കോലഞ്ചേരിയിൽ പരിശുദ്ധ കാതോലിക്കാ ബാവക്കും അഭിവന്ദ്യ തിരുമേനിമാർക്കും സ്വീകരണം
കോലഞ്ചേരി:- മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവക്കും ഇടവക മെത്രാപോലിത്ത അഭി ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്കും ഇടുക്കി ഭദ്രാസനാധിപൻ അഭി മാത്യൂസ് മാർ തേവോദോസിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭി.ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിക്കും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം നൽകുന്നു.
വര്ഷങ്ങളായി സഭാ തർക്കത്തിൽ പെട്ടിരുന്ന കോലഞ്ചേരി പള്ളി ഈ മാസം ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരിപൂർണ അധീനതയിൽ ആയിരിക്കുകയാണ്. ഇന്ന് വൈകിട്ട് കോലഞ്ചേരിയിൽ നടക്കുന്ന സ്വീകരണത്തിൽ ഒട്ടനവധി ആളുകൾ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് പരിശുദ്ധ ദേവാലയത്തിൽ നടക്കുന്ന സാധ്യാനമസ്കാരത്തിനു പരിശുദ്ധ ബാവ തിരുമേനി നേതൃത്വം നൽകും.
നാളെ(ഞായർ) രാവിലെ 7 മണിക്ക് പരിശുദ്ധ ബാവ തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെയും, അഭിവന്ദ്യ തേവോദോസിയോസ് തിരുമേനിയുടെയും സഹകാര്മികത്വത്തിലും കോലഞ്ചേരി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും, കോലഞ്ചേരി പള്ളിയുടെ ചാപ്പലായ കോട്ടൂർ ചാപ്പലിൽ വർഷങ്ങൾക്ക് ശേഷം നാളെ 6:30 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സുപ്രീം കോടതിയുടെ വിധിക്കനുസരിച്ച് കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി പള്ളികളിൽ വര്ഷങ്ങളായി നടന്നുകൊണ്ടിരുന്ന തർക്കങ്ങൾക്ക് ശാശ്വത പരിഹാരമായിരിക്കുകയാണ്. സമാധാന പരമായി വിധി നടപ്പിലാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്ന് പരിശുദ്ധ ബാവ തിരുമേനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അഭി. യൂലിയോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ ജൂലൈ 11,12 തീയതികളിൽ ഇടവകയുടെ പെരുനാൾ നടത്തപ്പെടും.