OVS - Latest NewsOVS-Kerala News

കോടതി വിധികളിൽ സർക്കാരിന് ‘മുരട്ടത്താപ്പ്’: ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്

കറ്റാനം (ആലപ്പുഴ) ∙ സംസ്ഥാന സർക്കാരും ചില രാഷ്ട്രീയ നേതാക്കളും കോടതി വിധികളോടു കാണിക്കുന്ന പരസ്പരവിരുദ്ധ സമീപനം ഇരട്ടത്താപ്പിനപ്പുറം മുരട്ടത്താപ്പ് ആണെന്ന് ഓർത്തഡോക്സ് സഭ എപ്പ‍ിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ‍ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്.

കട്ടച്ചിറ പള്ളിയിലെ ആരാധനാവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാവേലിക്കര ഭദ്രാസനം സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വിധി സംബന്ധിച്ച ചർച്ചകളിലൂടെ ഓർത്തഡോക്സ് സഭയെ പ്രതിസ്ഥാനത്തു നിർത്തുകയും യഥാർഥ പ്രതികളെ ഇരകളായി ചിത്രീകരിക്കുകയും ചെയ്യുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തി ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെടുന്നവർ 1958 മുതൽ 2002 വരെ ഓർത്തഡോക്സ് സഭ അനുരഞ്ജന ചർച്ചകൾകക്കായി എടുത്ത ശ്രമങ്ങളുടെ പട്ടികയെടുത്ത്, അപ്പോഴെല്ലാം ചർച്ചകൾ മുടക്കി പ്രശ്നം സൃഷ്ടിച്ചതാരെന്നു പരിശോധിക്കണം. ലളിതമായ സുപ്രീം കോടതി വിധി മനസ്സിലാക്കാൻ ബുദ്ധിയുള്ളവർ സർക്കാരിലുണ്ടോയെന്നു നോക്കണം.

ശബരിമലയിൽ വിധി നടത്തുന്നതിന് എതിരെ നിന്നവരെ അറസ്റ്റ് ചെയ്ത സർക്കാരിന് പിറവത്തും കോതമംഗലത്തും കൈവിറച്ചു. നിയമത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികൾ രാജിവയ്ക്കണം. കുറഞ്ഞപക്ഷം, അവർ ഓർത്തഡോക്സ് സഭയുടെ പടികൾ കയറരുതെന്നു യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.

മാവേലിക്കര ഭദ്രാസനം സഹായമെത്രാൻ അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ ഓർത്തഡോക്സ് സഭയുടെ ദേശീയതയ്ക്കെതിരെ നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോടതിവിധികളും സർക്കാരിൻ്റെ ഭരണഘടനാപരമായ ബാധ്യതകളും അഡ്വ. പ്രശാന്ത് പത്മനാഭൻ വിശദീകരിച്ചു.

സഭ നേരിടുന്ന നീതിനിഷേധങ്ങൾ സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ. ഡോ. വർഗീസ് വർഗീസ് മീനടം വിവരിച്ചു. കറ്റാനം വലിയ പള്ളി വികാരി ഫാ. കെ.പി.വർഗീസ് ഭക്തിപ്രമേയവും സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. ജേക്കബ് ജോൺ പ്രതിഷേധ പ്രമേയവും അവതരിപ്പിച്ചു.

ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തോമസ് പോൾ റമ്പാൻ, കറ്റാനം വലിയ പള്ളി കൈസ്ഥാനി വി.എം.ചെറിയാൻ, ജനറൽ കൺവീനർ ഫാ. ജോൺസ് ഈപ്പൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രതിഷേധ പ്രകടനവും നടന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Posted by GregorianTV on Sunday, 30 December 2018

https://ovsonline.in/latest-news/the-truth-will-set-you-free/

error: Thank you for visiting : www.ovsonline.in