Departed Spiritual FathersOVS - Latest News

“മലങ്കരയുടെ ധർമ്മയോഗി” മാർ തേവോദോസിയോസിന്‍റെ ഗര്‍ജ്ജനം പ്രസക്തമാകുബോള്‍

ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്രം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രോപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുന്നില്ല . ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനു  വേണ്ടി അടരാടും ‘ – മലങ്കര സഭയുടെ സ്വാതന്ത്രം തീറെഴുതാനും അബ്ദൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല 

ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു.ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന സഭാ വിമതര്‍ ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി.ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി.മാര്‍ തേവോദോസ്യോസിന് അസ്വീകാര്യമായിത്തീര്‍ന്ന വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്. സമാധാനത്തിനുവേണ്ടി ആയാലും അതില്‍ അയവു കാട്ടാന്‍ അദ്ദേഹം വിസമ്മതിച്ചു: (1) കാതോലിക്കോസ് പാത്രിയര്‍ക്കീസിനു ശല്‍മൂസ നല്‍കണം. (2) പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍ മലങ്കരയില്‍ ഉപയോഗിക്കണം. (3) കാതോലിക്കോസിന്‍റെ പേരില്‍ ഏതെങ്കിലും പരാതി ഉണ്ടായാല്‍ അതു പാത്രിയര്‍ക്കീസിന്‍റെ മുമ്പില്‍ മാത്രം സമര്‍പ്പിക്കണം. പാത്രിയര്‍ക്കീസ് അതെപ്പറ്റി അന്വേഷിക്കുന്നു എങ്കില്‍ അതു സുന്നഹദോസ് വഴി നടത്തണം. സുന്നഹദോസിന്‍റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസ് തീര്‍പ്പു കല്‍പിക്കണം. അത് അവസാന തീരുമാനം ആയിരിക്കും. മറ്റ് ഏഴു വ്യവസ്ഥകളില്‍ റിശീസ്സാ കൊടുക്കണമെന്നുള്ള വ്യവസ്ഥ ഒരു അധീശത്വം കല്‍പിക്കുന്ന തരത്തിലായിരിക്കരുതെന്നും തിരുമേനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.ഈ വ്യവസ്ഥകള്‍ തോക്കു ചൂണ്ടി സമ്മതിപ്പിച്ചതായതുകൊണ്ട് താന്‍ അതിനെ നിഷേധിക്കുമെന്നു പ. കാതോലിക്കാ ബാവാ തിരുമേനി പഴയസെമിനാരിയില്‍ എത്തിയ ഉടനെ പ്രസ്താവിക്കുകയുണ്ടായി.

മലങ്കര ഓര്‍ത്തഡോക്സ് സഭ ‘സ്വയംഭരണ നേതൃത്വമുള്ള ഒരു സഭ’യായിരിക്കണമെന്ന് മാര്‍ തേവോദോസ്യോസിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭാരതത്തിലെ ദേശീയ സഭയാണ് ഓര്‍ത്തഡോക്സ് സഭ. അതിന് ഉള്‍ഭരണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതിന്‍റെ അസ്തിത്വവും വ്യക്തിത്വവും ഒരു വിദേശസഭയ്ക്കും അടിയറ വയ്ക്കുവാനുള്ളതല്ല. നമ്മുടെ പാരമ്പര്യവും പട്ടത്വവും പരിരക്ഷിക്കണം. ഈ വിധത്തിലാണ് സഭയെക്കുറിച്ച് മെത്രാപ്പോലീത്താ പഠിപ്പിക്കാറുണ്ടായിരുന്നത്. സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്ര്യം ഇവ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ, അതിനെതിരായി ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു.

മറ്റൊരു ഘട്ടത്തില്‍, സഭാകാര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
“അപൂര്‍വ്വം സഭകള്‍ക്കു ലഭിച്ചിട്ടുള്ള ഒരു പദവിയാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു ലഭിച്ചിട്ടുള്ളത്. അതിന്‍റെ സ്ഥാപകനായ മാര്‍ത്തോമ്മാ ശ്ലീഹാ ഇവിടെത്തന്നെ രക്തസാക്ഷിയായിത്തീര്‍ന്നു എന്നുള്ളതാണ് ആ മഹോന്നതമായ പദവി. 1665 മുതലാണ് നമുക്ക് അന്ത്യോഖ്യാ സഭയുമായി ബന്ധം ഉണ്ടാകുന്നത്. അന്നു മുതല്‍ പാത്രിയര്‍ക്കീസന്മാര്‍ അവരുടെ അധികാരം ഇവിടെ സ്ഥാപിച്ച് മലങ്കരസഭയുടെ ഭരണകര്‍ത്താക്കളാകുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ കൈയേറ്റത്തെ ധീരമായി എതിര്‍ത്തു സഭയുടെ ഭരണസ്വാതന്ത്ര്യം സംരക്ഷിച്ചതു വട്ടശ്ശേരില്‍ തിരുമേനിയാണ്. തിരുമേനി സഭയുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി സ്വജീവന്‍പോലും കരുതാതെ പോരാടി. 1912-ല്‍ കാനോനിക പൗരസ്ത്യ കാതോലിക്കേറ്റ് ഇന്ത്യയിലെ സുന്നഹദോസിന്‍റെ സഹകരണത്തോടുകൂടി അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ പുനഃസ്ഥാപിച്ചു. അതോടെ സഭ സ്വയംപര്യാപ്തതയില്‍ എത്തി. ഇനിയും സഭയ്ക്കു യാതൊരു ശങ്കയ്ക്കും വകയില്ല. ഒരു പ്രലോഭനത്തിനും കീഴടങ്ങേണ്ട കാര്യവുമില്ല. സഭയ്ക്കു പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയുമുണ്ട്. സഭാഭരണത്തിനു ബാര്‍ എബ്രായയുടെ ഹൂദായ കാനോന്‍ കൂടാതെ, മലങ്കര അസ്സോസിയേഷന്‍ പാസ്സാക്കിയതും, സിനഡ് അംഗീകരിച്ചതുമായ ഭരണഘടനയുണ്ട്. അതനുസരിച്ച് സഭാകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയാല്‍ മതി. പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ അടിയുറച്ച ഭരണഭീതി, നമുക്കു മാത്രമല്ല, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ക്കെല്ലാം ഉള്ളതാണ്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളെല്ലാം ഓരോ രാജ്യത്ത് അതാതു സഭയുടെ മേലദ്ധ്യക്ഷന്‍റെ കീഴില്‍ പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യത്തിലും സ്വയംപര്യാപ്തതയിലും കഴിഞ്ഞുകൂടുന്ന തനി ദേശീയ സഭകളാണ്. പാത്രിയര്‍ക്കീസ് ബാവായോട് നമുക്ക് സ്നേഹവും ബഹുമാനവുമാണുള്ളത്. അത് ഓര്‍ത്തിരിക്കണം. സ്നേഹബഹുമാനങ്ങള്‍ക്ക് കുറവു വരാന്‍ പാടില്ല. അതു പാലിക്കണം. എന്നാല്‍ ഇവിടുത്തെ ഭരണത്തില്‍ പ്രവേശിപ്പാന്‍ അദ്ദേഹത്തിനു യാതൊരു അധികാരവുമില്ല. ബന്ധം എല്ലാം കാനോനും ഭരണഘടനയ്ക്കും വിധേയമാണ്.

“മലങ്കരയുടെ ധര്‍മ്മയോഗി”   അലക്‌സിയോസ്‌ മാര്‍ തേവോദോസ്യോസ്‌ (1888–1965)

റാന്നി–പെരുനാട്‌ ബഥനി ആശ്രമത്തിന്റെ സ്ഥാപകരിലൊരാള്‍. നിരണം മട്ടയ്ക്കല്‍ മത്തായി–കുഞ്ഞാണ്ടമ്മ ദമ്പതിമാരുടെ പുത്രന്‍. ജനനം. 28–8–1888. കോളജ്‌ വിദ്യാഭ്യാസം കോട്ടയം സി. എം. എസ്‌. കോളജില്‍ പൂര്‍ത്തിയാക്കി. കോട്ടയം ചെറിയപള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക ശെമ്മാശുപട്ടം നല്‍കി. 1915 മുതല്‍ ഈസ്റ്റ്‌ ബംഗാളിലെ ബാരിസോള്‍ ഡിവിനിറ്റി കോളജ്‌, ഇംഗ്ലണ്ടിലെ മെല്‍ഫിസിലിം, സെറാമ്പൂര്‍ എന്നിവിടങ്ങളില്‍ ദൈവശാസ്‌ത്രത്തില്‍ ഉപരിപഠനം. 1918–ല്‍ പരുമല വച്ച്‌ യൂയാക്കീം മാര്‍ ഈവാനിയോസ്‌ കശ്ശീശാപട്ടം നല്‍കി. 1920–ല്‍ ഫാ. പി. റ്റി. ഗീവര്‍ഗീസുമായി (മാര്‍ ഈവാനിയോസ്‌) ചേര്‍ന്ന്‌ സന്യാസവ്രതം സ്വീകരിച്ച്‌ ബഥനി ആശ്രമം സ്ഥാപിച്ചു. ബഥനി മാര്‍ ഈവാനിയോസ്‌ കത്തോലിക്കാ സഭയില്‍ ചേര്‍ന്നപ്പോള്‍ ആബോ അലക്‌സിയോസ്‌ 1930–ല്‍ ബഥനി ആശ്രമത്തിന്റെ അധ്യക്ഷനായി. 1938 ഏപ്രില്‍ 7–ന്‌ കര്‍മ്മേല്‍ ദയറായില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ മാര്‍ തേവോദോസ്യോസ്‌ എന്ന നാമത്തില്‍ എപ്പിസ്‌ക്കോപ്പാ ആക്കി കൊല്ലത്തിന്റെയും ബാഹ്യകേരള ഭദ്രാസനത്തിന്റെയും ചുമതല നല്‌കി. ഇന്നത്തെ ബാഹ്യകേരള ഭദ്രാസനങ്ങള്‍ക്ക്‌ അടിത്തറ പാകിയ ഇദ്ദേഹത്തെ 1941 ഏപ്രില്‍ 8–ന്‌ ആലുവാ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജ്‌ ചാപ്പലില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ മെത്രാപ്പോലീത്താ ആക്കി ഉയര്‍ത്തി. മാര്‍ ഈവാനിയോസിന്റെ സഭാ ഭ്രംശത്തെത്തുടര്‍ന്ന്‌ ബഥനി ആശ്രമത്തെ സുസംഘടിതമാക്കി പരിപോഷിപ്പിക്കുന്നതിനും പാത്രിയര്‍ക്കീസ്‌ കക്ഷിയുടെ തത്വരഹിതമായ കപട സമാധാന ചര്‍ച്ചകളില്‍ ചതിവുകള്‍ പറ്റാതെ തത്വാധിഷ്‌ഠിത സിദ്ധാന്തങ്ങളില്‍ സഭയെ ചിട്ടപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന്റെ പങ്കാളിത്തവും നേതൃത്വവും ശ്രദ്ധേയമായിരുന്നു.ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നിന്ന്‌ സുധീരം ഇറങ്ങിപ്പോയ അദ്ദേഹം ” ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്രം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രോപ്പോലിത്തയായി കഴിയുവാൻ ആഗ്രഹിക്കുനില്ല . ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വതന്തൃയത്തിനു വേണ്ടി അടരാടും ‘ – മലങ്കര സഭയുടെ സ്വാതന്ത്രിയം തിറെഴുതാനും അബ്ദൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല ” എന്ന് പ്രസ്താവിച്ചു . മാര്‍ ഈവാനിയോസ്‌, മാര്‍ തെയോഫിലോസ്‌, വാളക്കുഴിയില്‍ ജോസഫ്‌ മാര്‍ സേവേറിയോസ്‌ എന്നിവര്‍ സഭാത്യാഗം ചെയ്‌തപ്പോള്‍ ബഥനിയെ അതിന്റെ സ്ഥാപനോദ്ദേശ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വം സഹായകമായി. മലങ്കരസഭയെ ലോക സഭകള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിലും, എക്യുമെനിക്കല്‍ രംഗത്തേക്ക്‌ ആരംഭ ഘട്ടത്തില്‍ തന്നെ മലങ്കരസഭയെ പ്രവേശിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. അഖില ലോക സഭാ കൌണ്‍സിലിന്റെ കേന്ദ്ര കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1965 ആഗസ്റ്റ്‌ 6–ന്‌ കൂടാരപ്പെരുന്നാള്‍ ദിനത്തില്‍ ദിവംഗതനായി. റാന്നി–പെരുനാട്‌ ബഥനി ആശ്രമം ചാപ്പലില്‍ കബറടക്കി.

2015-ല്‍ മാര്‍ തേവോദോസിയോസിനെ മലങ്കരയുടെ ധര്‍മ്മയോഗി എന്ന ബഹുമാനനാമം നല്‍കി മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിച്ചു.

error: Thank you for visiting : www.ovsonline.in