ഈസ്റ്റർ ദിനത്തിൽ സമാധാനത്തിന് ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു
കോട്ടയം: ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിച്ച് പ്രത്യാശ പകരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ആശാവർക്കർമാർ രണ്ട് മാസത്തിലധികമായി സമരം ചെയ്യുന്നു. അവർ വീട്ടമ്മമാരാണ്. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി പുന:പരിശോധിക്കണമെന്നും പരിശുദ്ധ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
ദുരിതങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്തുവിന്റെ ഉയർപ്പ് പ്രത്യാശയേകണമെന്നും കാതോലിക്ക ബാവ ചൂണ്ടിക്കാണിച്ചു. ഗാസയിലും, യുക്രെയ്നിലും ജനം ഭീതിയോടെ കഴിയുന്നു. അനേകായിരം നിർദോഷികൾ കൊല്ലപ്പെടുന്നു. യുദ്ധങ്ങൾ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാൻ പ്രാർത്ഥിക്കണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.
മലയോരജനതയും ആദിവാസിസമൂഹവും തീരദേശജനതയും ദുരിതങ്ങളുടെ തടവറയിലെന്നും ഈസ്റ്റർ സന്ദേശത്തിനിടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ചൂണ്ടിക്കാണിച്ചു. വനം വകുപ്പ് പരിശ്രമിച്ചാൽ മാത്രമേ ആ ജനതയ്ക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ. മുനമ്പം വിഷയത്തെക്കുറിച്ചും പരിശുദ്ധ കാതോലിക്ക ബാവ പരാമർശിച്ചു. കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർധിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. നമ്മുടെ ഗ്രാമങ്ങളിൽ എത്രയോ മതങ്ങൾ സൗഹാർദ്ദത്തോടെ കഴിയുന്നു. ആ സൗഹാർദ്ദ അന്തരീക്ഷത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തി. മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണം. സർക്കാർ അവരുടെ പ്രശ്നം പരിഹരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
മലങ്കരസഭയിൽ സമാധാനം ഉണ്ടാകണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. മുൻകാലങ്ങളിൽ സമാധാനം സംജാതമായപോലെ വീണ്ടും ഒരുമിക്കാൻ മലങ്കരസഭയ്ക്ക് കഴിയണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ വ്യക്തമാക്കി. കേരളത്തിൽ ആത്മഹത്യകൾ വർധിക്കുന്നതിലും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമെന്നും പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.