OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന്‍ പടിവാതില്‍ക്കല്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ച്ച് ഒന്നാം  തീയതി ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദീക ട്രസ്റ്റി, അത്മായ ട്രസ്റ്റി, എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്‍ യോഗം ചേരുന്നത്. മാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദികരും 94 അയ്മേനികളും ഉള്‍പ്പെടെ 141 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.

ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അസോസിയേഷന് എത്തുന്ന പ്രതിനിധികള്‍ ബസേലിയോസ് കോളേജിന്‍റെ പ്രധാന പ്രവേശന കവാടത്തില്‍ തങ്ങളുടെ അധികാരപത്രം കാണിച്ച് അകത്ത് പ്രവേശിക്കണം.

രാവിലെ 9 മണിക്ക് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും 12 മണിക്ക് അവസാനിക്കുന്നതുമാണ്. നിലവിലുളള മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേകമായും മറ്റുളളവര്‍ക്ക് മെത്രാസന അടിസ്ഥാനത്തിലും പ്രത്യേക രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്നും ബാഡ്ജ്, രജിസ്ട്രേഷന്‍ കാര്‍ഡ്, ഭക്ഷണത്തിനുളള കൂപ്പണ്‍ എന്നിവ പ്രതിനിധികള്‍ക്ക് ലഭിക്കും. രജിസ്ട്രേഷന്‍ നടത്തിയ പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പ്രത്യേക പന്തല്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ പന്തലില്‍ ഒരേ സമയം 1500 പേര്‍ക്ക് ഉച്ചഭക്ഷണം കഴിക്കുവാന്‍ കഴിയും. പാചകരംഗത്ത് കേരളത്തിലെ പ്രശസ്തനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പ്രതിനിധികള്‍ക്കുളള ഭക്ഷണം തയ്യാറാക്കുന്നത്. 11 മണി മുതല്‍ 12 വരെയാണ് ഉച്ച ഭക്ഷണം നല്‍കുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം പ്രതിനിധികള്‍ 12:30 ന് മുമ്പായി സമ്മേളന നഗറില്‍ പ്രവേശിച്ച് നിശ്ചിത സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകണം.

സമ്മേളനത്തിനായി ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ 40,000 ചതുരശ്ര അടി വിസ്താര മുളളതും പൂര്‍ണ്ണമായും ശീതികരിച്ചതുമായ പന്തലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. 12:30 ന് മാര്‍ ഏലിയാ കത്തീഡ്രലിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ഘോഷയാത്രയായി യോഗസ്ഥലത്ത് പ്രവേശിക്കും. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്‍റുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഔദ്യോഗിക അംശവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് യോഗ വേദിയിലേക്ക് എഴുന്നളളും.

ഒരു മണിക്ക് യോഗം ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുപ്പിന്‍റെ വരണാധികാരിയായി ശ്രീ. കെ.റ്റി. ചാക്കോ ഐ.എ.എസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചിട്ടുണ്ട്. പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പന്തലിനുളളില്‍ തന്നെ 43 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രഹസ്യബാലറ്റിംഗ് മുഖാന്തിരമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ടിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കും.

1985 ഒക്ടോബര്‍ 23 ന്  കോട്ടയത്ത് വച്ച് അവസാനമായി അസോസിയേഷന്‍ യോഗം നടന്നത്. കോട്ടയത്ത് വച്ച് നടക്കുന്ന 25-മത്  അസോസിയേഷന്‍ യോഗമെന്ന പ്രത്യേകതയും ഈ അസോസിയേഷനുണ്ട്. ജനാധിപത്യവും എപ്പിസ്ക്കോപ്പസിയും സമന്വയിക്കുന്ന ഭരണസംവിധാനമാണ് 1934 ലെ സഭാഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ രണ്ട് ഘടകങ്ങളും സമഞ്ജസിക്കുന്ന സുപ്രധാന സമ്മേളനമാണ് മലങ്കര അസോസിയേഷന്‍. മലങ്കരയില്‍ നിലനിന്ന പളളിയോഗത്തിന്‍റെയും അര്‍ക്കദിയാക്കോന്‍റെയും അധികാരത്തെ ശിഥിലീകരിക്കുവാന്‍ ശ്രമിച്ച 1599 ലെ ഉദയം പേരൂര്‍ സുന്നഹദോസും മലങ്കരയില്‍ അധിനിവേശം നടത്തിയ റോമന്‍ കാത്തോലിക്കാ സമീപനത്തെ തിരസ്ക്കരിച്ച 1653 ലെ കൂനന്‍കുരിശ് സത്യവും 1873 ല്‍ പരുമലയില്‍ ചേര്‍ന്ന പളളിയോഗവും അസോസിയേഷന്‍ യോഗങ്ങളാണെങ്കിലും ഇതിന്‍റെ വിപുലവും ഔദ്യോഗികവുമായ നിശ്ചയവും നടന്ന 1876 ലെ മുളന്തുരുത്തി സുന്നഹദോസിനെ ആദ്യ അസോസിയേഷന്‍ യോഗമായി കണക്കാക്കിയാല്‍ ഇത് 37-മത്തെ അസോസിയേഷനായി കണക്കാക്കാം.

അസോസിയേഷനില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള പ്രത്യേക സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

error: Thank you for visiting : www.ovsonline.in