ചരിത്രപ്രസിദ്ധമായ പഴഞ്ഞി കത്തീഡ്രൽ പെരുന്നാളിന് തുടക്കം
പഴഞ്ഞി ∙ വർണചാരുതയേകിയ ദീപാലങ്കാരങ്ങൾ നിറഞ്ഞ അങ്ങാടികളിലൂടെ വാദ്യമേളങ്ങളുടെയും പൊൻ, വെള്ളി കുരിശുകളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തോടെ പഴഞ്ഞി മുത്തപ്പന്റെ (യെൽദോ മാർ ബസേലിയോസ്) ഓർമപ്പെരുന്നാൾ തുടങ്ങി. സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടന്ന സന്ധ്യാനമസ്കാരത്തോടെയായിരുന്നു പെരുന്നാളിനു തുടക്കം.
സഭയിലെ മെത്രാപ്പൊലീത്തമാരും ഒട്ടേറെ വൈദികരും സന്ധ്യാനമസ്കാരത്തിൽ പങ്കെടുത്തു. തുടർന്നു ട്രസ്റ്റി സുമേഷ് പി. വിൽസന്‍റെ നേതൃത്വത്തിൽ കമ്മിറ്റിക്കാർ കൊടികളുമായി പ്രദക്ഷിണത്തിനു നേതൃത്വം നൽകി. കത്തിച്ചുവച്ച ദീപങ്ങളുമായി അങ്ങാടികളിൽ പ്രദക്ഷിണത്തെ വരവേറ്റു. കുരിശുപള്ളികളിലെ ധൂപപ്രാർഥനയ്ക്കുശേഷം പള്ളിയിൽ പ്രദക്ഷിണം സമാപിച്ചു. തുടർന്നു പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും ശ്ലൈഹിക വാഴ്‍വ് നൽകി അനുഗ്രഹിച്ചു. രാത്രിയോടെ ദേശത്തെ അൻപതോളം കമ്മിറ്റികളിൽനിന്നുള്ള എഴുന്നള്ളിപ്പുകൾ ആരംഭിച്ചു.
അങ്ങാടികളിൽ വിവിധ വാദ്യങ്ങളുടെ നാദവിസ്മയം തീർക്കുന്ന എഴുന്നള്ളിപ്പുകൾ പുലർച്ചെയോടെ പള്ളിയിലെത്തി സമാപിക്കും. ഇന്ന് 6.30-നു പഴയ പള്ളിയിൽ തോമസ് പോൾ റമ്പാന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. പുതിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികനായി അഞ്ചിന്മേൽ കുർബാന അർപ്പിക്കും. ഡോ. ഗീവർഗീസ് മാർ യൂലിയോസ്, യൂഹാനോൻ മാർ പോളിക്കർപ്പോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ സഹകാർമികത്വം വഹിക്കും.
ഉച്ചയോടെ വീണ്ടും ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ടു പള്ളിയിലെത്തി സമാപിക്കും. 3.45ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും അഞ്ചിനു പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതുസദ്യയും ഉണ്ടാകും. നാളെ ഏഴിനു കുർബാനയ്ക്കുശേഷം ചെണ്ടമേളം, ലേലംവിളി എന്നിവയും ഉണ്ടാകും. പെരുന്നാളിനു വികാരി ഫാ. ജോസഫ് ചെറുവത്തൂർ, സഹവികാരി ഫാ. ഗീവർഗീസ് വർഗീസ്, ട്രസ്റ്റി സുമേഷ് പി.വിൽസൺ, സെക്രട്ടറി ബിനോയ് ടി. മാത്യു എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.
https://ovsonline.in/articles/yeldho-mar-baselios/