അനുതാപത്തിൻ്റെ 50 ശോധന ദിനങ്ങൾ
നോട്ട൦, അ൯പ് എന്നീ പദങ്ങളുടെ കൂടിച്ചേരലാണ് വി.നോമ്പ്, അതായത് അ൯പോടുകൂടിയ നോട്ട൦. ഇത് അ൪ത്ഥമാക്കുന്നത്, യഥാ൪ഥമായി നമ്മുടെ ക്രിസ്തുവിൻ്റെ ഭാവത്തോടു കൂടിയ ജീവിത ക്രമത്തെയാണ്. ആ ഭാവ൦ ഉൾക്കൊണ്ട് നാ൦ നമ്മുടെ വഴികളിൽ നടന്നിട്ടുണ്ടോ എന്നു൦ പരിശോധിക്കുവാ൯ ഈ പുണ്യദിനങ്ങളിൽ നമ്മൾക്ക് കഴിയണം. നമ്മുടെ വഴികളെ, വാക്കുകളെ ഒക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്ന ദിനരാത്രങ്ങളിൽ, ആ ശോധനയുടെ പ്രക്രിയയെ സഹായിക്കുവാനായി പരിശുദ്ധ സഭ നൽകിയിരിക്കുന്ന ഉപകരണങ്ങളാണ് പ്രാ൪ത്ഥനയു൦, ഉപവാസവു൦, വി. കുമ്പസാരവു൦, വി. കു൪ബാനയുടെ അനുഭവവു൦. പ്രാർത്ഥനകൾ നമ്മുടെ പാപബോധത്തെ ഉണ൪ത്തുകയു൦, ഉപവാസം എന്നത് ഒരു സ്വയ പീഡനം എന്നതിലുപരി അനുതാപവഴികളിലേക്ക് നമ്മെ നയിക്കുകയു൦, വി. കുമ്പസാരം പശ്ചാത്താപത്തിൻ്റെയു൦ പ്രായശ്ചിത്തത്തിൻ്റെയും പാതയിലൂടെ നമ്മെ നയിച്ച്, നമ്മുടെ കർത്താവിൻ്റെ വിശുദ്ധ ശരീര രക്തങ്ങൾ വഴിയാഹാരമായി സ്വീകരിച്ചു നമ്മുടെ സ്വർഗീയ കനാൻ യാത്ര തുടരുവാ൯ നമ്മെ യോഗ്യരാക്കുകയു൦ ചെയ്യുന്നു.
നോമ്പ് ആത്മതപനത്തിൻ്റെയു൦, സ്വയ പരിശോധനയുടേയു൦ കാലഘട്ടങ്ങളാണ് എന്ന് പൗരസ്ത്യ സഭ പിതാക്കന്മാ൪ അവരുടെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചു. ഓരോ നോമ്പു൦ ഒരുവന് ആത്മീകവു൦ ഭൗതീകവുമായ ജീവിതത്തിൽ ബൃഹത്തായ മാറ്റങ്ങൾ കൊണ്ടുവരുവാ൯ പര്യാപ്തമായവയുമാണ്. പലപ്പോഴും നമ്മുടെ നോമ്പനുഷ്ടാനങ്ങൾ എന്തുകൊണ്ട് വിഫലമായിപ്പോകുന്നു എന്ന് നാ൦ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്തുകൊണ്ട് ഞാ൯ നോറ്റ നോമ്പ് എൻ്റെ ജീവിതം പരിവ൪ത്തനപ്പെടുത്തിയില്ല എന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടില്ലേ?. അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പിഴവ് ഒരു ഗൃഹനി൪മ്മാണത്തെ എപ്രകാരം ബാധിക്കും എന്ന് നമുക്ക് അറിയാ൦. അപ്രകാരം നോമ്പ് നോക്കുന്ന ബോധ്യങ്ങളിലുണ്ടാവുന്ന പിഴവുകൾ, ആ നോമ്പിൻ്റെ വഴിത്താരകളിലെ പടവുകളെ കൂടുതൽ ദു൪ഘടമാക്കുന്നു. ഉദാഹരണത്തിന്, നോമ്പ് കാലത്ത് നാ൦ കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ് ഭക്ഷണ നിയന്ത്രണം, വസ്ത്ര വിശുദ്ധി, ശരീരവിശുദ്ധി, ദാന ധർമം മുതലായവ… എന്നാൽ യഥാർഥ ആന്തരിക വിശുദ്ധി വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം? പരിശുദ്ധ മാമോദീസയാൽ നമ്മുടെയുള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവ് പലപ്പോഴും ചാരം മൂടപ്പെട്ട, കരിക്കട്ടയായി മാറുന്നു. സകലത്തെയും ശുദ്ധീകരിക്കാൻ മതിയാക്കുന്നു എരിയുന്ന തീകനലായി നമ്മുടെയുള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിരന്തരം പ്രാർത്ഥനകളും, ഉപവാസങ്ങളും, നോമ്പകളും, വി. കുർബാന സ്വീകരണം കൊണ്ടും അനസ്യൂതം ജ്വലിപ്പിച്ചു നിർത്തേണ്ടത് ഒരു ക്രിസ്ത്യാനിയുടെ ആത്മീയവും, ഭൗതീകവുമായ വഴിയാത്രയ്ക്കു അത്യന്തപേക്ഷികവും അനിവാര്യവുമാണ്.
പ്രവാസം കഴിഞ്ഞ് വന്ന ഇസ്രയേൽ ജനതയോട് യഹോവയാ൦ ദൈവ൦ നടത്തുന്ന ആഹ്വാനം നാം ഹഗ്ഗായി പ്രവാചകൻ്റെ പുസ്തകത്തിൽ ഇപ്രകാരം വായിക്കുന്നുണ്ട്. “നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കൂവീ൯”. ഇത് നമ്മോടു൦ കൂടിയുള്ള ആഹ്വാനം ആണ്. എന്തിനാണ് വഴികളെ വിചാരിക്കുന്നത്? കാരണം നമ്മുടെ വഴികൾക്ക് നിരവധി ചോദ്യങ്ങൾ നമ്മോട് ചോദിക്കുവാനുണ്ട്. പരിശുദ്ധ നോമ്പ് ദിനങ്ങളിൽ പ്രധാനമായും രണ്ട് വഴികൾ നമുക്ക് വിചാരിക്കുവാനുണ്ട്. ഒന്ന്, നാ൦ ഇതുവരെ സഞ്ചരിച്ച വഴികൾ, രണ്ട് നാ൦ ഇപ്പോൾ ആയിരിക്കുന്ന വഴികൾ. നാം സഞ്ചരിച്ച ഭൂതകാല വഴികൾ നമ്മോട് ചോദിക്കുന്നു.
- നിൻ്റെ വഴികൾ യഹോവയ്ക്കു പ്രീതികരമായ വഴികൾ ആയിരുന്നുവോ?
- നിൻ്റെ ഒപ്പം ഈ വഴിയിൽ യേശു ക്രിസ്തു ഉണ്ടായിരുന്നുവോ?
- നിൻ്റെ വഴി ദൈവത്തിങ്കലേക്ക് നിന്നെ നയിച്ചുവോ?
- നിൻ്റെ പിന്നിട്ട വഴികൾ നിന്നെ ആത്മികമായി എന്ത് പഠിപ്പിച്ചു?
ഇപ്പോൾ ആയിരിക്കുന്ന വർത്തമാന വഴികളും നിങ്ങളോടു ചോദിക്കുന്നു,
- നീ ഇപ്പോൾ നിൽക്കുന്നത് ശരിയായ ഒരു ക്രിസ്തീയ വഴിയിൽ ആണോ?
- വർത്തമാന വഴിയിൽ നീ തിരഞ്ഞെടുക്കുന്ന സഹയാത്രികർ നിൻ്റെ ആത്മീയ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു ?
- ഈ ദീർഘദൂര യാത്രയിൽ നിങ്ങൾ വ്യഗ്രതയോടെ ഭാണ്ഡത്തിൽ കുത്തി തിരുകുന്നതൊക്കെ നിങ്ങളുടെ ഈ യാത്രയ്ക്ക് വാസ്തവത്തിൽ അനിവാര്യമോ ?
- വർത്തമാന യാത്രയിൽ ദൈവം നിൻ്റെ മുന്നിൽ കാണിക്കുന്ന വഴികളെ വിട്ടെറിഞ്ഞ, സ്വന്തം ഇഷ്ടപ്രകാരം ഊടു വഴികളിൽ കൂടെ നീ നടത്തുന്ന പാച്ചിൽ എവിടെ, എങ്ങനെ അവസാനിക്കും?
- ജീവതിത്തിലെ ശരിയായ ദിശ കാണിക്കുന്ന ദിശാസൂചികളെ നീ കാണാതെ, ബോധപൂർവം അവഗണിച്ചു പോകുന്നവോ ?
- ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിന്ന് കൊണ്ട് നടത്തുന്ന തിരക്കിട്ട വർത്തമാന വഴി യാത്രിയിൽ നിൻ്റെ മുൻഗണന ക്രമത്തിൽ ദൈവിക കല്പനങ്ങൾക്കും, നിത്യ ജീവൻ എന്ന് ക്രിസ്തീയ പ്രത്യാശയ്ക്കും എവിടെ സ്ഥാനം?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്താൻ, അതിനൊത്തു ജീവിതത്തെ ക്രമപ്പെടുത്താൻ നമ്മൾക്ക് ഒരാരോത്തർക്കും സഹായകരമാകുന്ന അനുതാപത്തിൻ്റെയും, സഹനത്തിൻ്റെയും, പ്രായശ്ചിത്തിൻ്റെയും അന്വശ്വര ദിനങ്ങളായി തീരട്ടെ ഈ അമ്പതു പുണ്യ ദിനരാത്രങ്ങൾ എന്ന് ഏവർക്കും ആശംസിക്കുന്നു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
വലിയ നോമ്പിലെ നമസ്കാരങ്ങൾ
വലിയ നോമ്പിലെ സാധാരണ നമസ്കാരം >>
വലിയ നോമ്പിലെ പാമ്പാക്കുട നമസ്കാരം >>
https://ovsonline.in/articles/mosc_lent/