നന്ദിയുണ്ട് പണിക്കരേ, നന്ദി
ചുവടുവെക്കുംമുമ്പ് അടിതെറ്റിപ്പോയല്ലോ എൻ്റെ പണിക്കരേ താങ്കളുടെ കോട്ടയം അങ്കം. പതിനെട്ടടവും പിന്നെ പൂഴിക്കടകനും പ്രയോഗിക്കുമെന്ന വീരവാദമൊക്കെ മുഴക്കിയിട്ട് ഒന്ന് ഓതിരം തിരിയാന്‍പോലും അവസരം കിട്ടാതെ പോയല്ലോ? കളരി പരമ്പര ഗുരുക്കന്മാര്‍ ആരും തുണച്ചില്ലല്ലോ പണിക്കരേ?
പാളിച്ച പറ്റിയത് മുന്നൊരുക്കത്തിലാണ് പണിക്കരേ. മേപ്രാലില്‍ അങ്കക്കിഴി കുനിഞ്ഞെടുക്കുന്നതിനുമുമ്പ് ചുറ്റും നോക്കേണ്ടിയിരുന്നു ആരാണ് കൂടെയുള്ളതെന്ന്: എന്തിനാണ് അങ്കക്കച്ച കെട്ടുന്നതെന്ന്. ചുരിക കടയാന്‍ കൊണ്ടുപോയത് ചതിയന്‍ ചന്തുവാണ്; മാറ്റച്ചുരിക ലഭിച്ചില്ല എന്നൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല. തുടക്കത്തിലെ പിഴച്ചുപോയി.
അങ്കത്തിനും ചില മാന്യതകളും മര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ടന്നു പണിക്കര്‍ പഠിച്ചിട്ടില്ലായിരിക്കും. പക്ഷേ ഉണ്ട്. ന്യായമായാലും അന്യായമായാലും ആദ്യം ഒന്നോ അതിലധികമോ വട്ടം ചര്‍ച്ച ചെയ്യണം. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പോലും പഞ്ചപാണ്ഡവര്‍ക്ക് പാതിരാജ്യം – കുറഞ്ഞത് ഒരു വീടെങ്കിലും – നല്‍കണമെന്നു സന്ധി പറയാന്‍ പോയി. ലഭിക്കില്ല എന്നറിഞ്ഞു തന്നെയാണ് അദ്ദേഹം ആ ഉദ്യമത്തിനിറങ്ങിയത്. അതെല്ലാ അങ്കത്തിൻ്റെയും അവിഭാജ്യ ഘടകമാണ്.
അപ്രകാരം എന്തെങ്കിലും നീക്കം നടത്തിയോ കൊല്ലം പണിക്കരേ? പ. പിതാവിനെ കാണുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നോ? ദേവലോകം അങ്ങേയ്ക്ക് അപരിചിതം ഒന്നും അല്ലല്ലോ? ഒന്നിലധികം തവണ ഈ ലേഖകന്‍ തന്നെ പണിക്കരെ അവിടെ കണ്ടിട്ടുണ്ടല്ലോ? അതുമല്ല, അങ്കത്തലേന്ന് കോട്ടയം ഭദ്രാസന സെക്രട്ടറി നേരിട്ടു ക്ഷണിച്ചതല്ലേ? ഒരു കുറി പണിക്കരുടെ ആവശ്യങ്ങളും ആവലാതികളും നേരിട്ടറിയിച്ചിട്ട് പോരായിരുന്നോ അങ്കപ്പുറപ്പാട്? സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നെങ്കില്‍ പ്രക്ഷോഭം മനസിലാക്കാമായിരുന്നു. ഇവിടെ അനുവാദം ചോദിച്ചുമില്ല; കാണാന്‍ ശ്രമിച്ചുമില്ല.
അല്ലങ്കില്‍പ്പിന്നെ മലങ്കര സഭയുടെ അത്യുന്നത സമതികളായ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി എന്നിവയുടെ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നല്ലോ? അവരെയെങ്കിലും കണ്ടുകൂടായിരുന്നോ? ഒന്നുമല്ലങ്കിലും ഇപ്പോഴത്തെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, പണിക്കര്‍ പരമ്പരയില്‍ പെട്ടതല്ലേ? അദ്ദേഹമെങ്കിലും അനുഭാവപൂര്‍വം ശ്രവിക്കുമോ എന്നു പരീക്ഷിച്ചു കൂടായിരുന്നോ? അതും ഉണ്ടായില്ല.
പണിക്കരെ; മുന്‍കൂട്ടി അറിയിച്ചിട്ടു വന്നിരുന്നെങ്കില്‍ ഭാഗ്യസ്മരണാര്‍ഹനായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ, പ്രതിഷേധിക്കാനോ ഘരോവാ ചെയ്യാനോ ദേവലോകത്തു വരുന്നവര്‍ക്കുപോലും ഒരു പാത്രം കഞ്ഞിയെങ്കിലും കൊടുക്കണം എന്ന കല്‍പ്പനപ്രകാരം ഉച്ചഭക്ഷണം ലഭിക്കുമായിരുന്നല്ലോ? ആ പ. പിതാവിൻ്റെ ഇംഗിതം സാധിക്കാന്‍പോലും ഭാഗ്യം ഉണ്ടായില്ലല്ലോ? നിങ്ങള്‍ സ്വന്തക്കാരാണന്നാണല്ലോ കേള്‍ക്കുന്നത്? എന്നിട്ടും?
അല്ലെങ്കില്‍ത്തന്നെ എന്തായിരുന്നു പണിക്കരുടെ ആവശ്യങ്ങള്‍? മലങ്കര സഭയുടെ നീതി നിഷേധം. മാദ്ധ്യമ വാര്‍ത്തകള്‍ പ്രകാരം അതിനുള്ള പോംവഴി വിധിനടത്തിപ്പ് അവസാനിപ്പിക്കുകയും പള്ളികള്‍ മുന്‍ യാക്കോബായ വിഭാഗത്തിനു വിട്ടുകൊടുക്കുകയും ചെയ്യുക! കൊള്ളാം നല്ല ആവശ്യങ്ങള്‍.
പക്ഷേ പണിക്കരെ ഒന്നുരണ്ടു പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ? നസ്രാണികള്‍ എന്നും നിയമവിധേയരായ സമൂഹമാണ്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി രാജ്യത്തിൻ്റെ നിയമമാണ്. അതു പാലിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരൻ്റെയും കടമയാണ്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതു ഉദ്യമവും രാജ്യദ്രോഹമാണ്. ഒരിക്കലും രാജ്യദ്രോഹികളാകുവാന്‍ മലങ്കര മക്കളെ കിട്ടില്ല പണിക്കരേ. സ്വരാജ്യത്തോടുള്ള പ്രതിബദ്ധത നസ്രാണിയുടെ പൈതൃകത്തിൻ്റെ ഭാഗമാണ് പണിക്കരേ.
പിന്നെ പള്ളികള്‍ വിട്ടുകൊടുക്കലും വീതംവെയ്പ്പും. അതായത് സ്വത്തു വിഭജനം. അതു പാടില്ലന്നു സുപ്രീം കോടതി 2017-ല്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതവിടെ ഇരിക്കട്ടെ; വിഭജിച്ചു കൊടുക്കാന്‍ മലങ്കരസഭയുടെ പള്ളികളും പൊതുമുതലും മലങ്കര സഭാദ്ധ്യക്ഷൻ്റെയോ സ്ഥാനികളുടെയോ പിതൃസ്വത്തോ സ്വാര്‍ജ്ജിത സ്വത്തോ അല്ല പണിക്കരേ. നസ്രാണി സമൂഹത്തിൻ്റെ പൊതുസ്വത്ത് വീതംവെച്ചു കൊടുക്കാന്‍ അവര്‍ക്ക് അവകാശമോ അധികാരമോ ഇല്ലന്നും ശ്രീമദ് പണിക്കര്‍ മനസിലാക്കണം.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
കോട്ടയത്തെ അങ്കപ്പുറപ്പാടും അറു പരാജയമായിരുന്നല്ലോ പണിക്കരെ? അങ്കക്കച്ച മുറുക്കാന്‍ വന്നത് ആരൊക്കെയായിരുന്നു? സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയൊക്കെയുള്ള ഒരു മുന്‍ ലോകസഭാംഗം കുരിശിൻ്റെ വഴി ഉത്ഘാടനം ചെയ്തു എന്നു പത്രവാര്‍ത്തകള്‍. രാഷ്ട്രീയക്കാരന്‍ എന്ന നിലയാണെങ്കില്‍ ഇതില്‍ എവിടെയാണ് പണിക്കരെ രാഷ്ട്രീയം? സത്യപ്രതിജ്ഞചെയ്ത് പത്തുവര്‍ഷം പാര്‍ലിമെന്റെില്‍ ഇരുന്ന വ്യക്തി കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിൻ്റെ ഭരണഘടനാ ലംഘനത്തിനെതിരെയല്ലെ പ്രതിഷേധിക്കേണ്ടത്? ഇതില്‍ ദേവലോകവും പ. പിതാവും എന്തു പിഴച്ചു?
ഇനി ടിയാന്‍ ക്‌നാനായ സമുദായത്തിൻ്റെ അവൈദിക ട്രസ്റ്റി എന്ന നിലയിലാണ് അങ്കക്കച്ച മുറുക്കിത്തന്നത് എങ്കില്‍ അതിനും വിശദീകരണം വേണ്ടിവരും. 1892-ല്‍ മലങ്കര മെത്രാപ്പോലീത്തായുടെ രക്ഷാധികാര്യത്വത്തില്‍ ആരംഭിച്ച ക്‌നാനായ കമ്മറ്റി പിന്നീട് ഒരുപാട് ഭരണഘടനാ ഭേദഗതികള്‍ക്ക് വിധേയമായി. അവസാനം 1995-ലെ സുപ്രീംകോടതി വിധിയില്‍, സ്വന്തം ഭരണഘടനയുള്ള ക്‌നാനായ സമുദായം ആ ഭരണഘടനയില്‍ ഭേദഗതി വരുത്താത്തിടത്തോളം കാലം മലങ്കരസഭയുടെ ഭാഗമല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിൻ്റെ ഭാഗമല്ലാത്തവര്‍ എന്തിനു കുടുംബകലഹത്തില്‍ പങ്കാളിയാവണം? ഇതിനും വിശദീകരണം ആവശ്യമുണ്ട് പണിക്കരേ.
അതു മാത്രമല്ല, വില നിശ്ചയിക്കാനാവാത്ത ചുമന്ന കുപ്പായം ധരിച്ച ഒരു ക്‌നാനായ മെത്രാനും കോട്ടയത്തെ കൊല്ലം പണിക്കരുടെ പയറ്റില്‍ സജീവമായി അങ്കത്തട്ടില്‍ ഉണ്ടായിരുന്നല്ലോ? അത് ഏത് മാനദണ്ഡത്തിലാണ്? ഇനി 1995-ല്‍ സുപ്രീം കോടതി സൂചിപ്പിച്ചതുപോലെ, സ്വന്തം ഭരണഘടന ഭേദഗതി ചെയ്ത് മലങ്കരസഭ എന്ന മാതൃസമൂഹത്തിലേയ്ക്ക് മടങ്ങിവരാന്‍ ക്‌നാനായ സമൂഹം തീരുമാനിച്ചോ? എങ്കില്‍ സ്വാഗതം. പക്ഷേ അതിനു ക്‌നാനായ കമ്മറ്റി തീരുമാനവും അതു പ്രഖ്യാപിക്കാന്‍ ക്‌നാനായ മെത്രാപ്പോലീത്തായും ക്‌നാനായ കമ്മറ്റി സെക്രട്ടറിയും ഉണ്ടല്ലൊ? അവരെയാരെയും അവിടെ കണ്ടില്ലല്ലോ? ക്‌നാനായ കമ്മറ്റി സമീപകാലത്തെടുത്ത തീരുമാനങ്ങള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അട്ടിമറിച്ച കല്‍പ്പനകള്‍ വിസ്മരിച്ചല്ല ഇത് എഴുതുന്നത്. അതിൻ്റെ നിയമസാധുത എന്തായാലും.
മേപ്രാലില്‍ വെച്ച് അങ്കക്കിഴി വെക്കുകയും കോട്ടയത്ത് അങ്കക്കുറി തൊടുവിച്ച് അങ്കത്തട്ടില്‍ ഇറക്കുകയും ചെയ്ത മെത്രാനും ഭൂലോക പരാജയമായിരുന്നല്ലോ പണിക്കരെ? കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്ന എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിൻ്റെ പ്രസിഡന്റുപദം അലങ്കരിക്കുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്ന മെത്രാന് ആകെ അക്ഷരപ്പിശകായിപ്പോയി എന്നു പറയാതെ തരമില്ല. അംഗസഭകള്‍ തമ്മിലുള്ള ധാരണപ്രകാരം ചാക്രികമായി കെ.സി.സി. പ്രസിഡന്റായ തിരുമേനി, ആ സഭ തന്നെ 2017 ജൂലൈ 3-ലെ വിധിപ്രകരം ഇല്ലാതായ സാഹചര്യത്തില്‍ ആ കസേരയില്‍ കടിച്ചു തൂങ്ങുന്നത് ഏതു മാനദണ്ഡത്തിലാണന്നു ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.
ആ തിരുമേനിയുടെ സ്വയം പ്രചരിപ്പിക്കുന്ന സ്വന്തം എക്യൂമെനിക്കല്‍ കാഴ്ച്ചപ്പാടൊക്കെ വെറും കപടമാണ് എന്ന് അറിയേണ്ടവര്‍ക്ക് അറിയാം. കഴിഞ്ഞ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തിരഞ്ഞെടുപ്പില്‍ മലങ്കര സഭയുടെ പ്രതിനിധിയെ പുറത്താക്കാന്‍ നടത്തിയ നികൃഷ്ട ശ്രമങ്ങളും അതിനുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടുകളും പൊതുജനത്തിന് അറിയില്ലാ എങ്കിലും അതുമായി ബന്ധപ്പെട്ടവര്‍ക്ക് നന്നായി അറിയാം. പക്ഷേ കേരളത്തിലെ ഒരു സഭയും കൃത്യമായ കണക്കു സൂക്ഷിക്കുന്നില്ലന്നും ഓഡിറ്റു ചെയ്യുന്നുമില്ലന്നുള്ള രീതിയില്‍ സ്വഭാനുഭവത്തില്‍നിന്നും ചാനല്‍ അന്തിച്ചര്‍ച്ചയില്‍ നടത്തിയ അവാസ്തവ പ്രസ്താവന കെ.സി.സി. പ്രസിഡന്റിനു ഭൂഷണമാണോ എന്നു ശ്രീ പണിക്കര്‍ അവര്‍കള്‍ ചിന്തിക്കണം. എന്നിട്ടും ഈ മഹാൻ്റെ രാജി ആവശ്യപ്പെടാത്ത – കൃത്യമായ കണക്കു കൊടുക്കുന്ന – കെ.സി.സി. അംഗ സഭകളും.
എന്തൊക്കയാണ് അങ്കം കുറിപ്പിച്ച ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍ അരുളിച്ചെയ്തതെന്നു പണിക്കര്‍ അവര്‍കള്‍ക്ക് അറിയാമോ? അദ്ദേഹം മേപ്രാലില്‍ നടത്തിയ വഴിയോര പ്രാര്‍ത്ഥന വിടാം. ഒന്നുമല്ലങ്കില്‍ റബര്‍ത്തോട്ട കുര്‍ബാനയേക്കാള്‍ ഭേദമായിരുന്നു അത്. തിരുമൊഴികളില്‍ ഒന്നു മാത്രം പറയാം: മലങ്കര സഭയിലെ പള്ളികളില്‍ ഹിതപരിശോധന നടത്തണം! കാഷ്മീരിൻ്റെ കാര്യത്തില്‍ ദശാബ്ദങ്ങളായി പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതും ഇന്ത്യ നിരാകരിക്കുന്നതുമായ വാദത്തിനു സമാനമാണിത്. കാഷ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത് ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ ഇനി ഹിതപരിശോധന നിരര്‍ത്ഥകമാണ്. അതേപോലെതന്നെ പരമ്പരാഗതമായും, സുപ്രീം കോടിയുടെ ആവര്‍ത്തിച്ചുള്ള വിധിപ്രകാരവും മലങ്കരസഭയുടെ അവിഭാജ്യ ഘടകങ്ങളായ ഇടവക പള്ളികളിലും ഇനി ഹിതപരിശോധനയ്ക്ക് പ്രസക്തിയില്ല.
പിന്നെന്താണ്? മലങ്കര സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ലപോലും! രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ലന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ആവര്‍ത്തിച്ചു വ്യക്തമാക്കിയത് അദ്ദേഹത്തിനു ബാധകമല്ലേ? 1958, 1995, 2017 വര്‍ഷങ്ങളില്‍ ആ ഭരണഘടന സാധുവാണന്നും എല്ലാ പള്ളികള്‍ക്കും ബാധകമാണന്നും വിധിച്ച സുപ്രീംകോടതി ഭരണഘടന കാണാതെയാണോ അപ്രകാരം വിധിച്ചത്? നിയമപ്രകാരം പല പ്രാവശ്യം ഭേദഗതി ചെയ്ത സഭാ ഭരണഘടനയുടെ ഏറ്റവും അവസാനം ഭേദപ്പെടുത്തിയ പകര്‍പ്പാണ് നിലനില്‍ക്കുന്നത് എന്നറിയാതെയാണോ ഏതു പതിപ്പാണ് സ്വീകരിക്കേണ്ടത്? മൂലകൃതി കാണണം എന്നൊക്കെ ജല്പിക്കുന്നത്? ചോദിക്കണം പണിക്കരെ, ചോദിക്കണം.
കാഷ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഹിതപരിശോധന നടത്താറുണ്ട്. അതിനു പൊതുതിരഞ്ഞെടുപ്പ് എന്നു പറയും. ഗ്രാമ പഞ്ചായത്തു മുതല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് വരെ കാഷ്മീരി ജനതയ്ക്ക് ഹിതമുള്ളവരെ അവര്‍ തിരഞ്ഞെടുക്കും. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. അതേപോലെ മലങ്കര സഭയിലെ പ്രശ്‌നബാധിതം അല്ലാത്ത പള്ളികളില്‍പ്പോലും കാലാകാലങ്ങളില്‍ ഹിതപരിശോധന നടക്കുന്നുണ്ട്. നടത്തിയേ പറ്റൂ. പള്ളി കൈക്കാരന്‍, സെക്രട്ടറി, കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന പൊതുയോഗ/ മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ ഇവരെയൊക്കെ തിരഞ്ഞെടുക്കുന്നത് യഥാകാലം നടക്കുന്ന ഈ ഹിതപരിശോധനകളിലാണ്. ഓരോ പള്ളിയുടേയും നിയമാനുസൃത പൊതുയോഗമാണ് ഇപ്രകാരം ചെയ്യുന്നത്. മലങ്കര സഭാ ഭരണഘടനപ്രകാരം അവിടെ എ.ബി.സി. എന്നിങ്ങനെ തിരിച്ചു വിവിധ നിലവാരത്തിലുള്ള അംഗങ്ങളില്ല. എല്ലാവരും തുല്യര്‍. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ വോട്ടു ചെയ്താണ് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നത്. അല്ലാതെ കോടി പുതപ്പിച്ചല്ല. ഇക്കാര്യം പണിക്കരോട് ആരും പറഞ്ഞില്ലേ?
അങ്കക്കിഴി എടുക്കാന്‍ മേപ്രാലില്‍ എത്തിയപ്പോള്‍ ഒരു ശെമ്മാശന്‍ അങ്ങേക്കു സ്വാഗതം പറഞ്ഞതും പരിചയപ്പെടുത്തിയതും പോലും മലങ്കര സഭ, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, സുന്നഹദോസ് സെക്രട്ടറി, അങ്ങയുടെ കുടുംബം എന്നിവയെ അപമാനിക്കുന്ന തരത്തിലായിരുന്നല്ലോ? എന്നിട്ടും പണിക്കര്‍ക്ക് ആത്മാഭിമാനക്ഷതമൊന്നും തോന്നിയില്ലേ?
എങ്കിലും നന്ദിയുണ്ട് പണിക്കരേ, നന്ദി. പണിക്കരുടെ ചീറ്റിപ്പോയ അങ്കത്തില്‍ ഒത്തിരി സത്യങ്ങള്‍ പുറത്തുവന്നു. അവയെല്ലാം മുന്‍ യാക്കോബായ വിഭാഗത്തിലെ ചുവന്ന കുപ്പായധാരികളുടെ പടലപിണക്കങ്ങളായി ഈ ലേഖകന്‍ കാണുന്നില്ല. അങ്കക്കുറി വരച്ചുതന്ന മാര്‍ കൂറിലോസ് ഒഴികെ ആകെ ഒരു ക്‌നാനായ മെത്രാന്‍ മാത്രമാണ് കോട്ടയം ജൂബിലി പാര്‍ക്കിൻ്റെ മുമ്പില്‍നിന്നും ലോഗോസ് സെന്റര്‍ വരെ കാല്‍ കിലോമീറ്റര്‍ നടത്തിയ അങ്കച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്തത് എന്നത് നമുക്ക് മറക്കാം. പ്രാരംഭ ബിന്ദുവില്‍നിന്നും കേവലം നൂറുമീറ്റര്‍ അകലെയാണ് മുന്‍ യാക്കോബായ വിഭാഗത്തിൻ്റെ കോട്ടയം ഭദ്രാസന ആസ്ഥാനമെന്നതും മറക്കാം. പക്ഷേ മുന്‍ യാക്കോബായ വിഭാഗത്തിൻ്റെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും, ഇല്ലാത്ത സുന്നഹദോസിൻ്റെ സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസിൻ്റെയും, കോട്ടയം നഗരത്തിനു 15-20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മറ്റ് മൂന്നുനാല് മെത്രാന്മാരുടേയും പത്തുനൂറ് അച്ചന്മാരുടെയും അഭാവത്തിന് എന്തു മറുപടി പറയും?
ഇതൊക്കെ പോകട്ടെ, മാര്‍ കൂറിലോസിൻ്റെ അസ്‌തേന്തി ഒരു മെത്രാനുണ്ടല്ലോ: മാര്‍ ബര്‍ണബാസ്. മലങ്കര സഭയില്‍ മെത്രാന്‍ പോസ്റ്റിനു പയറ്റി പരാജയപ്പെട്ടപ്പോള്‍ മറുകടകം ചവിട്ടി വിമതവിഭാഗത്തില്‍ ചേക്കേറി മെത്രാനായ വ്യക്തി. അദ്ദേഹത്തേപ്പോലും കോട്ടയത്തെ പയറ്റിനു കാഴ്ചക്കാരനായിപ്പോലും ഇറക്കാന്‍ മാര്‍ കൂറിലോസിനു കഴിഞ്ഞില്ലല്ലോ പണിക്കരെ? അങ്കം കുറിപ്പിച്ചവര്‍ പോര: അല്ലേ പണിക്കരേ?
ഇനി അതും പോകട്ടെ, കോട്ടയത്ത് ഇത്രയൊക്കെ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും കാല്‍സഹസ്രം അനുയാത്രികരെപ്പോലും ഒപ്പിക്കാന്‍ പൊയ്ത്തു കുറിച്ചവര്‍ക്കു കഴിഞ്ഞില്ലല്ലോ പണിക്കരേ? അതിനു മലങ്കരസഭാംഗങ്ങളെ പ്രതീക്ഷിച്ചെങ്കില്‍ പണിക്കര്‍ക്കു പാടെ തെറ്റി. ഇത്തരം തറപ്പണിക്കൊന്നും അവരെ കിട്ടില്ല എന്നറിയാന്‍ വയ്യെങ്കില്‍ പണിക്കര്‍ക്ക് സ്ഥലകാലബോധമില്ല. കീജൈയ് വിളിച്ചുനടക്കുന്ന നാമമാത്രമായ ചില ഊട്ടിലൂണികള്‍ മലങ്കര സഭയിലും ഉണ്ട് എന്നറിയാം. പക്ഷേ അവരെപ്പോലും ഈ കാഴ്ചപ്പൊയ്ത്തിനു കിട്ടില്ല എന്നു പണിക്കര്‍ മുമ്പേ മനസിലാക്കണമായിരുന്നു.
ആരായിരുന്നു പണിക്കരെ കുരിശിൻ്റെ വഴിയില്‍ അനുയാത്ര ചെയ്തത്? നെടുവീര്‍പ്പോടെയും നിലവിളിയോടെയും കൂടിവന്ന എബ്രായ സ്ത്രീകളോ? അതോ മേപ്രാലില്‍നിന്നും കട്ടച്ചിറനിന്നും ഇറക്കുമതി ചെയ്ത ഏതാനും നിസഹായരോ? സ്വന്തം ഇടവകപ്പള്ളികളുടെ വാതിലുകള്‍ അവര്‍ക്കുമുമ്പില്‍ കൊട്ടി അടയ്ക്കപ്പെട്ടിട്ടില്ലന്നുള്ള വസ്തുത മറച്ചുവെച്ച് സ്വന്തം തൊഴിലുറപ്പിക്കാന്‍ നടക്കുന്ന വെളുപ്പും ചുവപ്പും കുപ്പായധാരികളുടെ മസ്തിഷ്‌കപ്രക്ഷാളനത്തിനു അവരല്ലാതെ കോട്ടയത്തെ മുന്‍ യാക്കോബായ വിഭാഗത്തില്‍ ആരെയും കിട്ടിയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം പണിക്കരേ.
പണിക്കരെ, പല സാഹചര്യങ്ങള്‍കൊണ്ട് മുന്‍ യാക്കോബായ വിഭാഗത്തില്‍ ഉള്‍പ്പട്ടു പോയവരില്‍ ഭൂരിപക്ഷത്തിൻ്റെയും സ്വപ്നം ഐക്യം തന്നെയാണ്. അത് ഉള്‍ക്കൊള്ളാന്‍ മലങ്കര സഭ തയാറുമാണ്. വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കാം. നിയമത്തിൻ്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അതിനും മലങ്കര സഭ തയാറാണ്. അല്ലാതെ ചിലരുടെ കുപ്പായം സംരക്ഷിക്കാന്‍ വിഭജനം നടത്താന്‍ മലങ്കര സഭയ്ക്കു സാദ്ധ്യമല്ല എന്നു മനസിലാക്കണം പണിക്കരെ. അങ്ങിനെ എന്തെങ്കിലും ചെയ്താല്‍ ഏതെങ്കിലും മലങ്കരസഭാംഗം കോടതിയെ സമീപിച്ചാല്‍ ഭാഗപത്രം ചീറ്റിപ്പോകും പണിക്കരെ.
പണിക്കരെ, പറ്റുമെങ്കില്‍ കുഞ്ഞാടുകളെ വഴിതെറ്റിക്കാതെ നിയമവാഴ്ചയ്ക്കു വിധേയമായി സ്വന്തം ഇടവകകളില്‍ നില്‍ക്കാന്‍ അവരെ ഉപദേശിക്കാന്‍ അങ്കക്കിഴി വയ്പ്പിച്ചവരോടു പറയുക. കുറഞ്ഞപക്ഷം ജനത്തെ അവരുടെ പാട്ടിനു വിടുവാന്‍ എങ്കിലും ഉപദേശിക്കുക. മേപ്രാലില്‍ സംഭവിച്ചതുപോലെ അവര്‍ അവരുടെ വഴി തിരഞ്ഞെടുത്തുകൊള്ളും. മലങ്കര സഭ അതിന്റെ ദേവാലയ വാതിലുകള്‍ കൊട്ടി അടയ്ക്കുകയുമില്ല.
തോല്‍വി ഉറപ്പാക്കി പണിക്കരെ ചാവേറാക്കി പൊയ്ത്തിനിറക്കിയവര്‍ പോലും പ്രതീക്ഷിക്കാത്തതാണ് കോട്ടയത്ത് സംഭവിച്ചത്. മുന്‍ യാക്കോബായ വിഭാഗത്തിലെ ചുവപ്പ്/വെളുപ്പ് കുപ്പായക്കാരുടെ തൊഴിലുറപ്പ് പദ്ധതികളിലൊന്നിലും ആ വിഭാഗത്തില്‍ നില്‍ക്കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന സാധാരണ ജനത്തിനു താല്‍പ്പര്യമില്ല എന്ന വ്യക്തമായ സന്ദേശമാണ് കൊല്ലം പണിക്കരുടെ കോട്ടയം പൊയ്ത്ത് പ്രകടമാക്കിയത്. ഇനി അങ്കക്കിഴി വെച്ചവര്‍ വല്ല ക്യൂബക്കോ ബൊളീവിയക്കോ പോവുകയാകും ഭേദം.
പണിക്കരെ, പൊയ്ത്തു പ്രചാരത്തിലായിരുന്ന തുളുനാടന്‍/ കോലത്തുനാടന്‍/ കടത്തനാടന്‍ പാരമ്പര്യപ്രകാരം ഒന്നുകില്‍ അങ്കത്തിനിറങ്ങുന്ന ചേവകര്‍ ജയിച്ചുവരണം. അല്ലങ്കില്‍ പൊയ്ത്തില്‍ മരിക്കണം. ഇതുരണ്ടുമല്ലെങ്കില്‍ …പച്ചോലയില്‍ കെട്ടി വലിപ്പിക്കും ഞാന്‍... എന്നാണ് വടക്കന്‍പാട്ടില്‍ ചേവകൻ്റെ സ്വന്തം മാതാവു പോലും പറയുന്നത്. ഈ അവസ്ഥയായി പോയല്ലോ പണിക്കരേ താങ്കള്‍ക്ക്.
പണിക്കരെ, താങ്കളെ ഇല്ലാവചനം പറഞ്ഞ് അങ്കക്കിഴി വെച്ചു ചതിച്ചതാണെങ്കില്‍ ചെയ്യാവുന്ന ഒന്നുണ്ട്. ആ മഹാനോട് ജനം എതിരാണന്നും, അവര്‍ക്കു വേണ്ടത് സമാധാനപരമായ ആരാധിക്കാനുള്ള സാഹചര്യമാണന്നും, ചുവന്ന കുപ്പായം സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലന്നും പറഞ്ഞു മനസിലാക്കുക. എക്യൂമിനിസത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും പേരില്‍ മാദ്ധ്യമ ശ്രദ്ധകിട്ടാന്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നിര്‍ത്തി മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഉപദേശിക്കുക. വെറുതെ വായ്ത്താരി അടിക്കുന്നത് നിര്‍ത്തി സ്വന്തം (എന്നു വിശ്വസിക്കുന്ന) കുഞ്ഞാടുകളോട് ദൈവത്തിൻ്റെയും സ്വന്തം രാജ്യത്തിൻ്റെയും നിയമങ്ങള്‍ അനുസരിക്കാന്‍ ഉദ്‌ബോധിപ്പിക്കാന്‍ ആവശ്യപ്പെടുക. വിസമ്മതിച്ചാല്‍ ദേവലോകത്തിനെതിരെ വീശാന്‍ അവിടുന്നു പണിക്കരെ ഏല്‍പ്പിച്ച ചുരിക നിഷ്‌ക്കരുണം തിരിച്ചു പ്രയോഗിക്കുക. അനീതിക്കെതിരെ തല്‍ക്ഷണം പ്രതികരിക്കുന്നവരാണ് യഥാര്‍ത്ഥ ചേവകര്‍ എന്നു മറക്കേണ്ട.
അടുത്ത വര്‍ഷം, കൃത്യമായി 2020 ജനുവരി 2-ന് വൈകിട്ട് 5.30-ന്, രാ.രാ.ശ്രീ കൊല്ലം പണിക്കര്‍ അവര്‍കള്‍ കോട്ടയം നാഗമ്പടത്ത് വരണം. ഒരു കുരിശിൻ്റെ വഴി നടത്താം. കുരിശ് കൊണ്ടുവരേണ്ട. തടി, സ്റ്റീല്‍, വെള്ളി ഇവയിലൊന്നില്‍ പണിത കുരിശ് അവിടെനിന്നും ലഭിക്കും. അതുമായി കോട്ടയം നഗരമദ്ധ്യത്തിലൂടെ ദേവലോകത്തേയ്ക്കു നടക്കാം. മേല്പട്ടക്കാര്‍, പട്ടക്കാര്‍, ശെമ്മാശന്മാര്‍ അടക്കം നൂറുകണക്കിനു ആളുകള്‍ പിന്തുടരും. ഒരു പോലീസും തടയില്ല. മൈക്കും വാദ്യമേളവും വഴിയില്‍ സ്വീകരണങ്ങളും ഒക്കെ ഉണ്ടാവും. ഫോട്ടോ തീര്‍ച്ചയായും പിറ്റന്നു പത്രങ്ങളില്‍ വരും. ആ കുരിശു ദേവലോകത്ത് എത്തിച്ച് പ. പിതാക്കന്മാരുടെ കബറുങ്കല്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. അവര്‍ മഹാമനസ്‌ക്കര്‍ ആയതിനാല്‍ ചിലപ്പോള്‍ ചെയ്ത തെറ്റ് ക്ഷമിച്ചുകിട്ടും. ഇല്ലങ്കില്‍ 2021-ലും 2022-ലും അതേ ദിവസം അതേ സമയം ഇത് ആവര്‍ത്തിക്കുക. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പെരുന്നാള്‍ തലേന്ന് ഈ റാസാ പ്രതിവര്‍ഷം ഉള്ളതാണ്. ക്ഷമിച്ചു കിട്ടുംവരെ ഇത് ആവര്‍ത്തിക്കുക. ക്ഷീരബല 101 ആവര്‍ത്തിക്കുന്നതുപോലെ
ഡോ. എം. കുര്യന്‍ തോമസ്
https://ovsonline.in/articles/comrade-coorilos/