OVS - ArticlesOVS - Latest News

കട്ടച്ചിറയിൽ സമാധാനത്തിൻ്റെ ഐക്യ കാഹളം മുഴങ്ങട്ടെ…

മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തി കീഴിൽ കിഴക്ക് കറ്റാണം വലിയപള്ളിയുടെയും പടിഞ്ഞാറ് കായംകുളം കത്തീഡ്രലിൻ്റെയും പരിലാളനയേറ്റ് നിലകൊള്ളുന്ന ദേവലയമാണ് കട്ടച്ചിറ സെന്റ്. മേരീസ് ഓർത്തഡോക്സ്‌ പള്ളി. ശാശ്വത സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും നല്ല ദിനങ്ങളിലേക്ക് മലങ്കര സഭയെ ആകമാനം കൈ പിടിച്ച് പ്രവേശിപ്പിക്കുവാൻ കട്ടച്ചിറ പള്ളി വിധി ഒരു മുഖാന്തരമായി മാറണം.

ഒന്നാം സമുദായകേസ് (1958), രണ്ടാം സമുദായ കേസ് (1995), ജൂലൈ മൂന്നിലെ കോലഞ്ചേരി പള്ളിക്കേസ് (2017) എന്നീ മൂന്നു വിധികളും പരിഗണിച്ചാണ് ബഹു. സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് (നിയുക്ത ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)കട്ടച്ചിറ പളളിക്കേസിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഈ വിധി തങ്ങൾക്കു അനുകൂലമാണന്ന യാക്കോബായ വിഭാഗത്തിൻ്റെ വാദം സത്യ ലംഘനവും ബഹു. സുപ്രീം കോടതി വിധിയെ അവഹേളിക്കുന്നതുമാണ്. കട്ടച്ചിറ പളളി ഉൾപ്പെടുന്ന വസ്തുവും കുരിശ്ശടികളും അനുബന്ധ സ്ഥാവര ജംഗമ വസ്തുക്കളും തദ്ദേശീയനായ മലങ്കര മെത്രാപ്പോലീത്തയുടെ അധികാര പരിധിയിലും ബഹു. സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന പ്രകാരവും ഭരിക്കപ്പെടേണ്ടതാണന്നുമാണ് ബഹു. സുപ്രീം കോടതി അസന്നിഗ്ധമായി വിധിച്ചിരിക്കുന്നത്. മൂന്നംഗ ബഞ്ചിൻ്റെ വിധിയായതിനാൽ തന്നെ ഇനി കാലങ്ങൾ എത്ര കഴിഞ്ഞാലും ഇനിയൊരുമാറ്റം അസാധ്യം തന്നെ. തത്വത്തിൽ ഈ വിധി സഭാവിശ്വാസികളെ ആരേയും ബാധിക്കുന്നില്ല. കാരണം ഒരേ ആരാധനയും ഒരേ പാരമ്പര്യങ്ങളും ഒരേ ദൈവ ശാസ്ത്രവും വെച്ച് പുലർത്തുന്ന ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ ഒരേപോലെ നിന്ന് ആരാധന നടത്തുവാൻ ഈ വിധി ഒരു തടസ്സമാകുന്നേയില്ല.

1934-ലെ ഭരണഘടന അംഗീകരിക്കുകയും ഭാരതത്തിൻ്റെ പരമോന്നത നീതിപീഠം അംഗീകരിച്ച വികാരിയായ റവ. ഫാ. ജോൺസ് ഈപ്പൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകയും അദ്ദേഹത്തോട് ചേർന്ന് കട്ടച്ചിറ പളളിയുടേയും മലങ്കര സഭയുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ആർക്കും എപ്പോളും ഈ ദേവാലയത്തിൻ്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കും. ആയതിനാൽ ഐക്യത്തോടെ ആരാധനയ്ക്കായി കട്ടച്ചിറയിലേക്ക് കടന്നു വരിക. മറിച്ച് സംഘർഷമുണ്ടാക്കുവാനും ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്താനുമാണ് ശ്രമമെങ്കിൽ ബഹു.സുപ്രീം കോടതിയിലെ ഒരു വിധിവാചകം ഓർത്തിരിക്കുന്നത് നന്നായിരിക്കും “Malankara and the churches and its properties come under the spiritual and temporal control of Catholicos” ഈ വിധി മാനിച്ചില്ലെങ്കിൽ കട്ടച്ചിറ പള്ളിയുടെ അനുബന്ധ വസ്തുക്കളിന്മേലും അതിൻ്റെ നടത്തിപ്പിന്മേലും അധികാരാവകാശങ്ങളിന്മേലും ഞങ്ങൾ കക്ഷി ചേരാൻ നിർബന്ധിതരാകും. കഴിഞ്ഞ 18 വർഷത്തെ കണക്കുകൾ ഹാജരാക്കുവാനും ഇതിൻ്റെ മറവിൽ ചില നേതൃസ്ഥാനീയർ വലിയ സ്കൂളിൽ ഉൾപ്പടെ നിക്ഷേപിക്കുകയും നടത്തുകയും ചെയ്തിട്ടുളള പണമിടപാടുകൾ പുറത്തുകൊണ്ടുവാൻ ഞങ്ങൾ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യും.

രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിൽ നിന്നുള്ള വിധി എന്തു വിലകൊടുത്തും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനെ എതിർക്കുമ്പോൾ സ്വാഭാവികമായി സംഘർഷം ഉണ്ടാവും. ഈ സംഘർഷത്തിൽ പങ്കുചേരുന്ന എല്ലാ വിഘടന്മാർകും എതിരേ ചേലക്കരയിൽ സംഭവിച്ചത്പോലെ വിധിനടത്തിപ്പിന് തടസ്സം നിന്നതുമൂലമുളള കോടതിയലക്ഷ്യക്കേസുണ്ടാകും. ചുരുക്കത്തിൽ ആജീവനാന്തകാലം കോടതി വരാന്തകളിൽ ഇഴയുന്ന ഭാവിയായിരിക്കും വിഘടിത വിഭാഗത്തിലെ മിക്ക വിശ്വാസികളുടേതും.

വിഘടിച്ചു നിൽക്കുന്ന പ്രിയ സഹോദരങ്ങളെ, എന്തിനാണ് നിങ്ങൾ ഒരു തലമുറയെ കൂടി സഭാ തർക്കത്തിൻ്റെ ഇരകളായി വിട്ടുകൊടുക്കുന്നത്. ഇത് നമ്മുടെ ദേവാലയമാണ് നമ്മുടെ പൂർവ്വികർ കബറടങ്ങിയിരിക്കുന്ന മണ്ണാണ്. നാമമാത്രമായ ചിലരെ പ്രതി നിങ്ങൾ സമാധാനത്തിന് എതിര് നിൽക്കരുത്. രക്തത്തിൻ്റെ രക്തവും മാംസത്തിൻ്റെ മാംസവുമായ സഹോദരങ്ങൾ ഒന്നാവട്ടെ. അതിനായുളള ഉപദേശങ്ങളാകട്ടെ വരും ദിവസങ്ങളിൽ നിങ്ങളുടെ തലമുറകളുടെ ചെവിയിൽ പാഠമോതേണ്ടത്. സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും കാഹളം കട്ടച്ചിറയിൽ നിന്ന് ഉയരട്ടെ… കാലം അത് കേൾക്കട്ടെ… വരുവീൻ നമുക്ക് ഒരുമിച്ചു ആരാധിക്കാം..

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

https://ovsonline.in/articles/kattachira-court-order-details/

error: Thank you for visiting : www.ovsonline.in