മറക്കരുത് ഈ മാർത്തോമായെ..!
നസ്രാണികളുടെ ജാത്യാഭിമാനത്തിന്‍റെ ഒരു സന്നിഗ്ധ ഘട്ടത്തിൽ പതറാതെ, പൂർവ്വൻമാരുടെ പൈതൃകത്തിൽ ഉറച്ച് നിന്നുകൊണ്ട് അതിനു നവീനമായ ഉൾക്കാഴ്ചയും ദിശാബോധവും നൽകിയ മഹാനായ പിതാവായിരുന്നു തോമാ അർക്കദിയാക്കോൻ അഥവാ മാർത്തോമ്മാ ഒന്നാമൻ
ഉദയംപേരൂർ സുന്നഹദോസിലൂടെ റോമാനുകത്തിന്‍റെ ഭാരം പേറിയ നസ്രാണികൾ എങ്ങനെയും അതിൽ നിന്നു മുക്തി നേടുവാൻ ആഗ്രഹിച്ചു. എങ്കിലും ഏകദേശം 50-ൽ അധികം വർഷങ്ങൾ ആ നുകം വഹിച്ച ശേഷം 1653-ലെ ഐതിഹാസികമായ കൂനൻ കുരിശ് സത്യത്തിലൂടെ നസ്രാണികൾ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുണ്ടായല്ലൊ! ആ സമയത്ത് അതിനു നേതൃത്വം വഹിക്കുക വഴി മലങ്കര സഭാ പിതാക്കൻമാരെ തോമാ അർക്കദിയാക്കോനു മുൻപും അദ്ദേഹത്തിനു ശേഷവും എന്നു വേർതിരിക്കുവാൻ നമുക്കു സാധിക്കും.
കൂനൻ കുരിശ് സത്യത്തിനു ( 1653 ജനുവരി 3) ശേഷം ഏകദേശം അഞ്ചു മാസത്തെ ആലോചനകൾക്കു ശേഷം മെയ് മാസം 22-ാം തീയതി തോമാ അർക്കദിയാക്കോനെ – നസ്രാണികളുടെ ജാതി തലവനെ – മെത്രാനായി ആലങ്ങാട്ട് പള്ളിൽ വച്ച് മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ വാഴിച്ചു. 1600 വർഷങ്ങൾ തദ്ദേശിയനായ മെത്രാനില്ലാതെ നസ്രാണികൾ നിലനിന്നു. എന്നാൽ അങ്ങനെയൊരു ആവശ്യഘട്ടം വന്നപ്പോൾ തന്‍റെ ജാതിയുടെ ആഗ്രഹത്തിനു പൂർണ്ണമായും വിധേയനാവുകയായിരുന്നു ഈ വന്ദ്യ പിതാവ്. പന്ത്രണ്ട് പട്ടക്കാർ ചേർന്നു മെത്രാനെ വാഴിക്കുക എന്ന പൗരസ്ത്യ സഭയിൽ നിലവിൽ ഇല്ലാതിരുന്ന ഒരു രീതിയ്ക്കു അദ്ദേഹം വിധേയനായത് തന്‍റെ സമുദായവും ജാതിയും നേരിട്ടുകൊണ്ടിരുന്ന അസാധാരണ പരിതസ്ഥിതിയെപ്പറ്റി വ്യക്തമായ ബോധ്യവും അതിൽ നിന്നു കരേറണമെന്ന ഉൾക്കാഴ്ചയും അദ്ദേഹത്തിനു ഉണ്ടായിരുന്നു എന്നത് കൊണ്ടു തന്നെയാണ്. തനിക്കു വ്യക്തമായ ഭരണപരിചയവും നേതൃത്വപാടവവും ഉണ്ടായിട്ടും ആലങ്ങാട്ടു വച്ച് തന്നെ നാലു വൈദികരടങ്ങുന്ന കമ്മറ്റിയെ ഉപദേശകരായി തിരഞ്ഞെടുത്തു. പറങ്കികളിൽ നിന്നു വന്ന ഡയസ്സിനു കത്തനാരു പട്ടം നൽകിയതു വഴി താൻ മെത്രാൻ സ്ഥാനം പ്രാപിച്ചത് ആലങ്കാരികമോ പേരിനു മാത്രമോ അല്ലയെന്ന വ്യക്തമായ സന്ദേശം തന്‍റെ ജാതിയ്ക്കു മാത്രമല്ല; ലന്തകാർക്കു കൂടി നൽകുവാൻ മാർത്തോമാ ഒന്നാമനു സാധിച്ചു.
മെത്രാൻ സ്ഥാനം പ്രാപിച്ചശേഷവും അദ്ദേഹം നേരിടേണ്ടി വന്നത് വിഷമസന്ധികളുടെ ഒരു ഘോഷയാത്രയെയാണ്. പ്രധാനമായതു നസ്രാണികളുടെ തനത് പൈതൃകത്തിന്‍റെ പുന: സ്ഥാപനമായിരുന്നു. അമ്പത്തിമൂന്നു വർഷത്തെ ലത്തീൻ അധിനിവേശം നസ്രാണിയുടെ ജാത്യാചാരങ്ങളെയും ആരാധനാരീതികളെയും ഏതാണ്ട് പൂർണ്ണമായി നശിപ്പിച്ചു കളഞ്ഞിരുന്നു. പുസ്തകങ്ങൾ പോലും ഒന്നുകിൽ കത്തിച്ചുകളയുകയോ തിരിച്ചറിയാൻ സാധിക്കാത്ത വിധം തിരുത്തലുകൾ വരുത്തുകയോ ചെയ്തിരുന്നു. ഇത് പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയ്ക്കു തന്നെ റോമാക്കാരുടെയും ലന്തക്കാരുടെയും വിവിധ തരത്തിലുള്ള അധിനിവേശങ്ങളെയും അദ്ദേഹത്തിനും സംഘത്തിനും നേരിടേണ്ടി വന്നു. എങ്ങനെയും നസ്രാണി സഭാഗാത്രത്തെ ഭിന്നിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയ ജോസഫ് സെബസ്ത്യാനിയുമായി ആ വന്ദ്യ പിതാവിനു നിരന്തരം പോരാടേണ്ടി വന്നു. മുളന്തുരുത്തി പള്ളിയിൽ വച്ചു തന്നെ പിടിക്കുവാൻ വന്ന ഗോദവർമകുമാരന്‍റെ സൈന്യത്തെ കബളിപ്പിച്ച് അവിടെ നിന്നു രക്ഷപ്പെട്ടത് നസ്രാണിയുടെ പോരാട്ടകഥകളിലെ ശോഭയേറിയ മറ്റൊരു അദ്ധ്യായം. കരിങ്കാലി – ചതിപ്രയോഗങ്ങൾക്കു നടുവിൽ തലകുനിക്കാതെ നിന്ന വന്ദ്യ പിതാവ് ധൈര്യത്തിൽ താൻ ആരുടെ പേരു വഹിച്ചുവോ ആ മാർത്തോമായ്ക്കു സമനായിരുന്നു.
ദൈവം ഓരോ കാലത്തും, ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മലങ്കര സഭയെ നയിക്കുവാനും മുന്നോട്ടുള്ള അതിന്‍റെ പ്രയാണത്തിൽ സംരക്ഷിക്കുവാനുമായി ഓരോ പിതാക്കൻമാരെ എഴുന്നേൽപ്പിക്കുകയുണ്ടായിട്ടുണ്ട്. അതിൽ ഒഴിവാക്കാനാകാത്ത ഒരു പേരാണ് മാർത്തോമാ ഒന്നാമൻ. പറങ്കികളുടെയും റോമാക്കാരുടെയും ഹസ്തങ്ങളിൽ വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന മലങ്കരയെ മോചിപ്പിച്ച മോശയായിരുന്നു മഹാനായ ഒന്നാം മാർത്തോമാ. ആ വന്ദ്യ പിതാവിന്‍റെ പ്രാർഥന നമുക്കും നമ്മുടെ സഭയ്ക്കും കോട്ടയും അദ്ദേഹത്തിന്‍റെ ഓർമ്മ എന്നും ഒരു മാർഗദീപവുമായിരിക്കും.