മലങ്കര സഭ: തിരിച്ചറിവുകളും തിരുത്തലുകളും അൽമായ – ആത്മീയ സംഘടന തലത്തിൽ.
എഡിറ്റോറിയൽ:
കോട്ടയം എം.ഡി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ട്ടിച്ചിരുന്ന ശ്രീ.മാമ്മൻ മാപ്പിളയെ 1908-ൽ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ വട്ടശ്ശേരി തിരുമേനി, തന്‍റെ വിശ്വസ്ത അനുചരനായ ഗീവർഗീസ് കത്തനാർക്കു വേണ്ടി ജോലിയിൽ നിന്നും കാരണം കൂടാതെ ഒഴിവാക്കി. ഒൻമ്പതു മക്കൾ അടങ്ങുന്ന സാമാന്യം വലിയൊരു കുടുംബത്തിന്‍റെ ദൈനദിന കാര്യങ്ങൾക്കു അദ്ദേഹം വളരെ ബുദ്ധിമുട്ടിയ കാലത്തും, പരിശുദ്ധ വട്ടശേരിൽ തിരുമേനി അകാരണമായി തന്നെ ഉദ്യോഗത്തിൽ നിന്നും പിരിച്ചു വിട്ടതിലുള്ള നീരസവും, ദുഖവും ആത്മാഭിമാനിയായ മാമ്മൻ മാപ്പിള ഒരിക്കലും പരസ്യമായി പറഞ്ഞു നടന്നട്ടില്ല. 1909-ൽ പരിശുദ്ധ വട്ടശ്ശേരി തിരുമേനിയ്ക്കു എതിരെ മുടക്കു പ്രയോഗിച്ചു കൊണ്ട് പരിശുദ്ധ അബ്‍ദുള്ള പാത്രിയർകിസ് മലങ്കര സഭയെ വരിഞ്ഞു മുറുക്കി അതിന്‍റെ സ്വയം ശീർഷകത്വത്തെയും, സ്വാതന്ത്ര്യത്തെയും ഇല്ലായ്‌മ ചെയ്യാൻ എഴുന്നള്ളി ഇറങ്ങിയപ്പോൾ നസ്രാണി കേസരിയായ മാമ്മൻ മാപ്പിള തന്നെ അവഗണിച്ചതിലുള്ള എല്ലാ നീരസവും പാടെ മറന്നു, നസ്രാണി സമുദായത്തിന്‍റെ നിലനിൽപ്പിനായി അങ്ങേയറ്റം വിശ്വസ്തതയോടു കൂടെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് പിന്നിൽ ഒരു വൻ മരമായി നിലനിന്നു. 1953 വർഷത്തിന്‍റെ അവസാന ദിവസം കർമ്മഭൂമിയിൽ നിന്നും അജയ്യനായി വിടവാങ്ങുവോളും, മലങ്കര സഭയുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും, മുന്നേറ്റങ്ങളുടെയും ഒക്കെ പിന്നിൽ മലങ്കര സഭാ പിതാക്കന്മാരുടെ ചെറിയ ചില പോരായ്മയ്ക്കൾ, പിടിവാശികൾ ഒന്നും കാര്യമാക്കാതെ തീക്ഷണമായ സഭ സ്നേഹം മൂലം സഭയുടെ പിതാക്കന്മാരെ സ്ഥാനത്തിന് ഒത്തു ആദരിച്ചു, അനുസരിച്ചു, ശരിയായ ഉപദേശങ്ങൾ നൽകി, അവരുടെ പിന്നിൽ എന്നും വിശ്വസ്‌തയോടെ കൂടെ നടന്ന ഉത്തമ അൽമായ നേതാവായി കരുത്തനായ ശ്രീ. മാമ്മൻ മാപ്പിള ഉണ്ടായിരുന്നു.
മലങ്കര സഭയുടെ തീച്ചൂളകളുടെ കാലഘട്ടത്തിൽ ശ്രീ. മാമ്മൻ മാപ്പിളയ്ക്കു ഒപ്പം ശ്രീ.ചാക്കോ സൂപ്രണ്ട്, ഇലഞ്ഞിക്കൽ ജോൺ വക്കീൽ, ശ്രീ. ഒ. എം ചെറിയാൻ റാവു സാഹിബ്, ഇ ഐ ജോസഫ്, എം എം വർക്കി തുടങ്ങിയ പ്രഗല്ഭരായ ഒരു കരുത്തുറ്റ അൽമായ നിര പരിശുദ്ധ വട്ടശ്ശേരി തിരുമേനിക്കും, പരിശുദ്ധ ഗീവർഗീസ് ദ്വിതിയൻ ബാവയ്‌ക്കും പിന്നിൽ നിലയുറച്ചിരുന്നു. മലങ്കര സഭയുടെ സുവർണ്ണ കാലഘട്ടം എന്ന് നിസംശയം പറയാവുന്ന ഈ കാലങ്ങളിൽ സഭയുടെ പിതാക്കന്മാരോടു ഒപ്പും പ്രഗത്ഭ അൽമായ നേതാക്കന്മാരുടെ യോജിച്ചുള്ള നേതൃത്വവും, വീറോടെയുള്ള പ്രവർത്തനവുമാണ് ഇന്ന് നമ്മൾ കാണുന്ന സുശക്തമായ മലങ്കര സഭ. പിന്നീട് ശ്രീ. എറികാട് ജോസഫ് , പി. സി പടിഞ്ഞേറെക്കര, ഇലഞ്ഞിക്കൽ ജോൺ ജേക്കബ്, മാമ്മൻ മാത്യു, പി. സി അലക്സാണ്ടർ തുടങ്ങിയ സഭാ സേവന സന്നദ്ധരായ ഒരു വലിയ നസ്രാണി പ്രഗത്ഭ നിര തന്നെ അരങ്ങത്തും അണിയറിയിലുമായി പരിശുദ്ധ പിതാക്കന്മാർക്കു പിന്നിൽ നിശബദ്ധമായി നിന്ന് ശക്തമായി മുന്നോട്ടു നയിച്ച മലങ്കര സഭയിലെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് നാം ആഴത്തിൽ പരിശോധിക്കാം. ശക്തമായ നീരൊഴുക്കുള്ള ശുദ്ധമായ പമ്പ നദിയുടെ കൈവഴികളായ എല്ലാ നദികളിലും ആഫ്രിക്കൻ പായൽ മൂടി നീരൊഴുക്ക് പൂർണമായി തടസ്സപ്പെടുത്തിയ അനുഭവമാണ് ഇപ്പോൾ മനസ്സിൽ വരുന്നത്.
മലങ്കര സഭ സ്ഥാനികൾ / വർക്കിങ് കമ്മിറ്റി / മാനേജിങ് കമ്മിറ്റി
മലങ്കര സഭയുടെ പ്രവർത്തനത്തെ ഭരണഘടനാടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായി രീതിയിൽ സുഗമമായി മുന്നോട്ടു നയിക്കാൻ പര്യാപ്‌തമാണ് മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളെ കോർത്ത് ഇണക്കി നടത്തുന്ന ജനാധ്യപത്യ തിരഞ്ഞെടുപ്പിലൂടെയും, നോമിനേഷനലൂടെയും തിരഞ്ഞെടുക്കുന്ന മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റിയും, വർക്കിങ് കമ്മിറ്റിയും. നസ്രാണി വീര്യമുള്ള, സഭയോട് കൂറുള്ള, പിതാക്കന്മാരെ യഥോചിതം ബഹുമാനിക്കുന്നവർ എങ്കിലും അവരുടെ തെറ്റായ നടപടികളെ ഉചിതമായ വേദിയിൽ ശരിയായ നിലയിൽ പറഞ്ഞു ബോധ്യപ്പെടുത്താൻ പ്രാപതരായ, രാഷ്ട്രീയ ദുർമോഹം ബാധിക്കാത്ത ശ്രീ. മാമ്മൻ മാപ്പിളയെ പോലെയുള്ള സഭാ പ്രതിനിധ്യകളുടെ കുറ്റിയറ്റു പോയിട്ടില്ലെങ്കിലും ഇന്ന് അംഗുലീപരിമിതമാണ് എന്ന് പറയാതെ തരമില്ല. ചെറിയ ഒരു ഇടർച്ച വന്നാൽ, ഒരു വിഷമം വന്നാൽ മക്കളിൽ നിന്നും അകന്നു പോകുന്ന ആത്മീയ നേതൃത്വവും, അതിന്‍റെ പേരിൽ അവസരം മുതലാക്കി അപ്പനെ തള്ളിയിട്ടു വടിയും ചവിട്ടി ഒടിച്ച, അതിനെ വാറോലയാക്കി പ്രചരിപ്പിക്കാൻ കരാർ കൊടുക്കുന്ന കൂട്ടരും, അവരുടെ ശിങ്കടികളും ഒക്കെ ഇടയ്ക്കു വല്ലപ്പോഴും പരിശുദ്ധ വട്ടശേരിൽ തിരുമേനിയും, ശ്രീ മാമ്മൻ മാപ്പിളയും തമ്മിൽ ഉണ്ടായിരുന്ന രസതന്ത്രം ഒന്ന് മനസിലാക്കുന്നത് സഭയ്ക്കും, വ്യകതികൾക്കും ഗുണമാണ് .
ഇന്ന് സഭാ സേവന സന്നദ്ധരായ ഒരു പ്രഗല്ഭ അല്മായ നിര, മലങ്കര സഭയുടെ പരിശുദ്ധ. കാതോലിക്ക ബാവായോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡിനും ഒപ്പം ഒരുമയോടെ പ്രവർത്തിക്കാത്തത് ഒരു വലിയ നഷ്ടം തന്നെയാണ് മാർത്തോമയുടെ നസ്രാണി സഭയ്ക്ക്. ഇതിനു സഭ പിതാക്കന്മാരുടെ ചില അപക്വ നിലപാടുകളും, അതിലുപരി കേവല സ്ഥാന-മാന മോഹത്തിനു അപ്പുറം സഭയോടും, അതിന്‍റെ ആത്മീയ നേതൃത്തോടും ഒരു കൂറും പുലർത്താത്ത രാഷ്ട്രീയ ഉപഗ്രഹങ്ങളും, ഗുരുത്വ ദോഷികളും, പുത്തൻ പണക്കാരായ മണ്ടൻ പ്രാഞ്ചികളും, തങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി സഭയുടെ നീതിയുടെ മുന്നേറ്റത്തെ പോലും ഒളിഞ്ഞും തെളിഞ്ഞും തകർക്കുന്ന “ആഫ്രിക്കൻ പായൽ” സംഘടനയുടെ കോളാമ്പി വാഹകരുമായി പ്രവർത്തിക്കുന്ന തത്വമില്ലാത്ത കൂട്ടരുമൊക്കെ സഭയുടെ സമിതികളിലും, സ്ഥാനങ്ങളിലും കയറിയതിന്‍റെ പരിണതഫലം കൂടിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ മുന്തിയ മാനേജിങ് കമ്മിറ്റി നേതാക്കളും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ സഭയിലെ ദല്ലാളുകളും, നീതി ന്യായ കോടതി വിധികളിലൂടെ മലങ്കര സഭ അതിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങളെ കാണാതെ പല്ലിൽ കുത്തി മാറിയിരിക്കുന്ന അവസരവാദികളും, മലങ്കര സഭയുടെ സുഗമായി ഒഴുക്കിനെ തടസപ്പെടുത്തി തങ്ങളുടെ താല്പര്യാർഥം മാത്രം അത് കോട്ടയത്ത് നിന്ന് തെക്കോട്ടു ഒഴുക്കണം എന്ന് വാശിയിൽ മാലിന്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപിപ്പിക്കുന്ന “ആഫ്രിക്കൻ പായൽ ” മുന്നണി നേതാക്കളും ഒക്കെ തങ്ങളെ മലങ്കര സഭ ഏല്പിച്ചിരിക്കുന്നു കടമകൾ കടം കൂടാതെ പൂർത്തിക്കരിക്കാൻ ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ തീരുമാനിക്കണം.
മലങ്കര സഭ നൂറ്റാണ്ടായി നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തിന്‍റെ സ്വഭാവിക പരിണാമത്തിലേക്കു കടക്കുന്ന ഈ കാലത്തു, മലങ്കര സഭാ വിശ്വാസികളും അവരുടെ പ്രതിനിധികളും സർവ്വ സ്വാർത്ഥ ലക്ഷ്യങ്ങളും, രാഷ്ട്രീയ നിലപാടുകളും, വൈരാഗ്യ ബുദ്ധിയും വെടിഞ്ഞ മലങ്കര സഭയുടെ ആത്മീയ പിതാവിന് പിന്നിൽ മലങ്കര സഭയുടെ കെട്ടറുപ്പിനും, ശോഭനമായ ഭാവിക്കും വേണ്ടി ഒരുമേയോടെ അണിനിരക്കണം. നിയമത്തിന്‍റെയും, നിയമപാലകരെയും ബഹുമാനിക്കാത്ത വിഘിടിത കായനീയ സന്തതികൾ നടത്തുന്ന അക്രമ പരമ്പരകളുടെയും, വോട്ടു ബാങ്ക് നോക്കിയുള്ള രാഷ്ട്രീയ – ഉദ്യോഗസ്ഥ വഞ്ചനകളുടെയും മധ്യത്തിൽ നിന്ന് കൊണ്ട് മലങ്കര സഭയുടെ അവകാശങ്ങൾക്കു വേണ്ടി, നിയമ നടത്തിപ്പിന് വേണ്ടി നടത്തുന്ന നമ്മുടെ സഹോദര ദേവാലയങ്ങളുടെ പോരാട്ടങ്ങളെ നിങ്ങൾ ഇനിയും അവഗണിക്കരുത്. ഓരോ സ്‌ഥാനിയും, സഭാ പ്രതിനിധികളും മലങ്കര സഭയുടെ വായും, തൂണും, മല്പാനും ആയാൽ മാത്രം പോരെ, സഭയുടെ വിവിധതല ശത്രുക്കൾക്കു എതിരെ മൂർച്ചയേറിയ വാൾത്തലക്കളായി മാറണം. മലങ്കര സഭയുടെ പ്രതിനിധികൾ നേതൃത്വത്തിന്‍റെ കേവല സ്തുതിപാഠകരാക്കാതെ, ഗ്രൂപ്പകളുടെ പിടിയിൽ വീണ് തങ്ങൾക്കു കിട്ടിയ അനുഗൃഹീത അവസരം പഴയ സെമിനാരിയിൽ പോയി വെറുതെ ചായ കുടിച്ചു ഗോസിപ്പ് കേട്ട് മടങ്ങാതെ, ബാവ ഫാൻസും, മെത്രാൻ ഫാൻസും, ആഫ്രിക്കൻ പായൽ പ്രവർത്തകരുമായി അധഃപതിക്കാതെ സഭയുടെ ഭരണഘടനയും ചട്ടങ്ങളും നന്നായി മനസിലാക്കി മലങ്കര സഭയിലെ ശുചികരണത്തിനും, ശാക്തീകരണത്തിനും വേണ്ട തിരുത്തൽ ശക്തിയായി സ്വയം മാറുക. ചരിത്രം നിങ്ങളെ ഒരിക്കിലും മറക്കില്ല, വരും തലമുറകൾ ആവേശത്തോടെ നിങ്ങളെ അനുകരിക്കും.
മലങ്കര സഭയുടെ “വർക്കിങ് കമ്മിറ്റി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ” മലങ്കര സഭയുടെ ആത്മീയ – ഭരണ നേതൃത്തെ പ്രീതിയോ, ഭീതിയോ, സങ്കോചമോ കൂടാതെ ശരിയായ സമയത്തു കൃത്യമായ നിലപാടുകളും, ഉപദേശങ്ങളും നൽകി സഹായിക്കണം. വർക്കിങ് കമ്മിറ്റിയിൽ സഭയുടെ നിലവിലെ സ്ഥാനീയരെ കൂടാതെ വ്യത്യസ്‍ത മേഖലയിൽ നിന്നുള്ള മികച്ച അൽമായ പ്രതിഭകളെ കൂടെ ഉൾപ്പെടുത്തി മലങ്കര സഭയുടെ കേന്ദ്ര തലത്തിൽ, പരിശുദ്ധ പിതാവിന്‍റെ ആജ്ഞയ്ക്കു കീഴിൽ ഒരു ശക്തമായ സ്ഥിരം സംവിധാനമാക്കി അതിനെ പുനർവ്യാഖ്യാനം ചെയ്യണം. മലങ്കര സഭയുടെ പ്രശനങ്ങളിൽ, നീതി നിഷേധങ്ങളിൽ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്ന സമയങ്ങളിൽ എല്ലാം 24 മണിക്കൂറിനുളിൽ സഭാ കേന്ദ്രത്തിൽ ഒരു മേശക്കു ചുറ്റം പ്രാർത്ഥന നിരതരായി അണിചേർന്ന് മലങ്കര സഭയ്ക്ക് വേണ്ടി, പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് ഒപ്പും ഈ സമിതി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം. സഭയുടെ കേന്ദ്രതല ഓഫീസും സഭയുടെ മാധ്യമ വിഭാഗം ഉൾപ്പെടുന്ന പി.ആർ ഡിപ്പാർട്മെന്റും ഒക്കെ കൂടുതൽ പ്രവർത്തനമികവുള്ളതാക്കി മാറ്റണം. വോട്ടു ബാങ്ക് അധികാര രാഷ്ട്രീയത്തിൽ മലങ്കര സഭയ്ക്കു സ്ഥിരം രാഷ്ട്രീയ ശത്രുക്കളോ, മിത്രങ്ങളോ ആവശ്യമില്ല എന്നും, ഏതു രാഷ്ട്രീയ പാർട്ടിയോ, നേതാക്കളോ ആയാലും അവരുടെ നിലപാടുകൾ, പിന്തുണകൾ ഒക്കെ തികച്ചും അവസരവാദപരവും പ്രശ്നാധിഷ്ഠിതവുമാണ് എന്ന് നല്ല തിരിച്ചറിവിൽ മലങ്കര സഭയും ഇനിയെങ്കിലും അവസരത്തിന് അനുസരിച്ചു ബുദ്ധിപൂർവം നിലപാട് സ്വീകരിക്കണം. നമ്മെ സഹായിക്കുന്നവരെ “സഹായത്തിന്‍റെ വലിപ്പത്തിനു അനുസരിച്ചു മാത്രം തിരിച്ചും മാന്യമായി സഹായിക്കാനും”, ഉപദ്രവിക്കുന്നവരെയും വഞ്ചിക്കുന്നവരെയും നിശ്ശബദ്ധമായി കൃത്യമായ പാഠം പഠിപ്പിക്കാനുമുതക്കുന്ന ചാണക്യ തന്ത്രങ്ങൾ പ്രയോഗിക്കാനും മലങ്കര സഭയുടെ ആത്മീയ – ഭരണ നേതൃത്വം പരിശീലിക്കണം. മലങ്കര സഭയുടെ ഇത്തരം “സമദൂര – ശരിദൂര നിലപാടുകൾ” മലങ്കര സഭയ്ക്ക് ഉണ്ടാക്കുവാൻ മാനേജിങ് കമ്മിറ്റി കൃത്യമായ സമയത്തു ശരിയായ തലത്തിൽ ഇടപെടണം. ആത്മീയ പിതാക്കന്മാരും, സഭയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനികളും സ്തുതിപാഠകരുടെയും, ചില കോക്കസുകളുടെയും പിടിയിൽ വീഴുന്നത് മലങ്കര സഭയുടെ ഉത്തരവാദിത്തപെട്ട സമിതികൾ ഗൗരവമായി കണ്ടു വേണ്ട തിരുത്തൽ നടപടികൾക്ക് ഉചിതമായ വേദിയിൽ ശക്തമായി സമ്മർദ്ദം ചെലുത്തണം.
മലങ്കര സഭയുടെ അൽമായ ട്രസ്റ്റി, വൈദിക ട്രസ്റ്റി, അസ്സോസിയേഷൻ സെക്രട്ടറി തുടങ്ങിയവരുടെ കഴിഞ്ഞു ഒന്നേകാൽ വർഷത്തെ ഭരണത്തെയും പ്രകടനത്തെയും ഇപ്പോൾ ഇഴ കീറി പരിശോധിക്കുന്നില്ല, അത് കൃത്യമായി വൈകാതെ ഉണ്ടാകും. വലിയ വാഗ്ദാനങ്ങൾ നൽകി മലങ്കര സഭയെ ഇളക്കി മറിച്ച ജയിച്ചു കയറിയവരിൽ ഇപ്പോൾ “ശരാശരി നിലവാരം” പുലർത്തുന്ന അസ്സോസിസ്യഷൻ സെക്രട്ടറിയാണ് തമ്മിൽ അല്പം ഭേദം എന്ന് നിലയിൽ പരക്കെ പറഞ്ഞു തുടങ്ങി. ഇപ്പോഴത്തെ സ്ഥാനികളുടെ എല്ലാ നല്ല പ്രവർത്തങ്ങളെയും, നന്മകളയേയും, സഭയ്ക്കു നൽകുന്ന സേവനത്തെയും പൂർണമായി ആംഗീകരിച്ചു കൊണ്ട് പറയട്ടെ, നിങ്ങളുടെ ചില നിഷ്‌ക്രിയതയും, ഇരട്ടത്താപ്പും ഒക്കെ കാണുമ്പോഴായാണ് നിങ്ങളുടെ തൊട്ടു മുൻപത്തെ സ്ഥാനികളുടെ വില മലങ്കര സഭ നന്നായി അറിയുന്നത്.
കളങ്കിത വൈദികർക്ക് എതിരെയുള്ള നടപടികൾ, മലങ്കര സഭയ്ക്ക് ഒരു സ്ഥിരം അച്ചടക്ക സമിതി, മെത്രാന്മാരുടെ പൊതു ട്രാൻസ്ഫർ, സഭയുടെ മറവിലെ മെത്രാന്മാരുടെ സ്വകാര്യ ട്രസ്റ്റ് പ്രവർത്തനം, വൈദികർക്ക് പൊതു ട്രാൻസ്ഫർ, വൈദികർക്കും മെത്രാന്മാർക്കും സഭയിൽ പെരുമാറ്റച്ചട്ടം, സഭയുടെ ഉപസമിതികളുടെ പ്രവർത്തന മികവ് തുടങ്ങിയ കാതലായ വിഷയങ്ങളിൽ നിക്ഷപക്ഷതയോടെ മലങ്കര സഭയുടെ സുരക്ഷിത ഭാവിക്കായി വിശ്രമമില്ലാതെ പൊരുതാൻ ഓരോ പ്രതിനിധിയും തയ്യാറാക്കണം. പരിശുദ്ധ കാതോലിക്ക ബാവായുടെ നിയന്ത്രണത്തിൽ മലങ്കര സഭയ്ക്കു ഒരു “പൊളിറ്റിക്കൽ സെൽ” നടപ്പിൽ വരുത്തി, രാഷ്ട്രീയ പാർട്ടികളോടും സർക്കാരുകളോടും നടത്തുന്ന ചർച്ചകൾ പ്രസ്തുത സമിതിയുടെ മേൽനോട്ടത്തിൽ ഇനിമേൽ നടത്തപ്പെടണം. മലങ്കര സഭയുടെ “ലീഗൽ സെൽ” കൂടുതൽ ശക്തിപ്പെടുത്താനും, മികച്ച ഒരു “മീഡിയ സെൽ” പ്രയോഗത്തിൽ വരുത്തുവാൻ മലങ്കര സഭാ സ്ഥാനികളും, സമിതികളും മുന്നിട്ടു ഇറങ്ങണം. ഓഗസ്റ്റ് 9-നു വരുന്ന മലങ്കര സഭ മാനേജിങ് കമ്മിറ്റി മലങ്കര സഭയുടെ നവയുഗ പിറവിക്കു കാഹളമൂതട്ടെ. മലങ്കര സഭയുടെ വിവിധ ഉപസമിതികളിൽ പ്രസ്തുത മേഖലകളിൽ പ്രാവീണ്യം ഉള്ളവരെ നിയമിച്ചു നടപടികൾ കാര്യക്ഷമമാക്കണം. രാഷ്ട്രീയ രംഗത്തും, വ്യവ്യസായ രംഗത്തും, നിയമരംഗത്തും, ഉന്നത സർക്കാർ സേവന രംഗത്ത് നിന്നും വിരമിച്ചിട്ടുള്ള മലങ്കര സഭാ വിശ്വാസികളായ പ്രഗല്ഭ വ്യകതികളെ ഒന്നിച്ചു വിളിച്ചു കൂട്ടി അവരുടെ സേവനങ്ങൾ, കഴിവുകൾ മലങ്കര സഭയ്ക്ക് എങ്ങനെ, എവിടെ ഉപയോഗിക്കാം എന്ന് മലങ്കര സഭ നേതൃത്വം ഗൗരവമായി പരിഗണിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വ്യത്യസ്ത വീക്ഷണമുള്ള, വിവിധ മനോഭാവമുള്ള, വേറിട്ട ശൈലികളുള്ള, നിരവധി താല്പര്യങ്ങൾ ഉണ്ടായേക്കാവുന്ന ഇത്തരം വ്യകതികളെ കൂടെ നിർത്തി പാകത്തിന് മാത്രം “തല്ലിയും തലോടിയും” മലങ്കര സഭയെ മുന്നോട്ടു നയിക്കാൻ ആവശ്യമായ പ്രായോഗിക ബുദ്ധിയും, നയ വൈഭവവും, സ്വാധീന തലവും, ആജ്ഞ ശകതിയും, ദൈവ കൃപയും ഒക്കെ മലങ്കര സഭയുടെ പിതാക്കന്മാർക്കും ഭരണ സ്ഥാനീയർക്കും ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
മലങ്കര സഭയിലെ ആത്മീയ സംഘടനകൾ.
ഒരു ക്രിസ്തീയ സഭയുടെ വ്യത്യസ്‍ത തരത്തിലുള്ള , പ്രായത്തിലുള്ള വിശ്വാസികളെ ഉൾകൊള്ളുന്ന വിവിധ ആത്മീയ പ്രസ്ഥാനങ്ങൾ മലങ്കര സഭയ്ക്ക് ചാലക ശക്തിയായി പ്രവർത്തിക്കുന്നു. സൺഡേസ്കൂൾ, യുവജന പ്രസ്ഥാനം, വിദ്യാർഥി പ്രസ്ഥാനം, ബാല- ബാലിക സമാജം, സത്രീ സമാജം, പ്രാര്ഥനയോഗം, ശ്രിശ്രൂഷക സംഘം തുടങ്ങി ഒരു വലിയ നിര തന്നെ മലങ്കര സഭയിൽ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും പ്രാധാന്യമുള്ളതു സൺഡേ സ്‌കൂൾ, യുവജനപ്രസ്ഥാനം, മർത്തമറിയ സമാജം എന്നിവയാണ് എന്നത് ഏതു ചെറിയ ദേവാലയം നോക്കിയാലും ബോധ്യപ്പെടും. മലങ്കര സഭയിലെ ഓരോ പ്രസ്ഥാനത്തിലെയും പ്രിയ പ്രവർത്തകർ തങ്ങളുടെ പ്രസ്ഥാനം വഴി, അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ വേണ്ട പ്രവർത്തനങ്ങൾ മൂലം ഇടവകയ്ക്കും, ദേശത്തിനും അതിലുപരി മലങ്കര സഭയ്ക്കും പുതിയ ഉണർവ് നൽകണം. സൺഡേ സ്‌കൂൾ തലം മുതൽ വളര്ന്ന വരുന്ന കുഞ്ഞുങ്ങളിൽ ക്രിസ്തീയ മൂല്യങ്ങൾ, പൗരസ്ത്യ ഓർത്തഡോൿസ് വിശ്വാസങ്ങൾ, മലങ്കര സഭയുടെ പോരാട്ട ചരിത്രങ്ങൾ എന്നിവ ആഴത്തിൽ പകർന്നു നൽകണം. സൺഡേ സ്‌കൂൾ അധ്യാപകർ കുട്ടികൾക്ക് നല്ല മാതൃകയായി തീർന്നു, കുട്ടികളുടെ ജീവിതത്തെ ക്രിസ്തുവമായും, മലങ്കര സഭയുമായും ചേർത്ത് നടത്താൻ പരിശ്രമിക്കണം . അതിനു ആദ്യം അധ്യാപകർ മലങ്കര സഭയുടെ അടിസ്ഥാന വിശ്വാസങ്ങൾ, സഭയുടെ ചരിത്രങ്ങൾ, വി. ബൈബിൾ എന്നിവ നന്നായി പരിശീലിക്കണം. വി.കൂദാശകൾ, യാമപ്രാർത്ഥനകൾ, വി.നോമ്പകൾ, വി.കല്പനകൾ, വിശുദ്ധന്മാരുടെ മധ്യസ്ഥ, പൗരോഹത്യത്തിന്‍റെ സ്രേഷ്ടത, പരിശുദ്ധമാതാവിന്‍റെ ഫലങ്ങൾ എന്നിവയുടെ പ്രാധാന്യത്തെ പറ്റിയും, ക്രിസ്തീയ വിശ്വാസ ജീവതത്തിൽ അതിന്‍റെ ആവശ്യകതയെ പറ്റിയും കുഞ്ഞുങ്ങളെ ബാല്യത്തിൽ തന്നെ പരിശീലിപ്പിച്ചു മലങ്കര സഭയുടെയും, ക്രീസ്തീയതയുടെയും താഴ് വേരുകൾ ഉറപ്പിച്ചു നിർത്തണം.
മലങ്കര സഭയിലെ സ്ത്രീകൾ പെരുന്നാളിന് പ്രദിക്ഷണം വിജയിപ്പിക്കാനും , ദുഃഖ വെള്ളിയാഴ്യ്ച മാങ്ങാ അരിയാനും, സത്രീ സമാജം നടത്തിപ്പും മാത്രമായിരുന്ന കാലം പോയി. മലങ്കര സഭ അതിന്‍റെ നസ്രാണി തങ്കകിച്ചകൾക്കു കല്പിച്ചു കൊടുത്ത അവകാശങ്ങൾ ഇടവകയിലെ പുരുഷ കേസരികളെ ഭയന്നാണോ എന്നറിയില്ല, കാര്യമായി പലയിടത്തും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഇന്ന് പൊതുയോഗത്തിൽ തുല്യ അവകാശത്തോടു പുരുഷൻ ഒപ്പും പങ്കടുക്കുകയേയും, ഇടവക ഭരണ സമിതികളിൽ സ്ത്രീകൾ സ്തുത്യര്ഹമായി പ്രവർത്തിക്കുന്നുണ്ട് എങ്കിലും ഇടവക തലത്തിനു പുറത്തേക്കു ഭദ്രാസന – മാനേജിങ് കമ്മിറ്റി തലത്തിലേക്ക് നിങ്ങൾ പ്രവേശിക്കണം. അത് നിങ്ങളുടെ നിഷേധിക്കാനാകാത്ത അവകാശവും കടമയുമാണ്. ജനാധ്യപത്യ ഭാരതത്തിൽ സ്ത്രീ വഹിക്കാത്ത ഒരു ഭരണഘടനാ പദവിയും അവശേഷിക്കുന്നില്ല എന്നിരിക്കെ മലങ്കര സഭയിലെ ഏറ്റവും സംഘടന ശേഷിയുള്ള, അംഗ സംഖ്യയുള്ള, പ്രഗല്ഭ സത്രീ രത്‌നങ്ങൾ ഏറെയുള്ള മർത്തമറിയ സമാജം ഇന്ന് ഒരു തരത്തിൽ മലബാർ പാർട്ടിയുടെ വനിതാ സംഘടന പോലെയാണ്. ഈ സംഘടനയുടെ കാലാകാലങ്ങളിലെ പ്രസിഡന്റ് തിരുമേനി ആരാണ് എന്ന് സഭാ ഡയറിയിൽ നോക്കിയാൽ അറിയാമെങ്കിലും നാൾ ഇതുവരെ ഈ പ്രസ്ഥാനത്തിന്‍റെ കേന്ദ്ര തല ഭാരവാഹികളുടെ പേരോ, ചിത്രമോ, ഒരു പ്രസ്താവനയോ, എന്തിനു ചില പ്രസ്ഥാനങ്ങളുടെ അടുത്ത് ദിവസങ്ങളിൽ മാത്രം സോഷ്യൽ മീഡിയയിൽ കണ്ട തുടങ്ങിയ ലെറ്റർ ഹെഡ് പോലും ആരും കണ്ടിട്ടില്ല. വി.കുമ്പസാരത്തിനു എതിരെയും, വൈദികരുടെ ദുർനടപ്പിന് എതിരെയും വലിയ വിവാദം ഉണ്ടായപ്പോൾ മർത്തമറിയ സമാജം ഒരു ശക്തമായ നിലപാട് സ്വീകരിക്കുകയും, വളരെ ഒറ്റപ്പെട്ട ചില വിഷയങ്ങളുടെ പേരിൽ മലങ്കര സഭയുടെ വി.കുമ്പസാരം പോലെയുള്ള വി.കൂദാശാകളെ നിരന്തരം അവഹേളിക്കുന്നവർക്കു എതിരെ ഒരു പ്രസ്താവന എങ്കിലും ഇറക്കിയിരുന്നു എങ്കിൽ മലങ്കര സഭയ്ക്ക് പൊതു സമൂഹത്തിൽ ഒരു പരിധിവരെ ഗുണം ചെയ്തേനെ. അത്തരം ഒരു പ്രസ്താവന പോലും ഇറക്കാൻ ത്രാണിയില്ലെങ്കിൽ നിങ്ങൾക്ക് സമാജത്തിലെ കോഴി മുട്ട ലേലം വിളിക്കും, മാങ്ങാ അരിച്ചിലിനും അപ്പുറം മലങ്കര സഭയിൽ ഒരു സ്ഥാനവും ഉണ്ടാകില്ല. കാരണം അത് നിങ്ങൾ ഒട്ടുമേ അർഹിക്കുന്നില്ല.
മലങ്കര സഭയുടെ ജീവനാഡിയാണ് ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം (O.C.Y.M). മലങ്കര സഭയുടെ വിശ്വാസങ്ങളും, പോരാട്ട ചരിത്രങ്ങളും ഒക്കെ ഓരോ ഇടവകയിലും ആഴത്തിൽ പ്രചരിപ്പിച്ചു, വിശ്വാസി സമൂഹത്തെ, പ്രേത്യകിച്ച യുവജനങ്ങളെ ആവേശത്തോടെ മലങ്കര സഭയ്ക്ക് ഒപ്പും നിർത്തേണ്ട, ഉശിരോടെ കളം നിറഞ്ഞു ഇറങ്ങി കളിക്കേണ്ട പ്രസ്ഥാനം കുറേനാളായി യോനായുടെ ഉറക്കം പോലെയാണ് എന്ന് മലങ്കര സഭയിൽ ആകമാനം ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ ഈ വിഷയം ഓ.വി.സ് കഴിഞ്ഞു വാരത്തിൽ മുഖപ്രസംഗമായി പറഞ്ഞിരുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിലെ ചില തല്പര ഭദ്രാസന – കേന്ദ്ര നേതാക്കന്മാർക്കു എങ്കിലും O.C.Y.M എന്നതിന് മലങ്കര സഭയിലെ സാധാരണക്കാർക്ക് മനസിലാക്കാനും, ഉൾകൊള്ളാനും പറ്റാത്ത ഒരു പൂർണ രൂപമാണ് ഉള്ളത്. ഇവരെയും ആഫ്രിക്കൻ പായൽ മൂടിയില്ലേ എന്ന് സ്വാഭവികമായി ചിന്തിക്കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലായി യുവജനപ്രസ്ഥാനം കേന്ദ്ര നേതാക്കൾ ചേലക്കരയിലും മറ്റും നടത്തിയ ചില ഇടപെടലുകളെയും, പുറത്തു വരുന്ന മികച്ച പ്രസ്താവനകളെയും സന്തോഷത്തോടെ കൂടെ കണ്ടുകൊണ്ട് പറയട്ടെ, നസ്രാണി സമുദായത്തിന്‍റെ യുവ പ്രസ്ഥാനത്തിന് കടലാസ് പ്രസ്താവന മാത്രം പോരാ. മലങ്കര സഭയുടെ പ്രശ്‌ന മേഖലയിലെ ദുരിതം അനുഭവിക്കുന്ന വിശ്വാസി സമൂഹത്തിനും, വൈദികർക്കും ഒപ്പും ക്രിയാത്‌മകമായി പ്രവർത്തിക്കാൻ മുന്നിട്ടു ഇറങ്ങണം. വിഘിടിത വിഭാഗത്തിന്‍റെ യുവജനങ്ങൾ നടത്തുന്ന ബ്രഹ്മാണ്ഡ കുപ്രചാരണങ്ങൾക്കും, ശക്തി പ്രകടനത്തിനും കൃത്യമായി മറുപടി പറയാൻ, അത് പ്രാവർത്തികമാക്കി കാണിക്കാൻ മലങ്കര സഭയ്ക്ക് നട്ടെല്ലുള്ള നസ്രാണി വീര്യം പേറുന്ന ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനം ഉണ്ട് എന്ന് കാട്ടി കൊടുക്കണം. അത് ചേലക്കരയിൽ ആയാലും, കട്ടച്ചിറയിൽ ആയാലും. അതിനു മുന്നിട്ടു ഇറങ്ങേണ്ട ഭദ്രാസന യുവജന പ്രസ്ഥാനങ്ങളെയും, മേഖല സംഘാടകരെയും സംയോജിപ്പിച്ചു കൊണ്ട് ശക്തമായ യുവജന മുന്നേറ്റം കാട്ടണം. മലങ്കര സഭയുടെ നേത്രത്വവും, ഭദ്രാസന നേത്രത്വവും ഈ വിഷയങ്ങളിൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിനു വേണ്ട എല്ലാ പിന്തുണയും, സംരക്ഷണവും വീഴ്ച കൂടാതെ നൽകിയേ തീരൂ.
മലങ്കര സഭയിലെ അൽമായ പ്രസ്ഥാനങ്ങൾ
മലങ്കര സഭ ഒരു എപ്പിസ്കോപ്പൽ സഭയാണ് എങ്കിലും വലിയൊരു അളവ് വരെ അൽമായ പ്രാതിനിത്യവും, ജനാധ്യപത്യവും നിലനിൽക്കുന്നു. മലങ്കര സഭയെ ഈ നിലയിൽ വളർത്തിയതിനു പിന്നിൽ ആയിരക്കണക്കിന് പൂർവ പിതാക്കന്മാരുടെ കഠിനാധ്വാനവും, ധന ചിലവും, പ്രാർത്ഥനയും ഉണ്ട്. കൂനൻ കുരിശന്‍റെ 1653 കാലം മുതൽ നിരവധി സഭ സ്നേഹികളായ അൽമായ പ്രമുഖരുടെ മികച്ച നേതൃത്വവും, പോരാട്ടവുമാണ് മലങ്കര സഭ. പക്ഷെ ഇന്ന് മലങ്കര സഭയിലെ അൽമായ നേതൃത്വം ഏറെക്കുറെ ശുഷ്കവും, ശൂന്യവുമാണ്. അവശേഷിക്കുന്നതിൽ ഏറെയും രാഷ്ട്രീയ മണ്ടരി ബാധയേറ്റതും, ആഫ്രിക്കൻ പായലിൽ കുടുങ്ങിയതുമാണ്. ഇതിനു ഒപ്പും മലങ്കര സഭയിലെ അജണ്ടകളെ നിശ്ചിയിക്കാൻ പോലും പ്രാപ്തിയുണ്ടായിരുന്ന അൽമായ വേദി പോലെയുള്ള പ്രസ്ഥാനങ്ങളുടെ വാർധിക്യാവസ്ഥയുമാണ് അൽമായ ശബ്ദത്തെ ഇന്ന് മലങ്കര സഭയിൽ ഇല്ലാതാക്കുന്നത് . ഒരു ശക്തമായ രണ്ടാം നിര നേതൃത്തെ വളർത്തി കൊണ്ട് വരാൻ മറന്നു പോയ അൽമായ വേദി പോലെയുള്ള മലങ്കരയിലെ അവശ്യ പ്രസ്ഥാനങ്ങളുടെ സ്പേസ് ഇന്ന് ആഫ്രിക്കൻ പായൽ പ്രസ്ഥാനം കൈയടക്കി. നിരവധി അനവധി സഭാ സ്നേഹികളായ യുവജനങ്ങളെ ചേർത്ത് കൊണ്ട് അൽമായ വേദി സഭാ കേന്ദ്രം നിൽക്കുന്ന ജില്ലയിൽ ഒരു സജീവ സാന്നധ്യയിമായി ഉയർത്തു എഴുന്നേൽപ്പ് നടത്തിയേ തീരൂ. മലങ്കര സഭയ്ക്ക് നഷ്ടപ്പെട്ട് പോയികൊണ്ടിരിക്കുന്ന ഉത്തമ അൽമായ ശബ്ദത്തെ സഭാ കേന്ദ്ര തലത്തിലും ഭദ്രാസനാതലത്തിലും ശക്തമായി ഉയർത്താൻ നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ് എന്ന് തോന്നൽ ഉണ്ടായാൽ 2019 മാർച്ചിൽ നടക്കുന്ന ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്‍റെ വാർഷിക സമ്മേളനത്തിൽ ഓ.വി.എസ്-ന്‍റെ പ്രവർത്തനം ഭദ്രാസന തലത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കും കുറിക്കും. മലങ്കര സഭയുടെ വിവിധ തല ശുദ്ധികരണത്തിനും, ശാക്തീകരണത്തിനും, സഭയുടെ അവകാശ പോരാട്ടങ്ങളക്കും, തിരുത്തൽ നടപടികൾക്കുമായി വിവിധ ഭദ്രാസന സംരക്ഷണ സമിതികൾ, അൽമായ വേദി, ക്രൈസ്തവ യുവജനപ്രസ്ഥാനം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി കൈ കോർത്ത് മുന്നോട്ടു പോകാൻ ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ സദാ സന്നദ്ധമാണ് .
അദ്ധ്യായം ( 3 ) – മലങ്കര സഭയിലെ തിരച്ചറിവകളും തിരുത്തലുകളും പൗരോഹത്യ തലത്തിൽ
അടിക്കുറിപ്പ് : ഭാഗ്യസമർണഹരനായ അഭി. സഖറിയ മാർ തെയോഫിലിയോസ് തിരുമേനിയുടെ അന്ത്യ കല്പനയിൽ നിന്നും…
“മർത്തോമശ്ലീഹായുടെ ചോര വീണ് മണ്ണാണ് ഇതു… ഈ പരിശുദ്ധ സഭയെ തകർക്കാൻ ഏതെങ്കിലും ബുദ്ധിക്കോ, ദുഷ്ട ശക്തിക്കോ സാധിക്കില്ല എന്നു നിങ്ങളെ നാം ഓർമിപ്പിക്കുന്നു. പിതാക്കന്മാർ നമ്മുക്ക് പകർന്നു നൽകിയ സത്യവിശ്വാസവും, പാരമ്പര്യവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ നാം കരുതലുള്ളവരും ജാഗ്രതയുള്ളവരും ആയിരിക്കണം. സഭയിൽ സമാധാനം വിദൂരമല്ല എന്നു നാം മനസിലാക്കുന്നു. എങ്കിലും ഈ വിഷയത്തിൽ നിങ്ങൾ തികഞ്ഞ ജാഗ്രതയുള്ളവരും, ശ്രദ്ധയുള്ളവരുമായി നിലക്കൊള്ളണം. ഉപായക്കാരും സ്വാർഥ ചിന്താഗതികാരും സ്ഥാപിക്കുന്ന സമാധാനം ശാശ്വതമല്ല. അതു ലോകം തരുന്ന സമാധാനം.
കിഴക്കൊക്കെയുടെയും ഭാഗ്യമോടെ മാർത്തോമയുടെ സ്ലൈഹിക സിംഹാസനത്തിൽ വാണരുളുന്ന പരിശുദ്ധ കാതോലിക്കാ ബാവമാരെയും, അഭിവന്ദ്യ മെത്രാന്മാരെയും നിങ്ങൾ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. പരിശുദ്ധ സഭയുടെ സത്യ വിശ്വാസത്തിലും പാരമ്പര്യത്തിലും നിങ്ങൾ അടിയുറച്ചു നിന്ന് നിങ്ങൾ വരും തലമറുകൾക്കു ഇതിനെ പകർന്നു നൽകണം എന്നു നിങ്ങളോടുള്ള എന്‍റെ സ്നേഹത്തെ പ്രതി ഞാൻ ഉത്‌ബോധിപ്പിക്കുന്നു .”