പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക‍് കോലഞ്ചേരി പള്ളിയിൽ സ്വീകരണം
കോലഞ്ചേരി ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ സ്വീകരണം നൽകി. നേരത്തെ ബാവാ സത്യഗ്രഹമനുഷ്ഠിച്ച കുരിശുപള്ളിക്കു മുന്നിൽ നിന്നു സ്വീകരിച്ചു പള്ളിയിലേക്ക‍് ആനയിച്ചു.തുടർന്നു നടന്ന സ്വീകരണ സമ്മേളനത്തിൽ, ഇടക്കാലത്തു വേറിട്ടു നിന്നവർ 1934ലെ സഭാ ഭരണഘടന അംഗീകരിച്ചു മാതൃസഭയിലേക്കു മടങ്ങിവരണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ അഭ്യർഥിച്ചു.
ഇടവക മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം. കുര്യാക്കോസ്, വികാരി ഫാ. ജേക്കബ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
സ്വീകരണത്തിനു ഫാ. ലൂക്കോസ് തങ്കച്ചൻ, പള്ളി ട്രസ്‍റ്റിമാരായ സാജു പടിഞ്ഞാക്കര, ബേബി നെച്ചിയിൽ, സണ്ണി വാലയിൽ, കുഞ്ഞുമോൻ തോമസ്, ബാബു പള്ളിക്കാക്കുടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ വലിയ പള്ളിയിൽ പ്രാർഥന നടത്തി.
സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഇന്നു രാവിലെ എട്ടിനു കുർബാനയർപ്പിക്കും. കോലഞ്ചേരി പള്ളിക്കു കീഴിലുള്ളതും ദീർഘകാലമായി പൂട്ടിക്കിടക്കുന്നതുമായ കോട്ടൂർ സെന്റ് ജോർജ് പള്ളിയിൽ കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യൻ ഇന്നു രാവിലെ ഏഴിനു കുർബാനയർപ്പിക്കും.