനമേറ്റ വൈദീകരും അൽമായക്കാരും ഓർത്തഡോക്‌സ് സഭയിൽ മാത്രം. ഒരിക്കൽ പോലും സമാധാനമാർഗ്ഗം വെടിഞ്ഞ് ഓർത്തഡോക്സ് സഭ നിലപാട് സ്വീകരിച്ചിട്ടില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങേക്ക് മതവും, ദൈവവും ഇല്ലായിരിക്കും. മലങ്കര ഓർത്തഡോക്സ് സഭ പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുന്നു. ആ ദൈവം ഞങ്ങളുടെ സഭയെ കാത്തുകൊള്ളും.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |