ദേവലോകത്ത് സംയുക്ത ഓർമപ്പെരുന്നാൾ: ഭക്തിസാന്ദ്രമായി തീർഥയാത്ര
കോട്ടയം∙ ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെയും ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന തീർഥയാത്ര ഭക്തിസാന്ദ്രമായി.
കുറിച്ചി വലിയപളളിയിൽ നിന്ന് ആരംഭിച്ച തീർഥയാത്രയ്ക്കു വിവിധയിടങ്ങളിൽ സ്വീകരണം നൽകി. തുടർന്നു തീർഥാടകരോടൊപ്പം മാർ ഏലിയാ കത്തീഡ്രലിൽ നിന്നു പ്രദക്ഷിണവും നടന്നു. ദേവലോകം കാതോലിക്കേറ്റ് അരമനചാപ്പലിൽ നടന്ന ശുശ്രൂഷകൾക്കു ശേഷം ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പ അനുസ്‌മരണ പ്രസംഗം നടത്തി. ഇന്നു രാവിലെ എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും, തുടർന്ന് പ്രദക്ഷിണവും നേർച്ചവിളമ്പും നടക്കും. ചടങ്ങുകളിൽ സഭയിലെ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.