എത്രയും ബഹുമാനപ്പെട്ട അഭിവന്ദ്യ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത തിരുമനസിന് – ഫാ. ഡോ. ജോൺസ് എബ്രാഹം കോനാട്ട്
എത്രയും ബഹുമാനപ്പെട്ട അഭിവന്ദ്യ ജോസഫ് മാർത്തോ മെത്രാപ്പോലീത്ത തിരുമനസിന് വന്ദനം. അങ്ങയുടെ തൃക്കരം മുത്തിക്കൊണ്ട് ഏതാനും കാര്യങ്ങൾ അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
അങ്ങ് ” യാക്കോബായ സഭ ” യുടെ (ഈ പേര് പരി. അന്ത്യോഖ്യ പാത്രിയർക്കീസിനെ അനുകൂലിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സഭയിലെ അംഗങ്ങൾക്ക് ഒട്ടും യോജിക്കുന്നതല്ല. കാരണം ഈ പേര് ഓർത്തഡോക്‌സ് സഭയുടെ ഒരു അപരനാമമാണെന്ന് സഭാ ഭരണഘടനയിൽ തന്നെ പറയുന്നുണ്ട് (ക്ലോസ് 3). അല്ലെങ്കിൽ തന്നെ പരി. പത്രോസ് ശ്ലീഹായുടെ പിന്തുടർച്ചയും പാരമ്പര്യവും അവകാശപ്പെടുന്നവർ 6ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർ യാക്കോബ് ബുർദാനായുടെ പേരിൽ അറിയപ്പെടുന്നത് ഉചിതമാകുമോ? ഏതായാലും തിരിച്ചറിയുന്നതിനുവേണ്ടി സൗകര്യാർത്ഥം ഇവിടെ അങ്ങ് ഉപയോഗിച്ച ആ പേരുതന്നെ ഉപയോഗിക്കുന്നു) മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിൽ കണ്ടു. കത്ത് വളരെ ദൗർഭാഗ്യകരമായിപ്പോയി. അത് ഞങ്ങളെ അമ്പരപ്പിക്കുന്നു. കാരണം ഒരു പ്രതിസന്ധിയിൽ ഒരു വശത്തിന്റെ മാത്രം വാദങ്ങൾ കേട്ട ശേഷം അഭിപ്രായം രേഖപ്പെടുത്തുന്നത് സങ്കടകരമാണ്.
അങ്ങയുടെ കത്തിൽ ഓർത്തഡോക്‌സ് സഭയെന്നോ, ഓർത്തഡോക്‌സ്‌കാരെന്നോ പറയുന്നില്ല എങ്കിലും വായിക്കുമ്പോൾ ഉന്നം വയ്ക്കുന്നത് ഓർത്തഡോക്‌സ് സഭയേയും, സഭാ നേതൃത്വത്തെയും തന്നെയാണെന്നതിന് സംശയമില്ല. കാരണം മറുഭാഗം അതായത് “യാക്കോബായക്കാർ” ഞങ്ങളെക്കുറിച്ചു പറഞ്ഞുപരത്തുന്ന കിംവദന്തികളും നുണകളുമെല്ലാം സത്യങ്ങളാണെന്ന രീതിയിൽ അതിൽ പരാമർശിക്കുന്നുണ്ട്.
മുളന്തുരുത്തി പള്ളിയിലെ വിധി നടത്തിപ്പിൽ ഇത്രയും ബലപ്രയോഗം നടന്നതിന്റെ കാരണം ഞങ്ങളാണ് എന്ന് അവർ പറഞ്ഞു പരത്തുന്നുണ്ട്. എന്നാൽ ഒരു ഓർത്തഡോക്‌സ്‌കാരൻ പോലും ആ പരിസരത്ത് ഇല്ലായിരുന്നു എന്നതാണ് സത്യം. യാക്കോബായ വിഭാഗക്കാരായ ആ പളളി ഇടവകാംഗങ്ങൾ എത്ര പേർ അവിടെ ഉണ്ടായിരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. അവിടെ എങ്ങിനെ കാര്യങ്ങൾ നടത്തണം എന്ന് തീരുമാനിച്ചത് ജില്ലാ ഭരണകൂടവും, പോലീസുമാണ്. അതും ബഹു.കേരളാ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചെയ്തിരിക്കുന്നത്. പെട്ടെന്ന് രാത്രിയിൽ പോലീസ് വന്ന് ആക്രമിക്കയായിരുന്നു എന്നു പറയുന്നു. ഏതായാലും പോലീസാണ് ഓർത്തഡോക്‌സ്‌കാരല്ല എന്നു അങ്ങ് തിരിച്ചറിഞ്ഞതിന് നന്ദി. പെട്ടെന്ന് ഉണ്ടായ ഒരാക്രമണമല്ല അവിടെ നടന്നത്. 10 മാസം മുമ്പാണ് പള്ളിയെ സംബന്ധിച്ച് കോടതിവിധിയുണ്ടാകുന്നത്. വിധി പ്രതിഭാഗം അംഗീകരിക്കാതെ വന്നപ്പോൾ കഴിഞ്ഞ മേയ് മാസത്തിൽ വിധിയുടെ പ്രയോജനം ലഭിച്ചവർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കോടതി അത് അനുവദിച്ചു. പ്രതികളായ “യാക്കോബായക്കാർ” വീണ്ടും രണ്ടുകേസുകൾക്കും പുന പരിശോധനാ ഹർജി നൽകി. കോടതി അവരണ്ടും തള്ളി. എന്നിട്ടും വിധി നടത്തിപ്പുമായി പ്രതിഭാഗം (“യാക്കോബായക്കാർ”) സഹകരിക്കാതെ വന്നപ്പോൾ പോലും പോലീസ് ബലപ്രയോഗത്തിന് മുതിർന്നില്ല. ജില്ലാഭരണകൂടം അങ്ങിനെയൊരു വിധിയുണ്ടായതായി ഗൗനിച്ചുപോലുമില്ല. അവസാനം 2020 ജൂലൈ മാസത്തിൽ ഗത്യന്തരമില്ലാതെ അവകാശം സിദ്ധിച്ചവർ കോടതിഅലക്ഷ്യ നടപടികളുമായി മുന്നോട്ടുപോയി. അതിൽ ഉണ്ടായ കോടതി നടപടികളുടെ ഭാഗമായാണ് അവസാനനിമിഷം ഓഗസ്റ്റ് 17ന് പോലീസ് നടപടിയുണ്ടായത്. അന്നേ ദിവസം രാവിലെ 10 മണിക്കകം പള്ളി പൂട്ടി താക്കോൽ ഏൽപ്പിക്കുവാൻ കോടതി ജില്ലാ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ട് പെട്ടെന്ന് വന്ന് ബലം പ്രയോഗിച്ച് പള്ളി കൈക്കലാക്കി എന്ന “യാക്കോബായക്കാരന്റെ” വാദം അങ്ങ് അതേപടി അംഗീകരിച്ചു കത്തു നൽകുകയായിരുന്നു. അന്ന് രാത്രിയിൽ പോലീസ് പള്ളി നിയന്ത്രണത്തിൽ എടുക്കുമെന്ന് അവരുടെ നേതാക്കൾക്ക് അറിയാമായിരുന്നു. ഇക്കാരണത്താൽ ജനങ്ങളെല്ലാം രാത്രിയിൽ കാവൽ നിൽക്കണം എന്ന് അവരുടെ വൈദികർ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ അവർതന്നെ പുറത്തുവിട്ടിട്ടുണ്ട്.
അഭിവന്ദ്യ പിതാവേ അങ്ങ് പറഞ്ഞാലും രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാൻ പൗരന്മാർക്ക് ബാധ്യതയില്ലേ. ഏതു പ്രശ്‌നത്തിലായാലും സജീവമായി കേസ് നടത്തിയിട്ട് അവസാനം വിധിവരുമ്പോൾ അത് അനുസരിക്കാനുള്ള കടമയില്ലേ? അങ്ങ് കോടതിവിധിയെ മാനിക്കുന്നു എന്ന് അങ്ങെയുടെ കത്തിൽ ആദ്യം തന്നെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. മാനിക്കുന്ന കാര്യം അനുസരിക്കാൻകൂടി കഴിഞ്ഞാലല്ലേ മാനിക്കൽ പൂർണ്ണമാകൂ? വിധി നടപ്പാക്കാനുള്ളതല്ലേ എന്നാണ് സാധാരണ ജനത്തിന് ആ കത്തുവായിക്കുമ്പോൾ ഉണ്ടാകുന്ന സംശയം. കേസു നടത്തും, കോടതിവിധി അനുകൂലമാണെങ്കിൽ മാനിക്കും എന്ന നിലപാട് ക്രിസ്ത്യാനിക്ക് യോജിച്ചതാണോ? ബലം പ്രയോഗിക്കാതെ കോടതിയുടെ തീർപ്പുകൾ അംഗീകരിക്കില്ല എന്ന നിലപാട് ക്രിസ്തീയമാണോ? അങ്ങ് ഇൻഡ്യയിലെ എക്യുമെനിസത്തിന്റെ കാവൽ ഭടൻ എന്നപോലെ എഴുതിയിരിക്കുന്നുവല്ലോ The ecumenism in India considers these events as shameful to the Christian faith. അങ്ങിനെയെങ്കിൽ പറയൂ ഇൻഡ്യൻ എക്യുമെനിസം പഠിപ്പിക്കുന്നത് നിയമലംഘനമാണോ? രാജ്യത്തെ നിയമം അനുസരിപ്പിക്കുവാൻ പോലീസ് ഇടപെടൽ വേണ്ടിവരുന്നതാണോ ക്രിസ്തീയത? അതാണോ എക്യുമെനിസം? “യാക്കോബായക്കാർ” കേസിനുവേണ്ടി ഒരു രേഖയും ഹാജരാക്കിയില്ല; ഒരു സാക്ഷിയേയും വിസ്തരിച്ചില്ല. മുളന്തുരുത്തിപ്പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഘടകമാണെന്ന് അവസാനം പ്രതിഭാഗം വക്കീൽ പോലും അംഗീകരിച്ചതായി വിധിന്യായത്തിൽ എഴുതിയിട്ടുണ്ട്.
2017 നു മുമ്പ് സമവായത്തിലൂടെ സമാധാനപൂർവം പ്രശ്‌നം പരിഹരിക്കുവാൻ എത്രയോ വട്ടം ശ്രമിച്ചതാണ്. 197273 കാലത്ത് പ്രശ്‌നം ആരംഭിച്ചപ്പോൾ മുതൽ ചർച്ചകളും ആരംഭിച്ചതാണ്. ചർച്ചകൾ പരാജയപ്പെട്ടപ്പോഴാണ് കേസുകൾ ആരംഭിച്ചത്. കേസുകൾ നടക്കുമ്പോഴും ചർച്ചകൾ തുടർന്നു. ക്രിസ്തീയ നേതാക്കളും, സിവിൽ, പോലീസ് അധികാരികളും, മന്ത്രിസഭാ ഉപസമിതികളും, മുഖ്യമന്ത്രിമാരും എല്ലാം ചർച്ച ചെയ്തു. പരിഹാരം മാത്രം ഉണ്ടായില്ല. കോടതിയുടെ തീർപ്പുകൾ നടപ്പാക്കുന്നത് പരമാവധി നീട്ടിക്കിട്ടുന്നതിനുള്ള ഉപാധി മാത്രമായാണ് മറുവിഭാഗം ചർച്ചയെ കാണുന്നത്. ആ കുടുക്കിൽ പലപ്രാവശ്യം ഞങ്ങൾ അകപ്പെട്ടതാണ്; ഇനിയും അതിൽ വീഴണമോ? 1995 ൽ സുപ്രീംകോടതി തന്നെ ഈ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് മാർഗരേഖ നൽകിയതാണ്. അതിനായി ഒരു മദ്ധ്യസ്ഥനെയും നിയമിച്ചു. പക്ഷെ എന്തുണ്ടായി! അന്നും ആദ്യത്തെ രണ്ടു മീറ്റിംഗുകൾക്കുശേഷം ചർച്ച അലസി. 1995 ൽ വിധി പറയുന്നതിനുമുമ്പ് സുപ്രീം കോടതി തന്നെ ചോദിച്ചു ഈ പ്രശ്‌നം കോടതിക്കു പുറത്ത് തീർക്കരുതോ എന്ന്. അന്ന് “യാക്കോബായക്കാർ” പറഞ്ഞു കോടതിയിൽ തങ്ങൾക്കു പൂർണ്ണ വിശ്വാസം ഉണ്ട് അതിനാൽ വിധി പ്രസ്താവിക്കണം എന്ന്. പക്ഷെ വിധി വന്നപ്പോൾ അതും അനുസരിക്കുവാൻ തയ്യാറാകുന്നില്ല. 2017 ൽ സുപ്രീം കോടതി വിധിവന്നപ്പോൾ, അത് പണം കൊടുത്ത് സമ്പാദിച്ച വിധിയാണ് എന്ന് ഞങ്ങളെ ആക്ഷേപിക്കുന്നതിനുപകരം, അതിനെ അംഗീകരിക്കുന്നു എന്ന് ഒരു വാക്കെങ്കിലും മറുഭാഗം പറഞ്ഞുവോ? അതുകൊണ്ട് ഏറ്റവും വലിയ അധികാരമുള്ള മദ്ധ്യസ്ഥനായ സുപ്രീംകോടതി പറഞ്ഞിട്ട് ചെവിക്കൊള്ളാത്തവർ ഇനി ആരുപറഞ്ഞാൽ കേൾക്കും? ഈ വിഷയം സുപ്രീംകോടതിയിൽ കൊണ്ടെത്തിച്ചത് ഓർത്തഡോക്‌സ് സഭ അല്ല എന്നതുകൂടി അങ്ങ് ഓർക്കണം. അന്തിമവിധിക്ക് ആധാരമായ കേസ് കീഴ്‌ക്കോടതിമുതൽ ആരംഭിച്ചത് “യാക്കോബായക്കാർ” ആണ്.
അവിടെ “യാക്കോബായക്കാർക്ക്” ആരാധിക്കുവാൻ വേറേ സ്ഥലമില്ല എന്ന നുണയും അങ്ങ് വിശ്വസിച്ചിരിക്കുന്നു. 1975 മുതൽ 1983 വരെ പള്ളി പൂട്ടിക്കിടന്നപ്പോൾ ഇരുകൂട്ടരും ആരാധനയ്ക്ക് അവരവരുടെ സംവിധാനങ്ങൾ ഉണ്ടാക്കി. പള്ളി കോമ്പൗണ്ടിന് തൊട്ടു പുറത്ത് “യാക്കോബായക്കാർക്കും” ആരാധനാ കേന്ദ്രമുണ്ട്. 1983 ൽ പള്ളി തുറന്നപ്പോൾ ഒരു ഇടക്കാല ക്രമീകരണമായി 4 ആഴ്ച ഹ്‌മയാക്കോബായക്കാർക്കുംഹ്ന 1 ആഴ്ച ഓർത്തഡോക്‌സ് സഭയ്ക്കും ആരാധന നടത്താം എന്ന് കോടതി പറഞ്ഞു. അതിലെ പ്രശ്‌നങ്ങൾ എല്ലാം മറന്ന് കോടതിയുടെ തീർപ്പ് ഞങ്ങൾ അനുസരിച്ചു. ഞങ്ങൾ ആരാധന നടത്തിയിരുന്ന 1 ഞായറാഴ്ച അവർ അവരുടെ ചാപ്പലിൽ ആരാധിച്ചിരുന്നു. ആ ആരാധനാ കേന്ദ്രം ഇപ്പോഴും നിലനിൽക്കുന്നു. എന്നിട്ടാണ്, ആരാധിക്കുവാൻ തങ്ങൾക്ക് സ്ഥലമില്ല എന്ന് വലിയ നുണ അവർ പ്രചരിപ്പിക്കുന്നത്. 10 മാസം മുമ്പ് കോടതിവിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്നപ്പോൾ മുതൽ സഭയ്ക്ക് ഉണ്ടായിരുന്ന വീതത്തിനു പോലും പള്ളിയിൽ പ്രവേശിക്കുവാൻ ഞങ്ങളെ അനുവദിച്ചില്ല. ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യുന്നവരെയാണ് അങ്ങ് ശ്ലാഘിക്കുന്നത് എന്നോർക്കണം.
ലക്ഷക്കണക്കിന് ആളുകളെ തെരുവിൽക്കൂടി പോലീസ് വലിച്ചിഴച്ചു എന്ന് അങ്ങ് പറയുന്നു. “യാക്കോബായക്കാർ” പോലും അവകാശപ്പെടുന്നത് ആയിരം പേർ ഉണ്ടായിരുന്നു എന്നാണ്. തന്നെയുമല്ല കോവിഡ്‌നിബന്ധനകൾ പാലിച്ചാണ് അവർ നിന്നിരുന്നത് എന്നും വീണ്ടും വീണ്ടും ആവർത്തിച്ചിട്ടുണ്ട്. 6 അടി അകലം പാലിച്ചു നിന്നാൽ ആയിരം പേർക്ക് നിൽക്കുവാൻ എത്ര സ്ഥലം വേണമെന്ന് അങ്ങ് കണക്കാക്കിക്കൊള്ളു. ഞാൻ നോക്കിയിട്ട് ആയിരം പോയിട്ട് 500 പേർക്കുപോലും നിൽക്കാനുള്ള സ്ഥലം മുളന്തുരുത്തി പള്ളിയിലും പരിസരത്തും കൂടി ഇല്ല എന്നതാണ് സത്യം. പിന്നെ പുറത്തുനിന്നവരെക്കൂടി കൂട്ടിയാൽ ഒരുപക്ഷെ കണക്ക് ശരിയാവുമായിരിക്കാം. പോലീസ് പള്ളിയും പരിസരവും ഏറ്റെടുക്കാനാണ് ശ്രമിച്ചത് അല്ലേ? അപ്പോൾ പുറത്തുനിന്നവരെക്കൂടി മർദ്ദിച്ചുവോ? അവിടെ മർദ്ദനം നടന്നുവോ? ഗുരുതരമായി പരിക്കേറ്റവർ എത്ര? എത്രപേർക്കെതിരേ പോലീസ് കേസെടുത്തു? എന്തിനുവേണ്ടി? ഇതുവല്ലതും അങ്ങ് അന്വേഷിച്ചുവോ? അവിടെനടന്നത് ഒരു നാടകമായിരുന്നു എന്നതിന്റെ തെളിവല്ലേ അങ്ങ് കത്തെഴുതിയ അതേ മെത്രാപ്പോലീത്ത തന്നെ പോലീസ്‌കാരോടു പറയുന്നു take me by force എന്ന്.
പള്ളി സ്ഥാപിച്ചവരെ പുറത്താക്കി എന്നു പറയുന്നു. പിതാവേ അങ്ങ് മലങ്കരസഭയുടെ ചരിത്രം പഠിച്ചിട്ടുണ്ടല്ലോ. സഭയിൽ കക്ഷിവഴക്കും, നവീകരണക്കാരുമായുണ്ടായ വ്യവഹാരവും എല്ലാം തുടങ്ങുന്നതിനു മുമ്പേ സ്ഥാപിക്കപ്പെട്ട പള്ളിയല്ലേ അത്. പിന്നെ അത് എങ്ങിനെ “യാക്കോബായക്കാർ” എന്ന ഒരു വിഭാഗത്തിന്റെ മാത്രം പള്ളിയാകും. പള്ളി പണിതത് ഇരുകൂട്ടരും ചേർന്നല്ലേ. പിന്നെ അതെങ്ങനെ “യാക്കോബായക്കാരുടെ” മാത്രം പള്ളിയാകും. 1975 ൽ അവിടെ ശുശ്രൂഷ അനുഷ്ടിച്ചുകൊണ്ടിരുന്ന രണ്ട് ഓർത്തഡോക്‌സ് വൈദികരെ നിഷ്‌ക്കരുണം അടിച്ചോടിച്ചിട്ടല്ലേ അവർ പള്ളി കൈക്കലാക്കാൻ ശ്രമിച്ചത്. അതേ തുടർന്ന് പള്ളി പൂട്ടിയില്ലേ. ഇപ്പോൾ കേസുകൾ അവസാനിച്ച് യഥാർത്ഥ അവകാശിക്ക് പള്ളി നൽകാൻ കോടതി ഉത്തരവായി. അപ്പോൾ അത് ഒരുകൂട്ടർ അംഗീകരിക്കില്ല എന്നു പറയുന്നത് ന്യായമാണോ, നീതിയാണോ? ഇരുവശത്തെയും വാദങ്ങൾ വിശദമായി കോടതി കേട്ടതല്ലേ? അപ്പോൾ കോടതിയുടെ തീർപ്പ് ഇരുകൂട്ടരും അനുസരിക്കേണ്ടതല്ലേ?
തന്നെയുമല്ല കേസ് ജയിച്ചതുകൊണ്ട് ഞങ്ങൾ ആരെയും പുറത്താക്കുന്നില്ല. 1934 ലെ ഭരണഘടന അനുസരിച്ച് പള്ളിയിൽ വ്യസ്ഥാപിതമായ ഭരണക്രമം ഉണ്ടാകണം എന്നതുമാത്രമാമാണ് കോടതികൾ ഉറപ്പാക്കിയതും, ഓർത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതും. നമുക്ക് ഒരുമിച്ച് നിന്ന് ആരാധിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. 1958 മുതൽ 1975 വരെ പിന്തുടർന്ന മാതൃക തുടരാം. ആരും പുറത്തുപോകേണ്ടതില്ല. എല്ലാവരുടെയും എല്ലാ ആീക ആവശ്യങ്ങളും നടത്താം. ഒരുമിച്ചു നിന്ന് പള്ളി ഭരിക്കാം. പണ്ട് ഓർത്തഡോക്‌സ്‌കാരായിരുന്നോ “യാക്കോബായക്കാർ” ആയിരുന്നോ എന്ന വ്യത്യാസം കൂടാതെ എല്ലാം നടത്താം. പക്ഷെ അവരുടെ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിർബന്ധത്തിനുവഴങ്ങി എല്ലാവരും പ്രതിഷേധത്തിന്റെ മാർഗം പിൻപറ്റുന്നു എന്നതല്ലേ ശരി. കോടതിയുടെ വിധി നടപ്പാക്കാൻ പോലീസ് എത്തിയപ്പോൾ അവരുടെ ഡ്യൂട്ടി നിർവഹിക്കുവാൻ ഒരുകൂട്ടം ആളുകൾ സതിക്കാതെ അവരെ തടസപ്പെടുത്താൻ നോക്കിയതല്ലേ പ്രശ്‌നങ്ങളുടെ കാരണം. നിയമത്തിന് അനുസരിച്ച് ജീവിക്കുക എന്നതല്ലേ ജനാധിപത്യ മര്യാദ. നിയമലംഘനത്തിന് പിന്തുണനൽകുന്ന അങ്ങെയുടെ നിലപാട് ഖേദകരമാണ്.
അങ്ങ് ആത്മീയ ശക്തിയെക്കുറിച്ച് എഴുതിയത് നന്നായി. ആത്മീയ ശക്തി ധരിച്ച് അക്രമം വെടിയാനും, നിയമനിഷേധം അവസാനിപ്പിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്‌തെങ്കിൽ നന്നായിരുന്നു.
അങ്ങെയുടെ കത്തിലെ അവസാന ഭാഗം അത്യന്തം ദുഖകരമാണ്. ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നത് എന്ന് അങ്ങേയ്ക്ക് ഇത്ര നിശ്ചയമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ശബ്ദമില്ലാത്തവന്റെ ശബ്ദവും, ഭൂരിപക്ഷത്തിൽ നിന്ന് പീഡയേൽക്കുന്നവന് കൈത്താങ്ങുമായി നിലനിൽക്കണം ക്രിസ്തീയ സഭകൾ എന്നാണ് അങ്ങെയുടെ സഭയിലെ വേദശാസ്ത്രജ്ഞർപോലും പഠിപ്പിച്ചുകേട്ടിട്ടുള്ളത്. ഇവിടെ പറയുന്നു ഭൂരിപക്ഷത്തിന് എതിരെ അധികാരികളുടെ സഹായം തേടുന്ന ന്യൂനപക്ഷത്തിന്റെ പ്രാർത്ഥന ദൈവം കേൾക്കുകയില്ല എന്ന്. ആളുകളുടെ എണ്ണം നോക്കിയല്ല കോടതിവിധികൾ നടപ്പാക്കുന്നത് എന്ന് മാർത്തോ സഭയും ഇവാഞ്ചലിക്കൽ സഭയും തിലുണ്ടായ തർക്കത്തിൽ ബോധ്യപ്പെട്ടതല്ലേ? ഇപ്പോൾ സഭയിലെ ആഭ്യന്തര കാര്യങ്ങൾക്കായി കേസ് നടത്തി പരിചയമുള്ള അങ്ങേയ്ക്ക് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ആ കാര്യത്തിൽ ഒന്നും ഓർിക്കാത്ത സമാധാനവും സുവിശേഷവും ഓർത്തഡോക്‌സ് സഭയെ ഉപദേശിക്കാൻ ഉപയോഗിക്കുന്നത് ആീയമായ ലക്ഷ്യത്തോടെയാണ് എന്നു ഞങ്ങൾ കരുതുന്നില്ല. ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിച്ചാൽ എന്തുചെയ്യണം? നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് അതുപോലൊരു സ്ഥിതിയിൽന്യൂനപക്ഷം സംരക്ഷണത്തിനായി അധികാരികളോട് അപേക്ഷിക്കുന്നത് ഇത്രവലിയ തെറ്റാണോ? അങ്ങെയുടെ ഒരു ദേവാലയം ഭൂരിപക്ഷ സമുദായത്തിൽപെട്ട ഒരുകൂട്ടം ആളുകൾ കൈയേറി കൈവശപ്പെടുത്തിയാൽ അങ്ങ് എന്തു ചെയ്യും. അധികാരികളുടെ സഹായം അഭ്യർത്ഥിക്കുമോ? പ്രതിസന്ധിയിൽ സഹായിക്കണമേ എന്ന് സർശക്തനോട് അപേക്ഷിക്കുമോ? അതോ അവർ ഭൂരിപക്ഷക്കാരല്ലേ അവർ എടുത്തുകൊള്ളട്ടെ എന്നു വിചാരിച്ച് നിഷ്‌ക്രിയനായി നോക്കിനിൽക്കുമോ? ഭൂരിപക്ഷത്തിനെതിരേ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല എന്നുകരുതി പ്രാർത്ഥിക്കാതിരിക്കുമോ?
ഭൂരിപക്ഷവും ന്യൂനപക്ഷവും സംബന്ധിച്ച് നൽകുന്ന കണക്കുകളെല്ലാം തെറ്റാണ് എന്നുകൂടി പറയട്ടെ. സത്യസന്ധമായി അന്വേഷിക്കൂ അപ്പോൾ കാര്യങ്ങൾ വ്യക്തമാകും.
അങ്ങേയ്ക്ക് മുളന്തുരുത്തിയിൽ നടന്ന കാര്യവും, കോതമംഗലത്തു നടക്കാൻ പോകുന്ന കാര്യവും മാത്രമേ ഒരുപക്ഷേ അറിയാവൂ. ഞാൻ ചില ചരിത്രസത്യങ്ങൾ പറയട്ടെ. ഈ പ്രശ്‌നം അപഗ്രഥിക്കുമ്പോൾ, 1973 മുതൽ പിറവം, കണ്ടനാട്, മുളന്തുരുത്തി, കോതമംഗലം, കടമറ്റം, അങ്കമാലി, അകപ്പറമ്പ് ആദിയായ പള്ളികളിൽ നിന്ന് ഓർത്തഡോക്‌സ് വൈദികരെയും ജനങ്ങളെയും നിഷ്‌ക്കരുണം പുറത്താക്കിയ വിവരം ആരും ഓർക്കാറില്ല. ഓർത്തഡോക്‌സ് സഭയുടെ സത്യം നിലനിർത്തുവാൻ ശ്രമിച്ച എത്ര വിശ്വാസികൾ മലങ്കരയിൽ ഇതിനോടകം കൊല്ലപ്പെട്ടു എന്ന് അങ്ങേയ്ക്ക് അറിയാമോ?. കാരണം അന്ന് ബഹുജന മാദ്ധ്യമങ്ങളോ, റ്റി. വി. ചാനലുകളോ ഇല്ലായിരുന്നു. കണ്ണുനീരോടെ പള്ളികൾ വിട്ട് ഇറങ്ങേണ്ടിവന്ന ഓർത്തഡോക്‌സ്‌കാരുടെ ദുഖം ദൈവം കണ്ടതിന്റെ ഫലമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഓർത്തഡോക്‌സ്‌കാർ 45 വർഷത്തോളം അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾക്ക് ദൈവം നൽകിയ പ്രതിഫലമാണ് ഈ കോടതിവിധികൾ. ‘യാക്കോബായ സഭയുടെ കൈവശമുള്ളപള്ളികൾ’ എന്ന് പലരും പറഞ്ഞു കേൾക്കുന്നുണ്ട്. ആ പ്രയോഗം തെറ്റാണ്. ‘യാക്കോബായ സഭ അനധികൃതമായി പിടിച്ചെടുത്ത് 45 വർഷത്തോളം കൈവശം വച്ച പള്ളികൾ’ എന്ന പ്രയോഗമാണ് ശരി.
ഈ പ്രശ്‌നങ്ങൾ ആരംഭിച്ചതു മുതൽ ഓർത്തഡോക്‌സ് സഭ അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങൾ അനവധിയാണ്. ഞങ്ങളിൽ രണ്ടുപേരെ കൊല്ലുന്ന സാഹചര്യം വരെ ഉണ്ടായിട്ടും അക്രമം കൊണ്ട് തിരിച്ചടിച്ചുവോ? പാത്രിയർക്കീസ് വിഭാഗത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറാണ്. അവർ ചെയ്ത ദുഷ്ടതകൾ എല്ലാം മറന്ന് ഒരുമിച്ചു നിന്ന് ആരാധിക്കുവാനും ഭരണം നടത്തുവാനും തയ്യാറാണ്. അനേകവട്ടം ചതിക്കപ്പെട്ടിട്ടും, വീണ്ടും വിണ്ടും അവരുമായി ചർച്ചയ്ക്കു തയ്യാറായില്ലേ? ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോാശ്ലീഹായ്ക്ക് പട്ടത്വമില്ല എന്നു പറഞ്ഞതും കേട്ടു സഹിച്ചില്ലേ? അനേകം പള്ളികളിൽ അവരുടെ ആട്ടും തുപ്പും കളിയാക്കലും കേട്ട് ഞങ്ങളുടെ ജനവും പുരോഹിതന്മാരും ആസംയമനം പാലിച്ചില്ലേ?ഇപ്പോഴും അക്രമത്തിലൂടെ എല്ലാം പിടിച്ചടക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പിന്നെ നിയമ ലംഘനം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ നിയമപാലകർ ബലപ്രയോഗം നടത്തുന്നതിനെ എങ്ങിനെ കുറ്റപ്പെടുത്താനാവും.
നാലു വർഷങ്ങൾക്ക് മുമ്പ് ചേലക്കര പള്ളിയിൽ ഒരു ശനിയാഴ്ച വൈകുന്നേരം സന്ധ്യപ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ഒരു ഓർത്തഡോക്‌സ് വൈദികനെയും ജനങ്ങളെയും നിയമം ലംഘിച്ചു എന്നാരോപിച്ച് പള്ളിയിൽ നിന്ന് വലിച്ചിറക്കി 4 ദിവസം ജയിലിൽ അടച്ചപ്പോൾ പിതാവേ അങ്ങ് പ്രതികരിച്ചു കണ്ടില്ലല്ലോ. 1994 ൽ പെരുമ്പാവൂർ പള്ളിയിൽ വി. കുർബാന അർപ്പിച്ചുകൊണ്ടിരുന്ന പുല്ലാംകുടിയിൽ ഫാ. കുര്യാക്കോസ് എന്ന വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് കാസായും പീലാസായും കൈയിൽ എടുപ്പിച്ച് റോഡിൽകൂടെനടത്തി, തിരുബലിയെ അപമാനിച്ചപ്പോഴും നിങ്ങളാരും പ്രതികരിച്ചുകേട്ടില്ലല്ലോ; പോത്താനിക്കാട്ട് ബഹു. ഐസക്ക് കോറെപ്പിസ്‌ക്കോപ്പയുടെ പിതാവ് മരിച്ചപ്പോൾ സ്വന്തപള്ളിയിൽ കബറടക്കാൻ അനുവദിക്കാതെ 30 കിലോമീറ്റർ ദൂരെ പാമ്പാക്കുട കൊണ്ടുവന്നു കബറടക്കേണ്ട ഗതികേട് വന്നിട്ടുണ്ടല്ലോ. കോതമംഗലം പള്ളി ഇടവകാംഗമായ ബഹു. തോമസ് പോൾ റമ്പാച്ചന്റെ മതാപിതാക്കൾ മരിച്ചപ്പോൾ പള്ളിയിൽ കയറി കബറടക്കം നടത്തുവാൻ അദ്ദേഹത്തിന് കോടതി അനുവാദം നൽകിയിട്ടും ജനത്തിന്റെ ആട്ടും തുപ്പും സഹിച്ച് കർങ്ങൾ നടത്തേണ്ടി വന്ന ഗതികേടിനെ നിങ്ങളാരും അപലപിച്ചില്ലല്ലോ. കോതമംഗലത്തെ പരിശുദ്ധ പിതാവിന്റെ കബറിടം കുത്തിപ്പൊളിച്ച് തിരുശേഷിപ്പുകൾ മാറ്റാൻ നടത്തിയ ശ്രമത്തെ എന്താണ് നിങ്ങൾ അപലപിക്കാതിരുന്നത്? ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ രാവിന്റെ മറവിൽ മറുഭാഗം കാതോലിക്കായും ഏതാനും മെത്രാന്മാരും മറ്റും കയറി അവിടെയുണ്ടായിരുന്ന വൈദികരെ മർദ്ദിക്കുകയും അനധികൃതമായി ബലി അർപ്പിച്ച് വി. കുർബാനയെ അവഹേളിക്കുകയും ചെയ്തപ്പോഴും അത്തരം പ്രവൃത്തികൾ ക്രിസ്തീയതയ്ക്ക് യോജിച്ചാണോ എന്ന് ആരും ചോദിച്ചില്ലല്ലോ. അതിനെ അപലപിക്കണം എന്ന് ഞങ്ങളാരും വന്ന് അപേക്ഷിക്കാതിരുന്നതുകൊണ്ടാണോ?
ശരിയാണ് ഇതൊന്നും ആരും അറിഞ്ഞുകാണില്ല. കാരണം ഓർത്തഡോക്‌സ് വൈദികർ, നിരത്തിൽ കൂടെ ന്ധഎന്നെ വലിച്ചിഴയ്ക്കൂ, എന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകൂത്സ എന്നൊന്നും പറഞ്ഞിരുന്നില്ല. ഉണ്ടാകുന്ന കാര്യങ്ങളുടെ നുണരൂപം അപ്പോൾതന്നെ മാദ്ധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുന്ന പാരമ്പര്യം ഞങ്ങൾക്കില്ല. മുളന്തുരുത്തിയിൽ നടന്ന നാടകത്തെ തിരിച്ചറിയാൻ അങ്ങയ്ക്ക് സാധിച്ചുവോ. അതോ സമൂഹ മദ്ധ്യത്തിൽ സ്വയം നീതീകരിക്കുന്നതിനുവേണ്ടി കെട്ടിച്ചമച്ച ഒരു സംഘർഷം സത്യമായിരുന്നു എന്ന് അങ്ങ് തെറ്റിദ്ധരിച്ചുവോ? സഹതാപ തരംഗം സൃഷ്ടിക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത ഒരു നാടകം അങ്ങെയ്ക്ക് മനസിലായിക്കാണും എന്നു കരുതുന്നു. ഓർത്തഡോക്‌സ് സുറിയാനി സഭയും മാർത്തോാ സുറിയാനി സഭയും ഊഷ്മളമായ ഒരു എക്യുമെനിക്കൽബന്ധത്തിൽ മുന്നോട്ട് പോകുന്ന സഭകളാണ്. അങ്ങ് മാർത്തോാ സഭയുടെ അദ്ധ്യക്ഷനായ സമയം മുതൽ ഏതു നേരവും പരിസരം മറന്നു പോലും ഓർത്തഡോക്‌സ് സഭയെ പഴിക്കുന്ന രീതി തുടരുന്നത് നിർഭാഗ്യകരമാണെന്ന് വീണ്ടും വിഷമത്തോടെ അറിയിക്കുന്നു.
ഒരു ക്രിസ്തീയ സമൂഹത്തിൻ വിഷമസന്ധിയിൽ അവരെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു സഭയ്‌ക്കെതിരായി അസത്യങ്ങൾ പരത്താൻ കൂട്ടുനിൽക്കുന്നത് ഒട്ടും അഭികാമ്യമാണെന്ന് തോന്നുന്നില്ല. അങ്ങെയുടെ കത്തിൽ പരാമർശിച്ചിരിക്കുന്ന മാർ ഇഗ്നാത്തിയോസ്, മാർ പോളിക്കാർപ്പോസ് എന്നീ പിതാക്കന്മാരുടെ പ്രാർത്ഥന എന്നാളും നളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പ്രത്യേകിച്ച് ഈ കോവിഡ് കാലത്തെ അതിജീവിക്കുവാൻ എല്ലാകൃപകളും സകല ക്രിസ്തീയസഭകൾക്കും ലോകത്തിനുമുഴുവൻ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന അപേക്ഷയോടെ കത്തു ചുരുക്കുന്നു.
ഫാ. ഡോ. ജോൺസ് എബ്രാഹം കോനാട്ട്.
Copy To: All Bishops of Marthoma Church