OVS - ArticlesOVS - Latest NewsTrue Faith

നസ്രാണിക്ക് മറ്റെന്താകാന്‍ പറ്റും?

താങ്കള്‍ എന്തു കൊണ്ട് ഓര്‍ത്തഡോക്‌സുകാരനാകുന്നു എന്ന ചോദ്യത്തിന് സ്വാഭാവികമായും ലഭിക്കുന്ന മൂന്ന് ഉത്തരങ്ങളുണ്ട്.
1. ഓര്‍ത്തഡോക്‌സുകാരായ മാതാപിതാക്കള്‍മൂലം ഞാന്‍ ഓര്‍ത്തഡോക്‌സുകാരനായി,
2. ദിവ്യവും അര്‍ത്ഥസംപുഷ്ടവുമായ സ്വര്‍ഗീയ ആരാധന എന്നെ ഓര്‍ത്തഡോക്‌സുകാരനായി നിലനിര്‍ത്തുന്നു,
3. കറപുരളാത്തതും കലര്‍പ്പില്ലാത്തതുമായ സത്യവിശ്വാസം പരിപാലിക്കുന്ന ഇന്ത്യയിലെ ഏക സഭ എന്ന നിലയില്‍ ഞാന്‍ ഓര്‍ത്തഡോക്‌സുകാരനായി ജീവിക്കുന്നു.

ഈ മൂന്ന് ഉത്തരങ്ങളും ശരിയാണ്. എന്നാല്‍ ഇവയൊന്നുംതന്നെ പൂര്‍ണ്ണമായി ശരിയല്ല എന്നാണ് ഈ ലേഖകന്റെ വാദം. പകരം ചോദ്യകര്‍ത്താവിനോട് ഈ ലേഖകന് ഒരു നസ്രാണിക്ക് മറ്റെന്താകാന്‍ പറ്റും എന്നൊരു മറുചോദ്യമുണ്ട്.

ക്രൈസ്തവ സഭകളുടെ ചതുര്‍ലക്ഷണങ്ങള്‍ കാതോലികം, ശ്‌ളൈഹീകം, ഏകം, വിശുദ്ധം അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പരിപാലിക്കുന്നവയാണ് ഓര്‍ത്തഡോക്‌സ് സഭകള്‍. അധിനിവേശവും വെട്ടിപ്പിടിക്കലുകളും അജമോഷണവും ഓര്‍ത്തഡോക്‌സ് സഭകളുടെ വിശ്വാസസംഹിതയുടെ ഭാഗമല്ല. അാപ്പോസ്തലിക കാലത്തെ പ്രാദേശിക സഭകളുടെ കൂട്ടായ്മ എന്ന തത്വത്തില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നവയാണ് ഓര്‍ത്തഡോക്‌സ് സഭകള്‍. കൊരിന്തിലെ സഭ, റോമിലെ സഭ, ലവദോക്യാ സഭ തുടങ്ങി പുതിയ നിയമത്തില്‍ വിവരിക്കുന്ന പ്രാദേശിക സഭാ കൂട്ടായ്മകളുടെ വ്യക്തിത്വം നിഷേധിച്ച് ആഗോള ആത്മീയ സാമ്രാജ്യത്വത്തിനു ശ്രമിക്കുന്ന പാശ്ചാത്യ സഭകള്‍ ആ കാരണത്താല്‍ത്തന്നെ വേദവിപരീതികളാണ്. അത്തരം തത്വസംഹിതകളും അധികാരവും അംഗീകരിക്കുന്നവരും അതേ കാരണത്താല്‍ വേദവിപരീതികളാണ്.

പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ ക്രൈസ്തവരാക്കട്ടെ ഇന്ത്യാക്കാരുടെ വ്യക്തിത്വമാണ് നസ്രാണിത്വം. ഭരണസൗകര്യാര്‍ത്ഥം പതിനെട്ടാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ നല്‍കിയ സുറിയാനി ക്രിസ്ത്യാനി എന്ന തെറ്റിദ്ധാരണാജനകമായ ജാതിപ്പേരാണ് ഇന്നുപയോഗിക്കുന്നതെങ്കിലും മാര്‍ത്തോമ്മാ പൈതൃകമുള്ള ഇന്ത്യന്‍ ക്രൈസ്തവരെ ദ്യോതിപ്പിക്കുന്ന പുരാതന സംജ്ഞ നസ്രാണി എന്നാണ്.

16-17 നൂറ്റാണ്ടുകളില്‍ റോമന്‍ കത്തോലിക്കരും 18-19 നൂറ്റാണ്ടുകളില്‍ പാശ്ചാത്യ സുറിയാനിക്കാരും 19-20 നൂറ്റാണ്ടുകളില്‍ പ്രൊട്ടസ്റ്റന്റുകാരും മായംചേര്‍ത്ത നസ്രാണിത്വമാണ് ഇന്നുള്ളത്. ഈ കലര്‍പ്പുകളുടെ ഫലമായി മുഖ്യധാരാ നസ്രാണി സമൂഹത്തില്‍നിന്നും വിവിധ വിഭാഗങ്ങള്‍ പിരിഞ്ഞുപോയി. ഇവരൊക്കയും ഇന്നു മാര്‍ത്തോമ്മാ പൈതൃകം അവകാശെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ നസ്രാണിത്വത്തില്‍ നിന്നും അവര്‍ ബഹുകാതം ദൂരെയാണ്. അവശേഷിക്കുന്ന മുഖ്യധാരാ നസ്രാണി സമൂഹത്തില്‍പോലും ഏറിയും കുറഞ്ഞും ഈ കലര്‍പ്പുകളുടെ സ്വാധീനം ഇന്ന് പ്രകടമാണ്.

പോര്‍ട്ടുഗീസ് കാലഘട്ടത്തിനു മുമ്പുള്ള നസ്രാണികള്‍ക്ക് തനതായ ഒരു വ്യക്തിത്വമുണ്ടായിരുന്നു. മാര്‍ത്തോമ്മാശ്‌ളീഹായുടെ മാര്‍ഗ്ഗവും വഴിപാടും എന്നാണ് ഈ വ്യക്തിത്വത്തിന്‍റെ നിര്‍വചനം. വ്യക്തമായ ലക്ഷണങ്ങള്‍ ഈ വ്യക്തിത്വത്തിനുണ്ടായിരുന്നു. അവയില്‍ പ്രധാനമായത് താഴെ പറയുന്നവയാണ്:

1. മാര്‍ത്തോമ്മാ പൈതൃകത്തിലുള്ള അടിയുറച്ച (അതിരുകടന്ന) അഭിമാനബോധം,
2. സുറിയാനി ആരാധനാ പാരമ്പര്യം,
3. കറകളഞ്ഞ ദേശീയത (തങ്ങള്‍ ജീവിക്കുന്ന നാട്ടുരാജ്യങ്ങളോടുള്ള വിശ്വസ്ഥത),
4. ഏകസഭ എന്ന കെട്ടുറ് (വിവിധ നാട്ടുരാജ്യങ്ങളില്‍ ജീവിക്കുന്ന നസ്രാണികളുടെമേല്‍ തദ്ദേശീയനായ ഇന്ത്യയൊക്കയുടെയും അര്‍ക്കദിയാക്കോനുള്ള മേല്‌ക്കോയ്മ),
5. ദേശീയ സംസ്‌കാരത്തിലെ വിഭജനാതീതമായ ഭാഗഭാഗിത്വം,
6. ആത്മീയമായി പൗരസ്ത്യ കാതോലിക്കായോടുള്ള വിധേയത്വം,
7. പ്രാദേശിക/സഭാ ഭരണത്തിലെ ജനാധിപത്യം.

മാര്‍ത്തോമ്മാശ്‌ളീഹായുടെ മാര്‍ഗ്ഗവും വഴിപാടും എന്ന വ്യക്തിത്വത്തിന്‍റെ ഇവയടക്കമുള്ള അടിസ്ഥാന തത്വങ്ങളെ ഇല്ലായ്മചെയ്യാനോ മാറ്റിമറിക്കാനോ ആണ് റോമന്‍ കത്തോലിക്കരും പാശ്ചാത്യ സുറിയാനിക്കാരും പ്രൊട്ടസ്റ്റന്റുകാരും ശ്രമിച്ചതും ഇന്നും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നതും. നൂറ്റാണ്ടുകള്‍ നീണ്ട ഈ ശ്രമങ്ങളുടെ ഫലമായി മുഖ്യധാരാ നസ്രാണി സമൂഹത്തില്‍നിന്നു വേര്‍പെട്ടുപോയ വിഭാഗങ്ങള്‍ ഇന്നും മാര്‍ത്തോമ്മാ പൈതൃകത്തിന്‍റെയും നസ്രാണി സംസ്കാരത്തിന്‍റെയും പിന്‍തുടര്‍ച്ച അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മുകളില്‍പറഞ്ഞ അടിസ്ഥാനഘടകങ്ങള്‍ കൂടാതെ നസ്രാണിത്വത്തിന്‍റെ പിന്‍തുടര്‍ച്ച അവകാശപ്പെടാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തില്‍ മലങ്കരസഭ ഒഴികെ (ഒരു പക്ഷേ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയും) മറ്റേതൊരു സഭയ്ക്കാണ് മാര്‍ത്തോമ്മാശ്‌ളീഹായുടെ മാര്‍ഗ്ഗവും വഴിപാടും എന്ന വ്യക്തിത്വത്തിന്‍റെ ഈ അടിസ്ഥാന ഘടകങ്ങളെല്ലാമുള്ളത്? നസ്രാണി അഥവാ സുറിയാനി ക്രിസ്ത്യാനി എന്നഭിമാനിക്കുകയും അവകാശെടുകയും ചെയ്യുകയും അതേസമയംതന്നെ നസ്രാണിത്വത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ നിരസിക്കുകയും ചെയ്യുന്നത് നിരര്‍ത്ഥകമാണ്. അതിനാലാണ് ഒരു യഥാര്‍ത്ഥ നസ്രാണി അഥവാ സുറിയാനി ക്രിസ്ത്യാനിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമല്ലാതെ മറ്റൊന്നുമാകുവാന്‍ സാധിക്കില്ല എന്ന് ഈ ലേഖകന്‍ വാദിക്കുന്നത്. ആര്‍ക്കും ക്രിസ്ത്യാനിയാകാന്‍ സാധിക്കും. പക്ഷേ മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗത്വമില്ലാതെ ഒരുവനും നസ്രാണി അഥവാ സുറിയാനി ക്രി സ്ത്യാനി എന്നഭിമാനിക്കാന്‍ സാദ്ധ്യമല്ല.

ഇനി ആദ്യം പറഞ്ഞ ഉത്തരങ്ങളിലെ അപൂര്‍ണ്ണതകള്‍ വ്യക്തമാക്കാം.
1. പ. മാര്‍ത്തോമ്മാ ശ്‌ളീഹാ, മാര്‍ സാബോര്‍, അഫ്രോത്ത് തുടങ്ങിയവര്‍ സഭയില്‍ ചേര്‍ത്തവരും അന്‍റാണിയോ ഫ്രാന്‍സിസ് സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാാപ്പോലീത്താ തുടങ്ങിയവരും ഓര്‍ത്തഡോക്‌സുകാരായ മാതാപിതാക്കള്‍മൂലമല്ല നസ്രാണിയായത്.

2. മലങ്കരസഭ ഇന്നുപയോഗിക്കുന്ന പാശ്ചാത്യസുറിയാനി ആരാധനാ ക്രമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച് നടിലാക്കിയത് 1789, 1809 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം മാവേലിക്കര, കണ്ടനാട് എന്നിവിടങ്ങളില്‍ ചേര്‍ന്ന മലങ്കര പള്ളിയോഗങ്ങളാണ്.

3. പേര്‍ഷ്യന്‍ ബന്ധത്തിലൂടെ പിന്‍തുടര്‍ ന്നുവന്ന നെസ്‌തോറിയന്‍ വേദശാസ്ത്രത്തിനു പകരം കലര്‍പ്പില്ലാത്ത അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രം മലങ്കരസഭ സ്വീകരിച്ചത് 1686 -ല്‍ ചെങ്ങന്നൂര്‍ ചേര്‍ന്ന മലങ്കര പള്ളിയോഗമാണ്.
4. 1599 -ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് നിര്‍ബന്ധപൂര്‍വം അവസാനിിച്ച പൗരസ്ത്യ കാതോലിക്കായോടുള്ള ആത്മീയ വിധേയത്വം 1912-ല്‍ മാത്രമാണ് പുനഃസ്ഥാപിച്ചത്.

മാര്‍ത്തോമ്മാ ശ്‌ളീഹായുടെ മാര്‍ഗ്ഗവും വഴിപാടും എന്ന വ്യക്തിത്വത്തില്‍ മലങ്കര സഭ കാലികമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അവയൊന്നും അടിസ്ഥാന തത്വങ്ങളെ ബലികഴിച്ചായിരുന്നില്ല. പകരം അവയെ ശക്തീകരിക്കുന്നവയായിരുന്നു. ഉദാഹരണത്തിന് 1912-ലെ കാതോലിക്കാ സ്ഥാനാ രോഹണം. കേട്ടറിവുള്ള പേര്‍ഷ്യന്‍ കാതോലിക്കായ്ക്കു പകരം കണ്ടറിവുള്ള തദ്ദേശീയ കാതോലിക്കായെ ലഭ്യമാക്കി.

ഡോ. എം. കുര്യന്‍ തോമസ്

നമ്പൂരിച്ചന്‍റെ പൂച്ചയും ഓര്‍ത്തഡോക്‌സ് വിശ്വാസവും

error: Thank you for visiting : www.ovsonline.in