പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണ നവതി ആഗസ്റ്റ് 17 ന് കുണ്ടറ സെമിനാരിയിൽ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ഉദ്ഘാടന സമ്മേളനം ആഗസ്റ്റ് 17ന് ശനി 2 മണിക്ക് കുണ്ടറ സെമിനാരിയില്‍ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷം വഹിക്കും. നവതി മാംഗല്യം പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ സമര്‍പ്പണം ചെയ്യും. നവതി വര്‍ഷ കര്‍മ്മരേഖ പ്രകാശനം എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വ്വഹിക്കും. ഫാ.ഡോ. റ്റി.ജെ ജോഷ്വാ അനുസ്മരണ പ്രഭാഷണം നടത്തും. മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, ഫാ. സോളു കോശി രാജു, കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മൂന്നാം കാതോലിക്കാ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കോട്ടയം കുറിച്ചിയില്‍ കല്ലാശ്ശേരില്‍ ഉലഹന്നാന്‍റെയും ആച്ചിയമ്മയുടെയും പുത്രനായി 1874 ജൂണ്‍ 15 ന് ജനിച്ചു. 1892 ഏപ്രില്‍ 24 ശെമ്മാശപട്ടവും, 1898 നവംബര്‍ 24 ന് വൈദീകപട്ടവും ലഭിച്ചു. 1898 നവംബര്‍ 27 ന് റമ്പാനായി. 1912 സെപ്റ്റംബര്‍ 8 ന് ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി. 1929 ഫെബ്രുവരി 15 ന് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കയായി. മലങ്കര മെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാലം ചെയ്തതിനെ തുടര്‍ന്ന് 1934 ല്‍ മലങ്കര മെത്രാപ്പോലീത്തയായി. 1964 ജനുവരി 3 ന് കാലം ചെയ്തു.*
സമൂഹത്തിന്‍റെ വികസനത്തിന് ക്രൈസ്തവരുടെ പങ്കാളിത്തം അനിവാര്യമാണെന്നു വിശ്വസിച്ച ബാവാ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. മലയാള സാഹിത്യ ചരിത്രത്തില്‍ കത്തുകളുടെ രൂപത്തില്‍ ശ്രദ്ധേയമായ ഒരു യാത്രാവിവരണം തയ്യാറാക്കിയത് ഇദ്ദേഹമാണ്. നിരവധി പുസ്തകങ്ങള്‍ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. കോട്ടയം പഴയസെമിനാരി മല്‍പ്പാനായും, പരുമല സെമിനാരി മാനേജരായും സേവമനുഷ്ഠിച്ചിട്ടുണ്ട്.
ഇതരക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാരായും മറ്റു സാമുദായിക സംഘടനാ നേതാക്കളുമായും വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ രാജ്യരക്ഷാനിധിയിലേക്കു സ്വര്‍ണ്ണവും പണവും സംഭാവന ചെയ്യാന്‍ സഭ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും കൈവശം ഉണ്ടായിരുന്ന പണവും 20 പവന്‍ സ്വര്‍ണ്ണവും അന്നത്തെ മുഖ്യമന്ത്രിക്ക് കൈമാറി അദ്ദേഹം രാജ്യസ്നേഹം പ്രകടമാക്കി. ദളിത് സമൂഹത്തിന്‍റെ സമഗ്രവിമോചനത്തിനായി പ്രവര്‍ത്തിച്ച നവോത്ഥാന നായകനായിരുന്നു ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിക്കുന്നതിനായി ക്രൈസ്തവരുടെ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കോട്ടയം തിരുനക്കര മൈതാനത്തിന്‍റെ ശിലാസ്ഥാപനം 1961 ജനുവരി 26 ന് ബാവാ നിര്‍വ്വഹിച്ചു.
ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ ഭരണകാലത്താണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടന 1934 ല്‍ പാസാക്കിയത്. 1932 ലും 1951 ലും കോട്ടയം പഴയസെമിനാരിയില്‍ വെച്ച് വി.മൂറോന്‍ കൂദാശ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലാണ് സമുദായകേസില്‍ 1958 ല്‍ അനുകൂലമായി വിധി ഉണ്ടാവുകയും അതിനെ തുടര്‍ന്ന് സഭയില്‍ സമാധാനവുമുണ്ടായത്.
1937 ല്‍ എഡിന്‍ ബറോയില്‍ നടന്ന അഖില ലോക സഭ സമ്മേളനത്തില്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ പങ്കെടുത്തു. മലങ്കര സഭ മാസിക 1946 ല്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സ്ഥാപിച്ചതും അദ്ദേഹമാണ്. പൗലോസ് പ്രഥമന്‍ ബാവായുടെയും ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെയും കാതോലിക്കാ സ്ഥാനാരോഹണത്തിനു സഹകാര്‍മ്മികത്വം വഹിച്ചു. പതിനൊന്നു മേല്പട്ടക്കാരെ വാഴിച്ചു. മലങ്കരയില്‍ ആദ്യമായി അഞ്ച് മേല്പട്ടക്കാരെ ഒരുമിച്ചു വാഴിച്ചതും ഗീവര്‍ഗീസ് രണ്ടാമന്‍ ബാവയാണ്. 1947 ല്‍ എല്‍ദോ മാര്‍ ബസേലിയോസ് ബാവായേയും, പരുമല തിരുമേനിയെയും പരിശുദ്ധന്മാരായി അദ്ദേഹം പ്രഖ്യാപിച്ചു.
35 വര്‍ഷം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഭരണകാലത്താണ് എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയും, സൈപ്രസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മക്കാറിയോസ് കകക നും, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ വസ്ക്കന്‍ കാതോലിക്കോസും മലങ്കര സന്ദര്‍ശിച്ചത്.