അയർലണ്ട് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
അയർലണ്ട്:- മലങ്കര ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഫാമിലി കോൺഫറൻസ് മെയ് 12 മുതൽ 14 വരെ Ovoca Manor Retreat Centre, Co. Wicklow-ൽ വച്ച് നടത്തപ്പെടും. വിശുദ്ധന്മാരോടുള്ള മധ്യസ്ഥത എന്നതാണ് മുഖ്യ ചിന്താവിഷയം. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. യു.കെ – യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി മുഖ്യ നേതൃത്വം നൽകും. ആരാധനകൾ, വേദപഠനം,ക്ലാസുകൾ, ആരാധനാ സംഗീത പരിശീലനം, വിവിധ സമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടത്തപ്പെടും. അയർലണ്ടിലെ വൈദീകരായ ഫാ. റ്റി.ജോർജ്, ഫാ. നൈനാൻ പി. കുര്യാക്കോസ്, ഫാ. എൽദോ വർഗീസ്, ഫാ. അനിഷ് കെ. സാം എന്നിവരുടെ നേതൃത്വത്തിൽ എല്ലാ പള്ളികളിൽ നിന്നും വിശ്വാസികൾ കോൺഫറൻസിൽ പങ്കെടുക്കും. അയർലണ്ടിലെ സഭാ വിശ്വാസികളുടെ സംഗമം കൂടിയാകും ഈ കോൺഫറൻസ് ദിവസങ്ങൾ. കോ-ഓർഡിനേറ്റേഴ്‌സ് ആയ തോമസ് മാത്യു, ഷാജി പി. ജോൺ എന്നിവരുടെ ചുമതലയിൽ വിവിധ കമ്മറ്റികൾ കോൺഫറൻസ് വിജയത്തിനായി പ്രവർത്തിക്കുന്നു.