OVS - Latest NewsSAINTS

വേദപുസ്തകത്തിന്റെ പ്രാധാന്യം – അന്തോണിയോസിന്റെ ജീവിതത്തിൽ:

അന്തോണിയോസിന്റെ സന്ന്യാസ ജീവിതം ആരംഭിക്കുന്നത് വേദപുസ്തക കേൾവിയിലൂടെ ലഭിച്ച ദൈവവിളിയുടെ അടിസ്ഥാനത്തിൽ ആണ്. ദേവാലയത്തിൽ കേട്ട വചനങ്ങൾ ഉള്ളിൽ സംഘർഷങ്ങൾക്ക് വകയാവുകയും ആ സംഘർഷങ്ങൾ ജീവിതത്തെ മുഴുവൻ മാറ്റി മറിക്കുകയും ചെയ്യുന്ന തരത്തിലേക്ക് പരിവർത്തന കാരണമായി മാറി. ചെറുപ്പം മുതലേ ദേവലയത്തിലെ വേദവായനകളിൽ അന്തോണിയോസ് സജീവ ശ്രദ്ധാലുവായിരുന്നു എന്ന വി. അത്താനാസിയോസിന്റെ ആമുഖ വാക്കുകൾ പ്രസക്തമാണ്. “ദേവാലയത്തിലെ വേദവായനകളിൽ ശ്രദ്ധിക്കുകയും തന്നാൽ കഴിയുന്നപോലെ സ്വജീവിതത്തിൽ പകർത്തുകയും ചെയ്യാറുണ്ടായിരുന്നു.’ അന്തോണിയോസിന്റെ സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണം വേദപുസ്തകാടിസ്ഥിത ജീവിതം ആയിരുന്നു. ഒരിക്കൽ തന്റെ ശിഷ്യന്മാർ അന്തോണിയോസിനോട് സന്ന്യാസ ജീവിതത്തിന് ആവിശ്യമായ ഉപദേശം നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് ഇങ്ങനെ ആണ്, “വി. വേദപുസ്തകം എല്ലാ നിയമത്തിനും മതിയായവയാണ്. ഇത് ശ്രഷ്ഠമായ ആശയവും സഹോദരന്മാർക്ക് ഉറപ്പുള്ള സംരക്ഷണവും പരസ്പരം ബലപ്പെടുത്തുന്നതിന് ഉതകുന്നതുമാകുന്നു.” ഒരു ക്രിസ്ത്യാനിക്ക് ആവശ്യമായ എല്ലാ നിയമങ്ങളും വേദപുസ്തകത്തിൽ അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് അന്തോനീയോസിന്റെ നമ്മോടുള്ള ഉപദേശം. അതിന് പുറത്ത് മറ്റൊരു മാതൃക തേടേണ്ടതില്ല. സന്ന്യാസികളോട് അത്ഭുത പ്രവർത്തികൾ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ നൽകുന്ന നിർദ്ദേശം ഇങ്ങനെ ആണ്, “വേദപുസ്തകത്തിലെ നിയമങ്ങൾ അവഗണിച്ചതും പാലിച്ചതും മാത്രം പരിഗണിച്ചുള്ള ചോദ്യങ്ങളാൽ ആണ് അവരവരെ തന്നെ വ്യക്തിപരമായി മഹത്വത്തിനായോ ശിക്ഷയ്ക്കായോ ഒരുക്കുന്നത്. നമ്മളിലാരും ഈ ജീവിതം തീരെഞ്ഞെടുത്ത് ഭാവിയെക്കുറിച്ചുള്ള മുന്നറിവിനാലല്ല. എന്നാൽ അതുകൊണ്ടു ദൈവത്തിന്റെ കൽപ്പനകളെ അനുസരിക്കുന്നതിനാൽ നമ്മൾ അവന്റെ ദാസന്മാർ എന്നതിനേക്കാൾ അവന്റെ സുഹൃത്തുക്കൾ ആയി തുടങ്ങും.

വിശുദ്ധൻ ഇതിലൂടെ വ്യക്തമാക്കുന്നത് വേദപുസ്തക പരിചയവും അതിലൂടെ ക്രമീകൃതമാകുന്ന വിശുദ്ധ ജീവിതവും എന്നതാണ്. “വേദവായന വളരെ ശ്രദ്ധയോടെ നടത്തിയിരുന്നതിനാൽ വായിച്ചവ ഒന്നും നഷ്ടപ്പെട്ടു പോകാൻ അനുവദിച്ചില്ല. കർത്താവിന്റെ എല്ലാ കല്പനകളും ഓർമ്മയിൽ സൂക്ഷിച്ചിരുന്നു. ഇതെല്ലാം അന്തോണിയോസും വി. വേദപുസ്തകവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ സൂചിപ്പിക്കുന്നു.

മറ്റൊരു സ്ഥലത്ത് ലോകപ്രകാരമുള്ള ജ്ഞാനം നേടിയവർ തർക്കത്തിനായി വന്നപ്പോൾ ദൈവത്തെ അറിയുവാൻ വി. വേദപുസ്തകം മതിയായത് ആകുന്നു എന്ന് തറപ്പിച്ച് പറയുന്നുണ്ട്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം വേദപുസ്തക പരിചയത്താൽ സാധ്യമാകുന്നതാണ്. അന്തോണിയോസിന്റേത് വേദപുസ്തക വാക്കുകളെ അതേപ്പോലെ തന്നെ ജീവിതത്തിൽ പകർത്തുക എന്ന രീതി ആയിരുന്നു. വിശുദ്ധന്റെ വേദപുസ്തകത്തിന്മേലുള്ള വിലയിരുത്തൽ എന്തെന്നാൽ ദൈവത്താൽ പ്രേരിതമായി എഴുതപ്പെട്ട വചനത്തെ ജീവിതത്തിൽ അനുകരിക്കുന്നതിൽ മാനുഷിക വ്യാഖ്യാനങ്ങൾക്കൊ ഇടപ്പെടലിനോ യാതൊരു ഇടവും ഇല്ല എന്നതാണ്.

Rev. Fr. John V David
പുതുപ്പാടി ആശ്രമം

error: Thank you for visiting : www.ovsonline.in