ജുഡീഷ്യറി സാംഗത്യം വീണ്ടെടുക്കുന്നു.-ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കത്ത്
ഇന്ത്യ വിദേശാധിപത്യത്തിൽ നിന്ന് സ്വതന്ത്രമായതോടെ ഒരു ജനാധിപത്യ രാജ്യമായി തീരുകയായിരുന്നു. ഈ നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയ നേതാക്കളുടെ സ്വതന്ത്ര ചിന്ത, ക്രാന്തദർശിത്വം, ജനാധിപത്യ കാഴ്ചപ്പാട് എന്നിവയാണ് അതിന് സാഹചര്യം ഒരുക്കിയത്.രാഷ്ട്ര ഭരണം നീതിപൂർവ്വം നിർവ്വഹിക്കണം എന്നും അവർക്കുണ്ടായിരുന്നു. അതു കൊണ്ട് ജനാധിപത്യ ക്രമപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണകൂടം മാത്രമല്ല മത-സാംസ്ക്കാരിക – ഭാഷാ-വർഗ്ഗ വൈവിധ്യം നിലനിൽക്കുന്ന നാട്ടിൽ എല്ലാവർക്കും സംരക്ഷണവും നീതിയും ഉറപ്പിക്കണം എന്നും അവർ കണക്കു കൂട്ടി. അതിന് അനുസൃതമായ ഒരു ഭരണഘടനയും നിഷ്പക്ഷമായി പ്രവർത്തിക്കുന്ന മഹത്തായ ഈ ജനാധിപത്യ രാഷ്ട്രവും നിലവിൽ വന്നു.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടവും ജുഡീഷ്യറിയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങൾ ആണ്. അവ രണ്ടിനും ജനാധിപത്യ പ്രക്രിയയിൽ നിർണ്ണായകമായ പങ്കാണ് ഉള്ളത്. വോട്ടവകാശമുള്ള പൗരൻമാർ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിൽ ഭൂരിപക്ഷമാണ് കേന്ദ്ര-സംസ്ഥാന – പ്രാദേശിക ഭരണകൂടങ്ങൾക്ക് രൂപം കൊടുക്കുന്നത്.ഇവർ രാജ്യത്തിന്റെ ഭരണഘടനയുടെ ചട്ടക്കൂടിന് അനുസൃതമായി ഭരണം നിർവ്വഹിക്കുന്നു. നിയമപരമായ രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന, നിയമ വിദഗ്ദരുടെ സംഘമാണ് ജുഡീഷ്യറി. രാജ്യത്തുള്ള വ്യക്തി – സമൂഹ – സ്ഥാപന സംവിധാനങ്ങളുടെ അവകാശ സ്വാതന്ത്ര്യ – അധികാരങ്ങൾ സംരക്ഷിക്കുക, തർക്കങ്ങൾക്ക് നിയമാനുസൃതമായ പരിഹാരങ്ങൾ നിർദ്ദേശിക്കു,ക , നിയമ ലംഘനം നടത്തുന്നവരെ വിചാരണ ചെയ്ത് ശിക്ഷകൾ പ്രഖ്യാപിക്കുക, ഭരണ പ്രക്രിയയെ ഭരണഘടനാധിഷ്ഠിതമായി നിയന്ത്രിക്കുക ഇവയെല്ലാം ജുഡീഷ്യറിയുടെ പ്രവർത്തന പരിധിയിൽപ്പെടും. രാജ്യത്തെ സകല പ്രവർത്തനങ്ങളും നീതിപരവും നിയമാനുസൃതവും ഭരണഘടനയുടെ നിർദ്ദേശപ്രകാരവും ആക്കുകയാണ് ജുഡീഷ്യറിയുടെ പ്രാഥമിക ലക്ഷ്യം. നിയമവും ധാർമ്മികതയുമെല്ലാം ധ്വംസിക്കപ്പെടുന്നിടത്ത് നിയമ-ധാർമ്മിക വാഴ്ച ഇതിന്റെ പ്രവർത്തനം വഴി ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതു കൊണ്ട് ജുഡീഷ്യറിയുടെ പങ്ക് ജനാധിപത്യ സംവിധാനത്തിൽ നിർണ്ണായകമാണ്.
കോടതിയുടെ തീരുമാനങ്ങൾ തുടർച്ചയായി കേരളത്തിൽ അനാദരിക്കപ്പെടുന്ന സാഹചരും ഉണ്ടാകുന്നത് ഈ നാട്ടിൽ നിയമവാഴ്ചയ്ക്കും ക്രമസമാധാന നിലനില്പ്പിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയമങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ നിയമ വ്യവസ്ഥ ദുർബലമാക്കപ്പെടുകയും പൗരനും ബലഹീന സമൂഹങ്ങൾക്കും നീതി ലഭിക്കാതാവുകയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യം ശക്തമാവുകയും നാട്ടിൽ അഴിമതി വളരുകയുമാണ് ഉണ്ടാവുന്നത്. അങ്ങനെ ആത്യന്തികമായി ജനാധിപത്യം തകരുന്നു. ഭരണകൂടം തന്നെ നിയമം അനുസരിക്കാതാകുമ്പോൾ പൗര സമൂഹവും നിയമത്തെ ധിക്കരിക്കുവാൻ തയ്യാറാകുന്നു. അരാജകത്വത്തിലേക്കും നീതി നിഷേധത്തിലേക്കും ദുർബല വിഭാഗങ്ങളുടെ അടിച്ചമർത്തലിലേക്കുമാണ് ഇത് നയിക്കുക. ഈ തിരിച്ചറിവ് ഭരണാധികാരികൾക്കും പാരസമൂഹത്തിനും ഉണ്ടായെ തീരൂ. നിയമ ഭേദഗതികളിലൂടെയും നിയമ അവഗണനയിലൂടെയും നിയമത്തെ നിർവീര്യമാക്കുവാനും നിയമലംഘനങ്ങളെ സാധൂകരിക്കുവാനുമാണ് കേരളത്തിൽ സർക്കാർ ശ്രമിക്കുന്നത്. ഇതിന് ഒരു ഉദാഹരണമാണ് മരടിലെ ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും അതിന്റെ സംരക്ഷണശ്രമവും. നിയമ വിരുദ്ധമായി നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയ നിർമ്മാതാക്കളും അതിന് സഹായിച്ച രാഷ്ട്രീയ അധികാരികളും ലക്ഷ്യമിട്ടത് കൊള്ളലാഭമാണ്. കേസിൽ ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും നഗരസഭ അനങ്ങിയില്ല. തുടർന്നാണ് ഫ്ലാറ്റ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.ഈ ഉത്തരവ് പാലിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കോടതി പിടിമുറുക്കിയപ്പോൾ കാര്യത്തിന് തീരുമാനമായി.
ഈ നിയമ നിഷേധത്തിന് ജുഡീഷ്യറിക്കെതിരെയുള്ള സമരത്തിന് ഈ നാട്ടിലെ മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, എന്തിന് സഭാ മേലധ്യക്ഷൻമാർ പോലും ഇറങ്ങി. ഇത്രയും അധികം പണം മുടക്കിയിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നത് അന്യായമല്ലേ? ഇത് പൊളിച്ചുമാറ്റിയാൽ അവിടെ താമസിക്കുന്നവർ എവിടെ പോകും? പൊളിച്ചമാറ്റുന്നതിന് ഭീമമായ തുക ആവശ്യമായി വരില്ലേ? അതിന് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇല്ലെ? അതു കൊണ്ട് നിർമ്മാണ പ്രക്രിയയിൽ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിഴയടച്ച് പ്രശ്നം തീർത്ത് കൂടേ? ഇങ്ങനെ പോകുന്നു വിമർശനങ്ങളും പരിഹാര നിർദ്ദേശങ്ങളും. കോടതി ഇവയൊന്നും ശ്രദ്ധിച്ചതേയില്ല.
ഈ വാദമുഖങ്ങൾ ഒന്നും തന്നെ മുഖവിലയ്ക്കെടുക്കേണ്ടവയല്ല. നിയമം ലംഘിച്ചാൽ പിഴ ഈടാക്കേണ്ട കേസുകൾ ഉണ്ട്. ട്രാഫിക് നിയമം അവഗണിച്ച് വാഹനമോടിക്കുന്നതുപോലെ ഒരു കാര്യമല്ല ഇത്. അവിടെ നിയമ ലംഘനം നടന്നുകഴിഞ്ഞു പരിഹരിക്കാനാവില്ല. അതുകൊണ്ട് പിഴ അടപ്പിക്കുന്നു. ഫ്ളാറ്റ് വിഷയത്തിൽ പിഴ ചുമത്തുന്നതോടെ നിയമ ലംഘനം പരിഹരിക്കപ്പെടുന്നില്ല. ആ ഭവനസമുച്ചയം പാരിസ്ഥിതിക – തീരദേശ നിർമ്മാണ നിയമങ്ങളെ വെല്ലുവിളിച്ച് അവിടെത്തന്നെ നിലകൊള്ളുകയാണ്. മാത്രമല്ല ശതകോടികൾ മുടക്കി ഉണ്ടാക്കി ദശകോടികൾ ലാഭമുണ്ടാക്കുന്ന നിയമ രഹിത ഘടനകളുടെ നിർമ്മാതാക്കൾക്ക് വഹിക്കാവുന്ന പിഴ ഈടാക്കിയാൽ മതിയെങ്കിൽ ഇതൊരു കീഴ്‌വഴക്കം(പ്രീസിഡന്റ് )ആകുകയാണ്. അങ്ങനെ പിഴയടയ്ക്കാനുള്ള തുക കൂടി എസ്റ്റിമേറ്റിൽ പെടുത്തി വീണ്ടും നിയമം ലംഘിച്ച് കെട്ടിടം പണിതുടരും എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? നിർമ്മാതാക്കളിൽ നിന്നും കോഴ വാങ്ങി സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ അധികാരികളും ഇത്തരം നിർമ്മാണങ്ങൾക്ക് അനുവാദം നല്കിക്കൊണ്ടിരിക്കുകയും ചെയ്യും. അതു കൊണ്ട് നിയമങ്ങൾ പാലിക്കുന്ന അവസ്ഥയിൽ മുതലാളികളെയും സർക്കാരിനെയും എത്തിക്കണമെങ്കിൽ കർശനമായ നിയമവാഴ്ച ഉറപ്പാക്കിയെ തീരൂ. ഇത്തരം വൻകിട വാസസമുച്ചയങ്ങളിൽ പാർപ്പിടം കണ്ടെത്തുന്നവർ പുറത്തിറങ്ങിയാൽ വഴിയാധാരമാകുന്നവരൊന്നുമല്ല എന്ന് ആർക്കാണറിയാത്തത്?അത്തരക്കാരായിരുന്നുവെങ്കിൽ സർക്കാരും മാധ്യമങ്ങളും മെത്രാന്മാരുമൊന്നും രംഗത്ത് വരികയും ഇല്ലായിരുന്നു.ഇതിൽ ഫ്ലാറ്റ് എടുത്തവർ ഈ കാര്യത്തിൽ തീർത്തും നിർദ്ദോഷികൾ ആണ് എന്നു വിലയിരുത്താനും വയ്യ. നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ എന്ന് മാത്രം അവർ അന്വേഷിച്ചാൽ പോര. തീരദേശ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി അവർ അന്വേഷിക്കേണ്ടതാണ്. സാമ്പത്തിക പിന്നാക്കം നില്ക്കുന്ന അക്ഷരാഭ്യാസം ഇല്ലാത്തവരല്ലല്ലോ ഇവിടത്തെ ഫ്ലാറ്റുടമകൾ. സമ്പത്തും അധികാരികളുടെ പിന്തുണയും സാമുദായിക പിൻബലവും രാഷ്ട്രീയ സഹകരണവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏതു നിയമവും ലംഘിക്കാമെന്ന് വന്നിരിക്കുന്ന അവസ്ഥ മാറിയേ തീരൂ. ജനശ്രദ്ധയും അനുകമ്പയും ചെറുത്തു നില്പും എല്ലാം നിലനില്ക്കുന്നത് വാർത്താ മാധ്യമങ്ങൾ തുടങ്ങി എല്ലാ അഴിമതിക്കാരുടെയും പിന്തുണ ഉള്ളതുകൊണ്ട് തന്നെയാണ്. നാടും കടലും നശിപ്പിച്ച് വികസനവും ലാഭവും ഉണ്ടാക്കണം എന്ന ചിന്തയ്ക്കും നിയമത്തിന് ഈ നാട്ടിൽ പുല്ലുവില എന്ന ധാരണയ്ക്കും തിരുത്തൽ സൃഷ്ടിക്കാൻ കോടതിക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. കോടതി അതിന്റെ ഉത്തരവാദിത്തം തിരിച്ചുപിടിക്കുകയാണ് എന്ന് കരുതിയാൽ മതി.
മറ്റൊരു വിഷയമാണ് മലങ്കര സഭയിലെ കക്ഷി വഴക്ക് സംബന്ധിച്ച് അടുത്ത കാലത്ത് ഉണ്ടായ കോടതി ഉത്തരവുകൾ. ഇത്രയും കാലം കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടായിരുന്നുവെങ്കിലും അവ നടപ്പാക്കുന്നത് സംബന്ധിച്ച് വിധി നൽകുന്ന കോടതികൾ പോലും അന്വേഷിക്കാറില്ലായിരുന്നു. തീർപ്പുണ്ടായ സാഹചര്യത്തിൽ വീണ്ടും കോടതിയിൽ വിധി ലംഘിക്കപ്പെടുന്നു എന്ന പരാതിയുമായി പലപ്പോഴും പോകാൻ എളുപ്പമായിരുന്നില്ല. അതു കൊണ്ട് വിധി നടപ്പാക്കാൻ സഹായിക്കേണ്ട സർക്കാർ, പോലീസ്, സിവിൽ ഉദ്യോഗസ്ഥർ എന്നിവർ കേസിൽ തോറ്റവരുമായി ചേർന്ന് നിയമം അട്ടിമറിക്കുകയായിരുന്നു പതിവ്. കോടതിയിൽ നീതി കിട്ടിയവർ യഥാർത്ഥത്തിൽ നിസ്സഹായരായി തീരുന്നു. ഈ ദു:സ്ഥിതിക്ക് മാറ്റം വരുമെന്ന സൂചനയാണ് ഇപ്പോൾ കാണുന്നത്. വിധി നൽകിയ കോടതി അത് നടപ്പിലാകുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കാൻ തുടങ്ങി എന്നതാണ് ഈ വ്യതിയാനം.
1975 ൽ തുടങ്ങിയ സഭാ കേസിന് സുപ്രീം കോടതിയിൽ നിന്നും അന്ത്യതീർപ്പ് ഉണ്ടായത് 1995 ൽ ആണ്. ഭിന്നതയ്ക്ക് ആധാരമായ വിഷയങ്ങൾ എല്ലാം കോടതി വിശകലനം നടത്തി. മലങ്കര സഭാ ഭരണഘടന ജനാധിപത്യവത്ക്കരിച്ച് ആവശ്യമായ ഭേദഗതികൾ നടത്തി ഇരുകക്ഷികളുടെയും സംയുക്തമായ മലങ്കര ക്രിസ്ത്യാനി അസ്സോസിയേഷൻ ചേർന്ന് സഭ ഒന്നാകാൻ ഉത്തരവിട്ടു. അത് നീതിപൂർവ്വം നടക്കുവാനായി റിട്ടയർ ചെയ്ത സുപ്രീം കോടതി ജഡ്ജിയെ ചുമതലപ്പെടുത്തി. പരിശുദ്ധ അന്ത്യോഖ്യാപാത്രിയർക്കീസ് ബാവയെ ഭരണഘടന നൽകുന്ന എല്ലാ ആദരവും നൽകി അദ്ദേഹവുമായ ബന്ധം നിലനിർത്തുമെന്ന് മലങ്കര സഭ കോടതിയിൽ സത്യവാങ്മൂലം നൽകി. പള്ളികൾക്ക് ഈ കാര്യം ഉറപ്പ് നൽകി പരി. മാത്യൂസ് ദ്വിതിയൻ ബാവ സർക്കുലർ അയയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് പാത്രിയർക്കിസ് കക്ഷിയിലെ മിക്ക മേല്പട്ടക്കാരും സഭാ ഭരണഘടന അംഗീകരിച്ച് കോടതികളിൽ രേഖ നൽകുകയായിരുന്നു ചെയ്തത്. എന്നാൽ 2002 ൽ പരുമലയിൽ വച്ച് സംയുക്തമലങ്കര അസ്സോസ്സിയേഷൻ കൂടിയ ദിവസം തന്നെ മുൻ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം ബദൽ യോഗം കൂടി സുപ്രീം കോടതിയുടെ വിധി അപ്പാടെ ലംഘിച്ചു. തുടർന്ന് ഐക്യത്തിൽ വരേണ്ട വിഭാഗം സമാന്തര സംവിധാനവും ഭരണഘടനയും സൃഷ്ടിച്ച് കോടതി വിധിയെ അക്ഷരാർത്ഥത്തിൽ ആക്ഷേപിച്ചു.ജനത്തെ വൈകാരികമായി ഇളക്കി ബദൽ കാതോലിക്കയെയും നിരവധി മേല്പട്ടക്കാരെയും സൃഷ്ടിച്ചു. സുപ്രീം കോടതി വിധി നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ അരങ്ങേറി.മാറി മാറി വന്ന മുന്നണി സർക്കാർ ഈ നിയമവിരുദ്ധ നീക്കത്തിന് പിന്തുണ നൽകി. സുപ്രീം കോടതി വീണ്ടും ഇതിൽ ഇടപെടുന്നതിന് വിമുഖത കാണിച്ചു. നിയമം അനുസരിക്കാൻ തയ്യാറായ മുൻ പാത്രിയർക്കിസ് കക്ഷിയിലെ ഐക്യത്തിൽ പങ്കുചേർന്ന വൈദികരും ജനങ്ങളും തീർത്തും ഞെരുക്കത്തിലായി. നിയമത്തിന്റെ വഴി അവലംബിച്ച് നിയമ സംരക്ഷണം കിട്ടേണ്ടവർ പകച്ചു നിന്നു. നിവൃത്തിയാകാതെ വന്നപ്പോൾ ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചു. അത് ചെവിക്കൊള്ളുവാനും പാത്രിയർക്കിസ് അനുഭാവികൾ തയ്യാറായില്ല. നിയമപരമായിത്തന്നെ പള്ളികൾ പിടിച്ചെടുക്കുവാനായി ഓർത്തഡോക്സ് സഭയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. അതിന്റെ അന്ത്യമായിരുന്നു 2017 ലെ അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി. അതാകട്ടെ പാത്രിയർക്കിസ്കക്ഷിയുടെ അടിത്തറ ഇളക്കിയ നിയമ കല്പനയായിരുന്നു.
വിധി ഉണ്ടായ ഉടനെ ധിക്കരിക്കുന്നതിന്റെ പ്രധാന പ്രചോദനം സർക്കാർ തന്നെയായിരുന്നു. കോടതി വിധി മാനിച്ച് ഐക്യപ്പെടുവാൻ കക്ഷികളെ നിർബന്ധിക്കേണ്ട സർക്കാർ കേസിൽ പരാജയപ്പെട്ടവർക്ക് പിന്തുണ നൽകി. അതു വഴി നിയമപരമായി തോറ്റ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ സംരക്ഷണയിൽ നിയമം ധിക്കരിക്കാമെന്ന് പാത്രിയർക്കീസ് കക്ഷിക്കാർ ധരിച്ചു.കൂടെ ഇവിടെ കഴിഞ്ഞ കാലങ്ങളിലെല്ലാം ഈ കൂട്ടരെ പിന്തുണച്ചു കൊണ്ടിരുന്ന ഇവിടത്തെ ഐക്യജനാധിപത്യ വിഭാഗവും (U D F)ചേർന്നു. ഈ രാഷ്ട്രീയ ഐക്യ പിന്തുണയുടെ പിൻബലത്തോടെ കോടതി വിധി ധിക്കരിക്കുവാൻ പാത്രിയർക്കീസ് വിഭാഗം തയ്യാറായി. നിയമത്തിനെതിരായിട്ടുള്ള ഈ രാഷ്ട്രീയ- മറുകക്ഷി കൂട്ട് കെട്ട് ഫലപ്രദമാവില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഹൈക്കോടതിയിലെ ബഹു . ജഡ്ജി ഷെഫീക്കിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചിന്റെ ഇടപെടൽ. നീതിന്യായ കോടതികൾക്ക് വിധിക്കാൻ മാത്രമല്ല ചുമതല. അത് നടപ്പിലാക്കുന്ന ബാധ്യത കൂടി ഉണ്ട് എന്ന് വ്യക്തമാക്കി.ഒരു ബലപ്രയോഗവും കൂടാതെ പിറവം പള്ളിയെ സംബന്ധിച്ച സുപ്രീം കോടതിയുടെ വ്യക്തമായ വിധി ഒന്നേകാൽ വർഷത്തിനുശേഷം നടപ്പാക്കി. ഒരിക്കലും കോടതി വിധി നടപ്പിലാക്കില്ലെന്ന് സർക്കാരും മറുപക്ഷവും കരുതിയിരുന്ന പിറവം പളളിയിൽ വിധി നടപ്പിലാക്കിയതോടെ മലങ്കര സഭയിലെ ഏതു പള്ളിയിലും കോടതി വിധി അഥവാ രാജ്യത്തിലെ നിയമം നടപ്പിലാകും എന്നത് ഉറപ്പായി. സുപ്രീം കോടതി വിധിയുടെ കൃത്യമായ ഉള്ളടക്കം 1995 ൽ കക്ഷികളുടെ അഭിപ്രായം കൂടി ആരാഞ്ഞ് ജനാധിപത്യവത്ക്കരിച്ച് പരിഷ്ക്കരിച്ച ഭരണഘടന സഭയ്ക്കും പള്ളികൾക്കും വിശ്വാസികൾക്കും ബാധകമാക്കി എന്ന് മാത്രമാണ്. അത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭാഭരണ ഘടന അംഗീകരിക്കുവാനുള്ള നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല പാത്രിയർക്കീസ് വിഭാഗത്തിനുള്ളത്. ധാർമ്മിക ബാധ്യത കൂടിയുണ്ട്. (1) പാത്രിയർക്കീസ് കക്ഷിക്കാർ ഇന്നും ആദരിക്കുന്നു എന്ന് പറയുന്ന പൗലോസ് മാർ പീലക്സിനോസ്, ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാർ അത് അംഗീകരിക്കുകയും തങ്ങളുടെ ഭദ്രാസനങ്ങളിൽ നടപ്പിലാക്കുകയും ചെയ്തു. (2 ) സഭാ ഐക്യകാലത്ത് മുൻ പാത്രിയർക്കീസ് കക്ഷിക്കാരുടെ സഹകരണത്തോടെ അത് പരിഷ്ക്കരിച്ചു. (3) 1995 -ൽ സുപ്രീം കോടതി പാത്രിയർക്കീസ് കക്ഷിക്കാരുടെ ആക്ഷേപം കണക്കിലെടുത്ത് ജനാധിപത്യവത്ക്കരിച്ചു. (4) പാത്രിയർക്കീസ് കക്ഷിയിൽ 1995 വിധിക്ക് മുമ്പുള്ള എല്ലാ മേല്പട്ടക്കാരും അംഗീകരിച്ചു. (5) പിറവം പള്ളിയിലെ വോട്ടവകാശമുള്ള എല്ലാ അംഗങ്ങളും അംഗീകരിച്ചു. അതിൻ പ്രകാരം തെരഞ്ഞെടുപ്പ് നടത്തി. ഇടവക മെത്രാപ്പോലീത്ത എന്ന നിലയിൽ എന്റെ അംഗീകാരം നേടി. പിന്നെ എന്തിനാണ് അതിൻപ്രകാരം ഉള്ള സംവിധാനം വന്നപ്പോൾ ഇപ്പോൾ മെത്രാൻമാരുടെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുന്നത്? ഇവിടെ അടിസ്ഥാനപരമായി നേതൃത്വത്തിനുൾപ്പെടെ സത്യസന്ധത നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരക്കാരെ തിരുത്തേണ്ടതിന് പകരം രാഷ്ട്രീയത്തിലെ ഇടതും വലതും ചേർന്ന് അവരെ വഴിതെറ്റിച്ച് നിയമവിരുദ്ധമായി സംരക്ഷണം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നു. നിയമ ലംഘനത്തിന് രാഷ്ട്രീയ കക്ഷികൾ പ്രേരണ നൽകി സഭയിൽ നിയമവാഴ്ചയ്ക്കെതിരെ കലാപം രൂക്ഷമാക്കി. പാത്രിയർക്കീസ് കക്ഷിക്കാരെ സഭയ്ക്കും പള്ളിക്കും പുറത്താക്കുന്ന നിയമ സാഹചര്യം ഉണ്ടായിട്ടും ജനത്തെ വഴിതെറ്റിച്ച് അവരുടെ അവകാശങ്ങൾ നഷ്ടമാക്കിയ യാക്കോബായ സഭയിലെ അധ്യക്ഷൻമാരോടുള്ള വിധേയത്വം അവസാനിപ്പിച്ച് നിയമം അനുശാസിക്കുന്ന വഴി അന്വേഷിക്കാൻ ഇനിയെങ്കിലും രാഷ്ട്രീയക്കാർ തയ്യാറാകണം. യാക്കോബായ വിഭാഗത്തിലെ മേൽപ്പട്ടക്കാർക്ക് ഈ വിശ്വാസ സമൂഹത്തിന്റെ ഭാവിയും നിലനില്പുമല്ല, സ്വന്തം വ്യക്തി – സ്ഥാപിത-സാമ്പത്തിക താത്പര്യങ്ങൾ മാത്രമെയുള്ളൂ ലക്ഷ്യം. അവർ അവരുടെ നിലനില്പ് ഉറപ്പാക്കി. ഇറങ്ങിത്തിരിച്ച ജനത്തിന്റെ ഗതി എന്തായി? ഇന്നവർ ജനത്തെ നിയമത്തിന് വിരുദ്ധമായി കലാപത്തിലേക്ക് നയിക്കുന്നു. ഒരിക്കലും ഐക്യപ്പെടാനാവാത്ത അവസ്ഥയിലെത്തിക്കുന്നു. പുറത്താകപ്പെടുന്നവരുടെ വേദനയും വ്യഥയും അവർക്ക് മനസ്സിലാവില്ല. അവരെ തിരസ്ക്കരിച്ച് ഈ വിശ്വാസ സമൂഹം ഐക്യത്തിൽ പങ്കു ചേരുകയാണ് വിവേകം.
സഭയിൽ ഭിന്നതയുണ്ടായ കാലങ്ങളിൽ എങ്ങനെയാണ് അത് പരിഹരിക്കപ്പെട്ടത് എന്നും അന്വേഷിക്കണം. സഭയിലും തർക്കമുണ്ടാവുക സാധാരണമാണ്. അത് ബന്ധപ്പെട്ടവർ ഒന്നിച്ചിരുന്ന് പരിഹരിക്കുകയാണ് അഭികാമ്യം. അല്ലെങ്കിൽ വിഷയം സിവിൽ കോടതിയുടെ മുമ്പാകെ അവതരിപ്പിച്ച് ന്യായാധിപന്മാർ അതിന് തീർപ്പ് കല്പിക്കും. അതോടെ തർക്കം തീരുന്നു. ഒന്നുകിൽ അവരുടെ വിധി അംഗീകരിച്ച് ഐക്യപ്പെടുന്നു. അല്ലെങ്കിൽ പിരിഞ്ഞ് സ്വന്തമായ സംവിധാനം സൃഷ്ടിക്കുന്നു. നവീകരണക്കാരുമായി നിയമയുദ്ധത്തിൽ യാഥാസ്ഥിതിക സമൂഹം കേസിൽ വിജയിച്ചു.നവീകരണക്കാർ ഐക്യത്തിന് തയ്യാറാകാതെ പ്രത്യേക സംവിധാനം സൃഷ്ടിച്ച് മർത്തോമ്മാ സഭയെന്ന് പേര് സ്വീകരിച്ച് വളർന്ന് കെട്ടുറപ്പുള്ള സഭയായി. ഓർത്തഡോക്സ് – പാത്രിയർക്കീസ് വിഭാഗങ്ങളിൽ നിന്ന് മാറിയ മലങ്കര കത്തോലിക്കർക്കും നിയമ പ്രകാരം ഒന്നും ലഭിച്ചില്ല. നാം ഒന്നും കൊടുത്തുമില്ല. എല്ലാം നിയമപ്രകാരമാണ് നടന്നത്. വിശ്വാസ – ചരിത്ര- ഐക്യമുള്ള സമൂഹത്തിന്റെ ഇപ്പോഴത്തെ തർക്കത്തിലും ഈ വഴികൾ തന്നെയാണ് പരിഹാരം. തർക്ക വിഷയങ്ങൾക്ക് തീർപ്പായ സാഹചര്യത്തിൽ ഇത് ഐക്യത്തിനുള്ള സന്ദർഭമായി തിരിച്ചറിയുക തന്നെയാണ് നല്ലതും ന്യായവുമായ വഴി. അല്ലെങ്കിൽ കലാപം ഉണ്ടാക്കാതെ പിരിഞ്ഞ് ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ചെയ്യുക . ഐക്യത്തിലേക്ക് വരിക എന്നതാണ് എന്റെ വ്യക്തിപരമായ ആഗ്രഹം.
തങ്ങൾക്ക് ഭൂരിപക്ഷമുള്ള പള്ളികളിൽ കോടതി വിധി / നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന വാദത്തിന് കഴമ്പില്ല.ജനാധിപത്യ വ്യവസ്ഥയിൽ ഭൂരിപക്ഷമാണ് തീരുമാനമെടുക്കുന്നത് എന്നത് ചില കാര്യങ്ങളിൽ മാത്രമാണ്. കാശ്മീരിലെ ഭൂരിപക്ഷ അഭിപ്രായമല്ല ഇന്നവിടെ പ്രാബല്യത്തിലിരിക്കുന്നത്. അവിടെ ഹിതപരിശോധന നടത്തി ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കുവാൻ ഒരിക്കലും സർക്കാർ ശ്രമിച്ചിട്ടില്ല. അതുപോലെ ഖാലിസ്ഥാൻ പ്രശ്ന കാലത്ത് പഞ്ചാബിന്റെ വികാരം കണക്കിലെടുത്ത് അതിനെ സ്വതന്ത്രമാക്കാനോ, തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭകാലത്ത് സ്വതന്ത്ര തമിഴ്നാട് സൃഷ്ടിക്കാനോ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ല. വിഘടന പ്രക്ഷോഭങ്ങൾ അംഗീകരിച്ച് നടപടികൾ സ്വീകരിക്കാനാവില്ല. അവിടെയെല്ലാം രാജ്യ നിയമമാണ് മാനദണ്ഡം. അതുപോലെ ബി.ജെ.പി സർക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയിലെ സെക്കുലർ പ്രയോഗം വെട്ടി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാനും ആവില്ല. അതായത് ഭൂരിപക്ഷത്തിന് നിയമം അസാധുവാക്കാനാവില്ല. നിയമം അനുസരിക്കുന്നവരിലെ ഭൂരിപക്ഷത്തിന് നിയമം അനുശാസിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ മാത്രമാണ് അവകാശ സ്വാതന്ത്ര്യങ്ങൾ ഉള്ളത്. അതായത് മലങ്കര സഭയുടെ ഭരണഘടനയ്ക്കുള്ളിൽ നിന്ന് ഭരണഘടന പ്രകാരം പ്രവർത്തിക്കുന്നവർക്ക്, അവർക്ക് അനുവാദമുള്ള മേഖലകളിൽ ഭൂരിപക്ഷ പ്രകാരം പ്രവർത്തിക്കാം. പള്ളിയിൽ പണം ചെലവഴിക്കുന്നതു സംബന്ധിച്ച്, ട്രസ്റ്റി/ കമ്മിറ്റിക്കാരെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, സ്ഥലം വാങ്ങുന്നതിനെ സംബന്ധിച്ച് എല്ലാം ഭൂരിപക്ഷ പ്രകാരം തീരുമാനിക്കാം. നിയമവിരുദ്ധമായി പള്ളി ഭരണം നടത്തുവാനോ സഭാ ഭരണഘടന വിട്ട് മറ്റൊരു ഭരണഘടന നടപ്പിലാക്കാനോ ഭൂരിപക്ഷത്തിന് അവകാശമില്ല. ഭൂരിപക്ഷത്തിന് നിയന്ത്രിത സ്വാതന്ത്ര്യ അവകാശങ്ങൾ ഉണ്ടാകുന്നത് ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ മാത്രമാണ്. അതുകൊണ്ട് ഭരണഘടന അംഗീകരിച്ച് സഭാംഗമായി സ്വാതന്ത്ര്യാവകാശങ്ങൾ നേടുകയാണ് ശരിയായ വഴി. ഈ തിരിച്ചറിവിലേക്ക് വ്യവഹാരവുമായി കോടതിയെ അഭയപ്പെട്ടവർ വരേണ്ടതുണ്ട്. ഇല്ലാത്ത അവകാശം സ്ഥാപിക്കുന്നതിനാണ് കോലഞ്ചേരി ഇടവകയിൽപ്പെട്ട ചില പാത്രിയർക്കീസ് കക്ഷിക്കാർ കോടതിയിൽ പോയി 2017 ലെ വിധി സമ്പാദിച്ചത്. വിധി കിട്ടിയപ്പോൾ അവർ അംഗീകരിക്കാൻ സന്നദ്ധരല്ല. രാഷ്ട്രീയക്കാർ അതിന് പിന്തുണയും. കോടതി കൃത്യമായി കാര്യം മനസ്സിലാക്കി ഇടപെട്ടു. സർക്കാർ ഇപ്പോൾ കൈ കഴുകുന്നു. ജുഡീഷ്യറി അതിന്റെ പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തുടങ്ങിയതിൽ ആശ്വസിക്കാം. നീതിപൂർവ്വമായ ഒരു സമൂഹസൃഷ്ടിയിൽ ജുഡീഷ്യറി അതിന്റെ ചുമതല വഹിക്കുവാൻ നിഷ്പക്ഷവും ശക്തവുമാകട്ടെ എന്ന് പ്രാർത്ഥിക്കാം.
സസ്നേഹം നിങ്ങളുടെ
അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത.