റെവ.ഫാ.ജോർജ് ജോയി കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ യു .കെ ,യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സഭ മാനേജിങ് കമ്മിറ്റി അംഗവുമായ റെവ.ഫാ.ജോർജ് ജോയിക്ക് കോർ എപ്പിസ്കോപ്പ സ്ഥാനം നൽകുന്നു. മെയ് മാസം 28 നു ഞായറാഴ്ച രാവിലെ നോർത്ത് ലണ്ടൻ ഹെമൽ ഹെംപ്സ്റ്റഡ് സെൻറ്.തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാന മദ്ധ്യേ കോർ എപ്പിസ്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷകളും നടക്കും. യു.കെ യിലേക്കുള്ള മലങ്കര വിശ്വാസികളുടെ കുടിയേറ്റത്തിനു 5 പതിറ്റാണ്ടു പഴക്കമുണ്ടെങ്കിലും, യു.കെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു സ്ഥാനാരോഹണ ചടങ്ങും കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഒരു വൈദീകനെയും ലഭിക്കുന്നത്.
30 വർഷമായി മലങ്കര ഓർത്തഡോക്സ് സുറിയനി സഭയുടെ വൈദീകനായും, ഇടവക ആരംഭിച്ചത് മുതൽ 10 വർഷമായി നോർത്ത് ലണ്ടൻ ഹെമൽ ഹെംപ്സ്റ്റഡ് സെൻറ്.തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരിയുമാണ് ജോയ് അച്ചൻ.
കോട്ടയം തെയോളോജിക്കൽ സെമിനാരിയിൽ നിന്നും BD ബിരുദവും, സെറാംപൂർ സർവകലാശാലയിൽ നിന്നും ‘മാസ്റ്റർ ഇൻ തീയോളജിയിൽ’ ബിരുദാനന്തര ബിരുദവും നേടിയ അച്ചൻ മുൻ തുമ്പമൺ ഭദ്രാസനാധിപൻ ദാനിയേൽ മാർ ഫിലെക്സിനോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറി, കോട്ടയം വൈദീക സെമിനാരിയിലെ ലൈബ്രറേറിയൻ, കൊൽക്കത്ത ബിഷപ്‌സ് കോളേജ് അദ്ധ്യാപകൻ, ബാംഗ്ലൂർ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രാൻസ്ലേറ്റർ അഡ്വൈസർ എന്നീ നിലകളിലും സിംഗപ്പൂർ സെൻറ് തോമസ്, മലേഷ്യ സെൻറ്.മേരീസ്, ബാംഗ്ലൂർ സെൻറ്.ജോർജ്, സെൻറ്.മേരീസ്, സെൻറ്.തോമസ്, സെൻറ്.ബസേലിയോസ് എന്നെ ഇടവകകളിലും വികാരിയായും, യു.കെ , യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ മാതൃദേവാലമായ ലണ്ടൻ സെൻറ്.ഗ്രീഗോറിയോസ് പള്ളിയിലെ ഇടവക പട്ടക്കാരനായും , യു.കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും റെവ.ഫാ.ജോർജ് ജോയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എലിസബത്ത് ജോയ് ആണ് ഭാര്യ, സുദർശൻ തോമസ് ജോയ്, ദീപ്തി റേച്ചൽ ജോയ് എന്നിവർ മക്കളാണ്.