മലങ്കര സഭ: തിരച്ചറിവുകളും തിരുത്തലുകളും പൗരോഹത്യ തലത്തിൽ
ഓ.വി.എസ് എഡിറ്റോറിയൽ:
പൊതു സമൂഹത്തിൽ കഴിഞ്ഞു പോയ ചില ആഴ്ചകളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട പൗരോഹത്യ നിരയിലെ കളങ്കിത സംഭവങ്ങളുടെ വെളിച്ചത്തിൽ മലങ്കര സഭയിൽ അടിമുതൽ മുടിവരെ ഒരു സ്വയം വിമർശനത്തിനും, ശക്തമായ തിരിച്ചറിവുകൾക്കും, തിരുത്തൽ നടപടികൾക്കും ഉതകുന്ന തരത്തിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസിദ്ധീകരിക്കുന്ന ഈ വിമർശനാത്മക ലേഖന പരമ്പരയുടെ അവസാന തലത്തിൽ എത്തി നിൽക്കുമ്പോൾ ഞങ്ങളുടെ സദുദ്ദേശപരവും, ക്രിയാത്‌മകവുമായ ഈ വിമർശനങ്ങൾ മലങ്കര സഭാ ഒന്നാക്കെ ഏറ്റെടുത്തതിൽ ഞങ്ങൾ കൃതാർത്ഥരാണ്. വിശ്വാസ സമൂഹതലത്തിലും, അൽമായ – ആത്മീയ സംഘടനാ തലത്തിലും ഉണ്ടാകേണ്ട തിരിച്ചറിവുകൾക്കും, വരുത്തേണ്ട തിരുത്തൽ നടപടികൾക്കും ശേഷം മലങ്കര സഭയുടെ അനുഗൃഹീത പിതാക്കന്മാർ അടങ്ങുന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് മുതൽ നൂറുക്കണക്കിന് നിർമല പുരോഹിത സ്രേഷ്ടരും അടങ്ങുന്ന പരിശുദ്ധ സഭയുടെ പുരോഹിത തലത്തിലെ തെറ്റായ നടപടികൾക്കും, കളങ്കിതർക്കും എതിരെ ഞങ്ങളുടെ ആശയങ്ങൾ പ്രാർത്ഥനയോടെ കൂടെ അച്ചിൽ നിരത്തുമ്പോൾ, ഞങ്ങളുടെ കണ്ണുകൾ മലങ്കര സഭ എന്ന നീറ്റലിൽ നന്നേ നനയുന്നുണ്ട്, ഹൃദയം പതിവിൽ കവിഞ്ഞു സ്പന്ദിക്കുന്നുണ്ടെങ്കിലും, വിശുദ്ധ മാർത്തോമയുടെ നസ്രാണി പൗരുഷം എന്ന കലർപ്പില്ലാതെ പൈതൃകം സിരകളിൽ ഇരയ്ക്കുന്നതു കൊണ്ട് കൈകൾ ഒട്ടുമേ വിറയ്ക്കുന്നില്ല. ഞങ്ങൾ അക്ഷരങ്ങളിൽ കൊളുത്തുന്ന ശുദ്ധീകരണത്തിന്‍റെ , ശക്തീകരണത്തിന്‍റെ അഗ്നിനാവുകൾ മലങ്കര സഭ ഒന്നാക്കെ തീക്കടലായി വൈകാതെ ആളി പടരും.
വിശ്വാസം, പട്ടത്വം, ഡിസ്‌പ്ലൈൻ എന്നീ മൂന്ന് അടിസ്ഥാന ശിലകളും അടങ്ങിയിരിക്കുന്നു പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തന്നെയാണ് മലങ്കര സഭയെ പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ ഇന്നും മുന്നോട്ടു നയിക്കുന്നത്. മലങ്കര സഭയുടെ പരിശുദ്ധ സിനഡ് അംഗങ്ങളായ എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരും മലങ്കര സഭയ്ക്കും, അതിന്‍റെ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കും കീഴ്പെട്ടു സ്വാർഥ താല്പര്യങ്ങൾ ഇല്ലാതെ മലങ്കര സഭയെ ആത്മീയമായും, ബൗദ്ധികമായി മുന്നോട്ടു നയിക്കും എന്ന് ഓരോ വിശ്വാസിയും ഉറച്ചു പ്രതീക്ഷിക്കുന്നു. ഇനിയും ഒരു പരിശുദ്ധ പരുമല തിരുമേനിയോ, പരിശുദ്ധ വട്ടശ്ശേരി തിരുമേനിയോ, പാമ്പാടി തിരുമേനിയോ ഒന്നും മലങ്കര സഭയിൽ ഉടനെ ഉണ്ടായില്ലങ്കിലും പുണ്യശ്ലോകനായ മലങ്കര സഭാരത്‌നം പുത്തെൻകാവിൽ കൊച്ചു തിരുമേനി, മലങ്കര സഭയുടെ ധീര പുത്രനായിരുന്നു ബഥനിയുടെ പുണ്യശ്ലോകനായ അലക്സിയോസ് മാർ തേവോദിയോസ്, ലോകം അറിഞ്ഞ മഹത്വ ഗുരുവായിരുന്ന പുണ്യശ്ലോകനായ പൗലോസ് മാർ ഗ്രീഗോറിയോസ്, മലങ്കര ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് ഒക്കെയും മെത്രാപ്പോലീത്താമാരായിരുന്ന മലങ്കര സഭയുടെ അത്യുന്നത പൗരോഹിത്വം അലങ്കരിക്കാൻ കഴിഞ്ഞ നമ്മുടെ സഭയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്തമാർ എത്രയോ ഭാഗ്യവാന്മാർ. ഇപ്പോഴത്തെ അഭിവന്ദ്യ മെത്രാച്ചന്മാരുടെ സമകാലീനരായിരുന്ന അതി സമ്പന്നതയുടെ നാട്ടിലും ലാളിത്യത്തിന്‍റെ ഉത്തമ പ്രതീകമായിരുന്ന പുണ്യശ്ലോകനായ മാത്യൂസ് മാർ ബർണബാസ്, മാർത്തോമാ സഭയിൽ ജനിച്ചു വളർന്ന മലങ്കര സഭയിലെ ഓർത്തോഡോക്സിയുടെ ശക്തനായ അപോസ്തലനായിരുന്ന പുണ്യശ്ലോകനായ ഗീവർഗീസ് മാർ ഇവാനിയോസ്, മലങ്കര സഭയിൽ ഉടനീളം “പരിശുദ്ധ കാതോലിക്കേറ്റിന്‍റെ കീഴിൽ മാത്രം” അനാഥാലയങ്ങളും, കരുണാ പ്രസ്ഥാനങ്ങളും സ്ഥാപിച്ച പുണ്യശ്ലോകഃനായ ഗീവർഗീസ് മാർ ഒസ്താത്തിയോസ്, അവസാന ശ്വാസത്തിൽ പോലും ഒരുപറ്റം ജനത്തിന് ക്രിസ്തുവിന്‍റെ സാക്ഷ്യം കാട്ടി കൊടുത്ത, നിരാലംബരുടെ ആശ്രയവും അത്താണിയുമായിരുന്ന പുണ്യശ്ലോകനായ സക്കറിയാസ് മാർ തെയോഫിലിയോസ്, മലങ്കര സഭയെ പ്രാണൻ തുല്യം സ്നേഹിച്ചിരുന്ന, വിശ്വാസികളുടെ മനസ്സിൽ ഇന്നും ശോഭയോടെ നിറഞ്ഞു നിൽക്കുന്ന പുണ്യശ്ലോക്കരായ ഫിലിപ്പോസ് മാർ യൗസബിയോസും, പൗലോസ് മാർ പക്കോമിയോസിനെയും പോലെയുള്ള നിരവധി മഹത്വ വ്യക്തിത്വങ്ങൾ ഇനിയും മലങ്കര സഭയിൽ അനസൂതം വിടരണം എന്ന് ഓരോ മലങ്കര വിശ്വാസിയും ഇന്ന് അതിതീവൃമായി ആഗ്രഹിക്കുന്നു. ഈ തിരിച്ചറിവാണ് പരിശുദ്ധ സഭയുടെ ആത്മീയ പിതാക്കന്മാർക്കു ഉണ്ടാകേണ്ടത്.
മലങ്കര സഭയുടെ ഇപ്പോഴത്തെ പിതാക്കന്മാരിൽ എത്ര പേർ മുകളിൽ സൂചിപ്പിച്ച പുണ്യ പുരുഷന്മാരുടെ ഗണത്തിൽ നിങ്ങളുടെ കാലത്തിനു ശേഷം സ്മരിക്കപ്പെടും എന്ന് സ്വയം ചിന്തിക്കുക. വിശ്വാസികളുടെ മനസ്സിൽ നിറ ദീപമായി തലമുറകൾ കെടാതെ നിൽക്കുന്നതിലും വലിയ എന്ത് സമ്പാദ്യമാണ് നിങ്ങൾ തേടുന്നത്? നിങ്ങളുടെ കാലശേഷം നിങ്ങളുടെ കബറിൽ പ്രാർത്ഥനാപൂർവ്വം, ആദരവോടെ ഒരു തിരി കത്തിക്കാൻ വിശ്വാസികൾ എത്തുന്നില്ലെങ്കിൽ നിങ്ങളുടെ ഈ കാട്ടുന്ന പരക്കം പാച്ചിലിന്‍റെയും, സ്വത്തു ശേഖരണത്തിന്‍റെയും അർത്ഥമെന്ത്? നിങ്ങളുടെ കാലശേഷം സഭയിൽ നിന്നും ആർജിച്ച നിങ്ങളുടെ സ്വകാര്യ സ്വത്തുക്കളുടെ അവകാശത്തിനായി മലങ്കര സഭയ്ക്ക് ഇനിയും ഏതൊക്കെ മെത്രാന്മാരുടെ കുടുംബക്കാരോട് വ്യവഹാരം നടത്തി സഭാസ്വത്തുക്കൾ തിരിച്ചു പിടിക്കേണ്ടി വരും? സ്വന്തം കുടുംബത്തെ പൂർണമായി ഉപേക്ഷിച്ചു സഭയ്ക്ക് വേണ്ടി സർവ്വവും ത്യജിച്ച പൗരോഹത്യത്തിലേക്കു വന്ന നമ്മുടെ മെത്രാന്മാർക്ക് വേണ്ടി അവരുടെ പല സ്ഥാപനങ്ങൾ നടത്തുന്നതും, അവർക്കു വേണ്ടി വേണ്ടതും വേണ്ടാത്തതുമായി ഇടപെടലുകളും നടത്തുന്നത് അവരുടെ സഹോദരങ്ങളും, കുടുംബക്കാരുമാണ് എന്നിരിക്കെ ഇവരെ മലങ്കര സഭ വിശ്വാസികൾ എന്തിനു കൈക്കൊള്ളണം? മലങ്കര സഭയുടെ നിയന്ത്രണത്തിലുള്ള ഏതു പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയാണ് അഭിവന്ദ്യ മെത്രാച്ചന്മാർ അറബി നാട്ടിലും, സായിപ്പിന്‍റെ നാട്ടിലും ഇങ്ങനെ നാണം കെട്ടു അട്ടിപ്പേറു കിടന്നു പിരിച്ചു കൂട്ടുന്നത്? വിശ്വാസികളെ ദൈവത്തെ ഭയപ്പെട്ടും, മനുഷ്യനെ ശങ്കിച്ചും ദൈവ കല്പനയിൽ ജീവിക്കാൻ നിരന്തരം ആഹ്വാനം ചെയ്യുന്ന നിങ്ങളിൽ ചിലരുടെ ദുർ നടപടികൾക്ക് എന്ത് ദണ്ഡന ദൈവം കരുതി വെയ്ക്കണം? പരിശുദ്ധ കാതോലിക്കറ്റിനെ നെഞ്ചോട് ചേർത്ത് ജീവിക്കണം എന്ന് പഠിപ്പിച്ച മണ്മറഞ്ഞ പോയ പുണ്യ പിതാക്കന്മാരുടെ സഭയിൽ, ആ പരിശുദ്ധ കാതോലിക്ക ബാവയോടു മറുതലിക്കുന്ന ഫറവോനുകളെ ഏതു കടലിൽ എറിയണം? പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡിൽ പോലും കുറുമുന്നണി പോലെ പ്രവർത്തിച്ചു മലങ്കര സഭയുടെ പരിശുദ്ധ പിതാവിന്‍റെ ന്യായമായ തീരുമാനങ്ങളെ പോലും വെട്ടി നിരത്താൻ ശ്രമിക്കുന്ന നിങ്ങളുടെ കുലസിത നിലപാടുകൾക്കു എതിരെ കല്ലുകൾ ആർത്തു വിളിക്കുന്നത് നിങ്ങൾ കേൾക്കുന്നില്ലേ? സ്തുതിപാഠകരുടെ കൈകളിൽ ഏറി നാട് നീളെ ചാരിറ്റി പിരിവും, കല്യാണവും, മാമോദീസയുമായി നടക്കുമ്പോൾ നിങ്ങളുടെ ഭദ്രാസനങ്ങളും, അതിലെ നിരവധി സംഘടനകളും, സ്ഥാപനങ്ങളും അരമനവിഴുങ്ങികളും അവരുടെ കോക്ക്സും കൂടെ മുച്ചൂടേ മുടിച്ചു വാരുന്നത് നിങ്ങൾ കാണുന്നില്ലേ? അഭിവന്ദ്യ മെത്രാച്ചന്മാരുടെ ഭദ്രാസനത്തിൽ നിങ്ങൾ ഇന്നേ വരെ എഴുന്നള്ളി വരാതെ എത്ര ഇടവകകൾ ഉണ്ട് എന്ന് അറിയില്ലെങ്കിലും, നിങ്ങൾ പലതവണ കാണാത്ത ഇടവകൾ അറബി നാട്ടിൽ ഏതെങ്കിലും ബാക്കിയുണ്ടോ? മലങ്കര സഭയ്ക്ക് ഒരു ഓർത്തഡോൿസ് ബൈബിൾ എന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തെ പ്രാവർത്തികമാകാൻ ഇനിയും എത്ര നൂറ്റാണ്ടകൾ വേണം?
ഇന്നും മലങ്കര സഭയ്ക്കു പ്രതീക്ഷയർപ്പിക്കാവുന്ന നല്ല മെത്രാച്ചന്മാർ ഉണ്ടെങ്കിലും, അവരുടെ എണ്ണം തുലോം പരിമിതമാണ്. മലങ്കര സഭയെ കാർന്നു തിന്നാൻ വെമ്പുന്ന ആഫ്രിക്കൻ പായൽ പ്രസ്ഥാനത്തിന്‍റെ അപോസ്തലനായ രാഷ്ട്രീയ നേതാവിന്‍റെ കൈ, മലങ്കര സഭയുടെ പരിശുദ്ധ പിതാവ് മുത്തുന്ന കാലം സ്വപനം കണ്ടു നടക്കുന്ന വലതു പക്ഷ മെത്രാന്മാരും, മലങ്കര സഭയുടെ സ്ലീബാലംകൃത പീതവർണ പതാകയുടെ മുകളിൽ ചെങ്കൊടി കെട്ടാൻ ഉഴറി നടക്കുന്ന മെത്രാൻമാർക്കും, നിങ്ങൾക്ക് കാലം ഒരുക്കി വെയ്ക്കുന്ന സ്ഥാനം വർഗവഞ്ചകനായ യൂദാസിന്‍റെ സിംഹാസനമാണ് എന്ന് മറക്കരുത്. മലങ്കര സഭയുടെ ഭാവിയെ സുരക്ഷിതമായി മുൻപോട്ടു നയിക്കേണ്ട നൈസർഗ്ഗീക പുണ്യ മനുഷ്യരെ വാർത്തടുക്കേണ്ടേ മലങ്കര സഭയുടെ ദയറാ – കന്യാ മഠങ്ങളിലേക്ക് ദൈവ ചൈതന്യമുള്ള എത്ര പേർ കഴിഞ്ഞ 15 വർഷത്തിൽ പ്രവേശിച്ചു എന്ന് പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് ഗൗരവത്തോടെ പരിശോധിക്കണം. മലങ്കര സഭയുടെ ഹൃദയമായ വൈദിക സെമിനാരി ഉല്പന്നങ്ങളുടെ അനുദിന നിലവാര തകർച്ചയ്ക്കും, മൂല്യ ശോഷണത്തിനും നിങ്ങൾ അല്ലെ ഉത്തരവാദികൾ ? മുതിര്ന്ന മെത്രാപ്പോലീത്തന്മാരെ കണ്ടു കൂട്ടത്തിലെ ബന്യാമിൻന്മാരും ഇപ്പോൾ പത്രോസിന്‍റെ പത്രാസിലാണ് വാക്കും പ്രവർത്തിയും. ഇന്ന് മെത്രാൻ മുതൽ ചില വൈദികർ വരെയുള്ളവർക്ക് ഫാൻസ് ക്ലബും, വാറോല വിദഗ്‌ധരുടെ സേവനവുമൊക്കെയുണ്ട്. ഇപ്പോഴേ ചില റമ്പാന്മാരുടെയും, അവിവിവാഹിത വൈദികരുടെയും പ്രവർത്തനവും പ്രചാരണവും ഒക്കെ കാണുമ്പോൾ, ഒക്കെയും ചുവന്നു കുപ്പായത്തിനു വേണ്ടി മാത്രമാണ്, പല മെത്രാന്മാരുടെയും നോട്ടം മൂന്നു മാലയിലും, നിയുക്തനിലും ഒക്കെയാണ്. എഴുപത്തഞ്ചും എൺപതും ഒക്കെ കടന്നിട്ടും പ്രസംഗിക്കുന്നത് ഒക്കെ ആത്മാർത്ഥമായി അവശേഷിക്കുന്ന സമയത്തു എങ്കിലും ചെയ്തിട്ട് സ്വർഗീയ ഊർശലേമിലേക്കു സ്വസ്ഥമായി പോകണം എന്ന് ആഗ്രഹിക്കണ്ടേ സമയത്തും ചില മെത്രാന്മാരുടെ മനസ് തങ്ങളുടെ സാമ്രാജ്യത്തിന്‍റെ അനന്തരഭാവിയെ പറ്റിയുള്ള വ്യാകുലതിയിലാണ്. യാതൊരു ജീവിത ഗുണവും, സഭാ സ്നേഹവും, ക്രൈസ്തവ സാക്ഷ്യവുമൊന്നുമില്ലാതെ കുറെ ഡോക്ടറേറ്റ് ഡിഗ്രി പേരിന് മുന്നിലും പിന്നിലും ചാർത്തിയ ബുജി മെത്രാന്മാരെ കൊണ്ട് മലങ്കര സഭയ്ക്ക് എന്ത് പ്രയോജനം? ഏക്കർ കണക്കിന് ഭൂമിയും, കോടികളുടെ സ്വത്തുക്കളുമായി ആരും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ദയറകളും, കന്യാ മഠങ്ങളും, അനാഥാലയങ്ങളും, വിളക്കിൽ ഒരു തിരിയിട്ടു കത്തിക്കാൻ പോലും ആളില്ലാതെ പോകാവുന്ന പിതാക്കന്മാരുടെ കബറിടവുമൊക്കെയായി മലങ്കര സഭ ഭാവിയിൽ നിങ്ങളുടെ പ്രവർത്തികൾ മൂലവും നശിച്ചു പോയേക്കാം എന്ന് തിരിച്ചറിവിൽ നല്ല വിത്തുകൾ നല്ല നിലത്തിൽ വിളയിക്കാനാണ് മലങ്കര സഭയുടെ പിതാക്കന്മാർ തെക്കു വടക്കു ഓടി നടക്കേണ്ടത്. മലങ്കര സഭയിലെ മെത്രാച്ചന്മാരുടെ കൂടെ ഇത്തിൾകണ്ണികളായി നടക്കുന്നവർക്ക് മുന്നിൽ നടക്കുന്നവരുടെ വിലയും നിലയും അറിഞ്ഞില്ലെങ്കിലും, കൊണ്ട് നടക്കുന്നവർ കൂടെ നടക്കുന്നവരെ നന്നായി അറിഞ്ഞിരിക്കണം. അതില്ലാത്തിതിന്‍റെ ഒരു പോരായ്മ പലയിടത്തും ഏറിയും കുറഞ്ഞും പ്രതിഭലിക്കുന്നുണ്ടെങ്കിലും അത്തരം ഇത്തിൾ കണ്ണികൾ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മെത്രാച്ചന്മാരെ കൂടെ ഒന്ന് വായിച്ചു കേൾപ്പിക്കാൻ മനസ് ഉണ്ടാകണം.
വിശുദ്ധ ഹാശാ ആഴ്ചയിലും, ക്രിസ്തുമസ് ശിശ്രൂഷയ്ക്കും പരിശുദ്ധ കാതോലിക്ക ബാവ കാതോലിക്കേറ്റ് കത്തീഡ്രലായ കോട്ടയം ഏലിയാ കത്തീഡ്രലിലോ, പഴയ സെമിനാരിയിലോ വി.ബലി അർപ്പിക്കണം. അതാണ് ഞങ്ങൾ മലങ്കര നസ്രാണികളുടെ അഭിമാനവും അന്തസും. സഭയുടെ സ്ഥാപനങ്ങളുടെ സാമ്പത്തിക നടത്തിപ്പിന് വേണ്ടി പരിശുദ്ധ പിതാവ് ചുമക്കുന്ന വലിയ മനോഭാരത്തെ അറിഞ്ഞു കൊണ്ട് തന്നെ അവിടത്തെ പ്രിയ മക്കൾ പറയുന്ന, “ഇനിയും നസ്രാണി ജാതിയുടെ തലവൻ സഭയുടെ പ്രധാന പെരുന്നാളുകൾ സഭയുടെ ആസ്ഥാന ദേവാലയങ്ങളിൽ കൊണ്ടാടണം“. വിദേശ ഇടവകകൾ സന്ദർശിക്കാൻ മറ്റു സമയങ്ങൾ കണ്ടത്തണം. വിശ്വാസികളുടെ വിവാഹം, മാമോദീസാ, വീട് കൂദാശ തുടങ്ങിയ കാര്യങ്ങളിൽ പരിശുദ്ധ പിതാവ് കഴിയുന്നത്ര അകലം പാലിക്കണം. പരിശുദ്ധ പിതാവിനെ സഭയുടെ ആസ്ഥാനത്തു പോയി കണ്ടു അനുഗ്രഹം പ്രാപിക്കാൻ ജാത്യാഭ്യാമാനികളായ പുതു തലമുറ തീർച്ചയായും തയ്യാറാക്കും. മലങ്കര സഭയ്ക്കു ഒരു നിലയ്ക്കും ഇത്രയേറെ ഭദ്രാസനങ്ങളും അതിനൊത്ത മെത്രാന്മാരും അവരുടെ പരിവാരങ്ങളും വേണ്ടിയിരുന്നില്ല. എങ്കിലും നിലവിലെ സ്ഥിതിയിൽ അമേരിക്കയിൽ അടക്കം ഒഴിഞ്ഞു കിടക്കുന്ന ഭദ്രാസനങ്ങൾക്കു പുതിയ മെത്രാന്മാരെ ജനറൽ ട്രാൻസ്ഫറിന് വിധേയമായി വാഴിക്കണം. മലങ്കര സഭയുടെ കേന്ദ്ര ഓഫീസ് കൂടുതൽ കാര്യക്ഷമാകാൻ സഭാ നേതൃത്വം തയ്യാറാക്കണം.
മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റിയെ കൂടുതൽ കാര്യകക്ഷമാക്കി പ്രവർത്തിപ്പിക്കാൻ പരിശുദ്ധ കാതോലിക്ക ബാവയും, സഭാ നേതൃത്വവും തയ്യാറാകണം. വിരമിച്ച സഭാ വിശ്വാസികളായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, മറ്റു മികച്ച പ്രതിഭശാലികളായവരെ ഒക്കെ മലങ്കര സഭയ്ക്ക് വേണ്ടി വിവിധ തലത്തിൽ സമർത്ഥമായി ഉപയോഗിക്കാൻ കഴിയണം. മലങ്കര സഭയുടെ നീതിയുടെ പോരാട്ടങ്ങൾക്ക് കേവലം ഒരു പ്രമുഖ വക്കീലിന്‍റെ താല്പര്യങ്ങൾ മാത്രം നോക്കാതെ കൂടുതൽ പ്രഗത്ഭരായ വക്കീലന്മാരെ മലങ്കര സഭാ വളർത്തിയെടുക്കണം. മലങ്കര സഭയ്ക്ക് അനുകൂല കോടതി വിധികൾ ഉണ്ടായിട്ടും രാഷ്ട്രീയ സിഗ്നലകൾ നോക്കി സമയവും ആവേശവും കളയുന്ന പ്രവണത ഒഴിവാക്കി വിധി നടത്തിപ്പുമായി മുന്നോട്ടു പോകണം. വിഘിടിത വിഭാഗ നേതൃത്വം പരസ്യമായി ബഹു .സുപ്രീം കോടതി വിധികളെയും, ന്യായീധപന്മാരെയും ആവഹേളിച്ചിട്ടും ഇവർക്ക് എതിരെ ശക്തമായ ഒരു കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാൻ സഭ നേതൃത്വം എന്തെ ഭയക്കുന്നു? മലങ്കര സഭയുടെ വിദ്യഭ്യാസ – ആതുരസേവന സ്ഥാപനങ്ങളിലെ തൊഴിൽ നിയമനങ്ങൾ ഗവേർണിംഗ് ബോഡിയുടെയും, മാനേജിങ് കമ്മിറ്റിയുടെയും നിയത്രണത്തിൽ കൂടുതൽ സുതാര്യമായി കുറ്റമറ്റ രീതിയിൽ നടത്തപ്പെടണം.
മലങ്കര സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരോട് എല്ലാ സ്നേഹവും , ആദരവും വെച്ച് കൊണ്ട് തന്നെ മലങ്കര സഭയിൽ അടിയന്തിരമായി വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ വിനയപൂർവം പങ്ക് വെയ്ക്കുന്നു .
- മലങ്കര സഭയിലെ മെത്രാന്മാർക്കും, പുരോഹിതർക്കും ഒരു പൊതു “Code of Conduct ” നടപ്പിൽ വരുത്താനും, അത് വിശ്വാസികൾക്ക് വേണ്ടി പരസ്യപ്പെടുത്താനും പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തയാറാകണം .
- അഭിവന്ദ്യ മെത്രാന്മാരുടെ വിദേശ യാത്രയ്ക്ക് കൃത്യമായ മാനദണ്ഡവും, സഭാ അധ്യക്ഷന്‍റെ മുൻകൂർ അനുമതിയും നിർബന്ധമാക്കണം. വിദേശ രാജ്യങ്ങളിൽ മെത്രാന്മാർ സഭയുടെ ദേവാലയങ്ങളിലൊ, ഹോട്ടലകളിലോ താമസിച്ചു ഇനിയും വരാൻ ബാക്കിയുള്ള ആരോപണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.
- പരിശുദ്ധ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ മലങ്കര സഭയ്ക്ക് ഒരു സ്ഥിര അച്ചടക്ക സമിതി ഉണ്ടാവുകെയും, സഭയുടെ വൈദികരെ പറ്റി ഏതെങ്കിലും ആരോപണങ്ങൾ ഉണ്ടാവുമ്പോൾ, കൃത്യമായ അത് പരിശോധിച്ചു, സമയബന്ധിതമായി കുറ്റക്കാരെ നിർദാക്ഷണ്യം ശിക്ഷിക്കണം.
- മലങ്കര സഭയ്ക്ക് ഒരു തനതായ ഭരണഘടന എന്നത് പോലെ പ്രൊട്ടസ്റ്റന്റ് ബൈബിളിന്‍റെ ഉപയോഗം നിർത്തി , “ഓർത്തഡോൿസ് ബൈബിൾ” എന്ന് ആശയം പ്രാവർത്തികമാകണം.
- സത്യ വിശ്വാസത്തെ (Orthodoxy) മറ്റു നൂതന വിശ്വാസങ്ങളിൽ നിന്നും, കാത്തോലികവല്കരണത്തിൽ നിന്നും സംരക്ഷിച്ചു മലങ്കര സഭയുടെ എല്ലാ പ്രദേശത്തും പ്രചരിപ്പിക്കാൻ ആവശ്യമായ കൃത്യമായ പദ്ധതികൾ മലങ്കര സഭയുടെ ഓരോ ഭദ്രാസനകളും കേന്ദ്രീകരിച്ചു നടത്തപ്പെടണം. കഴിഞ്ഞു കാലങ്ങളിൽ സത്യ വിശ്വാസത്തെ മനസിലാക്കാതെ വഴി തെറ്റി പോയ വിശ്വാസികളുടെ കണക്കു ഒട്ടുമേ ചെറുതല്ല എന്ന് തിരിച്ചറിവിൽ അവരെ മടക്കി കൊണ്ട് വരുവാനും കൂടുതൽ ആളുകളെ ഓർത്തോഡോക്സിയിലേക്കു അടുപ്പിക്കാനും വേണ്ട പഠനങ്ങളും, പ്രവർത്തനങ്ങളും മലങ്കര സഭയുടെ ഭദ്രാസനങ്ങൾ ഏറ്റു എടുക്കണം.
- മലങ്കര സഭയിൽ നിലനിൽക്കുന്ന “പ്രീ സെമിനാരി” രീതി നിർത്തലാക്കിയിട്ടു സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങുന്ന ശെമ്മാശന്മാർക്കു 2 വർഷത്തെ നിർബന്ധിത “പോസ്റ്റ് സെമിനാരി” ചട്ടം വരുത്തണം. 25 -26 വയ്സുള്ള പാകതയില്ലാതെ അച്ചന്മാരെ ഇടവകയിലേക്കു അയക്കാതെ സഭയുടെ മിഷൻ ഫീൽഡ്, ദയറാ പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലയിൽ ഉപയോഗിക്കണം .
- അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർ ആജീവനാന്തം ഒരു ഭദ്രാസനത്തിനു മാത്രമായി അവരുടെ സേവനങ്ങളെ വിട്ടു കൊടുക്കാതെ 5 വർഷം കൂടുമ്പോൾ ട്രാൻസ്ഫർ എന്ന് വിശ്വാസികളുടെ നിരന്തര ആവശ്യത്തിന് തയാറാകണം.
- വിവാഹം, മരണം, മാമോദീസ, വീട് കൂദാശ തുടങ്ങിയ സമ്പന്ന വിശ്വാസികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ കേരളത്തിൽ തെക്കു വടക്കു പായാതെ ഭദ്രാസനത്തിലെ വൈദികർ, വിശ്വാസികൾ തുടങ്ങിയവരുടെ ക്ഷേമത്തിനും, ആത്മീയ പുരോഗതിക്കും വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കണം .
- എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്കളുടെ പേരിൽ നടത്തുന്നു പിരിവകൾ നിർത്തി അത് മലങ്കര സഭയുടെ പൊതു സ്വത്താക്കി മാറ്റാൻ തയാറാക്കണം. മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കേറ്റിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും, ആതുരാലയങ്ങളുടെയും പട്ടിക വിശ്വാസികൾക്ക് വേണ്ടി മലങ്കര സഭയുടെ പ്രസിദ്ധികരണങ്ങൾ വഴി പ്രചരിപ്പിക്കണം.
- ഗൾഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പിരിവകൾ നിർത്തി, ഓരോ ഭദ്രാസനത്തിനും, അതിന്‍റെ ചാരിറ്റി പ്രോജെക്ടസിനും സ്വയം പരിയാപ്തതയ്ക്കു ആവശ്യമായ ദീർഘകാല നടപടികൾ കൈ കൊള്ളണം.
- മലങ്കര സഭാ വൈദികരുടെ നിയമനങ്ങൾ ആദ്യത്തെ 10 കൊല്ലം എങ്കിലും നിർബന്ധമായും അവരുടെ ഭദ്രാസനത്തിനു പുറത്തു കൊടുക്കാനും, ഗൾഫ് – യൂറോപ് – അമേരിക്ക മുതലായ മേച്ചിൽ പുറങ്ങളിലെ വൈദികർക്ക് ഈ സ്ഥലങ്ങളിൽ പരമാവധി 2 ടേൺ എന്ന് സംവിധാനം കർശനമായും നടപ്പിൽ വരുത്താനും തയാറാകണം .
- മലങ്കര സഭയുടെ വൈദിക സെമിനാരികളിലെ അച്ചടക്ക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനും, കളകളെ വെച്ച് വളർത്താതെ നിർദ്ദയം പറിച്ചു ഏറിയാനും ഇനിമേൽ മടിക്കരുത് .
- സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങിയാൽ പിന്നെ ഒരു തുടർ വിദ്യാഭ്യാസത്തിന്‍റെയും, അറിവ് പുതുക്കലിന്‍റെയും ആവശ്യമില്ല എന്ന് സ്ഥിതി മാറ്റി, 3 വർഷത്തിൽ ഒരിക്കൽ കോട്ടയം സെമിനാരി, നാഗപുർ സെമിനാരി എന്നിവിടങ്ങളിൽ വൈദികർക്കു കുറഞ്ഞത് 2 ദിവസമെങ്കിലുമുള്ള “നിർബന്ധിത” വൈദിക ക്യാമ്പും, കൗൺസിലിങ്ങും ഉണ്ടാകണം .
- ഭദ്രാസന മെത്രാപ്പോലീത്തന്മാർ തങ്ങളുടെ കീഴിൽ വരുന്നു എല്ലാ ഇടവകകളിലും വർഷത്തിൽ ഒരിക്കിൽ എങ്കിലും മുൻകൂട്ടി അറിയിച്ചു വി.കുർബാന അർപ്പിച്ചു ജനത്തോട് സംവദിച്ചിരുന്ന പഴയ നന്മയുള്ള കാലഘട്ടങ്ങൾ തിരിക്കെ വരണം .
- സെമിനാരി വിദ്യാഭ്യാസം ഇല്ലാതെ ഒരു വ്യകതിക്കു അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പട്ടം കൊടുക്കും മുൻപ് തങ്ങളുടെ മാതൃ ഇടവകയിൽ നിന്നും നിർബന്ധമായും ഒരു സമ്മത പത്രം സമർപ്പിക്കേണ്ടേ സാഹചര്യം ഉണ്ടാകണം .
- മെത്രാപ്പോലീത്തന്മാരുടെ ഡ്രൈവർമാർ, ഓഫീസ് ജീവനക്കാർ അടക്കമുള്ള വ്യകതികളെ തിരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ജാഗ്രത പുലര്ത്താനും സഭയുടെ ആചാര അനുഷ്ട്ടാനങ്ങളിൽ തല്പരരായ സഭാ വിശ്വാസികളെ മാത്രം പരിഗണിക്കാൻ കഴിയണം .
- ഏതെങ്കിലും ഘട്ടത്തിലെ അഭിവന്ദ്യ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളിൽ ആർക്കെങ്കിലും എതിരെ ഏതെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അതിൽ കൃത്യമായി അച്ചടക്ക നടപടികൾ സ്വീകരിച്ചു എപ്പിസ്കോപ്പൽ സിനഡ് മാതൃക കാട്ടണം.
- മലങ്കര സഭയുടെ വിദ്യാഭ്യാസ -ആതുര രംഗത്ത് വരുന്നു തൊഴിൽ നിയമനങ്ങൾ സുതാര്യമാക്കി, അഭ്യസ്ത വിദ്യരായ സഭ വിശ്വാസികൾക്ക് പ്രഥമ പരിഗണന കൊടുക്കണം . ഇ മേഖലയിൽ സഭയുടെ മാനേജിങ് കമ്മിറ്റിയെയും, ഗവേർണിംഗ് ബോഡിയെയും നോക്ക് കുത്തിയാക്കി നടത്തുന്ന അന്യായ നടപടികൾ അവസാനിപ്പിക്കണം.
- മലങ്കര സഭയ്ക്ക് ഒരു പൊളിറ്റിക്കൽ സെൽ, പ്രൊഫഷണൽ സെൽ എന്നിവ അടിയന്തിരമായി രൂപീകരിക്കണം. നിലവിലുള്ള ലീഗൽ സെൽ മലങ്കര സഭയ്ക്ക് ആകമാനം പ്രയോജനവും, മാർഗ നിർദ്ദേശവും നൽകാൻ പ്രാപ്‌തമായ നിലയിൽ കൂടുതൽ കാര്യക്ഷമാക്കണം.
- മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റിയെ കൂടുതൽ കാര്യകക്ഷമാക്കി പ്രവർത്തിപ്പിക്കാൻ പരിശുദ്ധ കാതോലിക്ക ബാവയും, സഭാ നേതൃത്വവും തയ്യാറാകണം. വിരമിച്ച സഭാ വിശ്വാസികളായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, മറ്റു മികച്ച പ്രതിഭശാലികളായവരെ ഒക്കെ മലങ്കര സഭയ്ക്ക് വേണ്ടി വിവിധ തലത്തിൽ സമർത്ഥമായി ഉപയോഗിക്കാൻ കഴിയണം.
- മലങ്കര സഭയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് കരുത്തായി പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ കാലഘട്ടത്തിലെ പോലെ സഭ സ്നേഹികളായ സുശകത്മായ ഒരു അൽമായ നേതൃനിരയെ വളർത്തിയെടുക്കണം . മലങ്കര സഭയുടെ ആത്മീയ സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തുകയും, അൽമായ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകേയും ചെയ്യണം.
- മലങ്കര സഭയ്ക്കു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടപെടാൻ പ്രാപ്തരായ ജേർണലിസം കഴിഞ്ഞ സമർഥരായ സഭാ യുവാക്കളെ നിയമിച്ചു കൊണ്ട് ശ്ക്തമായ ഒരു പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് അടിയന്തിരമായി ഉണ്ടാകണം. സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർക്കുള്ള നേരം പോക്കാക്കരുത് സഭയുടെ പി.ആർ .
“എന്നിൽ വിശ്വസിക്കുന്നു ഈ ചെറിയവരിൽ ഒരുത്തനു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തി കളയുന്നത് അവന്നു നന്ന് . ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം . നിന്‍റെ കൈയോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞു കളയുക. രണ്ടു കൈയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗനിയിൽ വീഴുന്നതിനേക്കാൾ അംഗ ഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്” .(വി.മത്തായി 18 : 6 – 8)
മലങ്കര സഭയിലെ ബഹു .വൈദികർ –
നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ( വി.മത്തായി 18 :18 )
ഓരോ നസ്രാണി ക്രിസ്തിയാനിയുടെയും അഭിമാനമാണ് അവരുടെ വൈദികരുടെ ഗുണമേന്മ . ക്രിസ്തുവിന്‍റെ പ്രതിപുരുഷരായി കാണപ്പെടുന്ന വൈദികർ അവരുടെ പ്രവർത്തനങ്ങളെയും, ജീവിത രീതികളെയും സ്വയം വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട തിരുത്തലക്കൾ വരുത്തി മുന്നോട്ടു പോകണം എന്ന് സമീപകാല സംഭവങ്ങൾ വിളിച്ചു പറയുന്നു. മലങ്കര സഭയുടെ നട്ടെല്ലും, ഭാവിയും ഒക്കെ ഞങ്ങളുടെ നൂറു കണക്കിന് വരുന്ന കാര്യപ്രാപിതയും ക്രിസ്തീയ മൂല്യങ്ങളുമുള്ള വൈദികരിലാണ്. ആയിരക്കണക്ക്കിനു ഗുരുതുല്യരായ വൈദികരെ സംഭാവന ചെയ്തു മലങ്കര സഭ ഇപ്പോൾ ചില കളങ്കിത വൈദികരുടെ പേരിൽ നിരന്തരം അപമാനിക്കപെടുന്നു . ഇത് തീർത്തും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തള്ളാൻ കഴിയില്ല. ഇത്തരം പുഴുക്കുത്തുക്കൾ വൈദികർക്ക് ഇടയിൽ ഇനിയും ഉണ്ട് എങ്കിൽ നിങ്ങൾ വൈദികർ തന്നെ അവരെ തിരുത്തി സന്മാർഗത്തിൽ നയിക്കണം. കുറഞ്ഞത് 5 % വൈദികർ എങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വൈദിക വൃത്തിക്ക് കൊള്ളരുതാത്തവരാണ് എന്ന് ആരെക്കാളും നന്നായി വൈദികർക്ക് അറിയാം. ഇത്തരം മൂല്യശോഷണത്തിനും, ധാർമിക വീഴ്ചയ്ക്കും ഉത്തരവാദിതും വൈദിക സംഘത്തിനും, ഭദ്രാസന നേതൃതത്തിനും ഒരേപോലെ ഉണ്ട് .
പരുമല പദയാത്രയ്ക്ക്കിടയിൽ ഒരു മുതിര്ന്ന വൈദികൻ അലക്ഷ്യമായും അച്ചടക്കമില്ലാതെയും പോയിരുന്നു യുവാക്കളായ ഞങ്ങളോട് പറഞ്ഞതാണ് മലങ്കര സഭയിലെ ഗുണമേന്മ ഇല്ലാത്ത വൈദികരോടും ഇപ്പോൾ പറയാനുള്ളത് . “നിങ്ങൾക്ക് ഇത് ഒരു ശക്തി പ്രകടനമോ, തമാശയോ ആയിരിക്കും, പക്ഷെ നിങ്ങൾ പോകുന്ന വഴികളിൽ നിങ്ങളെ ആദരപൂർവം വീക്ഷിക്കുന്ന ഈശ്വര വിശ്വാസികളായ നാനാ ജാതിമതസ്ഥരുടെ ദൈവ വിശ്വാസത്തിനും, പരുമല തിരുമേനിയോടുമുള്ള ആദരവിനും കോട്ടം വരുത്താതെ ഇരിക്കാനുള്ള വലിയൊരു ബാധ്യത നിങ്ങൾക്കുണ്ട് എന്ന് വിസ്മരിക്കരുത് “. നിങ്ങളുടെ പ്രവർത്തി ദോഷം മൂലം ഒരു വിശ്വാസിയുടെയും ദൈവ വിശ്വാസവും, സഭാ വിശ്വാസവും നഷ്ടപെടരുത് എന്ന് ഞങ്ങൾ ഓർമിപ്പിക്കുന്നു. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങുന്ന ചില ശെമ്മാശന്മാരുടെ വിവാഹ ധൂർത്തും, ഫോട്ടോ ഷൂട്ടും, ആഡംബര ഭ്രമവും ഒക്കെ ഇവർ നാളെ സഭയ്ക്കും, സമുദായത്തിനും ഒരു ബാധ്യതയാകും എന്ന് വിളിച്ചു ഓതുന്നു. വി.ത്രോണോസിന്‍റെ മുൻപിൽ കാപ്പായമിട്ട സെൽഫി എടുത്തു പോസ്റ്റി അതിന്‍റെ ലൈക്കും കമെന്റും നോക്കിയിരിക്കുന്ന “ഫ്രീക്കൻ” വൈദികർ ഒക്കെ കുറെ മിത്വത്തം പാലിക്കേണ്ടതുണ്ട്. ചില വൈദികരുടെയെങ്കിലും കുടുംബ ജീവിത്തിൽ ഗാർഹിക പീഡനം, ആഡംബര മോഹം, സംശയ രോഗം മുതൽ സദാചാര പ്രശനങ്ങൾ വരെ നിലനിൽക്കുന്നു. വൈദികന്‍റെ ഭാര്യ എന്ന നിലയ്ക്ക് ചിന്തിക്കാനും, പെരുമാറാനും അറിയാത്ത സ്വൈര്യം കൊടുക്കാത്ത കൊച്ചമ്മമാരുമുണ്ട്. ഭര്ത്താവായ വൈദികന്‍റെ വി.കുർബാന കാണുവാൻ പോലും തയാറാക്കാത്ത വൈദിക സഹധർമ്മണിമാർ ഉണ്ട് . ഇടവകയിലെ കലുഷിത പ്രശ്നങ്ങളും, വ്യകതിപരമായ സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങളും ഒക്കെ നേരിടുന്ന വൈദികർക്കു വൈദിക സംഘം, ഭദ്രാസനം എന്നീ തലങ്ങളിൽ ആവശ്യമായ പിന്തുണയും, സഹായവും, ഉപദേശങ്ങളും ഉണ്ടാകണം. “ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ ; അവയിൽ ഒന്ന് തെറ്റി ഉഴന്നു പോയാൽ തൊണ്ണൂറ്റി ഒൻപതിനേയും വിട്ടേച്ചു തെറ്റിപോയതിനെ മലകളിൽ ചെന്ന് തിരയുന്നില്ലയോ? അതിനെ കണ്ടത്തിയാൽ തെറ്റിപോകാത്ത തൊണ്ണൂറ്റി ഒമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” . (വി.മത്തായി 18 : 12 -13 )
മലങ്കര സഭയുടെ പ്രശ്നബാധ്യത മേഖലകളിലെ കഷ്ടപ്പെടുന്ന വൈദികർക്ക് സംഭവിക്കാത്ത ധാർമ്മിക ഇടർച്ചയാണ് സ്വസ്ഥമായ ഭദ്രാസനങ്ങളിലും ബാഹ്യ കേരളത്തിലും ഒക്കെ ഉണ്ടാക്കുന്നത്. വൈദികവൃത്തി മെച്ചപ്പെട്ട ഉപജീവനത്തിനും, സ്വത്തു ശേഖരണതിനുമായി കരുതുന്ന കുറച്ചു ഗുണകെട്ട വൈദികർ എല്ലായിടവും ഉണ്ട്. പല വൈദികർക്കും ഇടവക ജനത്തെ കരുതാനും, അവരെ ഓർത്തഡോക്സ് വിശ്വാസത്തിൽ പ്രബോധിപ്പിക്കാനുമൊന്നും താല്പര്യം ഇല്ലെങ്കിലും പള്ളികൾ പൊളിച്ചു പണിയാനും ആഡിറ്റോറിയം പണിയാനും ഒക്കെ വലിയ ഉത്സാഹമാണ്. തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ പൊളിച്ചു പണിത മനോഹര പള്ളി സൗധങ്ങളുടെ കണക്ക് അഭിമാനപൂർവം പറയുന്നു വൈദികർ തങ്ങളുടെ സേവന കാലത്തു തങ്ങളുടെ പ്രവർത്തന ശൈലികൾ കൊണ്ട് എത്ര പേര് സഭ /ഇടവക വിട്ടു എന്നും നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക ശുശ്രൂഷ കൊണ്ട് എത്രെ പേരെ ക്രിസ്തുവിലേക്കും, സഭയുടെ വിശ്വാസ സത്യങ്ങളിലേക്കും മടക്കി കൊണ്ട് വരാൻ കഴിഞ്ഞു എന്നും സ്വയം പരിശോധിക്കണം. നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക അജപാലനം കൊണ്ട് മലങ്കര സഭയുടെ ഉത്തമ പൗരാഹിത്യ തലത്തിലേക്കും, സന്യാസ സമൂഹത്തിലേക്കും ഉചിതരായ ഒരു വ്യകതിയെ എങ്കിലും കൊണ്ട് വരാൻ കഴിഞ്ഞുല്ലെങ്കിൽ ഇതുവരെയുള്ള പ്രയത്‌നം വ്യർത്ഥമല്ലേ? നിങ്ങളുടെ പ്രവർത്തികൾ, ജീവിത ശൈലികൾ, തൻ പ്രമാണിത്തം, പക്ഷപാതിത്വ നിലപാടുകൾ ഒക്കെ ക്രിസ്തീയതെയ്ക്കും, മലങ്കര സഭയ്ക്കും എന്ത് സംഭാവനകൾ ചെയ്തിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ കൂട്ടത്തിലെ കളകളെ നിർബാധം, നിർദ്ദയം നീക്കുക വേഗത്തിൽ. ഏതു ഇടവക എടുത്താലും അടക്കവും ഒതുക്കവുമില്ലാതെ, വൈദികൻ എന്ന് ബഹുമാനമില്ലാതെ അച്ചന്മാരുടെ വട്ടം കറങ്ങുന്ന ചില സ്ത്രീകൾ കാണും, ഇവരെ നിയന്ത്രിക്കുക, അകറ്റി നിർത്തുക. വൈദികർ എപ്പോഴും പൊതു സമൂഹത്തിന്‍റെ സൂക്ഷമ നീരിക്ഷണത്തിനു വിധേയരാണ് എന്ന് ബോധ്യത്തിൽ ആവശ്യമായ ജാഗ്രതയും, സൂക്ഷ്മതയും, സുതാര്യതയും, ലാളിത്യവും വേണം പെരുമാറ്റങ്ങളിലും, ജീവിത ശൈലിയിലും.
ഏതെങ്കിലും ഒരു വിഷയം വിവാദമാക്കുമ്പോൾ അതിനെ പരിഹരിക്കാൻ ബദ്ധപ്പെട്ടു പായാതെ മലങ്കര സഭയുടെ പൗരോഹിത്യത്തെ ബാധിച്ചിരിക്കുന്നു എല്ലാ തരം പുഴുക്കുത്തുക്കളെയും നീക്കാൻ ആവശ്യമായ സത്വര നടപടികൾ ഉണ്ടാവണം. നാൾ ഇതുവരെ തങ്ങളുടെ ഉത്തമ പൗരോഹത്യത്തിന്‍റെ ഗുണമേന്മയിലും, വിശ്വാസ തീക്ഷണതിയിലും അഭിമാനിച്ചിരുന്ന് നസ്രാണികളുടെ മാനം പൊതു സമൂഹത്തിൽ പിച്ചിചീന്തപ്പെടുന്ന അവസ്ഥ ഇനിമേൽ ഉണ്ടാവരുത്. ചില കളങ്കിത വൈദികരുടെ പേരിൽ മലങ്കര സഭയിലെ ഉത്തമ വൈദിക സമൂഹം മുഴുവനും അപമാനിക്കപ്പെടരുത് .
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
മലങ്കര സഭ: തിരിച്ചറിവുകളും തിരുത്തലുകളും അൽമായ – ആത്മീയ സംഘടന തലത്തിൽ.