OVS - Latest NewsOVS-Kerala News

ആചാരത്തനിമയിൽ പുതുപ്പള്ളി പെരുന്നാൾ കൊടിയേറി

കോട്ടയം :പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന പെരുന്നാളിനു കൊടിയേറി. കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.  കൊടിയേറ്റിനുള്ള കൊടിമരങ്ങൾ പുതുപ്പള്ളി, ഏറികാട് കരകളിൽ നിന്നും ആഘോഷപൂർവമാണ് എത്തിച്ചത്. വാദ്യമേളങ്ങളും ആർ‌പ്പുവിളികളുമായി ഇരുകരകളിൽ നിന്നുമുള്ള വിശ്വാസ സമൂഹം കൊടിമര ഘോഷയാത്രയിൽ പങ്കെടുത്തു. പുതുപ്പള്ളി കവലയിൽ ഘോഷയാത്രകൾ സംഗമിച്ചു. തുടർന്നു താളമേളങ്ങളുടെ അകമ്പടിയിൽ ആഘോഷപൂർവമുള്ള സ്വീകരണത്തോടെയാണ് പള്ളിയിലേക്കു വരവേറ്റത്.

കൊടിയേറ്റ് ചടങ്ങുകൾക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ,സഹ വികാരിമാർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

ഓർഡർ ഓഫ് സെന്റ് ജോർജ് ദയാബായിക്ക്

പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചു നൽകിവരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് (ഒരു ലക്ഷം രൂപ) ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു നൽകും.  29ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമതി സമ്മാനിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.  നടൻ ജയറാമാണ് മുഖ്യാതിഥി.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. അഞ്ചിനു തീർഥാടന സംഗമവും വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും.മേയ് ആറിനു നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമി കത്വത്തിൽ അഞ്ചിൻമേൽ കുർബാനയ്ക്കു ശേഷം പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. രണ്ടു മണിക്കു വിറകിടീൽ ചടങ്ങ്.

നാലിനു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം. ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി പൊന്നിൻകുരിശും അകമ്പടിയായി 100 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും പ്രദക്ഷിണത്തിൽ അണിനിരക്കും. തുടർന്നു കരിമരുന്ന് കലാപ്രകടനം.മേയ് ഏഴിനു പുലർച്ചെ ഒരു മണിക്കു വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ അഞ്ചിനു കുർബാന, എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും. മെയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.

error: Thank you for visiting : www.ovsonline.in