Departed Spiritual FathersOVS-Kerala News

മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു

മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ തെയോഫിലോസ് (65) മെത്രാപ്പോലീത്താ കാലം ചെയ്തു. കോഴിക്കോട് MVR കാൻസർ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30- നു  ശേഷം ശേഷം ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലേക്ക് മാറ്റും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് വിലാപയാത്ര ആരംഭിക്കും.വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും.

ഡോ. സഖറിയ മാർ തെയോഫിലോസ് : തെയോഫിലോസ് എന്ന ഗ്രീക്കു വാക്കിനു ദൈവസ്നേഹിതൻ എന്നാണ് അർഥം. വി.ലൂക്കോസ് തന്‍റെ രചനകൾ (സുവിശേഷവും അപ്പോസ്തോല പ്രവർത്തികളും) തെയോഫിലോസ് എന്ന വ്യക്തിയ്ക്കാണ് എഴുതിയതെന്നു ആ രചനകൾ തന്നെ സാക്ഷിക്കുന്നു. ദൈവവചനത്തെ ആഹാരമാക്കിയ ദൈവസ്നേഹിതനായ ഒരു പിതാവായിരുന്നു അഭി.ഡോ. സഖറിയ മാർ തെയോഫിലോസ് തിരുമേനി.

തിരുമേനി 1952 സെപ്തംബർ മാസം പതിനാറാം തീയതി ചെങ്ങരൂർ മഞ്ഞനാംകുഴിയിൽ എം.പി. ചാണ്ടിപ്പിള്ളയുടെയും അച്ചാമ്മ ചാണ്ടിപ്പിള്ളയുടെയും മകനായി ജനിച്ചു. ചെങ്ങരൂർ സെന്‍റ്. ജോർജ്‌ പള്ളിയായിരുന്നു മാതൃ ഇടവക. കല്ലൂപ്പാറ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്നു കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. കേരളാ സർവ്വകലാശാലയിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം പഴയ സെമിനാരിയിൽ വേദശാസ്ത്ര പഠനത്തിനായി ചേർന്നു. പഴയ സെമിനാരിയിൽ നിന്നു ജി.എസ്.ടി ബിരുദവും സെറാംമ്പൂർ സർവകലാശാലയിൽ നിന്നു ബി.ഡി. ബിരുദവും കരസ്ഥമാക്കി. അമേരിക്കയിലെ സെ. വ്ലാഡിമിർ സെമിനാരിയിൽ നിന്നു ഡോക്ട്രേറ്റ് ബിരുദവും കരസ്ഥമാക്കി.

1977-ൽ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയിൽ നിന്നു ശെമ്മാശു പട്ടവും 1991 മെയ് 15-നു ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയിൽ നിന്നു കശീശാ പട്ടവും സ്വീകരിച്ചു. 1999 മുതൽ എം.ജി.ഒ.സി.എസ്.എമ്മിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

2004 ജൂൺ 10 നു പരുമല സെമിനാരിയിൽ കൂടിയ അസോസിയേഷൻ ഫാ. എം.സി ചെറിയാനെ മറ്റ് മൂന്നു പേരൊടൊപ്പം മേൽപ്പട്ട സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. 2005 മാർച്ചു മാസം മൂന്നാം തീയതി പരുമല സെമിനാരിയിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതിയൻ ബാവാ സഖറിയാസ് മാർ തെയോഫിലോസ് എന്ന പേരിൽ എപ്പിസ്കോപ്പാ ആയി വാഴിച്ചു. തുടർന്ന് മലബാർ ഭദ്രാസനത്തിലേക്കു നിയോഗിക്കപ്പെട്ടു. ഭദ്രാസന ചുമതലയോടൊപ്പം എം. ജി. ഒ. സി. എസ്. എമ്മിന്റെ വൈസ് പ്രസിഡന്റ് പദവും തിരുമേനി അലങ്കരിച്ചിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തുമുള്ള സ്റ്റുഡന്റ് സെന്ററുകളുടെ വാർഡനായും സേവനം അനുഷ്ഠിച്ചു. ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ പ്രൊജക്ടിന്‍റെ കണ്‍വീനര്‍. മികച്ച സംഘാടകന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി.

ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു. അഞ്ചു വർഷത്തോളമായി രോഗബാധിതനായിരുന്നെങ്കിലും അത് തിരുമേനിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. എപ്പോഴും പ്രത്യാശാനിർഭരമായ മുഖത്തോടു കൂടി മാത്രമേ നമുക്ക് തിരുമേനിയെ കാണുവാൻ സാധിക്കുമായിരുന്നൊള്ളു.

സുപ്രസിദ്ധ കവയിത്രിയും വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി മാര്‍ തെയോഫിലോസിനെക്കുറിച്ച് എഴുതിയത്:

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. അത്താണിക്ക് ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ഏതു സ്ത്രീ തട്ടിയാലും അതിന്‍റെ വാതില്‍ തുറന്നുകൊടുക്കപ്പെടും. പ്രശ്നമുള്ളവരെ താമസിപ്പിക്കാന്‍ അവിടെ പ്രത്യേക സംവിധാനമുണ്ട്. ഈ പെണ്‍കുട്ടി – അവളെ ഞാന്‍ അയിഷയെന്നു വിളിക്കട്ടെ – വീട്ടില്‍ നിന്ന് ഒളിച്ചുപോന്നതാണ്. നാട്ടുമ്പുറത്ത് പാവപ്പെട്ട ഒരു വീട്ടിലെ പെണ്‍കുട്ടി. അതിസുന്ദരി. കാതിലെ മുക്കുപണ്ടക്കമ്മലിന്‍റെ പ്രകാശം മുഖത്തു പ്രതിഫലിക്കുന്നു. അറബിപ്പെണ്‍കൊടികളുടെ മാതിരി വെളുപ്പ്. അധികം നീളമില്ലാത്ത കൊഴുത്ത കറുത്ത മുടി കഴുത്തോടു പറ്റിച്ചേര്‍ന്നു കിടക്കുന്നു. അവള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നു.

പ്രേമമെന്ന പേരില്‍ ഒരാള്‍ ചതിച്ചുണ്ടായ ഗര്‍ഭമാണ്. ആകെ പ്രശ്നമായി. അയിഷയുടെ ബാപ്പയും സഹോദരനും കൂടി ആ ചെറുപ്പക്കാരനെ തല്ലിച്ചതച്ചു. അയാള്‍ മറ്റൊരു മതക്കാരനുമായിരുന്നു. ഒടുവില്‍ കൊല്ലുമെന്ന പേടിയില്‍ അയാള്‍ ഒളിച്ചോടി. അതോടെ ബാപ്പയും സഹോദരനും അവള്‍ക്കുനേരെ തിരിഞ്ഞു. പൊതിരെ തല്ലി വീട്ടുതടങ്കലിലാക്കി. ഇതു കണ്ടാല്‍ ഉമ്മയ്ക്കു സഹിക്കുമോ? മരണ ഭയമുണ്ടായപ്പോള്‍ ഒരു ദിവസം ഉമ്മ കാതിലെ കമ്മല്‍ വിറ്റ് ആ പണം അയിഷയ്ക്കു നല്‍കി. എവിടെയെങ്കിലും പോയി രക്ഷപെടൂന്നായി അവര്‍.

അയിഷയ്ക്കാണെങ്കില്‍ എവിടെപ്പോകണമെന്ന് ഒരു പിടിയുമില്ല. അവള്‍ കൂട്ടുകാരികളുമായി ആലോചിച്ചു. അതിനിടെ ഒരു കൂട്ടുകാരി പത്രത്തില്‍ നിന്നോ മാസികയില്‍നിന്നോ ഒരു മേല്‍വിലാസമെഴുതിയതുമായി എത്തി. സുഗതകുമാരി, അഭയ, തിരുവനന്തപുരം എന്നായിരുന്നു ആ മേല്‍വിലാസം. പെന്‍സില്‍ കൊണ്ട് വടിവില്ലാത്ത അക്ഷരത്തില്‍ സുഗതകുമാരി, അബയ, തിരുവനന്തപുരം എന്നെഴുതിയ കടലാസുതുണ്ടും ഉമ്മ നല്‍കിയ പണവുമായി വണ്ടി കയറിയതാണ് അയിഷ.

എങ്ങിനെയോ തമ്പാനൂരെത്തിയ അയിഷ അടിയേറ്റതിന്‍റെ ആഘാതത്താലും പട്ടിണികൊണ്ടും ഏറെ ക്ഷീണിതയായിരുന്നു. സമയം സന്ധ്യയായി. കീറക്കടലാസിലെ മേല്‍വിലാസവുമായി അവള്‍ തമ്പാനൂരിലൂടെ കരഞ്ഞുനടന്നു. പല ഓട്ടോക്കാരെയും മേല്‍വിലാസം കാണിച്ചു. ഒടുവില്‍ കാരുണ്യമുള്ള ഏതോ ഒരു ഓട്ടോക്കാരന്‍ പറഞ്ഞു, “എഴുതിയിരിക്കുന്നതു തെറ്റാ, എങ്കിലും സ്ഥലം എനിക്കറിയാം. ഞാന്‍ കൊണ്ടാക്കാം” എന്ന്. അയാളാണ് അന്ന് ശാസ്തമംഗലത്തായിരുന്ന (ഇപ്പോള്‍ വഞ്ചിയൂരില്‍) അത്താണിയുടെ വാടകക്കെട്ടിടത്തില്‍ അയിഷയെ കൊണ്ടാക്കിയത്.

 

പേടിച്ചു കരഞ്ഞുകൊണ്ട് അയിഷ അത്താണിയില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഏഴരയെങ്കിലുമായിക്കാണും. അത്താണിയുടെ ചുമതലപ്പെട്ടവര്‍ അവളോട് പേരും സ്ഥലവും ചോദിച്ചു. കുട്ടിയുടെ ദൈന്യം കണ്ട് കാലും മുഖവും കഴുകി ഭക്ഷണത്തിനിരിക്കാന്‍ അവളെ ക്ഷണിച്ചു. അവള്‍ വളരെ ക്ഷീണിതയായിരുന്നല്ലോ. ഒപ്പം ഗര്‍ഭിണിയും. ആര്‍ത്തിയോടെ കഞ്ഞികുടിക്കുന്നതിനിടെ അയിഷ കിടന്നുപോയി. അസഹ്യമായ വേദന തുടങ്ങുകയായി. രക്തപ്രവാഹവും ആരംഭിച്ചു. ഈ സമയത്താണ് അത്താണിയില്‍ നിന്ന് എനിക്ക് ഫോണ്‍ വരുന്നത്. ഉടന്‍തന്നെ അയിഷയെ തൊട്ടടുത്തുള്ള ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് രണ്ടാമതും ഫോണ്‍. കുട്ടിയുടെ നില വളരെ സങ്കീര്‍ണ്ണമാണ്. ഉടന്‍ എസ്. ഐ. ടി. യിലേക്ക് കൊണ്ടുപോകൂ എന്നു പറഞ്ഞ്. ടാക്സിയെടുത്തു പറഞ്ഞിടത്തെത്തിക്കാന്‍ ഒട്ടും വൈകിയില്ല. ലളിതയാണ് അന്നവിടെ സൂപ്രണ്ട്. വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞതേയുള്ളു. എനിക്ക് വീണ്ടും ഫോണ്‍. ഉടന്‍ ഓപ്പറേഷന്‍ ചെയ്യേണ്ടതുകൊണ്ട് എ-നെഗറ്റീവ് രക്തം അത്യാവശ്യമുണ്ടെന്നാണ് ഫോണ്‍. എനിക്ക് ആകെ വേവലാതിയായി. സമയം രാത്രി ഒമ്പതുമണിയായി. പോരെങ്കില്‍ ഞായറാഴ്ച ദിവസവും.

എന്‍റെ മകള്‍ക്ക് എസ്. യു. ടി. ആശുപത്രിയിലാണ് ജോലി. ഹൃദയ ശസ്ത്രക്രിയയൊക്കെ നടക്കുന്ന ആശുപത്രിയല്ലേ. അവിടെ രക്തം കാണുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മകള്‍ക്ക് ഫോണ്‍ ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. വീട്ടിലിരുന്ന് അഭയയുടെ ജോയിന്‍റ് സെക്രട്ടറിയും എന്‍ജിനീയറിംഗ് കോളജ് അദ്ധ്യാപകനുമായ നാരായണനെയും ഞാന്‍ ഫോണില്‍ വിളിച്ചു. ഇതിനിടെ എനിക്ക് ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളികള്‍ വന്നുകൊണ്ടേയിരുന്നു.

എന്‍റെ വീട്ടിലെ വെളിച്ചമൊന്നും അണഞ്ഞിട്ടില്ല. വെളിച്ചമൊക്കെക്കണ്ട് അയല്‍ക്കാരൊക്കെ എന്താ സംഭവമെന്ന് ചോദിക്കലായി. സമയം രാത്രി പന്ത്രണ്ടുമണി. എന്‍റെ ആശയറ്റു. കുട്ടി അത്യാസന്ന നിലയിലാണെന്ന് ആശുപത്രിയില്‍ നിന്ന് ഫോണും.

ഞാന്‍ മുറ്റത്തിറങ്ങിനിന്ന് ആകാശത്തിലേക്ക് നോക്കി കരയാന്‍ തുടങ്ങി. ഒരുപാട് നക്ഷത്രങ്ങളുള്ള ആകാശം. ഏതോ അന്യ നാട്ടീന്ന് എന്‍റെ മേല്‍വിലാസം തെറ്റിച്ചെഴുതിയ കീറക്കടലാസുമായി വന്ന കുട്ടിക്ക് ഒരു കുപ്പി രക്തം കൊടുക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ ദൈവമേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

ഈ സമയത്ത് നാരായണന്‍റെ ബൈക്ക് വരുന്ന ശബ്ദം ഞാന്‍ കേട്ടു. അതേ നാരായണന്‍ തന്നെ. എ. കെ. ജി. സെന്‍ററിനടുത്തുള്ള ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ എ-നെഗറ്റീവ് രക്തമുള്ള ഒരു ശെമ്മാശ്ശനുണ്ടത്രേ. പേര് ചെറിയാനെന്നോ മറ്റോ. ഇതു കേട്ടപാടെ ഞങ്ങള്‍ ഓട്ടോയുമെടുത്ത് സ്റ്റുഡന്‍റ് സെന്‍ററിലേക്ക് പാഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ കതകില്‍ തട്ടി. വാതില്‍ തുറക്കപ്പെട്ടു.

‘ചെറിയാന്‍ ശെമ്മാശ്ശനാണോ’?
‘അതേ’
‘എ നെഗറ്റീവ് രക്തമാണോ’
‘അതേ’

എനിക്ക് എന്തോ ഒരാശ്വാസം ഉള്ളിലുദിച്ചപോലെ. ‘മലപ്പുറത്തുനിന്നും ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു. ഏഴുമാസം ഗര്‍ഭിണിയാണ്. അവള്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ എന്തു ചെയ്യണം?’ വിഷമത്തിന്‍റെ ആ മുഹൂര്‍ത്തത്തില്‍ അങ്ങനെ ചോദിക്കാനേ എനിക്കു കഴിഞ്ഞുള്ളു.

‘രണ്ടാഴ്ചയേ ആയിട്ടുള്ളു ഞാന്‍ രക്തം കൊടുത്തിട്ട്. എങ്കിലും എന്‍റെ വരവ് വൃഥാവിലാവില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഞാന്‍ വരാം’ – ശെമ്മാശ്ശന്‍റെ മറുപടി.

ഞങ്ങള്‍ ഉടന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തു. വലിയ പ്രതീക്ഷയ്ക്കു സ്ഥാനമില്ലെങ്കിലും വന്നുകൊള്ളട്ടെ എന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. നാരായണന്‍റെ ബൈക്കില്‍ പുറകിലിരുന്ന് ഇരുവരും ആശുപത്രിയിലേക്ക് നീങ്ങി. താമസിയാതെ തന്നെ ഓപ്പറേഷന്‍ നടന്നു. രണ്ടു പെണ്‍കുട്ടികള്‍ക്ക് അയിഷ ജന്മം കൊടുത്തു. പക്ഷേ, ഒരു കുട്ടി അപ്പോള്‍ത്തന്നെയും മറ്റെയാള്‍ രണ്ടാം ദിവസവും മരിക്കുകയായിരുന്നു. പ്രായം തികയാതെയുള്ള പ്രസവമാണല്ലോ. എങ്കിലും അയിഷയുടെ ജീവന്‍ രക്ഷപെട്ടു. വല്ല വഴിയിലും വെച്ച് ഈ വേദന അനുഭവിച്ചിരുന്നെങ്കില്‍ ഏതെങ്കിലും ചെറിയ ആശുപത്രിയുടെ മുമ്പില്‍ക്കിടന്ന് മരിക്കുകയായിരുന്നില്ലേ ഈ പെണ്‍കുട്ടിയുടെ വിധി. അത്താണിയുണ്ടായിരുന്നതുകൊണ്ട് ആ ദുരന്തം ഒഴിവായി.

ഈ സംഭവം എന്നെ ഒരുപാടു ചിന്തിപ്പിച്ച ഒന്നാണ്. ഒന്നാമത് ആ ക്രിസ്ത്യന്‍ വൈദികന്‍റെ കാര്യംതന്നെ. വീട്ടില്‍ നിന്നു തിരസ്കരിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് ചെറിയാന്‍ എന്ന ക്രിസ്ത്യാനി പുരോഹിതന്‍റെ രക്തമാണല്ലോ. രാത്രി മുഴുവന്‍ അയിഷ എന്ന മുസ്ലീം പെണ്‍കുട്ടിക്കായി ഓടിയതോ അത്താണിയിലെ വിശ്വംഭരിയും നാരായണനുമൊക്കെയും. അവള്‍ ബോധമുണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് ഹിന്ദുവായ ഈ എന്നെയാണ്.

അയിഷ ഒരു പുനര്‍ജന്മത്തിന്‍റേതായ ഈയവസരത്തില്‍ ഞങ്ങളോട് വല്ലാതങ്ങ് അടുത്തു. വീട്ടിലേക്കു പോവാതെ അത്താണിയില്‍ അവള്‍ രണ്ടുമാസത്തോളം കഴിച്ചുകൂട്ടി.

ഇതിനിടെ ഉമ്മയ്ക്ക് കത്തയച്ചു കഴിഞ്ഞിരുന്നു. മറുപടി വരുമ്പോള്‍ ബാപ്പായുടെ പിണക്കം തീര്‍ന്നെന്നും തിരിച്ചു ചെല്ലുമെന്നുമായിരുന്നു എഴുതിയിരുന്നത്. പോകുന്നതിനു മുമ്പ് എന്‍റെ വീട്ടില്‍ വന്നു നില്ക്കണമെന്ന് അയിഷയ്ക്ക് വലിയ ആഗ്രഹം. അവള്‍ എന്‍റെ വീട്ടില്‍ വന്ന് മൂന്നു നാലു ദിവസം നിന്നു. എനിക്ക് കഴിക്കാന്‍ പത്തിരിയും കറികളുമൊക്കെ വളരെ താത്പര്യത്തോടെ ഉണ്ടാക്കിത്തന്നു.

തിരിച്ചു പോവുന്ന ദിവസം സാരിയും കുപ്പിവളകളുമൊക്കെയായാണ് അവളെ ഞങ്ങള്‍ യാത്രയാക്കിയത്. വീട്ടിലെത്തിക്കഴിഞ്ഞ് അവള്‍ കത്തയയ്ക്കുകയുണ്ടായി. അതിനുശേഷം ഒരിക്കല്‍ക്കൂടി എനിക്ക് അയിഷയുടെ കത്തുകിട്ടി. പിന്നെ അവളെക്കുറിച്ച് കേട്ടിട്ടില്ല.

പക്ഷേ, ചെറിയാന്‍ ഇപ്പോള്‍ മെത്രാപോലീത്തായാണ്. അദ്ദേഹം ഞങ്ങളുടെ രക്തബന്ധുവാണ്. എല്ലാ വര്‍ഷവും ഓണത്തിനും ക്രിസ്മസിനും അച്ചനും ആള്‍ക്കാരും അത്താണിയില്‍ വരാറുണ്ട്. അവിടെ നിന്നു ഭക്ഷണവും കഴിക്കും. അത്താണിയെ സഹായിക്കുന്നതിലും അച്ചന്‍ വലിയ താല്പര്യം കാട്ടുന്നു. ആ മനുഷ്യന്‍റെ മുഖത്ത് നന്മയുടെ പ്രകാശം ഞാന്‍ കാണുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ കത്തിയുരുകുന്ന ഈ രാജ്യത്ത് ഇതുപോലെ നന്മയുടെ പ്രകാശമുള്ള മനുഷ്യര്‍ ഏറെയുണ്ട്. അവരെ തിരിച്ചറിയുക നമ്മുടെ കടമയാണെന്ന് ഓര്‍മ്മയിലിരിക്കട്ടെ.

error: Thank you for visiting : www.ovsonline.in