പ്രതിസന്ധികളിലെ പ്രകാശഗോപുരം; പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്
തികഞ്ഞ സ്നേഹാദരത്തോടെ മലങ്കര സഭ എക്കാലവും ഓർമിക്കുന്ന നാമമാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടേത്. പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും പ്രകാശഗോപുരങ്ങളെപ്പോലെ വർത്തിച്ച സഭാപിതാക്കന്മാരുടെ ഗണത്തിലേക്ക് സ്വന്തം പ്രകാശവുമായി കടന്നുവന്ന സഭയുടെ പൗരുഷം എന്നാണ് ഡോ. സാമുവൽ ചന്ദനപ്പള്ളി പരിശുദ്ധ പിതാവിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഉദാത്ത സ്വപ്നങ്ങൾ കാണുകയും അവ സാക്ഷാൽക്കരിക്കുവാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് ആത്മ വിമർശനത്തിന്റെ ജാലകങ്ങൾ തുറന്നിട്ടു കൊണ്ടാണ് സഭയെക്കുറിച്ചുള്ള ദർശനം കണ്ടത്. ക്രിസ്തുമതത്തെ മറ്റു മതസ്ഥരുടെ മുൻപാകെ അവഹേളനമാക്കിത്തീർത്തിട്ടുള്ളത് നമ്മുടെ അക്രൈസ്തവ ജീവിതമാകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. വിനീതനായ നസ്രായന്റെയും തന്റെ ശിഷ്യന്മാരുടെയും ആദർശങ്ങൾ നമ്മുടെ ജീവിതത്തിന്റെ പ്രകാശമായിരിക്കണം എന്നും ആ പിതാവ് നിഷ്കർഷിച്ചിരുന്നു.
ക്രിസ്തുവിന്റെ മനുഷ്യാവതാരം മൂലം സാധിക്കേണ്ടത് ദൈവത്തിന്റെ മഹത്വവും ഭൂമിയിൽ സമാധാനവും സന്തുഷ്ടിയുമത്രേ. മനുഷ്യ മനസ്സിനെ അലട്ടുന്ന അസമത്വം, സാമ്പത്തിക പ്രശ്നങ്ങൾ മുതലായവയ്ക്ക് മറുപടി കൊടുക്കാതെ കണ്ണുംപൂട്ടിയിരിക്കുവാൻ ഒരു സഭയ്ക്കും സാധ്യമല്ല എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഇന്നും എത്രയധികം ശക്തവും പ്രസക്തവുമാണ്. തന്നിൽ ഭാരമേൽപിക്കപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും വിശ്വസ്തതയോടും പരമാർഥതയോടും പൂർത്തീകരിച്ച സമുന്നത വ്യക്തിത്വമാണ് പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവായുടേത്. പരിശുദ്ധാത്മാവിന്റെ വരപ്രസാദം കൊണ്ടു മാത്രമാണ് അവയെല്ലാം സാധ്യമായതെന്ന് താഴ്മയോടെ അദ്ദേഹം അനുസ്മരിച്ചിരുന്നു.
സഭയുടെ കാനോൻ, വിശുദ്ധ കൂദാശകൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആധികാരികങ്ങളായിരുന്നു. വൈദിക സെമിനാരി പ്രിൻസിപ്പൽ ആയിരുന്ന കാലത്തും പിന്നീടും അച്ചടക്കത്തിനും ആത്മവിശുദ്ധിക്കും പ്രാധാന്യം നൽകുന്ന വൈദിക വിദ്യാഭ്യാസത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയത്. സഭയുടെ സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും എന്ന പ്രഖ്യാപനത്തോടെ മലങ്കര സഭയുടെ പരമാധ്യക്ഷ പദവിയിലേക്കു പ്രവേശിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെ സ്മരണകൾ എന്നാളും നമുക്ക് കരുത്തും പ്രചോദനവുമാണ്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
മാത്യൂസ് പ്രഥമൻ ബാവാ– ജീവിതരേഖ
വട്ടക്കുന്നേൽ ബാവാ എന്ന് അറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ വട്ടക്കുന്നേൽ ചെറിയാൻ കുര്യൻ കത്തനാരുടെ പുത്രനായി 1907 മാർച്ച് 27ന് ജനിച്ചു. കെമിസ്ട്രിയിലും വേദശാസ്ത്രത്തിലും ബിരുദം നേടി. 1950 മുതൽ 1966 വരെ സെമിനാരി പ്രിൻസിപ്പൽ. 1951-ൽ റമ്പാനായി. 1952-ൽ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1953 മേയ് 15ന് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ മാർ അത്തനാസിയോസ് എന്ന നാമത്തിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 1960 സെപ്റ്റംബർ 23-ന് ബാഹ്യകേരള ഭദ്രാസന മെത്രാപ്പൊലീത്തയായി. വിരലിലെണ്ണാവുന്ന ഇടവകകളും കോൺഗ്രിഗേഷനുകളും മാത്രം ഉണ്ടായിരുന്ന ബാഹ്യകേരള ഭദ്രാസനം 1975-ൽ അദ്ദേഹം ഭരണമൊഴിയുമ്പോൾ മൂന്ന് ഭദ്രാസനങ്ങളാക്കത്തക്കവിധം വളർന്നിരുന്നു.
1970 ഡിസംബർ 31-ന് കോട്ടയം എംഡി സെമിനാരിയിൽ ചേർന്ന മലങ്കര അസോസിയേഷനിൽ മാർ അത്തനാസിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയായി തിരഞ്ഞെടുത്തു. ദൈവശാസ്‌ത്രരംഗത്തെ പ്രശസ്‌ത സേവനത്തെ മുൻനിർത്തി 1973-ൽ സെറാംപുർ സർവകലാശാല പിഎച്ച്ഡി നൽകി.
1975 സെപ്റ്റംബർ 24-ന് പരിശുദ്ധ ഔഗേൻ ബാവാ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് മലങ്കര മെത്രാപ്പൊലീത്തയായി. അതേ വർഷം ഒക്ടോബർ 27-ന് കോട്ടയം പഴയ സെമിനാരിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. അനാരോഗ്യത്തെത്തുടർന്ന് 1991 ഏപ്രിൽ 27-ന് സ്ഥാനത്യാഗം നടത്തി. 1996 നവംബർ 8-ന് കാലം ചെയ്തു.