പിറവം പള്ളി: വിധി നടപ്പിലാക്കണം. കാലവിളംബം പാടില്ല.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട പിറവം സെന്‍റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രലുമായി ബന്ധപ്പെട്ട് ദീർഘകാലമായി നടന്ന വ്യവഹാരങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ബഹു. സുപ്രീം കോടതി 2018 ഏപ്രിൽ 19-നു അന്തിമ വിധി കൽപ്പിച്ചിരുന്നുവല്ലോ. വിഘടിത വിഭാഗത്തിനു ശാശ്വത നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പിറവം പള്ളിയും അനുബന്ധ സ്ഥാപനങ്ങളും 1934-ലെ മലങ്കരസഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു ആ വിധിയിൽ കൃത്യമായി പ്രസ്താവിച്ചിരുന്നു.
വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. 2017 ജൂലൈ 3-നു ഉണ്ടായ ചരിത്രപ്രസിദ്ധമായ വിധിയെത്തുടർന്നു കോലഞ്ചേരി, വരിക്കോലി, നെച്ചൂർ, ചാത്തമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കൃത്യമായി വിധി നടപ്പിലാക്കി നീതി പീഠത്തോടുള്ള പ്രതിബദ്ധത സർക്കാർ കാണിച്ചതാണ്. ആ കർത്തവ്യനിർവ്വണത്തിൽ സർക്കാർ സംവിധാനങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു.
മലങ്കരസഭ രണ്ടായിരം വർഷങ്ങളായി ഈ കേരളത്തിന്‍റെ മണ്ണിൽ കഴിയുന്ന ഒരു ചെറിയ സഭയാണ്. ബഹു . മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞ വാക്ക് കടമെടുത്തു പറഞ്ഞാൽ മണ്ണിന്‍റെ മണമുള്ള സഭ. കയ്യൂക്ക് കാണിക്കുകയോ പിടിച്ചടക്കുകയോ ഞങ്ങളുടെ രീതിയല്ല. ബഹു. സുപ്രീം കോടതി കൽപ്പിച്ചു തന്ന നീതിയും അവകാശവും നടപ്പിലാക്കണമെന്നു മാത്രമാണ് ഞങ്ങളുടെ അഭ്യർഥന. ആയതിനാൽ കഴിവതും വേഗം, വരും ദിവസങ്ങളിൽ തന്നെ പിറവം സെന്‍റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ബഹു. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നു സർക്കാരിനോട് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ വിനയപൂർവ്വം ആവശ്യപ്പെടുന്നു.
(ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ ഔദ്യോഗിക പ്രസ്താവന)
https://ovsonline.in/latest-news/piravom-church-2/