OVS - Latest NewsOVS-Kerala News

ഇന്ത്യയ്ക്ക് ഓർത്തോഡോക്‌സ് സഭയിലൂടെ ഇത്യോപ്യയുടെ ആദരം

പരിശുദ്ധ കാതോലിക്കാ ബാവായും എത്യോപ്യന്‍ പാത്രിയര്‍ക്കീസും ഫെഡറല്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയും, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ആഡീസ് അബാബ വിമാനത്താവളത്തില്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ആബൂന സേവേറിയോസിന്റെയും സഭ ഭാരവാഹികളുടെയും നേതൃത്വത്തിലുള്ള സംഘമാണ് കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്. ചര്‍ച്ച് ഡവലപ്മെന്റ് കമീഷന്‍ ചെയര്‍മാന്‍ ആബൂനാ സാമുവേല്‍, സൌത്ത് ഒമോ ഭദ്രാസന മെത്രാപോലീത്താ ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതില്‍പരം ആര്‍ച്ച് ബിഷപുമാരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്സ് സഭയുമായി ഉടമ്പടി ഒപ്പുവയ്ക്കും : ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ്

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സംയുക്ത സംരംഭം ആരംഭിക്കാനും ലക്ഷ്യമാക്കിയുള്ള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മഥിയാസ് അറിയിച്ചു. സ്ളീബാ പെരുന്നാളിന് മുഖ്യ അതിഥിയായി എത്തിയ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പന്നമായ എത്യോപ്യന്‍ സഭയുടെ പാരമ്പര്യം ഓര്‍ത്തഡോക്സ് സഭകള്‍ക്ക് പ്രചോദനമേകുന്നതാണെന്ന് മറുപടി പ്രസംഗത്തില്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ഇരു സഭകളിലെയും സുന്നഹദോസ് അംഗീകരിച്ചതാണ് ഈ ഉടമ്പടി. സ്വീകരണത്തില്‍ പരമ്പരാഗത വേഷധാരികളായ പതിനായിരക്കണക്കിന് സഭാംഗങ്ങള്‍ സംബന്ധിച്ചു. പാത്രിയര്‍ക്കേറ്റ് പാലസിന്റെ കവാടത്തില്‍ എത്തി പാത്രിയര്‍ക്കീസ് ബാവാ കാതോലിക്കാ ബാവായെ സ്വീകരിച്ചു.

error: Thank you for visiting : www.ovsonline.in