നെസ്തോറിയസും സഭയുടെ വിഭജനവും- ഫാ ജോസ് തോമസ് പൂവത്തുങ്കൽ
കുസ്തന്തീനോസ്പോലീസിന്‍റെ അദ്ധ്യക്ഷനായിരുന്ന നെസ്തോറിയസിന്‍റെ പഠിപ്പിക്കലും, അതിന്‍റെ പരിണിതഫലവും അതിന്‍റെ കാരണങ്ങളും മനസ്സിലാക്കണമെങ്കിൽ പുരാതന സഭയിലെ അന്ത്യോക്യൻ വേദശാസ്ത്ര സ്കൂളിനേക്കുറിച്ചും അലക്സാന്ത്ര്യൻ വേദശാസ്ത്ര സ്കൂളിനേക്കുറിച്ചും അവിടുത്തെ പഠിപ്പിക്കലും അതിന്‍റെ പിന്നിലെ വേദശാസ്ത്രവും അല്പം മനസ്സിലാക്കണമെന്നാണു എനിക്ക് തോന്നുന്നതു.
അലക്സാന്ത്ര്യൻ വേദശാസ്ത്ര ചിന്ത അലക്സാന്ത്ര്യൻ വേദശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ വികസിച്ചതും പൌരസ്ത്യ ദേശം മുഴുവനും തന്നെ പ്രചരിച്ചിരുന്നതുമായ ക്രൈസ്തവ ചിന്താഗതിയായിരുന്നിത്. സഭയുടെ ഒരു ഉപദേശം എന്ന രീതിയിൽ ഇതിനെ അംഗീകരിച്ചിരുന്നവരിൽ കപ്പദോക്യൻ പിതാക്കന്മാരെപ്പോലെ അലക്സന്ത്ര്യാക്കാരല്ലാത്ത പലരും ഉണ്ടായിരുന്നു. “വചനം ജഡമായിത്തീർന്നു” (യോഹ. 1:14) എന്നതായിരുന്നു അലക്സാന്ത്ര്യൻ വേദശാസ്ത്രത്തിന്‍റെ അടിസ്ഥാനം. (അലക്സന്ത്ര്യായിലെ അത്താനാസിയോസ് വിശദീകരണം നല്കിയത് ഇതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു.) ഈ അടിസ്ഥാനത്തിൽ രണ്ടു കാര്യങ്ങൾക്കാണ് അവർ ഊന്നൽ കൊടുത്തതു.
1) വചനം മനുഷ്യനായി തീർന്നപ്പോൾ, വചനത്തിന്‍റെ ദൈവീക തത്വത്തിനോ ആളത്തത്തിനോ യാതൊരു വ്യതിയാനവും വന്നില്ല. അതായത്, മനുഷ്യാവതാരത്തിൽ ദൈവത്വം മനുഷ്യത്വമായി രൂപാന്തരപ്പെടുകയല്ലായിരുന്നു.
2) മനുഷ്യനായി തീർന്നപ്പോൾ വചനം പരിശുദ്ധ കന്യകയിൽ നിന്ന് യഥാർഥമായി മനുഷ്യത്വം അവലംബിച്ചു. അതായത്, ദൈവത്തിന്‍റെ നിത്യ വചനം വാസ്തവമായി സാക്ഷാൽ മനുഷ്യത്വം സ്വീകരിച്ച് ലോക ജീവിതത്തിൽ പ്രവേശിക്കുക ആയിരുന്നു. ഇതിലൂടെ മുൻപുണ്ടായിരുന്ന എല്ലാ വേദവിപരീതങ്ങളേയും അവർ ഖണ്ഡിക്കുകയും നിരസിക്കുകയും കൂടി ആയിരുന്നു. എ. ഡി. 444-ൽ നിര്യാതനായ അലക്സന്ത്ര്യായിലെ കൂറീലോസ് (അഞ്ചാം തുബ്ദേനിൽ ഓർക്കുന്നത് ഈ കൂറീലോസിനെയാണു) ആയിരുന്നു അക്കാലത്ത് ഈ ആശയത്തിനു വിപുലമായ വിശദീകരണം നല്കിയത്. അതിനായി ഗ്രീക്കിൽ അന്ന് ഉപയോഗത്തിൽ ഉണ്ടായിരുന്ന ചില സാങ്കേതിക പദങ്ങൾ അദ്ദേഹം ഉപയോഗിച്ചു. അവ യഥാക്രമം “ഊസിയ”, “ഹിപ്പോസ്റ്റാസിസ്”, “ഫീസിസ്”, “പ്രോസോപ്പോണ്‍ “ എന്നിവയാണു. “ഊസിയ” എന്നാൽ സാരാംശം, സുറിയാനിയിൽ “ഈതൂതാ” എന്ന് പറയും. ഹിപ്പോസ്റ്റാസിസ് (പാശ്ചാത്യ സുറിയാനിയിൽ “ക്നൂമൊ” പൌരസ്ത്യ സുറിയാനിയിൽ “ക്നൂമാ”) എന്ന പദം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവു എന്നീ ദൈവീക ആളത്തങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ “പ്രോസോപ്പോണ്‍ ” (“പർസൂപ്പൊ” , “പർസൂപ്പാ”) എന്ന പദം “ആളത്തം” എന്ന് വിവർത്തനം ചെയ്യാമെങ്കിലും ഹിപ്പോസ്റ്റാസിസുമായി അല്പം വ്യത്യാസമുണ്ട്. എന്താണെന്നു വച്ചാൽ ആളത്തത്തിനു രണ്ടു വശങ്ങൾ ഉണ്ട് – ആന്തരീകവും, ബാഹ്യവും. അവയിൽ ആന്തരീക സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ് ഹിപ്പോസ്റ്റാസിസ്, എന്നാൽ ബാഹ്യവശത്തെ പ്രോസോപ്പോണ്‍ എന്ന പദം കൊണ്ടു വിവക്ഷിക്കുന്നു. [ഉദാഹരണത്തിനു, മനുഷ്യനു മാത്രമുള്ള ഒന്നാണു മനുഷ്യത്വം എന്നത്. അത് എല്ലാ മനുഷ്യർക്ക് പൊതുവാണു. ഈ ആന്തരീക സ്വഭാവത്തെ മനുഷ്യന്‍റെ ഹിപ്പോസ്റ്റാസിസ് എന്ന് പറയാം, എന്നാൽ ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനിൽ നിന്ന് വേർതിരിച്ചരിയുന്ന ചില പ്രത്യേകതകൾ ഉണ്ട് അതിനെ പ്രോസോപ്പോണ്‍ എന്ന പദം ഉപയോഗിച്ചു നിർവചിക്കാം.] Nature എന്ന് ഇംഗ്ളീഷിൽ വിവർത്തനം ചെയ്തിരിക്കുന്ന “ഫീസിസ്” (ക്യോനോ) എന്ന പദം “ഊസിയ”, “ഹിപ്പോസ്റ്റാസിസ്” എന്നീ രണ്ടു പദങ്ങളേയും സാന്ദർഭികമായി ഉദ്ദേശിച്ചു പൊതുവായി ഉപയോഗിച്ചു വന്നിരുന്നു.
യേശു ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും തമ്മിൽ അവിഭാജ്യമായി സംയോജിച്ചു എന്ന് പറയുവാൻ വേണ്ടി ദൈവത്വം, മനുഷ്യത്വം എന്ന രണ്ടു സ്വഭാവങ്ങൾ അഥവാ ഫീസിസുകൾ തമ്മിൽ യോജിച്ചു എന്ന് പറഞ്ഞിരുന്നു. (ഈ പദങ്ങളുടെയെല്ലാം ഉപയോഗത്തിലും പരസ്പര മനസ്സിലാക്കലിലും തെറ്റിദ്ധാരണ ഉണ്ടായി എന്നാണ് ആധുനിക ദൈവശാത്രജ്ഞന്മാർ പറയുന്നത്.) ഈ പദഘടനയുടെ അടിസ്ഥാനത്തിൽ കൂറീലോസിന്‍റെ ആശയം ഇങ്ങനെ ചുരുക്കമായി വിവരിക്കാം. ദൈവത്തിന്‍റെ വചനം നിത്യമായ ദൈവിക സ്വഭാവമാണ്. പരിശുദ്ധ കന്യക മറിയാമിൽ നിന്ന് അവലംബിച്ച മാനുഷിക സ്വഭാവം മാനുഷികമാത്രേ. മനുഷ്യാവതാരത്തിൽ ഈ രണ്ടു സ്വഭാവങ്ങളും സംയോജിച്ചു, ആ യോജിപ്പ് ഉണ്ടായത് പരി. കന്യകയുടെ ഉദരത്തിൽ ശിശു ഉല്പാദിദമായ ആ നിമിഷത്തിൽ തന്നെയായിരുന്നു (ലൂക്കോസ് 1:35). ആയതിനാൽ പരി. കന്യക പ്രസവിച്ചതു ദൈവിക സ്വഭാവവും മനുഷ്യ സ്വഭാവവും യോജിച്ചുണ്ടായ ഏക ആളത്തത്തെയാണു. അതിനാൽ പ. കന്യക ദൈവജനനിയാകുന്നു.
ഗ്രീക്കിൽ “തെയോട്ടോക്കോസ്” എന്ന പദം സുറിയാനിയിൽ തർജമ ചെയ്തിരിക്കുന്നത് “യൊൽദാത് ആലോഹോ” എന്നും മലയാളത്തിൽ “ദൈവമാതാവ്” എന്നുമാണ്. ഈ ജനനം മൂലം ദൈവത്വം മനുഷ്യത്വമായിട്ടോ, മനുഷ്യത്വം ദൈവത്വമായിട്ടോ രൂപാന്തരം പ്രാപിച്ചില്ല. സ്ഥല കാലങ്ങൾക്ക് അതീതനും അവയുടെ സ്രഷ്ടാവും ആയ ദൈവത്തിന്‍റെ വചനം ഒരു വശത്തുനിന്നും സ്ഥലകാലങ്ങൾക്കു വിധേയനും സൃഷ്ടിയും ആയ മനുഷ്യത്വം മറുവശത്തുനിന്നും അന്യോന്യം വേർപെട്ടു പോകാത്തവണ്ണം എന്നേക്കുമായി സംയോജിച്ചു. ആ ഐക്യം പരിപൂർണ്ണം ആകുന്നു. അതുകൊണ്ട് യേശുക്രിസ്തു “ജഡധാരണം ചെയ്ത വചനമായ ദൈവത്തിന്‍റെ ഒന്നായിരിക്കുന്ന സ്വഭാവം” അത്രേ. അതുകൊണ്ട് “രണ്ടു സ്വഭാവങ്ങൾ” എന്ന് പറഞ്ഞു കൂടാ. യേശുക്രിസ്തുവിൽ വ്യാപരിച്ചതു ദൈവിക സ്വഭാവമോ മാനുഷിക സ്വഭാവമോ പരസ്പരം വേർപിരിഞ്ഞല്ല. പിന്നെയോ ഈ സ്വഭാവങ്ങൾ വ്യത്യാസപ്പെടാതെയും അതാതിന്‍റെ പ്രത്യേകതകൾ പരിരക്ഷിച്ചും ഏക ആളത്തത്തിൽ ഒരുമിക്കുകയാണ് ചെയ്തത്. ഇതാണു കൂറീലോസിന്‍റെ വാദം.
അന്ത്യോക്യൻ വേദശാസ്ത്ര ചിന്ത പുരാതന റോമാ സാമ്രാജ്യത്തിന്‍റെ പൌരസ്ത്യ ഭാഗത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന അന്ത്യോക്യയിൽ വളർന്നു വന്ന വേദശാസ്ത്ര പാരമ്പര്യമാണ് അന്ത്യോക്യൻ സ്കൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു. സമോസോട്ടയിലെ പൌലോ ഇതിന്‍റെ മൂന്നാം നൂറ്റാണ്ടിലെ ഒരു പ്രാജ്ഞെതാവ് ആയിരുന്നെങ്കിലും, നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാർദ്ധത്തിലും അഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യ കാലത്തുമായി ജീവിച്ചിരുന്ന തർശീശിലെ ദീയോദോർ (Diodore of Tarsus), മൊഫ്സ്വെസ്തിയായിലെ തീയോദോർ (Theodore of Mopsuestia) എന്നിവരായിരുന്നു ഇതിലെ പ്രധാനികൾ. നിഖ്യ വിശ്വാസം പാലിച്ചിരുന്ന ഇവർ, പൗലേയുടെ ഉപദേശം അംഗീകരിച്ചിരുന്നില്ല. ദൈവവും മനുഷ്യനും തമ്മിൽ നികത്തുവാനാകാത്ത അകൽച്ച ഉണ്ടെന്നുള്ള ആശയമായിരുന്നു ഇവരുടെ ചിന്താഗതിക്ക് അടിസ്ഥാനം. സ്രഷ്ടാവും സർവ്വസമ്പൂർണനും പ്രപഞ്ചത്തിനതീതനും ആണ് ദൈവം. മനുഷ്യനാകട്ടെ സൃഷ്ടിയും അപൂർണനും പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്നവനും മാത്രമാണ്, അതുകൊണ്ട് ദൈവം മനുഷ്യനായിത്തീർന്നു എന്നുള്ള പ്രസ്ഥാവാൻ അലങ്കാര രൂപത്തിൽ മാത്രമാണ് എടുക്കേണ്ടത് എന്ന് തിയഡോർ നിഷ്ക്കർഷിച്ചു.
അലക്സാന്ത്ര്യൻ ചിന്തയ്ക്ക് വിപരീതമായി സ്വഭാവങ്ങൾ തമ്മിലുള്ള യോജിപ്പ് ബാഹ്യമായി മാത്രം (according to prosopon) ആളത്തപരമായിരുന്നു. തീയഡോരിന്‍റെ ഉപദേശങ്ങളിൽ കാണുന്ന രണ്ടു കാര്യങ്ങൾ ഇവയാണ്..
1) കന്യക ഉദരത്തിൽ ഉൽപ്പാദിപ്പിച്ചതും ഒരു ശിശുവായി പ്രസവിപ്പിക്കപ്പെട്ടതും ദൈവം പ്രത്യേകം തിരഞ്ഞെടുത്തിരുന്ന നസ്രായനായ യേശുവിനെ ആയിരുന്നു. ആ ശിശുവിന്‍റെ ആളത്തത്തിന്‍റെ ബാഹ്യവശത്തു (പ്രോസോപ്പോണ്‍) വചനമായ ദൈവവുമായി അവനു സംയോജിപ്പുണ്ടായിരുന്നു. അതുകൊണ്ട് ഒരർത്ഥത്തിൽ കന്യകയെ “ദൈവ പ്രസവിത്രി” എന്ന് പറയാമെങ്കിലും, വാസ്തവത്തിൽ അവൾ മനുഷ്യപ്രസവത്രി (ആന്ത്രോപ്പോട്ടോക്കോസ്) ആയിരുന്നു.
2) സ്വഭാവങ്ങളുടെ യോജിപ്പ് ആളത്തത്തിന്‍റെ ബാഹ്യവശത്തു മാത്രം സ്ഥിതി ചെയ്തിരുന്നതിനാൽ, യോജിപ്പിന് ശേഷവും യേശുക്രിസ്തു രണ്ടു സ്വഭാവങ്ങളിലായിട്ടാണു സ്ഥിതി ചെയ്തത്. ഇത് അലക്സാന്ത്ര്യൻ ചിന്തയ്ക്ക് വിരുദ്ധമായിരുന്നു. പ്രശ്നങ്ങളുടെ ആരംഭം ഈ രണ്ടു ചിന്താഗതികൾ സ്വീകരിച്ചിരുന്നവർ തമ്മിൽ വലിയ ആശയ സംഘട്ടനം നടന്നിരുന്നു. സ്വഭാവങ്ങൾ തമ്മിലുള്ള യോജിപ്പ് ബാഹ്യമായി മാത്രം ആളത്തപരമായിരുന്നു എങ്കിൽ നസ്രായനായ യേശുവും വചനമായ ദൈവവും തമ്മിൽ ഉള്ള ബന്ധം ഒരു പ്രവാചകനും ദൈവവുമായുള്ള ബന്ധം പോലെയാണു അതിനാൽ അന്ത്യോക്യൻ ചിന്തയനുസരിച്ചു യേശു ക്രിസ്തുവിനെ ലോകൈക രക്ഷിതാവായി പറയുന്നതെങ്ങിനെ എന്ന് അലക്സാന്ത്ര്യർ വിമർശിച്ചപ്പോൾ, അന്ത്യോക്യരാകട്ടെ, സ്വഭാവങ്ങളുടെ യോജിപ്പ് ആന്തരീയമായ (ഹിപ്പോസ്റ്റാസിസ്സ്) ആളത്തപരമെങ്കിൽ യേശുക്രിസ്തുവിന്‍റെ ആളത്ത കേന്ദ്രത്തിൽ മനുഷ്യത്വത്തെ ദൈവത്വം പരിപൂർണമായി ഭരിച്ചിരിക്കണം. അതിനാൽ മനുഷ്യത്വം പൂർണമല്ല എന്ന് പറഞ്ഞ് അലക്സാന്ത്ര്യരെ വിമർശിച്ചു.
ചുരുക്കിപ്പറഞ്ഞാൽ അന്ത്യോക്യൻ ചിന്തയിൽ യേശുക്രിസ്തുവിനെ കേവലം മനുഷ്യനായി (psilanthropism) എന്ന് അലക്സാന്ത്ര്യരും, അലക്സാന്ത്ര്യർ യേശുക്രിസ്തുവിന്‍റെ മനുഷ്യത്വത്തെ അവഗണിക്കുന്നു (docetism) എന്ന് അന്ത്യോക്യരും കുറ്റപ്പെടുത്തി.
നെസ്തോറിയസ്… ഇങ്ങനെയിരിക്കെയാണ്, അന്ത്യോക്യൻ പാരമ്പര്യത്തിൽ പരിശീലനം പൂർത്തിയാക്കിയ നെസ്തോറിയസ് എ.ഡി. 428-ൽ കുസ്തന്തീനോസ് പോലീസിലെ അദ്ധ്യക്ഷനാകുന്നത്. അന്ത്യോക്യ – അലക്സാന്ത്ര്യൻ സംവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ, പ. കന്യകയെ എന്ത് വിളിക്കണമെന്നു നെസ്തോറിയോസിനോടു അവിടെയുള്ളവർ അഭിപ്രായം ആരാഞ്ഞു. അതിനു മറുപടിയായി അദ്ദേഹം നിർദ്ദേശിച്ചത്, കന്യക പ്രസവിച്ചതു ക്രിസ്തുവിനെയാണ് അതിനാൽ ക്രിസ്തോട്ടോക്കോസ് എന്ന് വിളിച്ചാൽ മതിയെന്നായിരുന്നു. തന്നെയുമല്ല അന്ത്യോക്യൻ ചിന്താഗതിയിൽ വളർന്ന അദ്ദേഹം ക്രിസ്തുവിൽ ദൈവ സ്വഭാവവും മനുഷ്യ സ്വഭാവവും ആന്തരികമായും ആളത്തപരമായും യോജിച്ചിരുന്നില്ല എന്നും പഠിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് നെസ്തോറിയസിനു കൂറീലോസുമായി വാദപ്രതിവാദത്തിൽ ഏർപ്പെടേണ്ടതായി വന്നു. പ. കന്യകയെ ദൈവമാതാവ് എന്ന് തന്നെ വിളിക്കണമെന്ന് കൂറീലോസ് നിഷ്കർഷിച്ചു, നെസ്തോറിയസ് അത് നിരസിച്ചു. ഇതിനെത്തുടർന്ന് ഉണ്ടായ അനേകം സംഭവങ്ങൾ ഒന്നായിരുന്ന സഭയെ പിടിച്ചു കുലുക്കി.
ഈ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ എ.ഡി. 431-ൽ തെവോദോസിയോസ് രണ്ടാമൻ ചക്രവർത്തി എഫേസൂസിൽ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. എന്നാൽ അന്ത്യോക്യയിലെ അദ്ധ്യക്ഷനായിരുന്ന യോഹന്നാനും കൂട്ടരും സമയത്ത് വരാത്തതിനാൽ നിശ്ചയിച്ചിരുന്ന തീയതിക്കു കൂടാതെ നീട്ടിവയ്ക്കേണ്ടാതായി വന്നു. എന്നിട്ടും അവർ വന്നെത്തിയില്ല, എങ്കിലും ജൂണ്‍ 22-നു അലക്സന്ത്ര്യായിലെ കൂറീലോസിന്‍റെ അദ്ധ്യക്ഷതയിൽ സുന്നഹദോസ് ആരംഭിച്ചു. ഏതാണ്ട് ഇരുന്നൂറോളം പ്രതിനിധികൾ സംബന്ധിച്ചു. റോമിലെ അദ്ധ്യക്ഷനായിരുന്ന സെലസ്റ്റിയന്‍റെ പിന്തുണയും ഉണ്ടായിരുന്ന ഇതിൽ വച്ചു് നെസ്തോറിയസിനെ വേദവിപരീതിയായി പ്രഖ്യാപിച്ചു പുറത്താക്കി. ജൂണ്‍ 26-നു എത്തിച്ചേർന്ന യോഹന്നാൻ ഇതിൽ കുപിതനായി 43 പ്രതിനിധികളുമായി മറ്റൊരു സുന്നഹദോസു കൂടി കൂറീലോസിനെയും എഫേസൂസിലെ മെമ്നോനെയും (Memnon of Ephesus) പുറത്താക്കി. തുടർന്നു രണ്ടു കൂട്ടരും ചക്രവർത്തിയുടെ അടുത്തു പരാതി ബോധിപ്പിച്ചു. ചക്രവർത്തി കൂറീലോസിനേയും മെമ്നോനെയും നെസ്തോറിയോസിനേയും തരം താഴ്ത്താൻ കല്പ്പനയിട്ടു. പക്ഷേ അധികം താമസിയാതെ കൂറീലോസിനേയും മെമ്നോനെയും പുനസ്ഥാപിച്ചു. നെസ്തോറിയസിനെ ഒരു ആശ്രമത്തിലേക്കു അയച്ചു (monastery of Euprepius). പിന്നീടു നെസ്തോറിയസിനെ അറേബ്യയിലെ Petra എന്ന സ്ഥലത്തേക്കും തുടർന്നു ഈജിപ്തിലെ മരുഭൂമിയിലേക്കും നാടുകടത്തി. അവിടെ കൂറീലോസിന്‍റെ ഭരണത്തിൻ കീഴിലുള്ള ഒരു ആശ്രമത്തിൽ താമസിച്ചു വരികെ 449-ൽ നെസ്തോറിയസ് അന്തരിച്ചു.
433-ൽ കൂറീലോസും യോഹന്നാനും തമ്മിൽ ഉണ്ടാക്കിയ ഒത്തുതീർപ്പനുസരിച്ചു യോഹന്നാനും കൂട്ടരും എഫേസൂസ് സുന്നഹദോസ് നിശ്ചയത്തെ അംഗീകരിച്ചു. അലക്സന്ത്ര്യൻ ചിന്താഗതി കൂറീലോസ് വിശദീകരിച്ചതു യോഹന്നാനു തൃപ്തി ആയി. ഇനി പ. കന്യകയെ മനുഷ്യ പ്രസവത്രി എന്ന് പറയുകയില്ല എന്നും ദൈവ പ്രസവത്രി എന്നേ വിശേഷിപ്പിക്കുകയുള്ളൂ എന്നും അന്ത്യോക്യർ സമ്മതിച്ചു. കൂടാതെ നെസ്തോറിയസിനെ പുറത്താക്കിയതും അംഗീകരിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിച്ചില്ല.
അലക്സന്ത്ര്യൻ പാരമ്പര്യത്തിൽ വളർന്ന ഒരു വൃദ്ധ സന്യാസി ആയിരുന്ന എവുത്തിക്കൂസ്. കുസ്തന്തീനോസ്പോലീസിലെ ഒരു ആശ്രമാധിപൻ ആയിരുന്നു. രാജകൊട്ടാരത്തിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചു നെസ്തോറിയസിനേയും കൂട്ടരെയും ദ്രോഹിക്കാൻ പല ഒത്താശകളും നടത്തിയിരുന്നു. വേദശാസ്ത്രത്തിൽ വലിയ അറിവും പാണ്ഡ്യത്യവും ഒന്നും ഇല്ലാതിരുന്ന ഇദ്ദേഹത്തെ 448-ൽ കുസ്തന്തീനോപ്പോലീസിൽ കൂടിയ ഒരു പ്രാദേശിക സുന്നഹദോസ് എവുത്തിക്കൂസിനെ സഭാഭ്രംശം ചെയ്തു. ഇതിനെ അലക്സാന്ത്ര്യർ ശക്തമായി എതിർക്കുകയും 449-ൽ എഫേസൂസിൽ കൂടിയ മറ്റൊരു സുന്നഹദോസിൽ ഇത് പ്രകടമാക്കുകയും ചെയ്തു. ഇതിൽ പങ്കെടുക്കാതിരുന്ന റോമിലെ അദ്ധ്യക്ഷൻ ലിയോ, എവുത്തിക്കൂസിന്‍റെമേൽ എടുത്ത നടപടി ശരിവയ്ക്കുകയും, വലിയൊരു ലേഖനം (ലിയോയുടെ തുംസ) എഴുതി അയക്കുകയും ചെയ്തു. എന്നാൽ 449-ലെ സുന്നഹദോസിൽ അത് സ്വീകരിച്ചില്ല. ഇത് പോപ്പ് ലിയോയെ പ്രകോപിതനാക്കി. 449-ലെ സുന്നഹദോസ് എവുത്തിക്കൂസിന്‍റെ വിശ്വാസ പ്രസ്താവന വായിക്കുകയും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കൂടാതെ 448-ലെ സുന്നഹദോസിനു നേതൃത്വം കൊടുത്ത അന്ത്യോക്യൻ ചിന്താഗതിക്കാരായ എട്ടു പേരെ സഭാഭ്രംശം ചെയ്തു.
ലിയോയേയും അന്ത്യോക്യൻ ചിന്താഗതിയെ പിന്തുണയ്ക്കുന്നവരേയും ഏറെ ക്ഷോഭിപ്പിച്ച ഈ സുന്നഹദോസിനുള്ള തിരിച്ചടിയായിരുന്നു 451-ലെ കൽക്കിദൂൻ സുന്നഹദോസ്. എന്തായാലും അന്ത്യോക്യൻ ചിന്താഗതിയും അലക്സന്ത്ര്യൻ ചിന്താഗതിയും തമ്മിലുള്ള ആശയ സംഘട്ടനം ഒന്നായിരുന്ന സഭയെ മൂന്നു തട്ടിലാക്കി. സഭ മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞു. നെസ്തോറിയസിനെ അനുകൂലിക്കുന്നവരിൽ പലരും പീഡനം ഭയന്ന് പേർഷ്യയിൽ അഭയം പ്രാപിക്കയും തങ്ങളുടെ വേദശാസ്ത്ര നിലപാടുകൾ പുരാതനമായ പേർഷ്യൻ സഭയിൽ പ്രചരിപ്പിക്കയും ചെയ്തു. അതിന്‍റെ ഫലമായി അന്ത്യോക്യൻ ചിന്താഗതി തങ്ങളുടെ ഔദ്യോഗികമായ നിലപാടായി പേർഷ്യൻ സഭ അംഗീകരിക്കയും നെസ്തോറിനെ പരിശുദ്ധനായി ക്രമേണ കരുതുകയും ചെയ്തു. കല്ക്കിദൂനെ അംഗീകരിക്കുന്നവർ റോമിന്‍റെയും കുസ്തന്തീനോപോലീസിന്‍റെയും വൈദിക നേതൃത്വത്തിൽ നിലവിൽ വരുകയും, ഇവയെ നിരസിക്കുന്ന വിഭാഗം അലക്സാന്ത്ര്യൻ വേദശസ്ത്രവും ചിന്താഗതിയും പുലർത്തിക്കൊണ്ട് നിലവിൽ വരികയും ചെയ്തു. ഇവരെ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന് വിളിക്കുന്നു.
https://ovsonline.in/latest-news/i-am-an-orthodox-christian/