വന്ദ്യ സ്തേഫാനോസ് റമ്പാച്ചന്റെ ശവസംസ്കാരം ബുധനാഴ്ച
ബഹുമാന്യരെ, ‘അഭിവന്ദ്യ എഫിഫാനിയോസ് തിരുമേനി അറിയിച്ചതിൽ പ്രകാരം , വന്ദ്യ സ്തേഫാനോസ് റമ്പാച്ചന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച (21-05-19) രാവിലെ 10 മണി മുതൽ 4 മണി വരെ പുതുപ്പാടി സെന്റ് പോൾസ് ആശ്രമ ചാപ്പലിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം കേളകത്തേക്ക് കൊണ്ടു പോകും. വൈകുന്നേരം 6.30ന് അദ്ധേഹം ദീർഘകാലം സേവനമനുഷ്ഠിച്ച കേളകം St Thomas ശാലേം ദേവാലയത്തിൽ എത്തിക്കുന്നതാണ്,,, ഈ മേഖലയിലെ അച്ചനെ സ്നേഹിച്ചിരുന്നവർക്കെല്ലാം അന്തിമോപചാരമർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ് …. തുടർന്ന് വെളുപ്പിന് 3 മണിക്ക് അദ്ധേഹത്തിന്റെ മാതൃഇടവകയായ ഏറ്റു കുടുക്ക (പയ്യന്നൂർ) ദേവാലയത്തിലേക്ക് കൊണ്ടു പോകുന്നതാണ്:
ശവസംസ്കാരം ബുധനാഴ്ച 11 മണിക്ക് ഏറ്റുകുടുക്ക പള്ളിയിൽ.
വന്ദ്യ സ്തേപ്പാനോസ് റമ്പാച്ചൻ, കേളകം പ്രദേശവാസികൾക്ക് എന്നും സ്റ്റീഫനച്ചൻ ആയിരുന്നു. 1984 മുതൽ 2001 വരെ 17 വർഷക്കാലം കേളകം ശാലേം പള്ളിയുടെ വികാരിയായി സേവനമനുഷ്ടിച്ചു. ശാലേം പള്ളിയുടെ പുരോഗതിയുടെ പിന്നിൽ ബ. അച്ചന്റെ സ്തുത്യർഹമായ സേവനമാണ് ലഭിച്ചത്. പ.ദ്വിദിമോസ് ബാവ മലബാർ ഭദ്രാസനത്തിന്റെ തിരുമേനി ആയിരുന്നപ്പോഴും, അഭിവന്ദ്യ. ക്ലിമ്മിസ് തിരുമേനി ബത്തേരി ഭദ്രാസനത്തിന്റെ തിരുമേനി ആയിരുന്നപ്പോഴും അവരുടെ വളരെ പ്രീയപ്പെട്ട ഒരു വ്യക്തിയായിരുന്നു ബ. അച്ചൻ. കക്ഷി വഴക്കിനെ തുടർന്ന് പള്ളി പൂട്ടപ്പെട്ടപ്പോൾ ശാലേം പള്ളി പുതിയതായി ഓടിട്ട ഒരു കൊച്ചു പള്ളി ഉണ്ടാക്കിയിരുന്നു. അതിന്റെ വശത്തുള്ള ഒരു കൊച്ചുമുറിയിൽ ഈ കാലഘട്ടത്തിലെ ഒരു സൗകര്യങ്ങളുമില്ലാതെ ഒരു Single cot , ഒരു മേശ, ഒരു ഇരുമ്പലമാര, അതിനിടയിൽ ഒരാൾക്ക് നടക്കാൻ മാത്രമുള്ള സ്ഥലം. ഈ സൗകര്യത്തിൽ ഒരു പരാതിയും പരിഭവുമില്ലാതെ 17 വർഷക്കാലം അദ്ദേഹം ജീവിച്ചു. അദ്ദേഹം കേളകം ശാലേം പള്ളിക്ക് നൽകിയ സംഭാവനകൾ അനവധിയാണ്. കക്ഷി വഴക്കിനെ തുടർന്ന് പൂട്ടപ്പെട്ട പള്ളിയുടെ കേസുകൾ നടത്തുന്നതിന് അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. പിന്നീട് മലബാർ മേഖലയിൽ പള്ളികൾ ഭാഗം വച്ച് പിരിയുന്ന സമയത്ത് ഈ പള്ളിയിലും കാര്യങ്ങൾ നടത്തിയത് ബ. അച്ചനായിരുന്നു.
സഭയിലെ എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും ബാലിക ബാല സമാജം, സൺഡേ സ്കൂൾ , MGOCSM, പ്രാർത്ഥനയോഗം, യുവജനപ്രസ്ഥാനം, മർത്തമറിയം വനിതാ സമാജം, ദിവ്യബോധനം ഇവയെല്ലാം ബ. അച്ചന്റെ നേതൃത്വത്തിൽ ഒരിക്കൽ പോലും മുടക്കം കൂടാതെ ഇടവകയിൽ നടത്തിയിരുന്നു. ഇന്ന് പള്ളിയിൽ അഞ്ച് പ്രാർത്ഥനയോഗം ഗ്രൂപ്പ് ഉണ്ടെങ്കിൽ, അന്ന് ഒറ്റ പ്രാർത്ഥനയോഗം ആയിരുന്നു. പല വീടുകളും വാഹന സൗകര്യം പോലും എത്താത്ത കുന്നിൻ മുകളിലും മലമുകളിലും ഒക്കെ ആയിരുന്നു. ബസിലും, ജീപ്പിലും, നടന്നും ഒക്കെ ഒരാഴ്ച പോലും മുടങ്ങാതെ അച്ചൻ എല്ലാ വീടുകളിലും എത്തി പ്രാർത്ഥനയോഗങ്ങൾ നടത്തിയിരുന്നു. അച്ചന്റെ മുറിയോട് ചേർന്ന് ഒരു മണ്ണ് റോഡ് ആയിരുന്നു. പള്ളിയുടെ ഒരു മുറ്റം ഈ റോഡ് ആയിരുന്നു. അതിലൂടെ പോകുന്ന ഒരാളോട് പോലും വിശേഷങ്ങൾ ചോദിക്കാതെ അച്ചൻ വിടില്ലായിരുന്നു. അത് കൊണ്ട് അതിലൂടെ യാത്ര ചെയ്തിരുന്ന അക്രൈസ്തവർക്ക് പോലും അച്ചൻ സ്വന്തം കുടുംബാഗത്തെപ്പോലെ ആയിരുന്നു.
1991 ൽ അച്ചന്റെ നേതൃത്വത്തിൽ കേളകം ടൗണിന്റെ ഹൃദയഭാഗത്ത് മുക്കാൽ സെന്റ് സ്ഥലം വാങ്ങുകയും അവിടെ പ. പരുമല തിരുമേനിയുടെ നാമത്തിൽ ഒരു കുരിശുംതൊട്ടി സ്ഥാപിക്കുകയും ചെയ്തു. അതിന് ശേഷം കേളകം ടൗണിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. ഇന്ന് മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കേളകം. നാനാജാതിമതസ്ഥർ ഈ കുരിശും തൊട്ടിയിൽ ഇന്ന് അഭയം പ്രാപിക്കുന്നുണ്ട്. 1994 ൽ കേളകത്ത് നിന്നും പരുമലയിലേക്ക് ഒരു കാൽ നട തീർത്ഥയാത്ര സംഘടിപ്പിക്കുന്നതിന്റെ ആശയം ബ. അച്ചനാണ് നൽകിയത്. അന്ന് 6 പേർ തുടങ്ങിയ യാത്രയാണ് 25 വർഷങ്ങൾക്കിപ്പുറം നാൽപ്പതിൽ അധികം പേരുമായി ഇപ്പോഴും തുടരുന്നത്.
പള്ളിയിൽ ആളുകളുടെ എണ്ണം കൂടിയപ്പോൾ ചെറിയ പള്ളിയുടെ മുൻഭാഗം പൊളിച്ച് നീളം കൂട്ടുവാൻ അച്ചൻ മുൻകൈ എടുത്തു. എല്ലാവർഷവും പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷമായി നടത്താനും അത് കേളകത്തിന്റെ തന്നെ ഒരു പെരുന്നാളാക്കി മാറ്റാനും ഓരോ വർഷവും സഭയിലെ ഓരോ തിരുമേനിമാരെ പെരുന്നാളിന് ക്ഷണിച്ച് വിശ്വാസികൾക്ക് പരിചയപ്പെടുത്താനും അച്ചൻ എടുത്ത പരിശ്രമങ്ങൾ ഒരിക്കലും വിസ്മരിക്കാവുന്നതല്ല.
പിന്നീട് പള്ളിയോട് ചേർന്ന് സ്ഥലം മേടിക്കുകയും പുതിയതായി ഒരു പള്ളി പണിയുന്നതിനും അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഏകദേശം രണ്ട് വർഷം കൊണ്ട് അതിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും, പ. മാത്യൂസ് ദ്വിതിയൻ ബാവായെ ക്ഷണിച്ച് അതിന്റെ കൂദാശ നടത്തുകയും ചെയ്തു. അതോടൊപ്പം പ. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പുതിയ പള്ളിയിൽ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ശാലേം പള്ളിയുടെ കീഴിൽ ഏകദേശം 700 ഓളം കുട്ടികൾ പഠിക്കുന്ന CBSE അഫിലിയേറ്റഡ് സ്കൂൾ ഉണ്ട്. ഇത് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംദിച്ചതും ബ. അച്ചന്റെ ശാലേം പള്ളിയിലെ സേവനത്തിന്റെ അവസാന നാളുകളിൽ ആയിരുന്നു.
കേളകത്തെ എക്യൂമെനിക്കൽ പ്രോഗ്രാമുകളിൽ അച്ചന്റെ സജീവ സാന്നിദ്ധ്യം എന്നും ഉണ്ടായിരുന്നു. വിവിധ ക്രൈസ്തവ സഭകളിൽ പെട്ടവർക്കും, അക്രൈസ്തവർക്കും എല്ലാം അച്ചൻ ഒരുപോലെ പ്രീയപ്പെട്ട വ്യക്തിയായിരുന്നു എന്നത് ഒരു സവിശേഷതയാണ്. ഇടവകയിലെ ജനങ്ങളെ ഒരിക്കലും വേർതിരിച്ച് കണ്ടിരുന്നില്ല എന്നത് അച്ചന്റെ പ്രത്യേകതയായിരുന്നു. അത് കൊണ്ട് തന്നെ ഒരു ഇടവക വികാരി എന്നതിലുപരി എല്ലാവർക്കും അച്ചൻ ഒരു കുടുംബാഗത്തെപ്പോലെ ആയിരുന്നു.
അച്ചന്റെ അവസാന കാലഘട്ടത്തിൽ താമരശ്ശേരിക്കടുത്തുള്ള പുതുപ്പാടി ആശ്രമത്തിലായിരുന്നു അച്ചന്റെ ജീവിതം. കിഡ്നി സംബന്ധമായ അസുഖ ബാധിതനായിരുന്നു. ഏകദേശം ആയിരത്തിലധികം ഡയാലിസിസിന് വിധേയനായിട്ടുണ്ട് വന്ദ്യ. റമ്പാച്ചൻ. റമ്പാച്ചന്റെ വിയോഗം റമ്പാച്ചന്റെ കുടുംബാംഗങ്ങളെപ്പോലെ തന്നെ കേളകത്തുള്ളവർക്കും ഒരു തീരാവേദന ആണ് എന്നതിൽ സംശയമില്ല. വന്ദ്യ റമ്പാച്ചന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
റോബിൻ വർഗ്ഗീസ്. കേളകം