നെച്ചൂര്‍ പള്ളി പെരുന്നാള്‍ ജനുവരി 21 മുതല്‍ ; ആഘോഷമാക്കാനൊരുങ്ങി ഇടവക
പിറവം : നാല്പത് വര്‍ഷം നീണ്ട വ്യവഹാരങ്ങളും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ നെച്ചൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കോടതി വിധി നടപ്പായതിന്‍റെ സന്തോഷത്തിലാണ് നെച്ചൂര്‍ ഇടവകാംഗങ്ങളും വികാരിയച്ചനും.സത്യ വിശ്വാസ പോരാട്ടത്തില്‍ ഇടവക ഒന്നാകെ അണിനിരന്നപ്പോള്‍ പ്രതിസന്ധികളെ പ്രാര്‍ത്ഥനാപൂര്‍വ്വം അതിജീവിച്ചു ലക്ഷ്യം ഫലപ്രാപ്തിയിലേക്ക് വിട്ടുവീഴ്ചകളില്ലാതെ എത്തുകയായിരുന്നു. വി.ദേവാലയം സ്വതന്ത്രമാക്കപ്പെട്ടതിന് ശേഷമുള്ള പെരുന്നാള്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വികാരി ഫാദര്‍.ജോസഫ് മലയലിന്‍റെ നേതൃത്വത്തില്‍ പള്ളി ഭരണ സമിതിയെന്ന് ഓവിഎസ് ഓണ്‍ലൈനെ അറിയിച്ചു. മോര്‍ യോനാ ദീര്‍ഘദര്‍ശനയുടെ ഓര്‍മ്മയെ കൊണ്ടാടുന്ന വി.മൂന്നു നോമ്പ് പെരുന്നാളാണ് പള്ളിയിലെ പ്രധാന പെരുന്നാളായി ആചരിച്ചുവരുന്നത്.മൂന്ന് നോമ്പ് പെരുന്നാള്‍ 2018 ജനുവരി 21 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടത്തും.പെരുന്നാളിന് മുമ്പുള്ള നോമ്പ് ദിവസങ്ങളില്‍ പള്ളിയില്‍ നമസ്കാരങ്ങളും തുടര്‍ന്ന് വൈകീട്ട് സുവിശേഷയോഗങ്ങളും ക്രമീകരിച്ചിരിക്കുന്നു
പ്രസിദ്ധമായ കറി നേര്‍ച്ച പുനരാരംഭിക്കുന്നു
മറ്റു പള്ളികളിലെങ്ങും തന്നെ കാണാത്ത കറി നേര്‍ച്ച ഇവിടുത്തെ പെരുന്നാളിന്റെ പ്രത്യേകതയാണ്.ഭക്തജനങ്ങള്‍ വഴിപാടായി കൊണ്ടുവരുന്ന തേങ്ങ,ശര്‍ക്കര,അരിപ്പൊടി എന്നിവ ഉപയോഗിച്ചു തേങ്ങാപാലില്‍ തയ്യാറാക്കുന്ന നേര്‍ച്ചയ്ക്ക് കറി നേര്‍ച്ച എന്നാണു വിളിച്ചുവരുന്നത്.പഞ്ഞം,വസന്ത,വസൂരി മുതലായവ പകര്‍ച്ചവ്യാധികള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഭവനങ്ങളില്‍ വാരതിരിക്കുവാന്‍ അംഗസംഖ്യക്കൊത്തവണ്ണം നാളികേരം കരിനേര്‍ച്ചയ്ക്കായി പള്ളിയില്‍ വഴിപാടായി അര്‍പ്പിക്കുന്ന പതിവ് പൂര്‍വ്വീക കാലം മുതലേ ഇവിടെയുള്ളതാണ്.
അല്പം ചരിത്രം
ഭാരതത്തിന്‍റെ അപ്പോസ്തോലനായ മാര്‍ത്തോമ്മാ ശ്ലീഹയുടെ നാമധേയത്തിലുള്ള നെച്ചൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പതിനാലാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്.പിറവം സെന്റ് മേരീസ് പള്ളിയില്‍ പിരിഞ്ഞുപോയ ദേശവാസികളുടെ സൌകര്യാര്‍ത്ഥം ഇവിടെ ആരാധാനാലയം നിര്‍മ്മിക്കപ്പെട്ടത്.കൊല്ലവര്‍ഷം 630 ആണ്ടില്‍ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം അറയ്ക്കല്‍ പ്രഭു കൃഷ്ണബാല കൈമള്‍ എന്ന വ്യക്തി ദാനമായി നല്‍കിയതായിരിന്നു. ഓര്‍ത്തഡോക്‍സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍റെ കീഴിലുള്ള പള്ളിക്ക് സമീപമായി സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് കാതോലിക്കക്കേറ്റ് സെന്‍ററും പ്രവര്‍ത്തിക്കുന്നു.രണ്ടുനിലകളായി നിര്‍മ്മിച്ചിരിക്കുന്ന സെന്‍റെറിന്‍റെ താഴുത്തെ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയുടെ സേവന വിഭാഗം പ്രവര്‍ത്തിക്കുന്നു.സാമൂഹ്യസേവനാര്‍ഥം SHADE എന്ന സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)