പ്രഫ.ടി.ടി.കുര്യാക്കോസ് ഇനി ദീപ്ത സ്മരണ
മണർകാട് ∙ മദ്യവർജന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയും സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പ്രഫ. ടി.ടി.കുര്യാക്കോസ് (72) ഇനി ദീപ്ത സ്മരണ. കോട്ടയം ബസേലിയസ് കോളജ് മലയാള വിഭാഗം മുൻ മേധാവി കൂടിയായിരുന്ന അദ്ദേഹം മദ്യവർജന പ്രസ്ഥാനത്തിനു വേണ്ടി നടത്തിയ സമരങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കോട്ടയം കലക്ടറേറ്റ് പടിക്കൽ 700 ദിവസം നടത്തിയ സമരത്തിന്‍റെ മുൻനിരയിലും അദ്ദേഹം ഉണ്ടായിരുന്നു.
സമരം സർക്കാരിന്‍റെ മദ്യനയത്തിൽ വരെ മാറ്റമുണ്ടാക്കുന്നതിനു സാധിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദരി പുത്രനാണ്. മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പി.സി.യോഹന്നാൻ റമ്പാനോടു തോളോടു തോൾ ചേർന്നു പ്രവർത്തിച്ചു. വലിയ ശിഷ്യസമ്പത്തിനുടമയായിരുന്നു. വർഷങ്ങൾക്കു മുൻപ് നടന്ന പറമ്പുകര ഷാപ്പു സമരവും ജനശ്രദ്ധ ആകർഷിച്ചിരുന്നു.
അരനൂറ്റാണ്ട് മുൻപ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്‍റെ മണർകാട് ഗ്രൂപ്പ് സെക്രട്ടറിയായാണ് പൊതുരംഗത്ത് എത്തിയത്. ഗാന്ധിയൻ ജീവിതശൈലി പിന്തുടർന്ന അദ്ദേഹം ആത്മീയ പ്രസംഗത്തിലൂടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വിജയപുരം പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരീപ്പറമ്പ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പബ്ളിക് ലൈബ്രറി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. സംസ്കാരം ഞായറാഴ്ച വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍. ഇടവക ട്രസ്ടി, സെക്രട്ടറി, സഭ മാനേജിങ്ങ് കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് .
ആദരാഞ്ജലികള്‍