OVS - Latest NewsOVS-Kerala News

യാക്കോബായ വിഘടിത വിഭാഗത്തിന്‍റെ സുന്നഹദോസ് തീരുമാനം നിരാശ ജനകം.

മലങ്കര സഭക്ക് നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ടു ശാശ്വതമായ ദൈവീക സമാധാനത്തിൽ നിൽക്കുവാൻ ദൈവഹിത പ്രകാരം 2017 ജൂലൈ 3 ആം തിയതി ബഹു. സുപ്രീംകോടതിയിൽ നിന്ന് ഒരു വിധി ഉണ്ടായിരുന്നു. ആ വിധിയുടെ വിശദാംശങ്ങൾ അന്ത്യോഖ്യയുടെ പരി. പത്രിയാർക്കിസ് ബാവയെ രേഖമൂലം അറിയിച്ച് പരി. പിതാവിന്‍റെ അനുഗ്രഹ കല്പനയോട് കൂടി വി.സഭക്ക് എതിരെയുള്ള വിഘടിത പ്രവർത്തങ്ങൾ ഇല്ലാതാക്കികൊണ്ട് ഒരു സഭയായി നിന്നും ക്രിസ്തുവിനെ സാക്ഷിക്കുവാൻ ലഭിച്ച ഈ സുവർണ്ണ അവസരം വികലമാക്കുന്ന തീരുമാനങ്ങൾ ആണ് ഇന്ന് മറുഭാഗത്തു നിന്നും കാണുന്നത് എന്ന് മനസിലാക്കുന്നു. ഈ കുൽസിത ശ്രമങ്ങൾക്ക് നടുവിലും മലങ്കര ഓർത്തഡോക്സ് സഭ പ്രാർത്ഥനയോട് കൂടിയും, പ്രതിക്ഷയോട് കൂടിയും കാത്തിരിക്കുന്നത്. പരി. അന്ത്യോഖ്യാ സിംഹാസനം മലങ്കര സഭയുടെ സഹോദരീ സഭയാണ്. അതിൽ ഭാഗ്യമോടെ വാണരുളുന്ന പരി. പിതാക്കന്മാരെ എല്ലാ കാലത്തും ഈ വി. സഭ അർഹമായും ഉചിതമായും ആദരിച്ചിട്ടുണ്ട്. . ഇപ്പോഴും വി. കുർബാനയിൽ വി. സഭാ പരി. അന്ത്യോഖ്യയുടെ സിംഹാസനത്തെ ഓർത്ത് പ്രാർത്ഥിക്കുന്നുണ്ട്. ഇതു ആ വി. സഭയോടുള്ള മലങ്കര സഭയുടെ സ്നേഹബന്ധത്തെ കാണിക്കുവാനാണ്. എന്നാൽ ഈ നല്ലതും, ആത്മികവും ദൈവികവുമായ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ കാര്യങ്ങളെ പരി. പിതാവിന് മുൻപിൽ അവധരിപ്പിച്ചതുകൊണ്ടാവാം ഒരു പക്ഷെ സമാധാനം ആഗ്രഹിക്കുന്നു എന്നു പരക്കെ വിശ്വസിക്കുന്ന ഒരു പിതാവിൽ നിന്നു നിരാശ ജനകമായ വാർത്തകൾ ദിനം പ്രതി മലങ്കര സഭക്ക് കേൾക്കേണ്ടി വരുന്നത്. ഇതു ആ പരി. പിതാവിന്‍റെ സിറിയൻ ഇന്ത്യൻ അഫേയ്ഷ്സ് ഭരണ വിഭാഗത്തിന്‍റെ പരാജയം കൂടിയാണ് വെളിപ്പെടുത്തുന്നത്. ബഹു. കോടതി വിധി ഉണ്ടായിട്ടും അതു പരാമർശിച്ചു ഒരു കല്പന പോലും മലങ്കരക്ക് അയക്കാഞ്ഞതും തികച്ചും ഖേദകരമാണ്.

ഇപ്പോൾ പരി.പത്രിയാർക്കിസ് ബാവായുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വി.സഭയുടെ വിശ്വാസ സത്യങ്ങൾക്ക് നിരക്കാത്തതാണ്. വിശ്വാസത്തിന്‍റെ പേരിൽ ആണ് ഈ വിഘടിത ശ്രമം എന്നു പറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ 58 -ൽ ഒന്നായ സഭയെ മറന്ന് പോകരുത്? പരി. ബസേലിയോസ്ഔഗേൻ പ്രഥമൻ ബാവായുടെ കാതോലിക്ക സ്ഥാനാരോഹണം നമുക്ക് മുൻപിൽ ഉള്ളത് ഉത്തരവാദിത്ത പെട്ടവർ കണ്ടില്ല എന്ന് നടിക്കരുത്. ഇപ്പോൾ നിരത്തുന്ന വിഘടിത വിഭാഗത്തിന്‍റെ ഈ പൊള്ളയായ വാദഗതികൾ ഭാരതത്തിന്‍റെ നീതി ന്യായ കോടതികൾക്ക് മുൻപിൽ നില നിൽക്കുന്നതുമല്ല. വിശ്വാസികളെ അക്രമാസക്തരാക്കി വഴിയിൽ ഇറക്കുവാനും, അവരുടെ ഇടയിൽ സ്പർധയും വൈരാഗ്യവും വർധിപ്പിക്കാൻ മാത്രമേ ഇത്തരം തീരുമാനങ്ങൾ കൊണ്ടു സാധിക്കുക ഒള്ളു എന്ന് ഏറെ ദുഃഖത്തോട് കൂടെ പറയട്ടെ. പൊതു സമൂഹത്തിന്‍റെ സമാധാനത്തിന് തടസം നില്കുന്ന എല്ലാ തീരുമാനങ്ങളിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ പിന്മാറണം എന്ന് സ്നേഹത്തോടെ ഓർപ്പിക്കുന്നു.

ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത
മീഡിയ ചെയർമാൻ
മലങ്കര ഓർത്തഡോക്സ് സഭ

error: Thank you for visiting : www.ovsonline.in