OVS - ArticlesOVS - Latest News

കർത്താവിൻ്റെ ജനനപ്പെരുന്നാൾ

നിറയെ പ്രതീക്ഷകളും, നിറവയറുമായി അമ്മ മറിയം യോസഫിനൊപ്പം തൻ്റെ ഉദരത്തിൽ വസിക്കുന്ന ദൈവപുത്രന് ജന്മം നൽകാൻ ഇടം തേടി വീടുകൾ കയറി ഇറങ്ങുകയാണ്. മണിമന്ദിരങ്ങളും പള്ളിയറകളും ‘ഇടമില്ല’ എന്ന നിഷേധ ശബ്ദം മൊഴിഞ്ഞു. വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്ന ശബ്ദ പശ്ചാത്തലത്തിൽ ബത്‌ലഹേമിലെ കല്ലടാവിൽ ലോകരക്ഷകനായി അവർ അല്പം ഇടം കണ്ടെത്തി. മനുഷ്യ കുലത്തിൻ്റെ രക്ഷകൻ അങ്ങനെ കാലിത്തൊഴുത്തിൽ പിറന്നു.

കീറതുണിയിൽ ചുറ്റപ്പെട്ട കാലിത്തൊഴുത്തിൽ അമ്മയോട് ചേർന്ന് ഉറങ്ങിയ അത്ഭുത ശിശു ഉദ്ഘോഷിക്കുന്നത് ലാളിത്യത്തിൻ്റെ സുവിശേഷമാണ്. അത്രമേൽ അസ്വസ്ഥമായ ഇന്നിൻ്റെ ചുറ്റുപാടിൽ തിരുപ്പിറവിയുടെ ഈ ഓർമ്മ പുതുക്കൽ ചില തിരിച്ചറിവുകൾക്കുള്ള അവസരമാണ്.

ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിൽ ക്രിസ്തുവിൻ്റെ മനുഷ്യാവതരണം പങ്കുവയ്ക്കുന്ന ആത്മീക ചിന്തകൾക്ക് ഏറെ അർത്ഥതലങ്ങൾ ഉണ്ട്. ദൈവത്തിൻ്റെ സ്വന്തം നാട്’ – ഇന്ന് ആൾ ദൈവങ്ങളുടേയും കോടീശ്വരന്മാരുടേയും നാടായി പരിമിതപ്പെട്ടിരിക്കുന്നു. പരിവർത്തനപ്പെടുത്തിയിരിക്കുന്നു. വൻകിട കച്ചവട സാമ്രാട്ടുകൾ തങ്ങളുടെ കീശ വികസിപ്പിക്കാൻ ഏതു നീചമാർഗ്ഗവും സ്വീകരിക്കുന്ന കാഴ്ച്ച ഇന്ന് മലയാളികൾക്ക് പരിചിതമാണല്ലോ? മണ്ണിൽ അധ്വാനിക്കുന്നവൻ്റെ വിയർപ്പിൻ്റെ വില കൈക്കലാക്കാൻ പരിശ്രമിക്കുന്ന വൻകിട കച്ചവട ഭീമന്മാർ ഒരു വശത്തും തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് സുഖിക്കുന്ന ഭരണാധികാരികൾ മറുവശത്തുമായി ഈ ഭൂമിയിലെ ജീവിതം തന്നെ ദുഷ്കരമാക്കുന്ന കാഴ്ച്ച. ഇതിനൊരു അന്ത്യം കുറിക്കാൻ ആർക്ക് സാധിക്കും എന്നത് ഇന്നിൻ്റെയും നാളെയുടെയും വലിയ ചോദ്യമാണ്.

സാമ്പത്തിക ശാസ്ത്ര പഠനത്തിൽ ഒരു സമൂഹത്തെപ്പറ്റി ഇപ്രകാരം ഒരു theory ഉണ്ട്: ‘The richer becomes richer and poorer becomes poorer’ വളരെ താത്വികമായ ഒരു നിരീക്ഷണം തന്നെയായി ഇന്ന് ഇതെനിക്ക് തോന്നുന്നു. അക്ഷരാർത്ഥത്തിൽ ഇതിൽ നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടോ ഇന്നിൻ്റെ സമൂഹത്തിൽ…? ദൈനംദിന ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ഒരു വിഭാഗം ജനങ്ങൾ (കർഷകർ) – ആർഭാടങ്ങൾക്കുമേൽ ആർഭാടങ്ങളാൽ ജീവിതം ആടി തിമിർക്കുന്ന വൻകിട സാമ്രാട്ടുകൾ. ഇരു വിഭാഗക്കാരും ചോരയും നീരുമുള്ള മനുഷ്യർ തന്നെ പക്ഷേ, രണ്ടാം പകുതിക്ക് മനുഷ്യന് ആവശ്യമായിരിക്കുന്ന മനുഷ്യത്ത്വപരത ഇല്ലാത്തതാണ് അവരെ കൂട്ടത്തിൽ വ്യത്യസ്തരാക്കുന്നത്.

ആർഭാട വാതിലുകൾ കൊട്ടി അടയ്ക്കപ്പെടുന്നിടത്ത് ലാളിത്യത്തിൻ്റെ വാതായനം തുറന്നാണ് ക്രിസ്തു ജനിക്കുന്നത്. ലോകരക്ഷകനെ ആദ്യമായി ഉറ്റുനോക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് നിസ്സാരരെന്ന് ലോകം വിധി എഴുതിയ ആട്ടിടയർക്കാണ്. നിലാരംബർക്ക് ആശ്രയമായി പിറന്നവൻ പിന്നീട് അന്ധന് കാഴ്ചയായി, ഊമന് വാക്കായി, ബധിരന് ശബ്ദമായി മാറി. തളർന്ന മനസ്സിന് ആത്മബലവും, നിറഞ്ഞ മിഴികൾക്ക് ആശ്വാസവുമാണ് ക്രിസ്തു. ക്രിസ്തുവിനെ ധരിക്കുന്നവരായി നാം ജീവിക്കുമ്പോൾ, ബലഹീനർക്ക് കരുത്ത് പകരുക എന്ന നമ്മുടെ ഉത്തരവാദിത്വത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ക്രിസ്തുമസ്.

ഹെരോദാവിനെ പോലെയുള്ള അധികാരികളിൽ ഭയമായാണ് ക്രിസ്തു ജനിക്കുന്നത്. അനീതിയുടെയും അധാർമ്മികതയുടെയും അന്ധകാരം അത്രമേൽ തീക്ഷണമായപ്പോഴാണ് നീതിസൂര്യൻ പൂർണ്ണ ശോഭയോടെ ഉദയം ചെയ്യുന്നത്. അധ:കൃതരെന്ന് സ്വയം കരുതിയവർക്ക് വിടുതലായിരുന്നു ലോകരക്ഷകൻ്റെ ജനനം. ഇന്ന് നാം കാത്തിരിക്കുന്ന ഉണ്ണിയേശു നിസ്സഹായർ പീഢിപ്പിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാകും നമ്മിൽ പ്രവർത്തിക്കുക?

കുറുനരികൾക്ക് മാളങ്ങളും പറവകൾക്ക് കൂടുകളും നൽകിയ ദൈവപുത്രൻ, സ്വയം തലചായ്ക്കാൻ മരക്കുരിശിൻ്റെ ഹൃദയം മാത്രം കാത്തുനടന്ന ക്രിസ്തുചരിതത്തിൻ്റെ തുടക്കമാണ് ക്രിസ്തുമസ്. എല്ലാവർക്കും ഇടം നൽകുന്ന ക്രിസ്തുവിൻ്റെ പ്രതിരൂപങ്ങളെ തിരിച്ചറിയുവാൻ ആത്മ നയനങ്ങളെ നാം തുറക്കണം.

മാനുഷിക പദ്ധതികൾക്കപ്പുറമാണ് ജീവിതമെന്ന് വ്യക്തമായി പഠിപ്പിച്ച മഹാമാരിയുടെ കാലത്തെ തിരുപ്പിറവിയുടെ ഈ ഓർമ്മ പുതുക്കൽ തിരിച്ചറിവിൻ്റെതാകട്ടെ. പുൽക്കൂടിൽ ജാതനായ ക്രിസ്തു അനുകമ്പയും ആർദ്രതയുമായി നമ്മിലും ജനിക്കട്ടെ. അങ്ങനെ പൂർണ്ണ രൂപാന്തിരത്തിൻ്റെ മംഗളകാലമാകട്ടെ പരിശുദ്ധമായ ഈ ജനനപെരുന്നാളിൻ്റെ നാളുകളും.

എല്ലാവർക്കും ഹ്യദയംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.copyright@ovsonline.in

error: Thank you for visiting : www.ovsonline.in