OVS - ArticlesOVS - Latest News

റമ്പാച്ചാ! വെറുതെ നൂറു വർഷം കളഞ്ഞല്ലോ !!!

..അതിനാൽ ഉന്നതമായ മേൽപ്പട്ട സ്ഥാനത്തുനിന്ന് ഞാൻ നിങ്ങളെ മുടക്കുകയും തള്ളുകയും ഉരിയുകയും ചെയ്തിരിക്കുന്നു. നിങ്ങൾ മേൽപ്പട്ടക്കാരനോ കത്തനാരോ അല്ല. മേൽപ്പട്ടക്കാരുടെയും കത്തനാരുടെയും കൂട്ടത്തിൽ നിന്ന് നിങ്ങളെ ഞാൻ തള്ളിയിരിക്കുന്നു. ഞാൻ നിങ്ങൾക്കു തന്നത് നിങ്ങളിൽ നിന്ന് എടുക്കുകയും ചെയ്തിരിക്കുന്നു.

വായിക്കുമ്പോൾ ഏതോ ആക്ഷൻ സിനിമയിലെ പഞ്ച് ഡയലോഗ് പോലെ തോന്നുന്ന ഈ വാക്കുകൾ എന്നാൽ പുറപ്പെട്ടത് പൗരോഹിത്യ അത്യുന്നത ശൃംഗമെന്നു ഒരു കൂട്ടം ആളുകൾ ധരിച്ചുവശായിരിക്കുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിൽ നിന്നാണ്. ഒരേ ഉറവിൽ നിന്ന് കൈപ്പും മധുരവും പുറപ്പെടുകയില്ല എന്നത് ലോകസത്യമാണെങ്കിലും ഇതിനു കുട പിടിക്കാനും കുറച്ച് പേര് ഉണ്ടായി. മലങ്കര അപ്പാടെ വിഴുങ്ങുവാൻ തുറന്ന ശേമ്യ വായയുടെ മുന്നിലെ പ്രതിബന്ധം, തൻ്റെ ദൃഷ്ടി ഒരു വസ്തുവിൽ കൃത്യമായി പതിപ്പിക്കുവാൻ പോലും പ്രയാസപ്പെടുന്ന ഒരു സാധു മനുഷ്യനാണെന്നു തോന്നിയപ്പോൾ പ്രയോഗിച്ച ആയുധം – മുടക്ക്. പ. വട്ടശേരിൽ തിരുമേനിയെ മുടക്കിക്കൊണ്ട് 1911 ഇടവം 26-ാം തീയതി അബ്ദുള്ള പാത്രിയർക്കീസ് അയച്ച കൽപനയിലെ അവസാന വാക്കുകളാണിവ.

പിന്നീടുള്ളത് ചരിത്രമാണ്. യാതൊരു തത്വദീക്ഷയോ കാനോനോ എന്തിന് സാമാന്യ നീതിയെപ്പോലും പരിഗണിക്കാതെ പുറപ്പെടുവിച്ച മുടക്ക് എന്ന ഉമ്മാക്കിയെ തൃണവൽഗണിച്ചു കൊണ്ട് മലങ്കരയുടെ സഹജമായ, പൗരാണികമായ സ്വാതന്ത്ര്യം അദ്ദേഹം പുനഃസ്ഥാപിച്ചു. അദ്ദേഹം അതിനു നേരിട്ട പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഒരു മനുഷ്യായുസിനു വഹിക്കുവാൻ കഴിയാത്തതായിരുന്നു. തൻ്റെ ജീവനുണ്ടായ ഭീഷണിയെപ്പോലും അവഗണിച്ചു കൊണ്ട് അദ്ദേഹം നിലനിന്നത് ഈ സഭയുടെ നൻമയെ പ്രതിയാണ്. മൂറോനും പട്ടത്വവും വച്ചുള്ള വിലപേശൽ വരും തലമുറയെങ്കിലും അനുഭവിക്കരുതെന്നു വച്ചായിരുന്നു.

വട്ടിപ്പണക്കേസിലെ ഈ മൊഴി മാത്രം മതി മാർ ദീവന്നാസിയോസ് നേരിട്ട കഷ്ടത്തിൻ്റെ തോത് അറിയാൻ.
ചോദ്യം : ഈ പറഞ്ഞ കാലത്തിനിടയ്ക്കു എത്ര ദിവസം അവിടുത്തെ ജീവഹാനി വരുത്താൻ ശ്രമിക്കയുണ്ടായി.?
ഉത്തരം: ഒരു പ്രാവശ്യത്തെ ശ്രമത്തിൽ എനിക്കു കാവലായി നിയമിച്ച ഒരു വേലക്കാരൻ കൊല്ലപ്പെട്ടു. വേറൊരു സമയം ഞാൻ കിടന്നിരുന്ന മുറിയുടെ ജനൽവാതിൽക്കൽ കൂടെ ആളുകൾ ഗോവണി വച്ചു അകത്തു കയറുവാൻ ശ്രമിച്ചപ്പോൾ ചിലർ ഗോവണിയിൽ നിന്ന് താഴെ വീണതിനാൽ അവർ തിരികെ പൊയ്ക്കളഞ്ഞതായും അറിവുണ്ട്. ഞാൻ താമസിക്കുന്ന സെമിനാരിയിലേക്ക് ആരും വരാതിരിപ്പാൻ വേണ്ടി വഴികളിൽ ആളുകളെ നിറുത്തി വരുന്നവരെ പല വിധത്തിൽ ഉപദ്രവിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം തകർന്നില്ല. മുടക്ക് എന്ന കണ്ഠകോടാലിയെ കണ്ഠാഭരണമായി താൻ അണിഞ്ഞു; പോരാടി. വിജയിച്ചു. പ. പിതാവ് മലങ്കരയ്ക്ക് ആകെ മൊത്തം ബാധകമായ എക്കാലത്തേക്കുമുള്ള ശേഷിപ്പായ ഭരണഘടനയും നമുക്ക് നൽകി പിതാക്കൻമാരോടു ചേർന്നു.

1934-ലെ ഭരണഘടന ഒരു അമൂല്യ നിധിയാണ്. ബഹു. സുപ്രീം കോടതിയുടെ രണ്ടംഗ, മൂന്നംഗ, അഞ്ചംഗ ഭരണഘടനാ ബഞ്ചടക്കം നിരവധി തവണ ഇഴകീറി പരിശോധിച്ചിട്ടും അതിൻ്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒരു മാറ്റവും നിർദേശിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല ഓരോ തവണയും ആ ഭരണഘടനയുടെ പ്രാധാന്യം വർദ്ധിക്കത്തക്ക വിധി തീർപ്പുകളാണ് ലഭിച്ചിട്ടുള്ളതും. ആ ഭരണഘടനയെ എങ്ങനെ മാറ്റി നിറുത്താം, തങ്ങൾക്ക് ബാധകമല്ലാതാക്കാം എന്ന ഒരു വിഭാഗത്തിന്റെ ശ്രമങ്ങൾക്ക് ആ ഭരണഘടനയുടെ സൃഷ്ടിയോളം പഴക്കമുണ്ട്. കുറേക്കാലത്തേക്കുള്ള വാദം തങ്ങളെ കൂട്ടാതെ പാസാക്കി എന്നതായിരുന്നു. അത് കോടതി തള്ളിക്കളഞ്ഞപ്പോൾ അസോസിയേഷനിലെ ജനപ്രതിനിധ്യം പ്രശ്നമാണെന്നു വന്നു. അത് തീർപ്പാക്കിയപ്പോൾ റജിസ്ട്രേഷൻ ഇല്ലായെന്നുള്ള വാദവും പൊക്കി വന്നു. അതും കോടതി തള്ളിക്കളഞ്ഞു. 2017 ജൂലൈ 3-ലെ വിധി വന്നപ്പോൾ 34-ലെ ഭരണഘടനയ്ക്കെതിരായ ഒരു വാദവും നിലനിൽക്കില്ലായെന്നു ഏറെക്കുറെ ഉറപ്പായി. അപ്പോഴാണ് ആരാണ്ട് എങ്ങാണ്ട് ചർച്ച് ആക്ട് എന്ന ഒരു സംഗതി ഉണ്ടെന്നു കേട്ടത്. ഇത് ചക്കയാണോ മാങ്ങായാണോ എന്നറിയുന്നതിനു മുമ്പേ 34-ലെ ഭരണഘടനയെ അതിജീവിക്കുവാൻ അതിനെക്കൊണ്ട് സാധിക്കുമെന്നു കേട്ട് ബർ യൂഹാനോൻ എന്ന റമ്പാൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ അതിൻ്റെ വക്താക്കളായി. വിഘടിതവിഭാഗം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി ചർച്ച് ആക്ട് അവതരിപ്പിക്കപ്പെട്ടു. നിലയില്ലാ കയത്തിൽ മുങ്ങിത്താണു കൊണ്ടിരുന്ന കുറച്ച് പേരുടെ കൈയടി നേടി; ഉത്തരമില്ലാത്ത സംശയം ചോദിച്ചവരെ ബ്ലോക്ക് ചെയ്ത് റമ്പാൻ മുന്നേറി.

ക്രൈസ്തവ സഭകളിലെ സ്വത്തുക്കൾ ജനാധിപത്യപരമായി കൈകാര്യം ചെയ്യുവാനായി തയ്യാറാക്കിയ ഒന്നാണ് ചർച്ച് ആക്ട്. വി.എസ് സർക്കാരിൻ്റെ കാലത്ത് ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ ഇതിൻ്റെ കരട് രൂപം ഇപ്പോഴും പെട്ടിയിൽ ഉറങ്ങുകയാണ്. അത് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുവാൻ ഉള്ള നിയമമല്ല എന്നു ആദ്യം തന്നെ മനസിലാക്കുക. ചർച്ച് ആക്ട് പ്രകാരമോ അല്ലാതെയോ പള്ളിയിലേക്ക് വികാരിയെ നിയമിക്കുന്നത് പൊതുയോഗമല്ല. അത് നിയമാനുസൃത മെത്രാപ്പോലീത്തായാണ് ചെയ്യേണ്ടത്. ഒരു ഉദാഹരണത്തിനു കോതമംഗലം പള്ളിയിലേക്ക് ആര് വികാരിയോ നിയമിക്കും? മലങ്കര സഭയുടെ അങ്കമാലി മെത്രാപ്പോലീത്തയോ ബഹു. സുപ്രീം കോടതി തന്നെ അസാധു എന്ന പ്രഖ്യാപിച്ച വിഘടിത വിഭാഗമോ? ചുരുക്കിപ്പറഞ്ഞാൽ ചർച്ച് ആക്ട് നടപ്പിലായാൽ ഒരു പ്രയാസവും കൂടാതെ സകല പള്ളികളും 34-ലെ ഭരണഘടനയ്ക്കു കീഴിൽ വരികയായിരിക്കും സംഭവിക്കുക. എന്നാൽ ചർച്ച് ആക്ട് നടപ്പിലാക്കാൻ മലങ്കരസഭയ്ക്ക് മുൻകൈ എടുത്തു കൂടെ എന്നു ചോദിക്കാം. മലങ്കര സഭയെ സംഭവിച്ചടത്തോളം എന്നാൽ അത് തികച്ചും അനാവശ്യ പ്രവൃത്തിയാണ്. കാരണം ചർച്ച് ആക്ട് പറയുന്നത് എങ്ങനെയോ അങ്ങനെ തന്നെയാണ് 34-ലെ ഭരണഘടനയും വിഭാവനം ചെയ്തിരിക്കുന്നത്. അതിൻപ്രകാരമാണ് സഭ ഭരിക്കപ്പെടുന്നതും. ഇന്ന് മാമ്മോദീസാ മുങ്ങിയ കുഞ്ഞ് മുതൽ മലങ്കര മെത്രാപ്പോലീത്താ വരെ ആ ഭരണഘടനയാൽ ബന്ധിക്കപ്പെട്ടവരാണ്. ചർച്ച് ആക്ടിനു വിരുദ്ധമായതൊന്നും 34-ലെ ഭരണഘടനയിലും 34-ലെ ഭരണഘടനയ്ക്കു വിരുദ്ധമായതൊന്നും ചർച്ച് ആക്ടിലും ഇല്ലായെന്നു ഒരു തവണയെങ്കിലും ഇത് രണ്ടും വായിച്ചവർക്ക് മനസിലാകുന്നതാണ്.

ഇതൊന്നും റമ്പാനും ടീമിനും മനസിലായിട്ടില്ല. വമ്പൻ പ്രചാരണങ്ങളാണ് നടത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിൽ വരെ സമരത്തിനു പോയി. അവസാനം കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ വരെ എത്തി, ചർച്ച് ആക്ടിനു വാദിച്ചു. ഉടനെ വന്നു ലെബനോനിൽ നിന്നു തീട്ടൂരം. അടങ്ങിയൊതുങ്ങി ഇരുന്നാൽ മതിയെന്നു .പഴയ പഞ്ച് ഡയലോഗ് ഒന്നും ഇല്ലെങ്കിലും പണ്ടുമുതലേ ശേമ്യർക്ക് മലയാളത്തുകാരോടുള്ള ധാർഷ്ട്യം പ്രകടമാക്കിയ ഒരു എഴുത്ത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഈ ലേഖനം എഴുതാൻ കാരണം കുറച്ച് മുൻപ് മാതൃഭൂമി അടക്കമുള്ള ചാനലുകളിൽ റമ്പാന്റെ അഭിപ്രായം വന്നു – “വിലക്കേർപ്പെടുത്തിയാലും താൻ പിൻമാറുകയില്ല” എന്നു. നല്ല കാര്യം. എൻ്റെ റമ്പാച്ചാ ഇതല്ലെ 100 വർഷം മുൻപ് വട്ടശേരിൽ തിരുമേനി പറഞ്ഞത്. ഒരു ആൾക്കൂട്ടം കാണാൻ മലങ്കരയിൽ വരേണ്ടവരുടെ ധാർഷ്ട്യത്തിനു തന്നെ കിട്ടില്ലായെന്ന് പ്രഖ്യാപിച്ചത്. പിന്നെ നിങ്ങൾ എന്തിനാണ് 100 വർഷം കളഞ്ഞത്? അടിമത്വം ഞങ്ങൾക്ക് അലങ്കാരമാണെന്നു വിളിച്ചു പറഞ്ഞത്? സമാധാനത്തിനുള്ള നൂറു അവസരങ്ങളെ പുറം കാലിനു തള്ളി മാറ്റിയത്? ചിലരുടെ സ്വാർത്ഥതയ്ക്കു വേണ്ടി! ചിലരുടെ നിലനിൽപിനു വേണ്ടി! ആളെപ്പറ്റിച്ച് ജീവിക്കുന്നവരുടെ താൽപര്യങ്ങളുടെ പേരിൽ നിങ്ങൾ നഷ്ടപ്പെടുത്തിയത് 100-ൽ പരം വർഷങ്ങളാണ്. അവരെപ്പറ്റിയാണ് പൗലോസ് ശ്ലീഹാ പറഞ്ഞത് “അവരുടെ ദൈവം അവരുടെ വയറാണ്.” എന്ന്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ അതിനു കുട പിടിച്ചു എന്നു മാത്രം. സത്യം അറിയുക. അത് നിങ്ങളെ സ്വതന്ത്രരാക്കും.

https://ovsonline.in/articles/patriarchs-divide-and-rule-poicy/

error: Thank you for visiting : www.ovsonline.in