പെരുമ്പാവൂരില്‍ യാക്കോബായ ഇടവകാംഗങ്ങള്‍ മലങ്കര സഭയ്ക്ക് മാതൃകയാകുന്നു
പെരുമ്പാവൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ഇടവകാംഗങ്ങൾ കൂട്ടത്തോടെ മാതൃ (മലങ്കര ഓർത്തഡോക്സ്) സഭയിലേക്ക് മടങ്ങിയെത്തുന്ന വാർത്ത ഓ.വി.എസ് ഓൺലൈൻ പുറത്തു വിടുന്നു . സത്യം മനസിലാക്കി തിരിച്ചെത്തുന്ന ഇടവകാംഗങ്ങൾക്ക് ഹൃദ്യയംഗമായ വരവേൽപ്പ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പെരുമ്പാവൂർ പള്ളി കമ്മിറ്റിയെന്ന് ഭാരവാഹി ഓ.വി.എസ് ഓൺലൈനോട് പറഞ്ഞു.
20 -ഓളം കുടുംബങ്ങളാണ് മടങ്ങി എത്തുന്നത്. രാവിലെ വികാരി തോമസ് പോൾ റമ്പാന്‍റെ മുഖ്യകാർമികത്വത്തിൽ കുർബ്ബാനയിൽ ഇവർ പങ്കെടുത്തു. പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടും സഭയിലെ മെത്രാപ്പോലീത്തമാരോടും കൂറ് പരസ്യമാക്കി സുപ്രീം കോടതി വിധിയുടെ അന്തസത്തതയെ ഉൾക്കൊണ്ട് 1934-ലെ മലങ്കര സഭ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ചാണ് മടക്കം. വരും ദിവസങ്ങളിൽ ഒഴുക്ക് വർദ്ധിക്കുമെന്നും മറ്റ് പള്ളികളിലേക്കും ഇത് വ്യാപിക്കുമെന്നാണ് വിശ്വസിനീയമായ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
പെരുമ്പാവൂർ മേഖലയിലെ മറ്റൊരു പ്രമുഖ പള്ളിയിലും യാക്കോബായ നേതാക്കൾ ഓർത്തഡോക്സ് സഭ നേതൃത്വമായി രണ്ടുവട്ടം ആശയവിനിമയം നടത്തിക്കഴിഞ്ഞു. അവിടെ പള്ളി സമാന്തര ട്രസ്റ്റി അടക്കമുള്ളവർ ഭരണഘടനയുടെ പകർപ്പ് ആവിശ്യപ്പെടുകയും കൈമാറുകയും ചെയ്തു. കണ്ടനാട് ഭദ്രാസനത്തിലെ തർക്കമുള്ള പള്ളിയിൽ വിശ്വാസികളടക്കം മടങ്ങി വരവിന് നീക്കം നടക്കുന്നുണ്ട്. വൈദീകനുൾപ്പടെ പള്ളി കമ്മിറ്റി അംഗങ്ങളും ഓർത്തഡോക്സ് സഭ നേതൃത്വമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. ഇടവകയ്ക്കകത്തു ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യം മാനിച്ചു പള്ളികളുടെ പേരുകൾ വെളിപ്പെടുത്തുന്നില്ല. ജൂലൈ മൂന്നാം തീയതി സുപ്രീം കോടതിയിൽ നിന്നു ഉണ്ടായ ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ അടിയൊഴുക്കുകൾക്ക് അതീവ പ്രാധാന്യമുണ്ടെന്നു സഭാ നിരീക്ഷകർ വിലയിരുത്തുന്നത്.
കോടതി വിധിയിലൂടെ അംഗീകാരം നഷ്ടപ്പെട്ടു നിയമപരമായി ഇല്ലാതെയായിരുന്നു യാക്കോബായ വിഭാഗം. സഭാക്കേസിൽ ജൂലൈ മൂന്നിലെ വിധിയിൽ ഉൾപ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ, നെച്ചൂർ പള്ളികൾ യാക്കോബായ വിഭാഗത്തിന് കൈവിട്ടു പോയിരുന്നു. ഇവിടങ്ങളിൽ ഓർത്തഡോക്സ് സഭയുമായി വിശ്വാസികൾ സഹകരിച്ചു തുടങ്ങി. കോലഞ്ചേരിപ്പള്ളിയിൽ ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് നേരിട്ടെത്തിയായിരുന്നു യാക്കോബായ ഇടവകാംഗത്തിന്‍റെ ശവ സംസ്‌കാര ശുശ്രൂഷ ബന്ധുക്കളുടെ ആവശ്യപ്രകാരം നടത്തിയത്. പ്രതിസന്ധിയിൽ ആടിയുലയുന്ന യാക്കോബായ വിഭാഗത്തെ കനത്ത തിരിച്ചടിയായി അടിയൊഴുക്കുകൾ മാറിക്കൊണ്ടിരിക്കുന്നു.
മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934-ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്. ഉടമ്പടിയുടെയും യാക്കോബായ വിഭാഗത്തിന്‍റെ 2002 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു. പാത്രിയാർക്കീസിന്‍റെ ആത്മീയ അധികാരം അപ്രത്യക്ഷമായ മുനമ്പിൽ(വാനിഷിംഗ് പോയിന്റ്) എത്തിയെന്നും കോടതി നിരീക്ഷിച്ചു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995-ല്‍ സുപ്രീം കോടതി വിധിയെ ശെരി വെച്ചുള്ള സുപ്രാധാന വിധി മലങ്കര സഭാ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും.
ഇപ്പോഴത്തെ സുപ്രീംകോടതി വിധി പ്രകാരം മലങ്കരസഭയില്‍ ഇനി ‘യാക്കോബായ‘ എന്നൊരു സമാന്തര സഭയില്ല. 1995–ല്‍ ആരംഭിച്ച് 2017–ല്‍ അവസാനിച്ചിരിക്കുന്ന മൂന്നാം സമുദായക്കേസിന്‍റെ ഒരു പ്രധാന വസ്തുതയാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934–ലെ ഭരണഘടന അനുസരിക്കുന്നവര്‍ക്കു മാത്രമാണ് –അതു സാധാരണ വിശ്വാസി ആയാലും വൈദികനായാലും മെത്രാനായാലും– മലങ്കരസഭയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത്. ഇടവക പള്ളികള്‍ സ്വതന്ത്രമല്ലെന്നും അതും 1934–ലെ ഭരണഘടന പ്രകാരമാണ് ഭരിക്കേണ്ടതെന്നും വിധി വ്യക്തമാക്കുന്നു. ഏതെങ്കിലും പള്ളിയില്‍ വിഘടിതര്‍ക്കു ഭൂരിപക്ഷം അംഗങ്ങള്‍ ഉണ്ടെങ്കിലും പള്ളിയുടെ സ്വത്തോ ഭരണമോ അവര്‍ക്ക് അവകാശപ്പെട്ടതല്ല. അതിന്‍റെ അടിസ്ഥാനവും 1934–ലെ ഭരണഘടന തന്നെ.
മൂന്നാം സമുദായക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമല്ല, മുന്‍പു സമുദായക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പള്ളികള്‍ക്കും എല്ലാം ഇപ്പോഴത്തെ സുപ്രീംകോടതി വിധി ബാധകമാണ്. 1934–ലെ ഭരണഘടന പ്രകാരം കോട്ടയം ദേവലോകം അരമന കേന്ദ്രമാക്കി ഭരണം നടത്തുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായും ആയ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയാണ് ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധികാരി, മലങ്കരസഭയുടെ ആത്മീയവും ലൗകികവുമായ എല്ലാ കാര്യങ്ങളുടേയും പരമാധികാരിയായ അദ്ദേഹത്തെ ധിക്കരിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ ഒരു അവകാശവുമില്ല.
മലങ്കരസഭയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002–ല്‍ വിഘടിതര്‍ സ്വന്തമായി ഭരണഘടന ഉണ്ടാക്കി യാക്കോബായ സഭ എന്ന പേരില്‍ സമാന്തര ഭരണം നടത്തിയത്. സുപ്രീംകോടതിയുടെ വിധി പ്രകാരം മലങ്കരസഭയിലെ ഒരു ഇടവക പള്ളിയില്‍ ഉള്ള അംഗങ്ങള്‍ക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രമായി സ്വത്തുമായി വിട്ടുപോകാന്‍ പറ്റില്ല. സമാന്തര ഭരണം നടത്തുന്ന തരത്തില്‍ ഏതെങ്കിലും പുതിയ ട്രസ്റ്റ് ഉണ്ടാക്കുന്നതും സ്വത്തു സമ്പാദിക്കുന്നതും മലങ്കരസഭയില്‍ തുടരുന്ന കാലത്തു ആര്‍ക്കും അനുവദനീയമല്ല. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരസഭയില്‍ പരമാധികാരം നല്‍കുന്ന തരത്തില്‍ പുതിയ ഭരണഘടന ഉണ്ടാക്കിയ ബുദ്ധിയേയും സുപ്രീംകോടതി വിധിയില്‍ നിരാകരിക്കുന്നു. 1934–ലെ ഭരണഘടന ലംഘിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ സമാന്തരഭരണം നടത്താന്‍ ഇനി പറ്റില്ല. 1934–ലെ ഭരണഘടനയ്ക്കു വിരുദ്ധമായി ഇടവക പള്ളികള്‍ക്കും വ്യക്തികള്‍ക്കും ട്രസ്റ്റ്‌പോലെ പുതിയ നിയമം ഉണ്ടാക്കി സഭയുടെ പേരില്‍ സ്വത്തു സമ്പാദിക്കാനും അതു സ്വതന്ത്രമായി നടത്താനും സുപ്രീം കോടിയുടെ പുതിയ വിധി വിലക്കുന്നു