പരുമല തിരുമേനിയുടെ കോടതി മൊഴികൾ
മലങ്കരസഭയുടെ മഹാപരിശുദ്ധനായ പ. പരുമലത്തിരുമേനി കേവലം ഒരു പ്രാര്‍ത്ഥനാമനുഷ്യനും ആശ്രമവാസിയും മാത്രമായിരുന്നില്ല. മലങ്കര എങ്ങും നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്. അതിനാല്‍ മലങ്കര എമ്പാടും അദ്ദേഹത്തിന്‍റെ കര്‍മ്മപഥം വ്യാപിച്ചു കിടന്നു.
അപ്രകാരം മലങ്കര ഒട്ടാകെയുള്ള പ്രവര്‍ത്തനത്തിനിടയിലാണ് കരിങ്ങാച്ചിറ പള്ളിവക തിരുവാങ്കുളം കുരിശുംതൊട്ടിയില്‍ പ. പരുമല തിരുമേനി ധൂപപ്രാര്‍ത്ഥന നടത്തിയത്. ഇത് ഒരു കേസിലേക്കു നയിച്ചു. ആ കേസില്‍ തിരുമേനി മൊഴി കൊടുക്കേണ്ടതായും വന്നു. അതിനെപ്പറ്റി റാവു സാഹിബ് ഒ.എം. ചെറിയാന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ”കരിങ്ങാച്ചിറ പള്ളിവക തിരുവാങ്കുളം കവലയിലുള്ള കുരിശുംതൊട്ടിയെ സംബന്ധിച്ചതും പരിശുദ്ധ പിതാവിന്‍റെ സത്യത്തെ മുന്‍നിര്‍ത്തിയുള്ള ജീവിതത്തിന് മകുടോദാഹരണവുമായ ഒരു സംഭവം ഇവിടെ പ്രസ്താവ്യമാണ്. തിരുവാങ്കുളം കുരിശിന്‍തൊട്ടിയില്‍ ആദ്യമായി ധൂപം അര്‍പ്പിച്ചത് ഈ പിതാവാണ്. പ്രസ്തുത കുരിശിന്‍തൊട്ടിയുടെ അടുത്തായി ഒരു ഹിന്ദുക്ഷേത്രം സ്ഥിതിചെയ്തിരുന്നു.
അവിടെ കുരിശിന്‍ തൊട്ടി സ്ഥാപിച്ചതും ധൂപാരാധന തുടങ്ങിയതും ഹിന്ദുക്ഷേത്രക്കാര്‍ക്ക് അപ്രിയം സൃഷ്ടിച്ചു. അവര്‍ പ. പിതാവിനെ സാക്ഷിയാക്കി, പള്ളികൈക്കാരന്മാരെ പ്രതിചേര്‍ത്ത് കൊച്ചി മജിസട്രേട്ട് കോടതിയില്‍ അന്യായം കൊടുത്തു. ധൂപംവച്ചു എന്ന് പ. പിതാവ് സാക്ഷിപറഞ്ഞാല്‍ പള്ളിക്കാരെ ശിക്ഷിക്കും എന്നുള്ളതിനാല്‍ ‘ധൂപം വച്ചിട്ടില്ല‘ എന്ന് സാക്ഷിപറയണം എന്ന് പ. പിതാവിനെ എല്ലാവരും നിര്‍ബന്ധിച്ചു. എന്നാല്‍ സത്യസ്വരൂപനെ ആരാധിക്കുന്ന പ. പിതാവ് ‘ധൂപംവച്ചിട്ടുണ്ട്‘ എന്നുതന്നെ സാക്ഷ്യം പറയുകയും കൈക്കാരന്മാര്‍ക്കു ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പ. പിതാവ് അവരെ വിളിച്ച് അപ്പീല്‍ കൊടുക്കാനും ‘അപ്പീലില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടുകൊള്ളും’ എന്ന് കല്പിക്കുകയും അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.”
തീയതി അറിയില്ലാത്ത ഈ സംഭവം തിരുമേനിയുടെ സത്യത്തോടുള്ള ആഭിമുഖ്യം വെളിവാക്കുന്ന ഒന്നാണ്. എന്നാല്‍ തിരുമേനിയുടെ ശ്രദ്ധേയമായ മൊഴി 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതിവിധിയിലവസാനിച്ച സെമിനാരി കേസിലായിരുന്നു. നവീകരണകക്ഷിക്കാരില്‍ നിന്നും കോട്ടയം സെമിനാരിയും സ്വത്തുക്കളും ഒഴിഞ്ഞു കിട്ടുന്നതിനായി മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ ആലപ്പുഴ ജില്ലാക്കോടതിയില്‍ കൊല്ലവര്‍ഷം 1054 കുംഭമാസത്തില്‍ സിവില്‍ 439-ാം നമ്പരായി. തോമസ് അത്താനാസ്യോസ് മുതല്‍പേരെ പ്രതികളാക്കി വ്യവഹാരം ഫയല്‍ചെയ്തു ഈ കേസില്‍ പരുമലത്തിരുമേനിയടക്കം ആറു നവ-മെത്രാന്മാരെയും പ്രതിഭാഗം സാക്ഷികളാക്കിയിരുന്നു. കോടതി ഈ സാക്ഷികള്‍ക്ക് സമണ്‍സ് അയച്ചു. തുടര്‍ന്നു നടന്ന സംഭവങ്ങളെപ്പറ്റി സാക്ഷികളാക്കപ്പെട്ടവരില്‍ ഒരാളായ കാരോട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്റെ വിവരണം ഇപ്രകാരമാണ്:
‘……36-ാമതു ലക്കത്തില്‍ പറഞ്ഞിരിക്കുന്ന അന്യായത്തിനു പ്രതിഭാഗം ഉത്തരമെഴുതി വച്ചിരിക്കുന്നതില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് യാതൊരു അധികാരം ഇല്ലെന്നും മറ്റും എഴുതിയതു കൂടാതെ ശെഷം മെത്രാമ്മാരേ എല്ലാവരെയും സാക്ഷിയാക്കിയാറെ നിരണം ഇടവെകയുടെ മാര്‍ ഗ്രീഗോറിയോസ ഒഴികെ ആരും സമനില്‍ ഒപ്പിടാതെ മടക്കി. അദ്ദേഹം ആലപ്പുഴ ചെന്നിരുന്ന് കമ്മീഷന്‍റെ മുറപ്രകാരം വിസ്താരം നടത്തിയതില്‍ പുലിക്കോട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പൗലീത്തായെ സുറിയാനിക്കാരുടെ അസോസേഷ്യന്‍ കമ്മട്ടിയില്‍ പ്രസിടെണ്ടറായി വിശുദ്ധ പിതാവാകുന്ന മാറാന്‍ പാത്രിയര്‍ക്കീസ് ബാവായും കമ്മട്ടിക്കാറരും ശെഷം പള്ളിക്കാറരും കൂടി നിശ്ചയിച്ചിരിക്കുന്നു എന്നും ആത്മീക കാര്യത്തില്‍ ഞങ്ങള്‍ മെത്രാന്മാരെ എല്ലാവരും ഒരു പോലെ അധികാരപ്പെട്ടിരിക്കുന്നു എന്നും ലൗകിക കാര്യങ്ങളില്‍ അദ്ദേഹം ഞങ്ങളില്‍ മീതെ എന്നും മറ്റും എഴുതി വച്ചു വിസ്താരം നടന്നു വരുന്നു’.
ഈ വസ്തുത പ. പരുമല തിരുമേനി 1879 ചിങ്ങം 28-നു പരുമല സെമിനാരിയില്‍നിന്നും ചാത്തുരുത്തില്‍ വീട്ടിലേയ്ക്കയച്ച കല്പനയില്‍ സ്ഥിരീകരിക്കുന്നുണ്ട്.
‘‘നമ്മുടെ ആലപ്പുഴയുള്ള വ്യവഹാരത്തില്‍ ഈ കഴിഞ്ഞതിന്‍റെ മുമ്പിലത്തെ അവധിക്കു മെത്രാന്മാര്‍ എല്ലാവരേയും പ്രതിഭാഗികള്‍ സാക്ഷി ബാധിപ്പിച്ചുണ്ടായിരുന്നു. അതുപ്രകാരം ഇവിടെ സമന്‍ വന്നപ്പോള്‍ ആയതു കൈപ്പറ്റാതെ തിരികെ അയയ്ക്കുന്നതു നീതിക്കുപോരായല്ലോ എന്നുവച്ചു ഒപ്പിട്ടു അയയ്ക്കുകയും പിന്നത്തേതില്‍ നമ്മുടെ സ്ഥാനാവകാശത്താല്‍ കോടതിയില്‍ വന്നു മൊഴി എഴുതുന്നതിനു പാടുള്ളതല്ലാത്തതുകൊണ്ടു ആവശ്യപ്പെട്ട കക്ഷികള്‍ കമ്മീഷന്‍ മുഖാന്തിരം ഇവിടെ വന്നു മൊഴി വാങ്ങിക്കൊള്ളേണ്ടതാകുന്നുയെന്നും സമനില്‍ പറയുന്ന സ്താത്തിക്കൊന്‍ മുതലായ ആധാരങ്ങള്‍ അപ്പോള്‍ ഹാജരാക്കിക്കൊള്ളാമെന്നും നാം ഹര്‍ജി ബോധിപ്പിച്ചതു കൂടാതെ അതിലേക്കു ഒരു വക്കീലിനെ നിയമിക്കുകയും ചെയ്തു. ശേഷം സഹോദരന്മാര്‍ സമന്‍ മടക്കി അയച്ചുയെന്നാണ് കേട്ടത്. പിന്നത്തേതില്‍ ഇപ്പോഴത്തെ അവധി കഴിഞ്ഞതിന്‍റെ ശേഷം നമുക്ക് കമ്മീഷനെ അയയ്ക്കുന്നതിനുള്ള പടി കെട്ടീട്ടുണ്ടെന്നും അതിനാല്‍ ഉടനെ വരുമെന്നും കേട്ടിരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്കും പ്രത്യേകമായി പടി കെട്ടാതെ നമുക്കുതന്നെ കെട്ടിയതിന്‍റെ കാരണം ഈ സ്ഥലം വാദിക്കു അവകാശമുള്ളതല്ലെന്നും മറ്റും അവര്‍ വാദിച്ചിരിക്കുന്നതിനെപ്പറ്റിയും ആകുന്നു.”
1879 കന്നി 22 ന് ചൊവ്വാഴ്ച ആലപ്പുഴ വച്ച് പ. പരുമല തിരുമേനിയുടെ മൊഴിയെടുത്തു ആ മൊഴിയുടെ പൂര്‍ണരൂപം ‘1055-ാമാണ്ട് കന്നിമാസം 21-ാം തീയതി പരുമല സിമ്മനാരിയില്‍ പാര്‍ക്കും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൗലീത്തായൊടു കമീഷ്യന്‍ സ്ഥലത്തു വച്ച് സത്യത്തുമ്മേല്‍ വാങ്ങിച്ച മൊഴി.
വയസ് 32-വാദി വക്കീല്‍ ചോദ്യത്തിന്നു ഉത്തരം-
നമ്മുടെ സ്ഥാനം മെത്രാനാണ. സമനില്‍ പറയുന്ന പ്രമാണം നമ്മുടെ സുസ്ഥാത്തിക്കൊന്‍ ആണ്. ഈ സ്ഥാത്തിക്കോനില്‍ പറയുന്നതു നമ്മെ നിരണം മുതലായ പള്ളികള്‍ക്കു മെത്രാനായിട്ടാണു വാദിയെ ഇതിനു മുമ്പ് ഇരുന്ന പാത്രിയര്‍ക്കീസു ബാവാ മലയാളം അടച്ചു മെത്രാനായിട്ടാണു വാഴിച്ചിരുന്നത. ഈ വാദിക്കു വെറെയും സ്ഥാനം ഉണ്ടു. ആയ്തു മലയാളത്തിലുള്ള സുറിയാനിക്കാരുടെ പൊതുവിന്നടുത്ത കമ്മട്ടിയിലെ പ്രസിഡെണ്ടാണു-ആ പ്രസിഡെണ്ടെന്നുള്ള അധികാരം-മലയാളത്തിലുള്ള സുറിയാനിപ്പള്ളികള്‍ ഏഴ ഇടവകയായി ഭാഗച്ചിട്ടുണ്ടു. അതുകളിമ്മെല്‍ ഒക്കെയും വസ്തുക്കള്‍ മെല്‍ഒക്കെയും പൊതു അടുത്ത അധികാരവും വാദിക്കുണ്ടു. പരുമല സെമിനാരി പണിയിച്ചിട്ടുള്ളതും വാദി ആകുന്നു. അതിന്മെലുള്ള മുതല്‍ ശെഖരപ്പെടുത്തിയതും ചെലവുചെയ്യിച്ചതും വാദി ആകുന്നു-നമ്മെയും നമ്മെപ്പോലെ വേറെ മെത്രാന്മാരെയും വാഴിച്ചിട്ടുള്ളതുകൊണ്ടു വാദിക്കു ഈ വ്യവഹാരം കൊണ്ടു വരുന്നതിനു യാതൊരു ദൊഷവും ഇല്ല. വാദിക്കു സര്‍ക്കെട്ടു ചെയ്യേണ്ടതായ സമയം നീക്കി ഉള്ള താമസമൊക്കെയും പരിമല സിമ്മനാരിയില്‍ ആണു. ആയതു സിമ്മനാരി പണിയിച്ചതു മുതല്‍ മെല്‍ പറഞ്ഞ സിമ്മനാരിയിലാണു താമസിക്കുന്നതു. പണിയിച്ച തു 47-ലൊ-48 ലോ-ആകുന്നു. പള്ളിയുടെ വക ആയി കട്ടില്‍ കിടക്ക മെശ കസേരകള്‍ കല്ലച്ചുക്കൂടം പെട്ടി ബോട്ടു മുതലായി അനേക സാമാനങ്ങള്‍ അവിടെ ഉണ്ട്. ഇതുകള്‍ക്ക് ഏകദേശം 1000 രൂപയോളം വിലപിടിക്കും. നാം നിരണത്തും പരിമലയും പതിവായി പാര്‍ക്കയാണ്. 1053-ാമാണ്ട് കുംഭം മുതല്‍ ആണു നാം അവിടെ താമസിക്കുന്നതു പഠിപ്പിക്കുന്നവകയ്ക്കാണു. പരിമല സിമ്മനാരിയില്‍ താമസിക്കുന്നതു. ഇപ്പോഴം സാമാനങ്ങള്‍ ഒക്കെയും വാദിയുടെ അനുവാദപ്രകാരം നാം സൂക്ഷിച്ചു വരുന്നു. 1053 കുംഭത്തില്‍ പ്രസിഡെണ്ടായ വാദിയും കമ്മട്ടിക്കാറരും പള്ളിക്കാരും കൂടി സുന്നദൊസു കൂടി നിശ്ചയിച്ചു. ആ നിശ്ചയ പ്രകാരമാണു നാം പരിമലെ പടിപ്പിക്കുന്നതിനായി താമസിക്കുന്നതു-വാദിക്കു പ്രസിഡെണ്ടിന്‍റെ സ്ഥാനം ലെഭിച്ചതു പാത്രിയര്‍ക്കീസു ബാവായാലും സഭയാലും ആകുന്നു.
പ്രതിവക്കീലിന്‍റെ ക്രസു ചോദ്യം
മുമ്പില്‍ വാദിക്കുന്ന മലയാളം അസി. മെത്രാനായി അധികാരം കൊടുക്കുകയും അതില്‍ പിന്നെ ആറു പെരെക്കൂടെ ഇപ്പോള്‍ വാഴിക്കുകയും ചെയ്തുകൊണ്ട വാദിക്കുള്ള മെത്രാന്‍റെ അധികാരത്തിനു വല്ല കുറവും ഉണ്ടൊ
ഉത്തരം – ഈ വാദിക്കു മലയാളം അടച്ച എല്ലാ ഇടവകയിമ്മേലും പൊതുവിന്നടുത്ത അധികാരം ഉണ്ട. അത മലയാളത്തിന്‍റെ കമ്മട്ടിയുടെ പ്രസിഡണ്ടായ്കകൊണ്ടാകുന്നു.
ചോദ്യം- പൊതുവിന്നടുത്ത അധികാരം എന്താകുന്നു
ഉത്തരം-പൊതുവിന്നടുത്തതു ഏഴ എടവകയ്ക്കും കൂടെ സംബന്തമുള്ള വസ്തുക്കള്‍-മെലും കമ്മട്ടി കൂടുമ്പോള്‍ നിശ്ചിക്കപ്പെടുന്നതായ പൊതുവിന്നടുത്ത വല്ല മുതല്‍ കാര്യങ്ങള്‍ മെലും പള്ളികള്‍മെലും സര്‍ക്കാരു സംബന്തമായ വിവഹാരങ്ങള്‍ മെലും വിശെഷമായി ചെയ്യപ്പെടുന്ന വല്ല ആശുപത്രി മെലും പൊതുവില്‍ പട്ടത്വത്തിനായിട്ടു നിയമിപ്പാനുള്ള സിമ്മനാരിമെലും സ്‌ക്കൂളിന്മേലും മറ്റും ആകുന്നു. നമ്മുടെ അധികാരത്തില്‍ ഉള്‍പ്പെട്ട പള്ളികള്‍ മെലും മേല്‍പ്പറഞ്ഞ പ്രകാരമുള്ള പൊതുവിന്നടുത്ത മെലധികാരം വാദിക്കുന്നതാകുന്നു. പൊതുവിന്നടുത്തതു എന്നു നാം പറഞ്ഞതു ആത്മിക സംബന്തമായും വസ്തു സംബന്തമായും ഉള്ള അധികാരങ്ങള്‍ ആകുന്നു. മുമ്പെ നാം ആശുപത്രി എന്നു പറഞ്ഞതും ആത്മ സംബന്തമായുള്ളതാകുന്നു.
ചൊദ്യം-വാദിക്കു ആത്മസംബന്ധവുമായും ലൊക സംബന്തമായും ഉള്ള മേലധികാരത്തെ അവിടുത്തേയ്ക്കുകിട്ടിട്ടുള്ള സ്ഥാന പത്രത്തില്‍ വിവരിച്ചിട്ടുണ്ടൊ.
അതു പ്രമാണം ഹാജരാകുന്നതുകൊണ്ടു അതു നൊക്കി തീര്‍ച്ചപ്പെടുത്താകുന്നതാകയാല്‍ ആ ചൊദ്യം ആവശ്യമില്ലാ എന്ന വാദിവക്കീല്‍ തടുത്തതിനാല്‍ ആ ചോദ്യം ചൊദിപ്പാന്‍ അനുവദിച്ചിട്ടില്ല
ഉത്തരം-നമുക്കു മെത്രാന്‍ സ്ഥാനം കിട്ടിയതില്‍ പിന്നെ മെല്‍പറഞ്ഞതുപോലെ വാദിക്കുള്ള മെലധികാരത്തെപ്പറ്റി പാത്രിയര്‍ക്കീസു ബാവായില്‍ നിന്നു ഏതെങ്കിലും പ്രമാണം ഉണ്ടായതായി നമുക്കു അറിവില്ല.
ചൊദ്യം-വാദിക്കു മുമ്പുണ്ടായിരുന്ന അധികാരപത്രങ്ങളുടെ പിന്‍ തീയതിക്കു വാദിക്കു മുമ്പുണ്ടയിരുന്ന അധികാരം വിഭാഗിച്ചതായി പ്രമാണം ഉണ്ടായിരിയ്ക്കുമ്പോ മേലധികാരം ഇപ്പോഴും ഉണ്ടെന്നു പറയുന്നതെങ്ങനെ?
ഉത്തരം-നമുക്കും നമ്മെപ്പോലെ വെറെ മെത്രാന്മാര്‍ക്കും ഉണ്ടായിരിക്കുന്ന സ്ഥാനപത്രം കൊണ്ടു വാദിക്കു മുമ്പുണ്ടായിരുന്ന സ്ഥാനപത്രത്തെ അസ്ഥിരപ്പെടുത്തിയതായി ഒന്നും പറഞ്ഞിട്ടില്ല.
വാദി വക്കീലിന്‍റെ ചോദ്യം-അന്യായപ്പെട്ടിട്ടുള്ള കൊട്ടയത്തു സിമ്മനാരിമെലും അതുകള്‍ക്കു വ്യവഹാരപ്പെടുവാനും ഉള്ള അധികാരം ആര്‍ക്കാകുന്നു.
ഈ ചോദ്യം നൂതന ചോദ്യമാകുന്നു എന്നു 1-ാം പ്രതി വക്കീല്‍ തടുത്തു. കൊര്‍ട്ടു അനുവദിക്കായ്കയാല്‍
ഉത്തരം – അതുകളുടെ അധികാരം വാദിക്കാകുന്നു.
കോര്‍ട്ടുചോദ്യം – മേല്‍പ്പറഞ്ഞ വസ്തുക്കളിന്മേല്‍ വേറെ ആള്‍കള്‍ക്ക് അധികാരമുണ്ടോ
ഉത്തരം – കോട്ടയത്തു സെമിനാരി മുതലായ വസ്തുക്കള്‍ക്ക് വേറെ മെത്രാന്മാര്‍ക്ക് അധികാരം കൊടുത്തിട്ടില്ല. (ഒപ്പ്)
ഈ മൊഴിയുടെ സാരാംശവും മൊഴി നല്‍കിയ വിവരവും തിരുമേനി 1879 തുലാം 11-ന് പരുമല സെമിനാരിയില്‍ നിന്നും ചാത്തുരുത്തി തറവാട്ടിലേക്കയച്ച കല്പനയില്‍ വിവരിക്കുന്നുണ്ട്.
”ഞങ്ങള്‍ ആലപ്പുഴെക്കു പോയ വിവരം മുമ്പിലത്തെ എഴുത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍ വാദി ആകുന്ന അദ്ദേഹത്തിന്‍റെ മൊഴി കന്നി 19-നു തന്നെ കമ്മീഷന്‍ മുഖാന്തിരം കൊടുത്തു. അതിന്‍റെ ശേഷം 22-ന് ചൊവ്വാഴ്ച നമ്മുടെ മൊഴിയും കൊടുത്തു. വിസ്താരത്തില്‍ ക്രാസിനാലും മറ്റും കഠിന ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവകൃപയാല്‍ ആയതിനു ഒക്കയ്ക്കും ന്യായമായും സത്യഭംഗംകൂടാതെയും ഞങ്ങള്‍ രണ്ടാളുകളുടെയും വിസ്താരത്തില്‍ അന്നൊള്ള വിരോധം കൂടാതെയും നമ്മുടെ അന്യായത്തിനു വിരോധമായി ഒരു അക്ഷരവും വന്നിട്ടില്ലെന്നു മാത്രമല്ല, ആയതിനെ വളരെ ബലപ്പെടുത്തിയും വിസ്തരിപ്പാന്‍ സംഗതി വന്നതില്‍ ദൈവത്തിനു സ്തുതികൊടുക്കുന്നു. എന്നാല്‍ മൊഴികളുടെ സാരഭാഗം: ഈ പരുമല സിമ്മനാരി ആരാല്‍ ഉണ്ടാക്കപ്പെട്ടു എന്നു ഈ സിമ്മനാരിയെക്കുറിച്ചും ഈ വാദിക്കു പ്രസിഡണ്ടെന്നുള്ള സ്ഥാനം ആരാല്‍ സിദ്ധിച്ചുയെന്നും എങ്ങനെയെന്നും ഈ വാദിക്കും അന്യായം കൊണ്ടുവരുവാനുള്ള അവകാശം സിദ്ധിച്ചതു ഏതു പ്രകാരമെന്നും മറ്റും അനേക ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയുടെ ഒരു പകര്‍പ്പും ഇതു സഹിതം അയയ്ക്കുന്നതാകയാല്‍ ഞാന്‍ അധികമൊന്നും വിസ്തരിക്കുന്നില്ല, ആയതു സുഖാര്യമായി (സ്വകാര്യം?) തന്നെ വച്ചുകൊള്ളണം. അങ്ങോട്ടല്ലാതെ മറ്റാര്‍ക്കുംതന്നെ അയച്ചിട്ടുമില്ല. ഈ മൊഴികളുടെ ശേഷം സത്യപതിയായ ജഡ്ജി അവര്‍കള്‍ വിപരീതികള്‍ കൊണ്ടുവന്ന ആ വല്യ വഞ്ചനയെ അശേഷം അസ്ഥിരപ്പെടുത്തി വാദിയോടു ജാമ്യം വാങ്ങുന്നതിനു ഒരിക്കലും ന്യായമില്ലെന്നു തീര്‍ച്ച കല്പിക്കുകയും ചെയ്തു. ഇതിനാല്‍ ഉണ്ടായ സന്തോഷം അല്പമല്ലാത്തതാകുന്നു. ഇനിയുള്ള വിസ്താരത്തിന്‍റെ അവധി ഈ മാസം 23-ന് എന്നാകുന്നു നിശ്ചയിച്ചതും. അതിനിടയില്‍ സിമ്മനാരി മുതലായ സ്ഥലങ്ങള്‍ നോക്കിക്കണ്ടു വില നിശ്ചയിക്കുന്നതിനു കമ്മീഷന്മാരെ അയച്ചിട്ടുണ്ട്. ഒരു സമയം നാം ഒടുക്കിയിരിക്കുന്നതില്‍ അധികമായി നിശ്ചയിക്കുന്ന പക്ഷം കൂടുതല്‍ ഫീസ് ഒടുക്കേണ്ടി വരികയും ചെയ്യും. ആലപ്പുഴെനിന്നും 23-ന് ബുധനാഴ്ച ഞാന്‍ ഇങ്ങോട്ടു പോരുകയും മറ്റെ അദ്ദേഹം അവിടെത്തന്നെ താമസിക്കുകയും ചെയ്തു. ഇതു കൂടാതെ ഒരു മദ്രാസ് ബാറിഷ്ടരെകൂടെ നിശ്ചയിക്കുന്നതിനു പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്……”
പ. പരുമല തിരുമേനിയുടെ മൊഴി തങ്ങള്‍ക്കു പ്രയോജനം ചെയ്യില്ലെന്നറിഞ്ഞതിനാലാകാം പ്രതിഭാഗം സമന്‍സ് മടക്കിയ മെത്രാപ്പോലീത്തമാരുടെ പേരില്‍ മേല്‍നടപടികള്‍ ആരംഭിച്ചു. ഈ വിവരവും പ. പരുമല തിരുമേനി 1882 മകരം 21-ന് ആലപ്പുഴ നിന്നും ചാത്തുരുത്തില്‍ തറവാട്ടിലേക്കയച്ച ഒരു കല്പനയില്‍നിന്നും വ്യക്തമാണ്.
”മെത്രാച്ചനും ബാവായും ഇവിടെയുണ്ടു. പ്രതിസാക്ഷി തീര്‍ന്നുയെങ്കിലും മെത്രാച്ചന്മാരെ ഒക്കെയും സാക്ഷി എഴുതുന്നതിനുണ്ടു. സമന്‍ അയച്ചതൊക്കെ മടങ്ങി വന്നുയെങ്കിലും പുറകെ ബാര്‍ണ്ടു (വാറണ്ട്) അയയ്ക്കയോ വിറ്റെടുപ്പിക്കയോ(കണ്ടുകെട്ട്) ഒക്കയും വരുത്തി കൂട്ടിയേ കഴിയുയെന്നാണ് അവര്‍ നിര്‍ബന്ധം തുടങ്ങിയിരിക്കുന്നത്). കടവിലെ മെത്രാച്ചന്‍ വരുന്നതിനു എഴുതി അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്മേല്‍ ആകുന്നു അവര്‍ അധികം താല്പര്യപ്പെടുന്നത്.”
പ. പരുമല തിരുമേനിയെ വീണ്ടും വാദിഭാഗം 63-ാം സാക്ഷിയായി കൊല്ലവര്‍ഷം 1059 കന്നി 28 മുതല്‍ തുലാം 12 വരെ 13 ദിവസം വിസ്തരിച്ചു. ഈ വിസ്താരത്തിനു ഇടയായ കാരണങ്ങളെക്കുറിച്ചു അതിനിടയിലുണ്ടായ ഒരു അത്ഭുത സംഭവത്തെക്കുറിച്ചും വ്യവഹാരകാര്യസ്ഥനായിരുന്ന ഇടവഴിക്കല്‍ ഇ.എം. ഫിലിപ്പ് വര്‍ണിച്ചിട്ടുണ്ട്.
”പരേതനായ പത്രോസുപാത്രിയര്‍ക്കീസുബാവാ ഇവിടെ എഴുന്നള്ളിയിരുന്നപ്പോള്‍ മലങ്കര ഇടവകയെ ഏഴു ഇടവകകളായി തിരിച്ചു മെത്രാന്മാരെ വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായുടെയും ഇടവക മെത്രാന്മാരുടെയും അധികാരഭേദത്തെ വ്യക്തപ്പെടുത്തുന്ന ഒരു രേഖയും ഉണ്ടാക്കിയില്ല. ഇടവക മെത്രാന്മാരുടെ സ്ഥാത്തിക്കോന്‍ വായിച്ചാല്‍ അവര്‍ അവരവരുടെ ഇടവകയില്‍ സ്വതന്ത്രരായിരുന്നു എന്നല്ലാതെ മറ്റുവിധത്തില്‍ അനുമാനിക്കാന്‍ പ്രയാസമായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി മെത്രാന്മാരിലും ധാരാളം സൗന്ദര്യത്തിരക്കുണ്ടായിരുന്നു. ആ തര്‍ക്കം കേസില്‍ ആദായപ്പെടുത്തിക്കൊള്ളാമെന്നു എതിര്‍കക്ഷി കരുതിക്കൊണ്ടു വലിയ തിരുമേനിയുടെ മലങ്കര സ്ഥാത്തിക്കോന്‍ കൊച്ചുതിരുമേനികളുടെ ഇടവകസ്ഥാത്തിക്കോന്‍കൊണ്ടു റദ്ദായിപ്പോയെന്നൊരു വാദം പുറപ്പെടുവിച്ചിരുന്നു. ഈ വാദം മെത്രാന്മാരുടെ മൊഴികൊണ്ട് സ്ഥാപിച്ചുകൊള്ളാമെന്നു അവര്‍ക്കു വിശ്വാസവും ഉണ്ടായിരുന്നു. അവരില്‍ ആദ്യമായി മൊഴി കൊടുത്തതു പരേതനായ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായായിരുന്നു. അദ്ദേഹത്തെ 13 ദിവസംകൊണ്ടാണു വിസ്തരിച്ചുതീര്‍ന്നത്. മലങ്കര മെത്രാപ്പോലീത്തായും ഇടവക മെത്രാപ്പോലീത്തായും തമ്മിലുള്ള ബന്ധങ്ങളും അധികാരഭേദങ്ങളും സംബന്ധിച്ചു എതിര്‍കക്ഷി പലവിധത്തില്‍ അദ്ദേഹത്തെ ക്രോസ്സുചെയ്തകൂട്ടത്തില്‍ ഒരിക്കല്‍ വളച്ചുകെട്ടി കുഴച്ചുമറിച്ചു ഒരു ദീര്‍ഘചോദ്യം ചോദിച്ചു. ചോദ്യവാചകം എഴുതാന്‍ പത്തുവരിയില്‍ കുറയാതെവേണം. വാചകവും സംഗതിയും വലിയ വളച്ചുകെട്ടും കുഴപ്പവുമായിരുന്നു. ചോദ്യം മനസ്സിലാക്കാന്‍ പല ആവര്‍ത്തി വായിച്ചുകേള്‍പ്പിക്കേണ്ടിവന്നു. ഇത്ര ദീര്‍ഘചോദ്യത്തിനു സ്വതെയുള്ള ഉത്തരം. ‘എസ്’ അല്ലെങ്കില്‍ ‘നൊ’ എന്ന ഒറ്റവാക്കു മാത്രമേ വരേണ്ടതായിട്ടുള്ളു. ഏതു പറഞ്ഞാലും വാദിഭാഗത്തേക്കു ദോഷവുമായിരുന്നു. ഈ ചോദ്യം കേട്ടയുടന്‍ സാക്ഷിമൊഴികളുടെ നോട്ടു എഴുതിക്കൊണ്ടിരുന്ന ഞാനും മാലിത്തറ അച്ചനും തമ്മില്‍ ഇപ്രകാരമൊരു രഹസ്യഭാഷണം നടന്നു.
ഞാന്‍: ഈ ചോദ്യത്തിനു എന്തു ഉത്തരം പറഞ്ഞാലും ദോഷമാണല്ലോ, അച്ചാ.
അച്ചന്‍: അതെ, എന്തു ചെയ്യാം.
ഞാന്‍: (ചോദ്യം പോലെതന്നെ വളച്ചുകെട്ടിയ വാചകത്തില്‍ എനിക്ക് തോന്നിയ ഒരു ഉത്തരം ഒരു തുണ്ടു കടലാസില്‍ എഴുതി അച്ചനെ കാണിച്ചേച്ചു) ഇതുപോലെ ഉത്തരം പറഞ്ഞാല്‍ തരക്കേടില്ല.
അച്ചന്‍: മെത്രാച്ചന് തോന്നണമല്ലൊ.
ഞാന്‍: നമ്മുടെ കേസില്‍ ദൈവാനുകൂല്യമുണ്ടെങ്കില്‍ റൂഹാദകുദിശാ അദ്ദേഹത്തെ തോന്നിക്കും.
ഇത്രയും ഞങ്ങള്‍ തമ്മില്‍ സ്വകാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ മുറിയുടെ അകന്ന കോണില്‍ ഇരുന്നിരുന്ന സാക്ഷിക്കാരന്‍ ഉത്തരം പറഞ്ഞു. അതു ഞാന്‍ എഴുതിവച്ചിരുന്ന തുണ്ടുകടലാസ് അദ്ദേഹത്തിന്‍റെ കൈയില്‍ കൊടുത്തു അദ്ദേഹം നോക്കി വായിച്ചാല്‍ എങ്ങിനെയോ അപ്രകാരം പദംപ്രതിയായിരുന്നു. ഒരുവന്‍ പറയുന്ന കാര്യം മറ്റൊരുത്തന്‍ എടുത്തു പറഞ്ഞാല്‍ സംഗതി ശരിയായിരിക്കാമെങ്കിലും വാചകം പദംപ്രതി വരികയില്ല. കുഴഞ്ഞുമറിഞ്ഞ വാചകത്തില്‍ ഞാന്‍ എഴുതിവച്ച ഉത്തരം അദ്ദേഹം അക്ഷരംപ്രതി പറഞ്ഞു കേട്ടപ്പോള്‍ അദ്ദേഹത്തേയും എന്നെയും ഒരു വാചകത്തില്‍ തോന്നിച്ചതു പരിശുദ്ധാത്മാവാണെന്നുള്ള ബോദ്ധ്യം മൂലം ആശ്ചര്യവും സന്തോഷവും കൊണ്ടു എഴതാന്‍ പാടില്ലാത്തവണ്ണം എന്‍റെ കൈയും ദേഹമാസകലവും വിറയ്ക്കാന്‍ തുടങ്ങി: ഞാന്‍ എഴുതിക്കൊണ്ടിരുന്ന നോട്ടു അച്ചന്‍റെ മുമ്പിലേക്കു മാറ്റി വച്ചേച്ചു ഞാന്‍ അകത്തെ മുറിയില്‍ ഇരുന്നിരുന്ന വലിയ മെത്രാച്ചന്‍റെ മുമ്പില്‍ ചെന്നു. എന്‍റെ ദേഹം ആസകലം വിറയ്ക്കുന്നതു കണ്ടു മെത്രാച്ചന്‍ ഭയന്നു. ‘‘നമ്മുടെ കേസു നടത്തുന്നതു പരിശുദ്ധാത്മാവാണെന്നും” മറ്റും പറഞ്ഞു കൊണ്ടു ഞാന്‍ ചാടുകയായിരുന്നു. എന്‍റെ ഇളക്കം നിന്നു വലിയ തിരുമേനിയെ കാര്യം മനസ്സിലാക്കാന്‍ കുറെ അധികം സമയം വേണ്ടിവന്നു. ദൈവ നടത്തിപ്പിനു ഞാന്‍ കണ്ടിട്ടുള്ള അനേക ലക്ഷ്യങ്ങളില്‍ ഇതു ഒന്നു മാത്രമാകുന്നു. ഇപ്രകാരമുള്ള മനോബോദ്ധ്യംകൊണ്ടു ഈ അവസാന തീരുമാനം വാദിയായ വലിയ മെത്രാപ്പോലീത്തായുടെയോ കാര്യസ്ഥന്മാരായ ഞങ്ങളുടെയോ സാമര്‍ത്ഥ്യമോ ആലോചനാശക്തിയോ കൊണ്ടുണ്ടായതല്ലാ, ദൈവത്തില്‍നിന്നുണ്ടായതാണെന്നു ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു.”
ഇ.എം. ഫിലിപ്പിന്‍റെ ഗ്രന്ഥത്തില്‍ പറയുന്നതുപോലെ മെത്രാന്മാര്‍ തമ്മിലുള്ള സൗന്ദര്യപിണക്കത്തെപ്പറ്റി മറ്റു ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഈ ആറു നവമെത്രാന്മാരില്‍ കടവില്‍ അത്താനാസ്യോസ് ആയിരുന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമനോട് ഏറ്റവും ഇടഞ്ഞുനിന്നത്. ഏറ്റവും വിധേയത്വം പ. പരുമല തിരുമേനിക്കും. അതിനാലാവണം പ. പരുമല തിരുമേനിയുടെ മേല്‍കാണിച്ച കല്പനയില്‍ പറയുംപ്രകാരം കടവില്‍ മാര്‍ അത്താനാസ്യോസിനെ വിസ്തരിക്കാന്‍ നവീകരണ വിഭാഗം കൂടുതല്‍ താല്പര്യം കാണിച്ചത്. ഈ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ കൊല്ലവര്‍ഷം 1059 തുലാം നാലിനാണ് നല്കിയിരിക്കുന്നത്.
‘1053-ന് മുമ്പാണ് എന്നെ മെത്രാനായി വാഴിക്കുന്നത്. എന്നെ വാഴിക്കുന്നതിനുമുമ്പ് നിരണം ഇടവകയ്ക്കു മാത്രമായി ഒരു മെത്രാനുണ്ടായിരുന്നതായി അറിവില്ല. മലങ്കരയ്ക്കു മുഴുവനായി മെത്രാനുണ്ടായിരുന്നു. എന്‍റെ സ്ഥാനം മലങ്കര മെത്രാനില്‍നിന്നും സ്വതന്ത്രമായ ഒരധികാരം എനിക്കു നല്കുന്നില്ല. മലങ്കര മെത്രാന് വിധേയമായിട്ടാണ് എന്‍റെ സ്ഥാനം എനിക്കു നല്കപ്പെട്ടിരിക്കുന്നത്. നിരണംപോലെ ഏഴ് ഇടവകകളായി മലങ്കരയെ വിഭജിച്ചു. ഈ ഏഴ് ഇടവകകളും മുമ്പും, ഇപ്പോഴും മലങ്കര മെത്രാന്‍റെ കീഴിലാണ്. കൊല്ലം ഇടവകയ്ക്ക് മെത്രാനെ നിയമിച്ചില്ല. പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ടും പാത്രിക്കീസിനു പോകാന്‍ തിടുക്കമുണ്ടായിരുന്നതുകൊണ്ടും ആരെയും നിയമിച്ചില്ല. ഞാനൊരു മെത്രാപ്പോലീത്തയാണ് എപ്പിസ്‌കോപ്പയല്ല. ഞാന്‍ പറഞ്ഞതുപോലെ മലങ്കര മേല്‍ മുഴുവന്‍ അധികാരമുള്ളത് ഈ കേസിലെ വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കാണ്. ഞങ്ങളെ വാഴിച്ചശേഷം ഞങ്ങളുടെമേല്‍ അധികാരം ഉള്ളതായി വാദിക്ക് സ്ഥാത്തിക്കോന്‍ നല്കിയിട്ടില്ല. അദ്ദേഹത്തിന്‍റെ കൈവശമുള്ള സ്ഥാത്തിക്കോന്‍ അതിനുമുമ്പ് നല്കിയതാണ്. ഞാന്‍ വാദിയുടെ കീഴിലാണെന്നു പറഞ്ഞത് അദ്ദേഹത്തിനു മുമ്പു പറഞ്ഞ സ്ഥാത്തിക്കോന്‍ ഉള്ളതുകൊണ്ടും വാദിയെ അസോസിയേഷ കമ്മറ്റിയുടെ പ്രസിഡണ്ടായി കമ്മറ്റി മെമ്പര്‍മാരും പാത്രിക്കീസും നിയമിച്ചിട്ടുള്ളതുകൊണ്ടുമാകുന്നു. ആത്മിക സ്ഥാനത്തില്‍ ഞാനും വാദിയും തുല്യരാണ്. നിരണം ഇടവകയില്‍ 22 പള്ളികളുള്ളതായി എനിക്കു തോന്നുന്നു. ഈ പള്ളികളിലെല്ലാം ഒരു മെത്രാന്‍ എന്ന നിലയില്‍ ഞാനാണ് അധികാരം നടത്തുന്നത്.
ചോ. അങ്ങു പറഞ്ഞതുപോലെ, അങ്ങും മറ്റു മെത്രാന്മാരും നടത്തുന്നതുപോലെ, വാദി മെത്രാനെന്ന നിലയില്‍ ഏതെങ്കിലും ഇടവകയില്‍ അധികാരം നടത്തുന്നുണ്ടോ, അതോ കീഴ്സ്ഥാനികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഉത്തരവ് നല്കി കാര്യം നടത്തുകയാണോ?
ഉ. വാദി മേലാവ് എന്ന നിലയില്‍ ലഭിച്ചിട്ടുള്ള അധികാരത്താല്‍ എല്ലാ ഇടവകകളുടെയും എല്ലാ പൊതു കാര്യങ്ങളും ഭരിക്കുന്നു. മെത്രാനെന്ന നിലയില്‍ എനിക്കു പ്രവര്‍ത്തിക്കാനാവാത്ത എന്തെങ്കിലും അധികാരമുള്ളതായി അറിവില്ല. മെത്രാനെന്ന നിലയില്‍ എനിക്കു പ്രവര്‍ത്തിക്കാവുന്ന എല്ലാ അധികാരവും ഓര്‍മ്മയില്ല. എനിക്കു മെത്രാനെന്ന നിലയില്‍ പ്രവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ എന്‍റെ സ്ഥാത്തിക്കോനില്‍ പറയുന്നുണ്ട്. എന്‍റെ സ്ഥാത്തിക്കോനില്‍ പറയുന്ന ഏതെങ്കിലും അധികാരം വാദി, എന്‍റെ സ്ഥാത്തിക്കോനില്‍ പറയുന്ന പള്ളികളില്‍ പ്രയോഗിച്ചിട്ടുണ്ടോയെന്ന് എന്‍റെ സ്ഥാത്തിക്കോന്‍ കാണാതെ പറയാന്‍ പറ്റില്ല. ഈ സ്ഥാത്തിക്കോന്‍ പ്രകാരം എനിക്കു സിദ്ധിച്ചിട്ടുള്ള അധികാരങ്ങളില്‍ ഏതെങ്കിലും വാദി നിരോധിക്കുന്ന പക്ഷം, ഞാന്‍ അദ്ദേഹത്തെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. എന്‍റെ അപേക്ഷപ്രകാരമല്ല എന്നെ നിരണം ഇടവകയുടെ മെത്രാനാക്കിയത്. ഒരുപക്ഷേ, പാത്രിക്കീസിന്‍റെയും ജനങ്ങളുടെയും താല്പര്യപ്രകാരമാവാം, ജനം എന്നു ഞാന്‍ ഉദ്ദേശിച്ചത് കമ്മറ്റി അംഗങ്ങളാണ്. കമ്മറ്റി എന്നു ഞാന്‍ ഉദ്ദേശിച്ചത് മലങ്കര അസോസിയേഷന്‍ കമ്മറ്റയാണ്.”
ഈ മൊഴിയിലും കേസിന്‍റെ മൊത്തം പുരോഗതിയിലും ഇ.എം. ഫിലിപ്പ് ദൈവനടത്തിപ്പ് ദര്‍ശിക്കുന്നു. അങ്ങനെയെങ്കില്‍ ഈ മൊഴിയുടെകൂടെ അടിസ്ഥാനത്തില്‍ പാത്രിക്കീസിനു മലങ്കരയില്‍ ലൗകീകാധികാരം ഇല്ലെന്നും, മലങ്കരമെത്രാപ്പോലീത്ത സ്വദേശിയായിരിക്കണമെന്നും, അദ്ദേഹത്തിനു ജനങ്ങളുടെ സ്വീകാര്യത ഉണ്ടായിരിക്കണമെന്നും വിധിച്ച 1889-ലെ റോയല്‍ കോടതി വിധിയിലും ദൈവനടത്തിപ്പുണ്ട്. അതിന് നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഘടകങ്ങളില്‍ ഒന്ന് പ. പരുമല തിരുമേനിയുടെ ഈ കോടതിമൊഴിയും. അന്ത്യോഖ്യരുടെ അധികാരസ്ഥാപനസമ്മര്‍ദ്ദത്തിനും മലങ്കരയുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനും ഇടയിലൂടെ നൂല്‍പ്പാലത്തില്‍ നടന്ന പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് പ. പരുമല തിരുമേനിയുടെ ഈ മൊഴിയും ഈ മൊഴിക്കു പിന്നിലെ പ. തിരുമേനിയുടെ ആത്മാര്‍ത്ഥതയും ഒട്ടൊന്നുമല്ല ആശ്വാസം പകര്‍ന്നത്.
കുറിപ്പുകള്‍:
1 quated in St. George Jacobite Syrian Church, Karigachira, Souvenier 1980, p84
2. മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്റെ നാളാഗമം, കൈയ്യെഴുത്ത് p 1448-9
3, ചന്ദനപ്പള്ളി, ഡോ. സാമുവേല്‍, മലങ്കര സഭാപിതാക്കന്മാര്‍, ചന്ദനപ്പള്ളി 1990, p 82-3
4. മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്റെ നാളാഗമം, കൈയ്യെഴുത്ത് p 148, 790
5. ചന്ദനപ്പള്ളി, ഡോ. സാമുവേല്‍, Op.cit., Pp 83-4
6. Ibid, Pp 87
7. പിലിപ്പോസ് ഇ.എം., മലങ്കര സഭയുടെ രഹസ്യപേടകം (രണ്ടാംപതിപ്പ്), കോട്ടയം 1993, pp 54-5
8. പാറോട്ട,് Z.M., മലങ്കര നസ്രാണികള്‍, Vol. III, കോട്ടയം, 1967, p 311
9. Seminary Case Book, Vol. I, Pp 419-60.
10. Judgement of Royal Court of Final Appeal, 1889 Paras 213, 218, 225, 226, 347
ഡോ. എം. കുര്യന്‍ തോമസ്