പൈതൃകം അടിയറവുവച്ച് ശാശ്വത സമാധാനം സാധ്യമല്ല: മാർ ക്ലീമിസ്
റാന്നി: ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ ശ്ലീഹയിലൂടെ മലങ്കര സഭയ്ക്കു ലഭിച്ച പൈതൃകവും വിശ്വാസവും അടിയറവുവച്ച് ശാശ്വത സമാധാനം സാധ്യമാകില്ലെന്ന് തുമ്പമണ്‍ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് റാന്നി മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തോടു ചേർന്നു നിന്ന് വിശുദ്ധ മാർത്തോമ്മാ ശ്ലീഹ പ്രഖ്യാപിച്ച വിശ്വാസമാണ് ഭാരത സഭയുടെ പൈതൃകം. ഇത് കെടാതെ കാത്തുസൂക്ഷിച്ച പാരമ്പര്യമാണ് സഭയ്ക്കുള്ളതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്നും ലഭിച്ച വിധി നടപ്പാക്കുന്നതിൽ നിന്നു പിന്നോക്കം പോകുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. ഡോ. വർഗീസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
റവ.തോമസ് പോൾ റമ്പാൻ വിശദീകരണം നൽകി. സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ മാത്യൂസ് മാടത്തേത്ത്, ഡോ. റോബിൻ പി. മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, കൗണ്‍സിൽ മെംബർമാരായ ഫാ.ടി.കെ. തോമസ്, ഫാ.സൈമണ്‍ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെയും ഡിസ്ട്രിക്ടുകളുടെയും നേതൃത്വത്തിൽ സമ്മേളന നഗറിലേക്ക് വാഹനറാലി ക്രമീകരിച്ചിരുന്നു.
https://ovsonline.in/latest-news/h-h-the-catholicos-on-church-dispute/