OVS - ArticlesOVS - Latest News

ഗീവര്‍ഗീസ് മോര്‍ കൂറിലോസ് “തിരുമേനി” -യ്ക്കു ഒരു തുറന്ന കത്ത്

അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമേനി,
21-04-2019 -ല്‍ 24 ന്യൂസ് ചാനലില്‍ സംപ്രേഷണം നടത്തിയ സംവാദം (Part 1 >>, Part 2 >>) അടിസ്ഥാനമാക്കിയാണ് ഈ തുറന്ന കത്ത് എഴുതുന്നത്.

1. 1934 ഭരണഘടനയുടെ clause 1 -ൻ്റെ യഥാര്‍ത്ഥ ഉദ്ദേശശുദ്ധി മനസിലാക്കുവാന്‍ clause 2 കൂടി ചേര്‍ത്ത് വായിക്കണം. മലങ്കര സഭ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഒരു വിഭാഗവും (യാക്കോബ തിരുമേനിമാര്‍ ജനങ്ങളെ മനഃപൂർവ്വം പറ്റിക്കാന്‍ പറയുന്നത് ഭാഗം എന്നാണ്. ഭാഗവും വിഭാഗവും തമ്മിൽ അര്‍ഥവ്യത്യാസമുണ്ട്.) ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ (അന്ത്യോക്യന്‍ സഭ) പ്രധാന മേലദ്ധ്യക്ഷന്‍ പാത്രയര്‍ക്കീസ് ആണ് എന്നേ clause 1-ല്‍ ഉദ്ദേശിച്ചുള്ളു. clause 2-ല്‍ അര്‍ത്ഥ ശങ്കയില്ലാതെ പറയുന്നത് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ (primate) പൗരസ്ത്യ കാതോലിക്ക എന്നാണ്. കോടതിയും അതു തന്നെയാണ് പറഞ്ഞത്. മലങ്കര സഭയുടെ ആത്മീകവും ലൗകികവുമായ തലവന്‍ കാതോലിക്ക ആണ്. 1958-ല്‍ യാക്കോബായ വിഭാഗം അംഗീകരിച്ച ഭരണഘടനയില്‍ clause 1&2 അന്നും മറിച്ചല്ലായിരുന്നു. 58-ല്‍ യോജിച്ചപ്പോള്‍ പരസ്പരം സ്വീകരണ കല്പന കൊടുത്തു. പരിശുദ്ധ കല്ലശ്ശേരില്‍ ഗീവര്‍ഗീസ് II ബാവ കൊടുത്ത കല്പനയില്‍ മലങ്കര സഭയുടെ പാത്രയര്‍ക്കീസ് ആയിട്ടോ മലങ്കര സഭയുടെ ആത്മീയ മേലദ്ധ്യക്ഷന്‍ ആയോ അല്ല സ്വീകരിച്ചത്. അന്ത്യോക്യയുടെ പാത്രിയര്‍ക്കീസായിട്ടാണ് സ്വീകരിച്ചത്.

2. തിരുമേനി പറഞ്ഞു മുടക്കപ്പെട്ട പാത്രിയര്‍ക്കീസിനെ കൊണ്ടുവന്നു 1912-ല്‍ കാതോലിക്കാ സ്ഥാപനം നടത്തി എന്ന്. അങ്ങനെ എങ്കില്‍ 1958-ല്‍ സഭ യോജിച്ചപ്പോള്‍ 1912 -ല്‍ സ്ഥാപിച്ച കാതോലിക്കേറ്റിന്റെ പിന്തുടര്‍ച്ചാവകാശി പരിശുദ്ധ ഗീവര്‍ഗീസ് II ബാവയെ വീണ്ടും പാത്രിയര്‍ക്കീസ് കാതോലിക്ക വാഴ്ച നടത്തിയാണോ സ്വീകരിച്ചത്? 1912-ല്‍ ഒരു പാത്രയര്‍ക്കീസിനുള്ള എല്ലാ ആത്മീയ അധികാരങ്ങളുമുള്ള ഒരു കാതോലിക്കേറ്റ് ആണ് പരിശുദ്ധ അബ്ദുള്‍ മശിഹ പാത്രിയര്‍ക്കീസ് ഇവിടെ സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ കാതോലിക്കേറ്റ് സ്ഥാപന കല്പനയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 1958, 1995, 2017 Hon’ble S.C വിധികളില്‍ പാത്രിയര്‍ക്കീസിൻ്റെ അധികാരം അസ്തമനബിന്ദുവില്‍ എത്തി എന്ന് അടിവരയിട്ട് കോടതി കണ്ടെത്തിയത്. 58-ല്‍ പാത്രിയര്‍ക്കീസും പാത്രിയര്‍ക്കീസ് വിഭാഗവും ഒരു ഉപാധികളുമില്ലാതെ ആ കാതോലിക്കേറ്റിനെ അംഗീകരിച്ചതോടെ വീണ്ടും പഴയ കഥകള്‍ പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരായി വാദിക്കുന്നത് സത്യവിരുദ്ധമല്ലേ. 58 മുതല്‍ 72 വരെയും അതിനുശേഷവും പരിശുദ്ധ ഗീവര്‍ഗീസ് II ബാവ കൂദാശ ചെയ്ത മൂറോന്‍ മലങ്കരയിലെ എല്ലാ പള്ളികളിലും ഉപയോഗിച്ചപ്പോള്‍ ഈ മുടക്ക് മറന്നുപോയോ. തിരുമേനിയും ആ കാലയളവില്‍ ആണല്ലോ ജനിച്ചത്. പരിശുദ്ധ അബ്ദുള്‍ മശിഹ പാത്രിയര്‍ക്കീസിനെ കബറടക്കിയത് എല്ലാ പാത്രിയര്‍ക്കീസുമാരെയും അടക്കുന്ന ദയറായിലാണ്. അപ്പോള്‍ മുടക്കപ്പെട്ട പാത്രിയര്‍ക്കീസ് പാത്രിയര്‍ക്കീസുമാരുടെ നിരയില്‍ എങ്ങനെ കബറടക്കി?. മുസ്ലീം ആയ തുര്‍ക്കി സുല്‍ത്താന്‍ ഫെര്‍മാന്‍ പന്‍വലിച്ചാല്‍ തീരുന്നതാണോ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിൻ്റെ ആത്മീയ അധികാരം.

3. തിരുമേനിയുടെയും കൂടെയുള്ളവരുടെയും 34-ന്റെ ഒറിജിനല്‍ തേടിയുള്ള പരക്കംപാച്ചില്‍ ബാലിശമല്ലേ? 58 -ല്‍ യോജിച്ചപ്പോള്‍ ഇതൊന്നും കാണാതെയാണോ ഭരണഘടന അംഗീകരിച്ചത്. 95 വിധിക്കുശേഷം തോമസ് മാര്‍ ദിവന്നാസ്യോസ് (ശ്രേഷ്ഠ ബാവ) ഉള്‍പ്പെടെ അന്നുണ്ടായിരുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിലെ എല്ലാ മെത്രാന്മാരും ഭരണഘടന അംഗീകരിക്കുന്നതായി കോടതിയില്‍ എഴുതിക്കൊടുത്തതിൻ്റെ പൊരുള്‍ എന്തായിരുന്നു. അപ്പോള്‍ അന്ന് ഒറിജിനല്‍ കാണാതെയാണോ അംഗീകരിച്ചത്. ഒറിജിനല്‍ തേടിയുള്ള യാത്രയില്‍ മുകളില്‍ പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനഃപൂർവ്വം മറക്കുവാന്‍ ശ്രമിക്കുന്നു. 34 -ലെ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല എന്ന സുപ്രീം കോടതി വിധിക്ക് വിപരീതമായി രജിസ്റ്റര്‍ ചെയ്ത ഒറിജിനല്‍ ചോദിക്കുന്ന രീതി സാധാരണ ജനങ്ങളില്‍ മനഃപൂർവ്വം തെറ്റിധാരണ പരത്തുവാനല്ലേ ശ്രമിക്കുന്നത്.

4. ഭരണഘടനയുടെ മൂന്നില്‍ കൂടുതല്‍ versions ഉണ്ട് എന്നു തിരുമേനി പറഞ്ഞു. ഭരണഘടന കാലാകാലങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അടിസ്ഥാനമാക്കി amend ചെയ്യുവാന്‍ ഉള്ളതാണ്. ഓരോ amendment ശേഷവും അതുള്‍പ്പെടുത്തി അമെന്‍ഡ് ചെയ്തശേഷം കാണിച്ചു പ്രിന്റ് ചെയ്യും. അത് സഭയില്‍ democracy -യുടെയും transparency -യുടെയും ഉദാഹരണമാണ്. 2002 മലങ്കര അസ്സോസിയേഷന്‍ മുമ്പും പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ ആവശ്യം മാനിച്ച് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചില amendment നടത്തിയത് തിരുമേനി മറന്നുപോയോ? അന്ന് ഒറിജിനല്‍ കണ്ടിട്ടാണോ പാത്രിയര്‍ക്കീസ് വിഭാഗം amendment ആവശ്യപ്പെട്ടത്. ഓരോ രാജ്യത്തും ഭരണഘടനയുടെ ഒറിജിനല്‍ കണ്ടിട്ടാണോ നിയമം നടത്തുന്നത്.

5. തിരുമേനി പറഞ്ഞുവല്ലോ സഭാ യോജിപ്പിന് ഏക പോംവഴി സുറിയാനി പാത്രിയര്‍ക്കീസിനെ ആത്മീയ തലവനായി സ്വീകരിക്കുക എന്നതാണെന്ന്. മലങ്കര സഭയുടെ 1665 മുതല്‍ മാത്രം നമുക്ക് ബന്ധമുള്ള അന്ത്യോക്യന്‍ സഭയുടെ സുവിശേഷീകരണത്തിൻ്റെ ഭാഗമല്ല. എ.ഡി. 52 മുതല്‍ എ.ഡി 1599 വരെ വിദേശ സഭകളുടെ നിയന്ത്രണം ഇല്ലാതെ നസ്രാണി ജാതി തലവന്‍ അര്‍ക്ദിയോക്ക്യന്‍മാരുടെ കീഴില്‍ ഇവിടെ നിലനിന്നു. കച്ചവടത്തിന് വന്ന പേര്‍ഷ്യന്‍ പൗരസ്ത്യ സുറിയാനി സഭാ വിഭാഗങ്ങളുമായും അവരുടെ മെത്രാന്മാരുമായും പരസ്പരം സഹകരിച്ചു പോരുന്നു. എന്നാല്‍ സഭയുടെ സ്വാതന്ത്ര്യം അന്നും പൂര്‍വ്വികര്‍ വിദേശ പൗരസ്ത്യ മെത്രാന്മാര്‍ക്ക് അടിയറ വെച്ചിട്ടില്ല. ഓറിയന്റല്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പൊതുസ്വഭാവം independent nature ആണ്. എല്ലാ സഭകള്‍ക്കും അതിൻ്റെതായ independent തലവന്‍മാര്‍ ഉണ്ട്. ലോക ക്രൈസ്തവ സമൂഹം മലങ്കര സഭയെ ഒരു സ്വയം ശീര്‍ഷകത്വം-സ്വയം ഭരണ ഓറിയന്റല്‍ ചര്‍ച്ച് ആയി കാണുമ്പോള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു വിദേശ സഭയുടെ തലവൻ്റെ കീഴില്‍ നിര്‍ത്തുവാനുള്ള വാശി അഭിമാനമുള്ള സ്വതന്ത്രഭാരതത്തിലെ ഒരു പൗരനെന്ന നിലയില്‍ പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ പറ്റില്ല.

6. ക്രിസ്തു ശിഷ്യന്‍ ഭാരതത്തിൻ്റെ അപോസ്തലനും ക്രിസ്തുവില്‍ നമ്മെ ജനിപ്പിച്ച മാര്‍ത്തോമാ ശ്ലീഹായുടെ പൗരോഹിത്യത്തെ അപമാനിച്ചു എന്നതാണ് അന്ത്യോക്യന്‍ പാത്രിയര്‍ക്കീസുമാര്‍ ഭാരത സഭയ്ക്കു നല്കിയ വലിയ അപമാനം. അത് തിരുത്തുവാന്‍ ഇന്നും അവര്‍ തയാറായിട്ടില്ല.

7. തിരുമേനി ഒരു കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്ന് സ്വയം പറയുന്നു. ഇന്ത്യയില്‍ CPI(M) ചൈനീസ് കമ്യൂണിസ്റ്റ് തത്വങ്ങള്‍ സ്വീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (M) രൂപീകരിച്ചു. CPI(M) ന്റെ ജനറല്‍ സെക്രട്ടറിക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുടെ അംഗീകാരം വേണോ?.CPI(M) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമോ, വിഭാഗമോ?. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയുടെ പോളിറ്റ് ബ്യൂറോയുടെ കീഴിലാണോ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയുടെ ജനറല്‍ സെക്രട്ടറി ആണോ? അതുപോലെ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയാണോ ഇന്ത്യയുടെ monarch.

8. ചര്‍ച്ചയില്‍ പാത്രിയര്‍ക്കീസിൻ്റെ മുടക്ക് അദ്ദേഹത്തിൻ്റെ മൗലീക അവകാശമാണ് എന്ന ഭാവത്തിലുള്ള പ്രതികരണം കണ്ടു. കടുവ നമ്മുടെ ദേശീയ മൃഗമാണ്. മൃഗശാലയില്‍ പോകുമ്പോള്‍ കുട്ടികളോട് നമ്മൾ അഭിമാനത്തോടെ പറഞ്ഞുകൊടുക്കും, ഇത് നമ്മുടെ ദേശീയ മൃഗമാണ്. അപ്പോള്‍ കുട്ടികള്‍ക്കും അതിനോട് ഒരു സ്‌നേഹവും താല്പര്യവും ഉണ്ടാകും. എന്നാല്‍ fencing gate തുറന്ന് അതിൻ്റെയടുത്ത് പോയാല്‍ കഥ തീര്‍ന്നതുതന്നെ. പാത്രിയര്‍ക്കീസന്മാരും അതുപോലെയാണ്. കൂടുതല്‍ അടുത്തിട്ട് എതിരു നിന്നാല്‍ ഇതുപോലുള്ള മുടക്കു കല്പനകള്‍ വരും. ഏതായാലും ഇതുപോലെയുള്ള വജ്രായുധങ്ങള്‍ ഇനിയും ഇവിടെ പ്രയോഗിക്കാന്‍ സഭ ഇനിയും അവസരം കൊടുക്കില്ല. അപ്പോള്‍ പാത്രിയര്‍ക്കീസൻ്റെ അധികാരത്തെ ഒരു വേലിക്കു വെളിയില്‍ നിര്‍ത്തി വേണ്ട ബഹുമാനം കൊടുക്കുന്നതാണ് ഉചിതം. അതുകൊണ്ട് മലങ്കര സഭ, സുറിയാനി സഭാ പാരമ്പര്യത്തെ നിലനിര്‍ത്തി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു വിഭാഗമായി നിലനിര്‍ത്തി പാത്രിയര്‍ക്കീസ് കാതോലിക്കാ ബന്ധം സമന്മാരില്‍ മുമ്പന്‍ എന്ന തത്വം നിലനിര്‍ത്തപ്പെടണം. ഭരണഘടന clause 1&2 പറയുന്നതുപോലെ സുറിയാനിസഭയുടെ പ്രധാന മേലധ്യക്ഷന്‍ പാത്രിയര്‍ക്കീസും മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷന്‍ കാതോലിക്കയും ആയിരിക്കും.

9. തിരുമേനി പരിശുദ്ധ കാതോലിക്കാ ബാവയുടെ എസ്.എസ്. എല്‍.സി. ബുക്ക് തേടി കുറെനാളായി നടക്കുന്നു. തിരുമേനി ആദ്യം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മുതല്‍ താഴോട്ടുള്ള എല്ലാ അന്തിയോക്യൻ സുറിയാനി സഭ മക്കളുടെ അതുപോലുള്ള official document-ല്‍ യാക്കോബായ ആണോ ഓര്‍ത്തഡോക്‌സ് ആണോ എന്ന് പരിശോധിച്ചാല്‍ നന്നായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ചില നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍
1665 മുതല്‍ മലങ്കര സഭക്ക് പരിശുദ്ധ അന്ത്യോക്യ സുറിയാനിസഭ (Syriac Orthodox Church) നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും മലങ്കര സഭാമക്കള്‍ കടപ്പെട്ടിരിക്കുന്നു. ഒരാവശ്യഘട്ടത്തില്‍ പകര്‍ന്നുതന്ന എപ്പിസ്‌കോപ്പല്‍ കൈവയ്പ്പും ശ്രേഷ്ഠമായ ആരാധനാക്രമങ്ങളും കാതോലിക്കേറ്റും എല്ലാം ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. പൗരാണികമായ അന്തിയോക്യൻ സഭയുടെയും ശ്ലീഹന്മാരില്‍ തലവനായ പത്രോസ് ശ്ലീഹായുടെ സ്ലൈഹീക പിന്‍ഗാമിയായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെയും ഇന്നും സഭ ആദരിക്കുന്നു. അതിൻ്റെ അര്‍ത്ഥം കര്‍തൃശിഷ്യനായ മാര്‍ത്തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ മലങ്കരയില്‍ സ്ഥാപിച്ച നമ്മുടെ സഭയുടെ ആത്മീകവും ലൗകീകവുമായ സ്വാതന്ത്ര്യവും തനിമയും സുറിയാനി സഭയ്ക്ക് അടിയറവു വയ്ക്കുക എന്നല്ല. ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവില്‍ 12 സിംഹാസനങ്ങളില്‍ ഇരുന്ന ന്യായം വിധിക്കുമെന്നാണ് പറഞ്ഞത്. അപ്പോള്‍ വലിപ്പച്ചെറുപ്പം കര്‍ത്താവ് ultimately ഉദ്ദേശിച്ചിട്ടില്ല. ദേവാലയ കൂദാശയുടെ സുറിയാനി ക്രമത്തില്‍ മദ്ബഹയില്‍ കല്ലിടുമ്പോള്‍ ചെപ്പില്‍ കുരിശും 12 ഒരേ വലിപ്പത്തിലുള്ള വൈര്യകല്ലുകളുമാണ് വെക്കുന്നത്, പത്രോസിന് വലിയ കല്ല് വെക്കാറില്ല. ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാള്‍ നമ്മുടെ രാജ്യത്ത് കടന്നുവരികയും മഹത്തായ സുവിശേഷം പകരുകയും ചെയ്തു എന്നത് ഒരു മഹാഭാഗ്യമായി കാണണം. ലോകത്തുള്ള പല ക്രിസ്തീയ രാജ്യങ്ങള്‍ക്കും കിട്ടാതെ പോയ ഒരു വലിയ അപ്പോസ്‌തോല പാരമ്പര്യം നമുക്ക് ലഭിച്ചു.

ലോകത്തെ എല്ലാ സഭകളും അവകാശപ്പെടുന്ന അപ്പോസ്‌തോലിക സിംഹാസനങ്ങള്‍ അലങ്കാരികവും ആ സഭയുടെ അപ്പോസ്‌തോലിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നതും മാത്രമാണ്. അല്ലാതെ ഒരു അപ്പോസ്‌തോലനും അവരുടെ സുവിശേഷീകരണ കാലത്ത് ഒരു നല്ല കസേരയില്‍ പോലും ഇരിക്കുവാന്‍ സാധിച്ചോ എന്നു സംശയമാണ്. അത്രയ്ക്ക് സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു അവരുടെ പ്രവര്‍ത്തനകാലം. ഭാരതസഭയ്ക്കു കിട്ടിയ തോമാശ്ലീഹയുടെ അപ്പോസ്‌തോലിക പാരമ്പര്യത്തെ ഇവിടുത്തെ സുവിശേഷീകരണവുമായി ഒരു ബന്ധവുമില്ലാത്ത പത്രോസ് ശ്ലീഹായുടെ അപ്പോസ്‌തോലിക പാരമ്പര്യത്തിൻ്റെ കീഴില്‍ കൊണ്ടുകെട്ടുവാനുള്ള ശ്രമം അവനവൻ്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. എല്ലാ ഓറിയന്റല്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ പോലെ ഒരു സ്വയം ശീര്‍ഷകത്വം സ്വയംഭരണം സഭയായിതന്നെ തുടരണം. അതാണ് ആത്മാഭിമാനമുള്ള ഓരോ ഭാരതീയനും ആഗ്രഹിക്കുന്നത്.

ഇനിയും ഞാന്‍ പറയുന്ന പൊതുവായുള്ള കാര്യമാണ് മലങ്കര സഭയില്‍ തര്‍ക്കത്തിൻ്റെ രണ്ടാംഭാഗം തുടങ്ങിയിട്ട് ഇപ്പോള്‍ 48 വര്‍ഷമായി. തിരുമേനിയെപ്പോലെ വിവേകവും വിദ്യാഭ്യാസവും എക്യുമെനിക്കല്‍ ചിന്താഗതിയും സാമൂഹിക പ്രശ്‌നങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള അനേകം മേല്‍പ്പട്ടക്കാരും പട്ടക്കാരും സാമുദായിക നേതാക്കളും ഇരു വിഭാഗത്തിലുമുണ്ട്. ഇതിനൊരു സമ്പൂര്‍ണ്ണ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. 2017 Hon’ble SC വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വിഭജനം സാധ്യമല്ല എന്ന സത്യം ഉള്‍ക്കൊള്ളണം. അപ്പോള്‍ ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ഇടവകകള്‍ വിഭജിക്കണം എന്ന് വാദിക്കുന്നത് സുപ്രിംകോടതി വിധിക്കെതിരും അത് പള്ളികളില്‍ വീണ്ടും പാരലല്‍ സംവിധാനം തുടരുവാനും സഹായിക്കും. പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ ഭാഗത്തുനിന്നും സഭാ ഭരണഘടനയും 2017 സുപ്രീംകോടതി വിധിയും അംഗീകരിച്ചശേഷം ചര്‍ച്ചയ്ക്ക് തയ്യാറാവണം. ഭരണഘടനയും 2017 സുപ്രിംകോടതി വിധിയും അംഗീകരിച്ചു മുമ്പോട്ടു വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ എന്ന നിലപാട് ഓര്‍ത്തഡോക്‌സ് സഭ അടുത്ത ദിവസങ്ങളില്‍ പറഞ്ഞുകഴിഞ്ഞു. അതുപോലെ ഒരു ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞാല്‍ ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ വിട്ടുവീഴ്ചയ്ക്കും ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറാവണം. കാരണം ഒരേ അപ്പത്തിൻ്റെ അംശികളായ സഹോദരനോടാണ് അനുരഞ്ജനശ്രമം നടത്തുന്നത് എന്ന ബോധമുണ്ടാവണം.

വിജയത്തിൻ്റെ അമിതാവേശമോ പരാജയത്തില്‍ ഉടലെടുക്കുന്ന വിദ്വേഷമോ ക്രിസ്തീയതയ്ക്കു ചേര്‍ന്നതല്ല. ഇനിയും അനേകപള്ളികളില്‍ വിധി വരാനുണ്ട്. വിധി വന്നശേഷമുള്ള സംഘര്‍ഷാവസ്ഥകള്‍ സര്‍ക്കാരിനും പോലീസിനും ഒരു വലിയ തലവേദനയായി മാറുന്നു. ഇരുവിഭാഗത്തെയും അനേകം ചെറുപ്പക്കാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നു. അവരുടെ ഭാവി കേസുകള്‍ മൂലം ശുഷ്‌കിക്കുന്നു. മെത്രാന്മാര്‍ക്ക് അവരുടെ സാധാരണ ജീവിതത്തിനോ വിദേശ യാത്രകള്‍ക്കോ ഒരു വിലക്കും വരില്ല. കാരണം, അവരുടെ പേരില്‍ പോലീസ് കേസ് എടുക്കില്ല. മാര്‍ത്തോമാ ക്രിസ്ത്യാനികളില്‍ ചരിത്രത്തില്‍ ഉണ്ടായ മൂന്ന് പ്രധാന വിഭജനങ്ങളോട് ഇന്നും സാധാരണ ജനങ്ങള്‍ വേദനയോടെ ഓര്‍ക്കുന്നു. ഒരേ വിശ്വാസവും ഒരേ അപ്പത്തിൻ്റെ അംശികളുമായ ശേഷിക്കുന്ന ഇരുവിഭാഗങ്ങള്‍ പരസ്പരം വിട്ടുവീഴ്ചയിലൂടെ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തിരുമേനിയുമായുള്ള എൻ്റെ ദീര്‍ഘകാല സുഹൃത്ബന്ധത്തിൻ്റെ എല്ലാ സ്‌നേഹവും പങ്കുവച്ചുകൊണ്ടും എല്ലാ ബഹുമാന ആദരവോടും കൂടി
സ്‌നേഹത്തോടെ
തോമസ് തരകന്‍,
ബാംഗ്ലൂര്‍
ഫോണ്‍: 9448273492

https://ovsonline.in/articles/article-kurien-thomas/

error: Thank you for visiting : www.ovsonline.in