വൈദികർ ദൈവസ്നേഹം പകരണം: പരിശുദ്ധ ബാവാ
പരുമല ∙ വർത്തമാനകാലത്തെ മനുഷ്യനും ദൈവവുമായി കൂട്ടിയിണക്കാൻ വൈദികർക്ക് കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനുഷ്യരെ സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വൈദികര്‍ ക്രിസ്തുവിന്‍റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ഉത്തരവാദപ്പെട്ടവരാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
മാനവികത ഉണരാൻ രാഷ്ട്രീയം കലരാത്ത മതമാണ് ആവശ്യമെന്ന് പ്രഭാഷകനായ എം.പി. അബ്ദു സമദ് സമദാനി പറഞ്ഞു. സ്നേഹം ഉണ്ടെങ്കിലേ ലോകത്ത് സമാധാനം ഉണ്ടാകൂ. മത തീവ്രവാദം ലോകയുദ്ധത്തെക്കാൾ ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. സീനിയർ മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസിനെ ആദരിച്ചു. ഡോ. സഖറിയാസ് മാർ അപ്രേം ചിന്താവിഷയം അവതരിപ്പിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വൈദിക ഡയറക്ടറിയുടെയും ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മൊബൈൽ സംവിധാനത്തിന്റെയും പ്രകാശനം നിർവഹിച്ചു. ഡോ. തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, വൈദിക സംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ, ജനറൽ കൺവീനർ ഫാ. ചെറിയാൻ ടി. സാമുവൽ, ജോയിന്റ് സെക്രട്ടറി ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട് എന്നിവർ പ്രസംഗിച്ചു. ഇന്ന് പഠനങ്ങളും സെമിനാറും നടക്കും. നാളെ 11.30ന് സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും അലക്സിൻ ജോർജ് പ്രസംഗിക്കും. സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വയെ ആദരിക്കും.