OVS - Latest NewsOVS-Kerala News

കോടതി അലക്ഷ്യ നോട്ടീസിൽ നിന്ന് “തലനാരിഴയ്ക്ക്” രക്ഷപെട്ട് ചീഫ് സെക്രട്ടറി

ഡൽഹി: കോടതി അലക്ഷ്യ നോട്ടീസിൽ നിന്ന് “തലനാരിഴയ്ക്ക്” രക്ഷപെട്ട് ചീഫ് സെക്രട്ടറി. “ഇത് സുപ്രീം കോടതി ആണ്. ബീഹാർ ചീഫ് സെക്രട്ടറിക്ക് ഉണ്ടായ അനുഭവം ആരെങ്കിലും കേരള ചീഫ് സെക്രട്ടറിക്ക് പറഞ്ഞു കൊടുക്കു. കോടതിയെ കളിയാക്കുന്നതിനും അതിര് ഉണ്ട്” ജസ്റ്റിസ് അരുൺ മിശ്ര. കട്ടച്ചിറ, വരിക്കോലി പള്ളി തർക്ക കേസിൽ സുപ്രീം കോടതിയിൽ സുപ്രീം കോടതിയിൽ ചീഫ് സെക്രട്ടറിക്ക് എതിരെ നടന്ന ഗുരുതര പരാമർശങ്ങൾ ആണിവ.

മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കക്ഷിയല്ല എന്നും അതിനാൽ ഉത്തരവ് നടപ്പിലാക്കുവാൻ സർക്കാരിന് ബാധ്യത ഇല്ലായെന്നും സർക്കാരിലെയും ഭരണപക്ഷ പാർട്ടിയിലെയും പ്രമുഖർ പലകുറി വാദിച്ചിരുന്നു. പല നവമാധ്യമ പ്രവർത്തകരും, ചില അനുഭാവികളും ഇതേ വാചകം നവമാധ്യമങ്ങളിലൂടെ ഏറ്റ് പാടുകയും ചെയ്തിരുന്നു. ഇന്ന് ചീഫ് സെക്രട്ടറിക്ക് എതിരെ ബഹു സുപ്രീംകോടതി തന്നെ ഗുരുതര പരാമർശങ്ങൾ നടത്തിയതിലൂടെ കാര്യത്തിന്റെ ഗൗരവം സർക്കാർ വൃത്തങ്ങൾക്ക് മനസിലാക്കുവാൻ സാധിക്കുന്നതാണ്. വിധി നടപ്പിലാക്കുവാൻ സർക്കാർ കാണിക്കുന്ന അലംഭാവം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു.

ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ച 22 മത്തെ ഹർജി ആണ് ഓർത്തോഡോക്സ് – യാക്കോബായ സഭാ തർക്കവും ആയി ബന്ധപ്പെട്ട ഹർജി.

കേസിന്റെ പശ്ചാത്തലം : കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പ്രാർത്ഥന നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രമസാധന പ്രശ്നങ്ങൾ ഉണ്ടെകിൽ മാത്രം പോലീസ് സുരക്ഷ നൽകണമെന്ന് ഉത്തരവ് ഇട്ട് ഹൈകോടതി ഹർജി തീർപ്പാക്കി. പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജി. വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പോലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ സ്ഥിരം പോലീസ് സുരക്ഷ നൽകാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. പള്ളിയിൽ നടത്തുന്ന സംസ്കാര ചടങ്ങുകളെ സംബന്ധിച്ചും ഹൈകോടതി ഉത്തരവിൽ വിശദീകരിച്ചിരുന്നു. ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഓർത്തോഡോക്സ് വിഭാഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കോടതിയിൽ ഇന്ന് നടന്നത്
ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ അഭിഭാഷകൻ) : ഇതേ വിഷയവും ആയി ബന്ധപ്പെട്ട് മറ്റ് രണ്ട് ഹർജികൾ കൂടെ ……….. (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്‌തയെ അനുവദിച്ചില്ല)
ജസ്റ്റിസ് അരുൺ മിശ്ര : ഇത് അംഗീകരിക്കാൻ ആകില്ല. നിങ്ങൾ (ജയ്ദീപ് ഗുപ്‌തയോട്) നിങ്ങളുടെ കക്ഷിയോട് പറയണം, അവർ ചെയ്യുന്നത് ഗുരുതരമായ കോടതി അലക്ഷ്യം ആണെന്ന്.
ജയ്ദീപ് ഗുപ്‌ത : ഹൈകോടതിയിൽ ………. (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്‌തയെ അനുവദിച്ചില്ല)
ജസ്റ്റിസ് അരുൺ മിശ്ര : ഒരു കോടതിക്കും ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ല. മൂന്ന് അംഗ ബെഞ്ച് ആദ്യം ഒരു വിധി പ്രസ്താവിച്ചു. പിന്നീട് രണ്ട് അംഗ ബെഞ്ചും. മിസ്റ്റർ ഗുപ്ത, നിങ്ങളുടെ കക്ഷിക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. ഇതിനോടകം തന്നെ കോടതി അലക്ഷ്യം നടന്ന് കഴിഞ്ഞു.
ജയ്ദീപ് ഗുപ്‌ത : (ഗുപ്‌ത എന്തോ പറയാൻ ശ്രമിച്ചു. എന്നാൽ എനിക്ക് അത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല)
ജസ്റ്റിസ് അരുൺ മിശ്ര : (ക്ഷുഭിതനായി). കോടതിയുടെ വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നിങ്ങളുടെ ചീഫ് സെക്രട്ടറിയെ ഞങ്ങൾ ഇവിടെ വിളിച്ച് വരുത്തും. ഇവിടുന്ന് നേരെ ജയിലിലേക്ക് അയക്കും.
(കുറച്ച് നിമിഷം മൗനത്തിൽ ആയതിന് ശേഷം, ശബദ്ദം ഉയർത്തി ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങളുടെ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്താൻ പോകുക ആണ്. കേരളം നിയമത്തിന് മുകളിൽ ആണോ?അദ്ദേഹത്തിനോട് ആരെങ്കിലും ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണ് എന്ന് പറഞ്ഞു കൊടുക്കുമൊ? 1959 ൽ മുതൽ തുടങ്ങിയ നിയമ വിഷയം ആണിത്. ദീർഘകാലം കേട്ടതിന് ശേഷം ആണ് സുപ്രീം കോടതി രണ്ടു വിധികൾ പ്രസ്താവിച്ചത്. ഞങ്ങളുടെ രണ്ടാമത്തെ വിധിയിൽ എല്ലാം വ്യക്തമാണ്. ആ വിധി വന്നതിന് ശേഷം 10 ഓളം റിട്ട് പെറ്റിഷനുകൾ ആണ് സുപ്രീം കോടതിയിൽ എത്തിയത്. ഇവിടെ എന്താണ് സംഭവിക്കുന്നത്. (കുറച്ച് സമയത്തെ മൗനത്തിന് ശേഷം വീണ്ടും ശബ്ദം ഉയർത്തി ജയ്ദീപ് ഗുപ്‌തയോട്) കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്. ഈ വിഷയത്തിന്റെ ഗൗരവ്വം നിങ്ങൾ മനസിലാക്കണം. ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല.  (ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് എം ആർ ഷാ യെ നോക്കിയ ശേഷം, ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങൾ കരുതുന്നുണ്ടാകും പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ ആണ് ഞാൻ ഇങ്ങനെ ശബ്‌ദം ഉയർത്തുന്നത് എന്ന്. അല്ല. ഞാൻ പറഞ്ഞ ഓരോ വാചകത്തെ കുറിച്ചും എനിക്ക് ബോധ്യം ഉണ്ട്. ഇനി ഇത് അംഗീകരിക്കാൻ ആകില്ല.

ജസ്റ്റിസ് അരുൺ മിശ്ര തുടർന്ന് ഉത്തരവ് പുറപ്പടിവിക്കാൻ തുടങ്ങി.
(ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കാനും, അദ്ദേഹം കോടതിയിൽ അടുത്ത തവണ ഹാജർ ആയിരിക്കണം എന്നും ജസ്റ്റിസ് മിശ്ര ഉത്തരവിൽ ആദ്യം പരാമർശിച്ചു എങ്കിലും ജയദീപ് ഗുപ്‌ത അഭ്യർത്ഥിച്ചതിനെ തുടർന്ന് ആ വരി ഒഴിവാക്കി. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്).

രണ്ട് പോയിന്റുകൾ കൂടി
1. ഓർത്തോഡോക്സ് സഭയുടെ ഹർജി പരിഗണിക്കാൻ തുടങ്ങി ഏതാണ്ട് ഒരു മിനുട്ടിന് ശേഷം ആണ് ഞാൻ കോടതി മുറിയിൽ എത്തുന്നത്. അത് കൊണ്ട് ആദ്യ മൂന്ന് മിനുട്ടിൽ നടന്നത് എനിക്ക് മിസ്സ് ആണ്. ഇത് ഞാൻ ഇവിടെ വ്യക്തമാക്കാൻ കൃത്യമായി ഒരു കാര്യം ഉണ്ട്. ഓർത്തോഡോക്സ്, യാക്കോബായ സഭകൾക്ക് ആയി സീനിയർ അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. മുകുൾ റോത്തഗി ഉൾപ്പടെ ഉള്ളവർ ആയിരുന്നു ഹാജർ ആയിരുന്നത്. ആദ്യ രണ്ടു മിനുട്ടിൽ ഇവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് വ്യക്തത ഇല്ല.
2. ഇന്ന് ആദ്യം ആയാണ് ഓർത്തോഡോക്സ് സഭയുടെ ഈ ഹർജികൾ (രണ്ടെണ്ണം) സുപ്രീം കോടതിയിൽ എത്തുന്നത്. നോട്ടീസ് പോലും ലഭിക്കാത്ത കേസിൽ ആണ് ഹാജർ ആയാണ് സംസ്ഥാന സർക്കാർ ഇത്രയൊക്കെ വാങ്ങി കൂട്ടിയത്. സംസ്ഥാന സർക്കാർ ഒന്നോ രണ്ടോ വാചകങ്ങൾ കൂടി പറഞ്ഞിരുന്നു എങ്കിൽ ചീഫ് സെക്രട്ടറിക്ക് ഇന്ന് ഒരു കോടതി അലക്ഷ്യ നോട്ടീസ് ലഭിച്ചേനെ.

പ്രമുഖ മാധ്യമ പ്രവർത്തകനായ ശ്രീ. ബാലഗോപാൽ ജി നായർ ബഹു സുപ്രീം കോടതിയിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്ത കാര്യങ്ങളാണിവ. സഭാ തർക്കവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വാദങ്ങളും ഇദ്ദേഹം നേരിട്ട് കോടതിയിൽ എത്തി റിപ്പോർട്ട് ചെയുന്ന പതിവുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിലൂടെ കാര്യത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കുകയാണ്.

https://ovsonline.in/articles/malankara-sabha-court-order/

https://ovsonline.in/news/sc-kattachira-varikoli-july-2019/

error: Thank you for visiting : www.ovsonline.in